October 16, 2009
സെയ്ന്റ് പോള്‍ വധം - നിത്യന്
കുലം, ജാതി, മതം, ദേശം കയ്യിലിരുപ്പ് എന്നിവ ഗഹനമായി പഠിച്ചശേഷം ഭാവിയിലേക്കുള്ള തുരുപ്പുഗുലാനായി പാര്‍ട്ടികള്‍ ചിലരെ കണ്ടെത്തും. തിരഞ്ഞെടുപ്പുകാലമാണെങ്കില്‍ പാര്‍ട്ടിസ്വതന്ത്രന്‍ എന്നറിയപ്പെടും. അതെന്തു സംഗതിയെന്നൊന്നും ചോദിച്ചുകളയരുത്. കയ്പില്ലാത്ത കാഞ്ഞിരക്കുരുവാണെന്നു കരുതിയാല്‍ മതി. ഇനി അടുത്തകാലത്തൊന്നും തിരഞ്ഞെടുപ്പില്ലായെങ്കില്‍ വിവിധ സ്റ്റേജുകളില്‍ ഇക്കൂട്ടരെ സഹയാത്രികരായി പ്രദര്‍ശിപ്പിക്കും.
ഉപ്പുണ്ടോ എന്നുചോദിച്ചാല്‍ ഉണ്ട്, ഇല്ലേ എന്നു ചോദിച്ചാല്‍ ഇല്ല എന്ന പരുവത്തിലായിരിക്കണം ശിഷ്ടകാല പാര്‍ട്ടി സ്വതന്ത്രജീവിതം. അതായത് ഒരുമാതിരി പ്രീഡിഗ്രിയാണ് ഈ പാര്‍ട്ടി സ്വതന്ത്രന് എന്ന സംഗതി. എസ്.എസ്.എല്‍.സിയുടെ വിലയേയുള്ളൂ. ഡിഗ്രിയുടെ വിലയില്ല. എന്നാലോ ഇതില്ലാതെ ഡിഗ്രിക്കു കുത്തിയിരിക്കാനും കഴിയില്ല.
പാര്‍ട്ടിയില്‍ ഈഴവന്മാര്ക്കും നായന്മാര്ക്കും ക്ഷാമം നേരിട്ട ചരിത്രമില്ലാത്തതുകൊണ്ട് അക്കൂട്ടരുടെ ജാതകം ആസ്ഥാനത്തുവരുത്തി പരിശോധിക്കുന്ന പതിവ് വളരെ കുറവാണ്.
വ്യാമോഹവൈനിന്റെ അമിതോപയോഗം കാരണം ഇരുകിഡ്നികളും പ്രവര്‍ത്തനരഹിതമായി അന്ത്യശ്വാസം വലിക്കുമെന്നുതോന്നുന്ന ഘട്ടത്തില്‍ പാര്‍ട്ടിയുടെ ജീവന് നിലനിര്‍ത്തേണ്ടത് ഈ സ്വതന്ത്രന്മാരാണ്. ജീവന് തിരിച്ചുകിട്ടിയാല്‍ ഉടന്‍തന്നെ ഇക്കൂട്ടരെ തങ്കപ്പെട്ട വിപ്ലവകാരികളാക്കി മാമോദീസമുക്കും. സഹയാത്രികര്‍ ഈ കാലയളവില്‍ വാക്കും പ്രവൃത്തിയുമായി പരമാവധി അകലം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എത്രത്തോളം ആ അകലം കൂടുന്നോ അത്രയും അടുത്തായിരിക്കും ഈ വാഴ്ത്തപ്പെടല്‍.
പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പോളിന്റെ ഒരു ജാതക പരിശോധനയിലാണ് ഒരു പില്ക്കാല മാധ്യമ വിശാരദനെ ആചാര്യന്മാര് കണ്ടെത്തിയത്. വന്‍കിടകുത്തകബൂര്‍ഷ്വാഭൂപ്രഭുമുതലാളിത്തസിഐഎവൈതാളികന്‍മാരെ (ആസ്ത്മാ രോഗികള്‍ നിര്‍ത്തിനിര്‍ത്തിമാത്രം വായിക്കുക) നേരിടാന്‍ മദിരാശിമലബാറില്‍ എണ്ണയിട്ട യന്ത്രം പോലെ കര്‍മ്മനിരതരായ ത്രീഇന്‍വണ്‍ ജയരാജന്മാരും അവരുടെ ചെഗുവേരചെറുപ്പക്കാരുമുള്ള കാലത്തോളം ഹിമാലയം വടക്കന്‍കാറ്റിനെയെന്നപോലെ സി.ഐ.എയെ തടുത്തുകൊള്ളും.
