1940 ജൂണ്‍ 1 നു മഹാത്മജിയുടെ ഹരിജന്‍ പത്രത്തില്‍ 'സത്യഗ്രഹം ഇപ്പോള്‍' എന്നപേരിലെഴുതിയ ലേഖനത്തിന്റെ പേരില്‍ ലോഹ്യയക്ക് ശിക്ഷ വിധിക്കുമ്പോള്‍ ജഡ്ജിയുടെ നിരീക്ഷണം 'He is a top class scholar, civilised gentleman, has liberal ideology and high moral character' എന്നായിരുന്നു. 'I cannot sit quiet as long as Dr. Ram Manohar Lohia is in prison. I do not yet know a person braver and simpler than him. He never propogated violence. Whatever he has done has increased his esteem and his honor.' അറസ്റ്റിനെ തുടര്‍ന്ന് വിളിച്ചുകൂട്ടിയ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ലോഹ്യയെപറ്റി മിതത്വം വാക്കുകളില്‍ പുലര്‍ത്തിയിരുന്ന ഗാന്ധിജി പറഞ്ഞതാണ് ഇത്.
മാര്‍ക്‌സിനെയും ഗാന്ധിയെയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ പറ്റിയ യഥാര്‍ത്ഥ ചിന്തകനായിരുന്നു ലോഹ്യ. വള്‍ഗര്‍ സാലറി എന്ന് ഈയിടെ വന്ന പദാവലിക്കുമുമ്പേ ഓബ്‌സീന്‍ സം എന്ന പ്രയോഗം ലോഹ്യ കൊണ്ടുവന്നത് നെഹറുവിനെതിരെയായിരുന്നു. 3 അണ ശരാശരി ഇന്ത്യക്കാരന്റെ പ്രതിദിനവരുമാനമാവുമ്പോള്‍ നെഹറുവിനായി രാഷ്ട്രം ഒരു ദിവസം ചിലവിടുന്നത് 25000രൂപയാണെന്ന് തുറന്നടിച്ചുകൊണ്ട് ലോഹ്യ വിപ്ലവം സൃഷ്ടിച്ചു. 50കളിലും 60കളിലും മാര്‍ക്‌സിസം ഒരു ഫാഷനായിരുന്നപ്പോള്‍, ഇന്ത്യയില്‍ ക്ലാസ് വാറില്ല, കാസ്റ്റ് വാറാണെന്ന സത്യസന്ധമായ നിരീക്ഷണം അദ്ദേഹത്തിന്റേതായിരുന്നു. തങ്ങളെ ഒരു രാജ്യത്തിന്റെ പൗരനായി കാണാതെ ഒരു ജാതിയുടെ അംഗമായി കണ്ടതാണ് ഇന്ത്യയുടെ പിറകോട്ടടിക്കുതന്നെ കാരണം എന്നു നിരീക്ഷിച്ചതും ലോഹ്യയായിരുന്നു. ബന്ദൂക്ക് കീ ഗോലിയും അംഗ്രേസി കീ ബോലിയും (with bullet and english language) കൊണ്ട് സായിപ്പ് ഇന്ത്യയെ ഉഴുതുമറിച്ചു എന്നു പ്രഖ്യാപിച്ചതും ഡോ.ലോഹ്യ തന്നെയാണ്. ഉന്നതജാതി, സമ്പത്ത്, പിന്നെ ഇംഗ്ലീഷും - ഇതുമൂന്നില്‍ രണ്ടുള്ളവന്‍ ഭരണചക്രം തിരിക്കുന്നുണ്ടാവും എന്ന മഹത്തായ നിരീക്ഷണത്തിന്, 1967ല്‍ ആറടിമണ്ണില്ലാതെ ഒരണപൈ ബാങ്ക് ബാലന്‍സില്ലാതെ ലോഹ്യ ഇഹലോകവാസം വെടിഞ്ഞിട്ടു നാളിത്രയായിട്ടും മങ്ങലേറ്റിട്ടില്ല.
മുലായം യാദവനടക്കമുള്ള ശിഷ്യഗണങ്ങളെ കണ്ണുതുറന്നുനോക്കിയാല്‍ ലഭ്യമാവുക വജ്രകാഠിന്യമുള്ള ആ നിരീക്ഷണത്തിന്റെ നാനാര്‍ത്ഥങ്ങളായിരിക്കും. പടച്ചോന്‍ ലോഹ്യയോടും നന്ദികാണിച്ചില്ല.
ലോഹ്യയെപറ്റിയും ജെ.പിയെപ്പറ്റിയുമെല്ലാം കേട്ടറിവുള്ളൊരാള്‍ക്ക്, ഒരോ വ്യക്തിയും തന്നെ ഓരോ പ്രസ്ഥാനമായിരുന്ന ആ കാലഘട്ടത്തിന്റെ തിരുശേഷിപ്പാണോ സമാജ് വാദി പാര്‍ട്ടിയും സുപ്രീമോ മുലായം യാദവനും എന്നു തോന്നിപ്പോവാം. കാലം എന്ന മഹാമാന്ത്രികന്റെ മാജിക്ക് അങ്ങിനെയാണ്.
സംശയമുണ്ടെങ്കില്‍ നോക്കുക. ഒരു കാവിക്കൊടി ഇടത്തും ഒന്നാംതരം ഒരു ചോന്ന കൊടി (നാളെ മാവേലിനാട്ടിലും വംഗദേശത്തും ഒന്നും ലക്ഷണമൊത്ത ഒരു കൊടി കിട്ടാനില്ലെങ്കില്‍ വല്ല സ്‌റ്റേഷന്‍മാസ്റ്ററോടും ഒരെണ്ണം ചോദിച്ചാല്‍ തരാതിരിക്കില്ല) വലത്തും ഒരേ പോസ്റ്റിന്‍മേല്‍ കെട്ടിവെയ്ക്കുക. അതവിടെ കിടന്ന് ഒരു നാലുമഴയും നാലുവെയിലും കൊള്ളട്ടെ. രണ്ടും പിന്നെ കണ്ടാല്‍ ഏതാണെന്ന് തിരിച്ചറിയുന്നവര്‍ക്ക് ഖജനാവുതന്നെ ഉപഹാരമായി കൊടുത്തേക്കാവുന്നതാണ്. മാറ്റമില്ലാതെ തുടരുക കൊടികെട്ടിയ ആ പിവീസി വടി മാത്രമായിരിക്കും.
ജെ.പി. നാടുനീളെ പ്രസംഗിച്ചത് സമ്പൂര്‍ണവിപ്ലവമായിരുന്നു. അതു വൃത്തിയായി മുലായം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. വൃത്തി വീട്ടില്‍ നിന്നു തുടങ്ങണമെന്നാണ്. വീട്ടില്‍ നിന്നുതന്നെ തുടങ്ങി. അവരവരുടെ വീടുനന്നാക്കാന്‍ എല്ലാവരും ഞാന്‍ ഞാന്‍ മുന്നില്‍ എന്നുപറഞ്ഞിറങ്ങും. നാടുനന്നാക്കാനാണെങ്കില്‍ ആര്‍ക്കുണ്ടു താത്പര്യം?
പാവപ്പെട്ടവരുടെ ഈ നാട് എങ്ങിനെയെങ്കിലും നന്നാക്കേണ്ടതിന്റെ ആവശ്യകത മക്കളെ പറഞ്ഞു ഒരുമാതിരി ബോദ്ധ്യപ്പെടുത്താന്‍ പെട്ടപാട് മുലായത്തിനേ അറിയൂ. ഒടുവില്‍ മോനാണെന്നൊന്നും നോക്കുകയില്ല തട്ടിക്കളയും എന്നോ മറ്റോ ഒരന്ത്യോഗ്രശാസനം പുറപ്പെടുവിപ്പിച്ചപ്പോഴാണ് ലിറ്റില്‍ യാദവന്‍മാര്‍ അനുസരിച്ചതും മത്സരിച്ചതും ജയിച്ചതും. ഇപ്പോള്‍ അനുസരണയോടെ ആത്മാര്‍ത്ഥതയോടെ നാടുനന്നാക്കിക്കൊണ്ടിരിക്കുന്നതും.
നമുക്ക് പണ്ടേയൊരു തകരാറുണ്ട്. ലവ്ജിഹാദ് പോലെ ഇല്ലാത്ത ഒരു സംഗതിയാണെങ്കിലും ഇടയ്ക്ക് മക്കള്‍ രാഷ്ട്രീയം എന്നു നിലവിളിച്ചുകളയും. ഒരു പ്രഫെസര്‍ക്കു മകനെ പ്രഫെസറാക്കാം. തെറ്റില്ല. ഒരിക്കല്‍ പ്രഫെസറായാല്‍ പ്രഫെസറായിതന്നെ മരിക്കുകയും ചെയ്യാം. തെറ്റില്ല. നടികര്‍ തിലകങ്ങള്‍ക്ക് അവരുടെ മക്കളെ നായകതിലകങ്ങളാക്കാം. തെറ്റില്ല. ചുരുക്കിപ്പറഞ്ഞാല്‍ മാതാപിതാക്കളുടെ തൊഴിലില്‍ മക്കളേര്‍പ്പെടരുതെന്നു കരുതുക രണ്ടുകൂട്ടര്‍മാത്രമായിരിക്കും. കള്ളന്മാരും ലൈംഗികതൊഴിലാളികളും. രാഷ്ട്രീയത്തൊഴിലാളികളുടെ അഥവാ മുതലാളികളുടെ മക്കളെന്താ ആ ഗണത്തിലാണോ വരിക? തീര്‍ച്ചയായും അല്ല.
സര്‍വ്വസംഗ പരിത്യാഗിയാണെങ്കിലും ഒരബന്ധം പിണഞ്ഞ് പിതാവായ സാദാ മുനിവരെ,പറ്റുമെങ്കില്‍ മുനികുമാരനെ തന്റെ കണ്ണടയും മുമ്പേ മഹര്‍ഷിയായി കാണണമെന്നാണ് ആഗ്രഹിക്കുക. അതുതന്നെയേ മുലായവും ചെയ്തുള്ളൂ. മക്കളെ നാടിനു സമര്‍പ്പിച്ചു. എന്നിട്ടും നാട്ടിനു വേണ്ടത്ര അഭിവൃദ്ധി കാണാത്തതുകാരണം അവരുടെ കെട്ടിയോളുമാരെയും അടങ്ങിയിരിക്കാന്‍ വിട്ടില്ല. അടുക്കളയില്‍ നിന്നും അരങ്ങേത്തേയ്ക്കു പറഞ്ഞുവിട്ടു.
വെയിലുവരുമ്പോള്‍ വൈക്കോലു വിരിക്കണമെന്ന് ഒരു യാദവനെയും ആരും പഠിപ്പിക്കേണ്ടതില്ല. ഡിംപിള്‍ യാദവിനെ എടുത്തു വെയിലത്തിടുവാന്‍ ഒട്ടും വൈകിയില്ല. പ്രിയപുത്രന്‍ അഖിലേഷ് യാദവ് എം.പി. രണ്ടു ലോക്‌സഭാ സീറ്റിലാണ് മത്സരിച്ചത്. കാശ് അധികം ചിലവാക്കിയതിനല്ല, ചിലവാകുവാന്‍ കാരണഭൂതനായതിന് നെഹറുവിനോട് സഭയില്‍ കലഹിച്ച ലോഹ്യയുടെ ശിഷ്യഗണങ്ങളാവുമ്പോള്‍ അങ്ങിനെയൊക്കെ വേണം.
രണ്ടുസീറ്റിലും ജയിച്ചയപ്പിക്കാന്‍ മാത്രം നമ്മള്‍ ഉദാരമനസ്‌കരായതുകൊണ്ട് പാവം ചിന്നയാദവന് ഒരുമണ്ഡലം ഒഴിയേണ്ടിവന്നു. അക്കൂട്ടര്‍ക്കു വിരോധമൊന്നും തോന്നാതിരിക്കാന്‍ ആ രാമായണവിദ്യ പ്രയോഗിക്കാമെന്നും കരുതി. രാമന്റെ ചെരുപ്പ് വച്ച് ഭരതന്‍ വാണപോലെ കെട്ടിയോന്റെ ചെരുപ്പ് വച്ച് കെട്ടിയോള്‍ വാഴുന്ന ഫിറോദാബാദ് യാദവന്‍മാര്‍ സ്വപ്്‌നം കണ്ടു.
അങ്ങിനെയൊക്കെ ഒരുപാട് പ്രതീക്ഷകളുമായാണ് തലമൂത്ത യാദവപ്രമുഖന്‍ ചിന്നയാദവിയെ അനുഗ്രഹിച്ചുവിട്ടത്. രാമേശ്വരത്തുപോയാലും ശനി കൂടെയുണ്ടാവും എന്നാരോ പറഞ്ഞതുപോലെ പെട്ടു. അമേത്തിയില്‍ നിന്നുള്ള ഒരു ഗുളികന്റെ വരവില്‍. ഒരൊന്നൊന്നര സാധനം.
ആളൊരു ഉഗ്രമൂര്‍ത്തി. രാജാവിനെക്കാളും നല്ലത് രാജര്‍ഷി (കിങ്‌മേക്കര്‍) ആവുകയാണെന്ന തിരിച്ചറിവു നേടിയ മാതാവിന്റെ ലക്ഷണമൊത്ത സന്തതി. രാജാവ് എഴുന്നള്ളുമ്പോള്‍ പുല്‍ക്കൊടി കൂടി നമിക്കണമെന്നാണ് ശാസ്ത്രം. എന്നാല്‍ രാജര്‍ഷി സഭാപ്രവേശം ചെയ്യുമ്പോള്‍ രാജാവും കൂടി എഴുന്നേറ്റുനിന്ന് വിധിയാംവണ്ണം നമിക്കേണ്ടതാണ്.
വിശേഷിച്ച് ഒരുപണിയുമില്ല. യാതൊരു ഉത്തരവാദിത്വവുമില്ല. എന്നാല്‍ ആദരവും ബഹുമാനവും നാലുപാടുനിന്നും ചറപറാ വന്നുപതിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. രാജാക്കന്‍മാരുടേതുപോലെ വല്ലപ്പോഴുമെങ്കിലും തലതെറിച്ചുപോവാമെന്നൊരു ഭയവും ആവശ്യമില്ല. ആ യുവരാജര്‍ഷിയുടെ വരവില്‍ പെട്ടുപോയി മൂലായത്തിന്റെ പുത്രവധു. ആ സൗന്ദര്യധാമത്തിനോട് നിത്യന് സഹതാപമുണ്ട് സ്‌നേഹവുമുണ്ട്. എന്തുചെയ്യാം ജനത്തിന്റെ കാര്യമാണ്.
നല്ലൊരു പാട്ടും കൊട്ടും കേട്ടാല്‍
കല്ലിനു ഭാവവികാരമതുണ്ടോ? ജനം അങ്ങിനെയായിപ്പോയി.
അത് നീതിയല്ലെന്ന് അന്നേ മൂലായം വിലപിച്ചതാണ്. ആ പിതൃവിലാപം ആരും മുഖവിലയ്‌ക്കെടുത്തില്ല. 100കിലോ ഹെവിവെയ്റ്റ് ഗുസ്തിക്കാരന്‍ 40 കിലോ ലൈറ്റുവെയ്റ്റ് ഗുസ്തിക്കാരിയോട് കൊമ്പുകോര്‍ക്കരുത് എന്ന പാഠം പൂര്‍വ്വാശ്രമത്തിലെ ആ ഗുസ്തിക്കാരനറിയാം. കയറിപ്പറ്റിയ റിങ്ങില്‍ നിന്ന് പുറത്തിറങ്ങാന്‍ പിന്നീട് ഡേറ്റുമില്ല. സ്വാഭാവികമായും വാരിയെടുത്ത് മലര്‍ത്തിയടിച്ചു. 1...2...3..... ക്ലോസ്. ഇനിയൊരങ്കത്തിനുള്ള ശേഷിയ്ക്ക് കായകല്പ ചികിത്സ ഇന്നേ തുടങ്ങാവുന്ന പരുവത്തിലാണ് ഡിംപിളിന്റെ പരിക്ക്.
ഈയൊരു കടുംകൈ ഒരു രാജര്‍ഷിയില്‍ നിന്നും പ്രതീക്ഷിക്കുവാന്‍ പറ്റുകയില്ലെങ്കിലും സംഭവിച്ചുപോയി. പണ്ടുകോണ്‍ഗ്രസിനുചെയ്ത ഉപകാരം മാഡം മറന്നപ്പോഴാണല്ലോ മായാവതി പത്തിവിരിച്ചാടിയത്. ഇപ്പോ വീണ്ടും മാഡം മറന്നു മകനെ ഒന്നുപദേശിക്കാന്‍. അങ്കം അബലകളോടോ എന്നുചോദിക്കാന്‍ നാട്ടില്‍ കൊള്ളാവുന്നവരാരും ഇല്ലാതെപോയി. ഉടുതുണി
തോണികടന്നാല്‍ തുഴകൊണ്ടെന്നൊരു
നാണിയമുണ്ടതുപോലെ സമസ്തം
എന്നു കുഞ്ചന്‍ പാടിയത് കോണ്‍ഗ്രസിനെക്കൊണ്ടായിരിക്കുമോ ആവോ?
ഇന്ത്യന്‍ രാഷ്ട്രീയത്തിനൊരു പ്രത്യേകതയുണ്ട്. അമേരിക്കയിലെപ്പോലെ പേരുകേട്ട പണക്കാരും വ്യവസായികളും നേരെ നാടുഭരിച്ചുനന്നാക്കാന്‍ പുറപ്പെടുകയില്ല. എന്നാല്‍ മല്യയെപ്പോലെ അത്യാവശ്യം ആളുകള്‍ അടുക്കളപ്പുറത്തുകൂടി വലിഞ്ഞുകയറി വിസ്തരിച്ച് ഉമ്മറത്തു കുത്തിയിരിക്കുന്ന അപൂര്‍വ്വം കാഴ്ചകള്‍ വിസ്മരിക്കുന്നുമില്ല.
ബ്രഹ്മരക്ഷസ്സിനെവരെ പിടിച്ചുകെട്ടി മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുന്ന മന്ത്രവാദികളുള്ള നാടാണെങ്കിലും ഗാന്ധിജിയുടെയും ലോഹ്യയുടെയുമൊന്നും ആത്മാവിനെ പിടിച്ചുതളയ്ക്കാന്‍ പറ്റിയ രാഷ്ട്രീയമന്ത്രവാദികളെ കിട്ടാത്തതുകാരണമുള്ള പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പച്ചപിടിക്കണമെങ്കില്‍ ആദര്‍ശത്തിന്റെ ഊന്നുവടിയും സത്യസന്ധതയുടെ മേലങ്കിയും അഹിംസയുടെ തലപ്പാവുമായി വേണം രംഗപ്രവേശം ചെയ്യാന്‍. ഏതാണ്ടൊരു ജാലവിദ്യക്കാരനെപ്പോലെ എന്നുപറഞ്ഞാലും വലിയ തെറ്റില്ല. ഒന്നു ക്ലച്ചുപിടിച്ചുകഴിഞ്ഞാല്‍ പിന്നെ അഹിംസയുടെ തലപ്പാവൂരി അരയില്‍ കെട്ടാവുന്നതേയുള്ളൂ.
ആദര്‍ശത്തിന്റെ ആനപ്പുറത്തു സഞ്ചരിക്കുന്നതൊക്കെ കൊള്ളാം. എന്നെങ്കിലും താഴെയിറങ്ങാതെ പറ്റില്ലല്ലോ. ഇനി അവിടെതന്നെയിരിക്കാനാണ് തീരുമാനമെങ്കില്‍ അന്ത്യം ആ ആനയുടെ കൈകൊണ്ടായിരിക്കും. ഗാന്ധിജിയുടെയും ലിങ്കന്റേയും ലോഹ്യയുടേയും ചെഗുവേരയുടേയുമൊക്കെ ചരിത്രത്തില്‍ നിന്നും അത്രയൊക്കെ അറിയാന്‍ സര്‍വ്വകലാശാലകളുടെ വരാന്തയില്‍ കുത്തിയിരിക്കേണ്ട കാര്യമൊന്നുമില്ല യാദവര്‍ക്ക്. ദിവ്യദൃഷ്ടിയുള്ള കൃഷ്ണന്റെ കുലമാണ്. ഗാന്ധാരിമാരുടെ കണ്ണുകെട്ടിയ തുണിയാണെ സത്യം.
No comments:
Post a Comment