മാധ്യമങ്ങളെ തടുത്തുനിര്‍ത്താന്‍ പറ്റിയ ആളുകള്‍ക്കാണ് ക്ഷാമം. പണയം വെക്കാന്‍ തയ്യാറുള്ള തലകള്‍ കിട്ടാനുള്ള പാട് ചില്ലറയല്ല. തലയുള്ളവന് ചിലപ്പോള്‍ തലയിലുണ്ടാവില്ല. തലയിലുള്ളവന് പലപ്പോഴും തലവേണമെന്ന നിര്‍ബന്ധവും കാണുകയില്ല.
വിപ്ലവപാര്‍ട്ടികളുടെ മാധ്യമനയം സഞ്ജയന് എഴുപതിറ്റാണ്ടുമുമ്പേ വ്യക്തമാക്കിയതാണ്.
"അവര്‍ക്കു ഹിതമല്ലാത്തതോതുന്നോരെ ദുഷിക്കുവോര്‍
അതോടൊന്നിച്ചഭിപ്രായ സ്വാതന്ത്ര്യത്തെ സ്തുതിക്കുവോര്‍"
ഈ മാധ്യമനയം ഭ്രമണപഥത്തിലെത്തിക്കാന്‍ വേണ്ട യോഗ്യത ലേശം തലയും തലയിലുള്ളതും ഉണ്ടാവണമെന്നതു തന്നെയാണ്. അത് ഒരു പോളില്‍ കണ്ടെത്തി. അധികയോഗ്യതയാവട്ടേ വാക്കു തെക്കോട്ടാണെങ്കില്‍ പ്രവൃത്തി വടക്കോട്ടായിരിക്കണം സഞ്ചരിക്കുന്നത്. അതാണിപ്പോള്‍ സംശയത്തിന്റെ കരിനിഴലില്‍ നിലയുറപ്പിച്ചിട്ടുള്ളത്. തെറ്റിയത് പാര്‍ട്ടിക്കാണോ അതോ പോളിനാണോ.
എന്താ ദിവ്യദൃഷ്ടിയുണ്ടോ മാധ്യമങ്ങള്‍ക്കെന്നു ചോദിച്ചപ്പോള്‍
സഖാവേ! ജേര്‍ണലിസ്റ്റ് ദിവ്യ
ചക്ഷുസ്സ് കലരുന്നവന്‍
മനസ്സിലോര്‍ത്താലൊക്കേയു
മറിഞ്ഞീടും പരിഷയുമിവന്‍
മുറിക്കില്ലിവനെ ശ്ശസ്ത്രം
ബാധിക്കില്ല തളര്‍ച്ചയും
(എഴുത്തച്ഛാ മാപ്പ്)
എന്നന്നേ പറയേണ്ടതായിരുന്നു. പറയേണ്ടപ്പോള്‍ പറഞ്ഞില്ല അല്ലെങ്കില്‍ പറയാനറിഞ്ഞില്ല.
വാക്കും പ്രവൃത്തിയുമായി ബന്ധം പുലര്‍ത്തുമ്പോഴാണ് പത്രപ്രവര്‍ത്തനം ഒരു അപകടകരമായ തൊഴിലായി മാറുക. സ്വദേശാഭിമാനിയുടെയും സഞ്ജയന്റെയും ലസാന്തയുടെയുമൊക്കെ ഗതിവരിക. മാധ്യമപ്രവര്‍ത്തനം എങ്ങിനെവേണം എന്നതിനെപ്പറ്റി നൂറുകിത്താബുകള്‍ പടച്ചുവിട്ടാലും തല തലസ്ഥാനത്തുതന്നെയുണ്ടാവും. അതിലെ പത്തുവരി പ്രാവര്‍ത്തികമാക്കാന്‍ പോയാലേ തലയെപ്പറ്റി ബേജാറുവേണ്ടൂ. അതുകൊണ്ടാണ് ആരോ പറഞ്ഞത് ഡെസ്ക് ഈസ് എ ഡെയ്ഞ്ചറസ് പ്ലേസ് ടു വ്യൂ ദ വേള്‍ഡ് എന്ന്.
സഹയാത്രികന് പ്രണയപൂര്‍വ്വം എന്നൊരു ലേഖനം ആസ്ഥാനത്തുനിന്ന് ചെന്നപ്പോള്‍ കൈപ്പറ്റിപ്പോയി. വീണുകിട്ടുന്ന പ്രണയത്തെ ആരും വിട്ടുകളയുകയില്ല. 'ആളെയും കൊണ്ടേ പോവൂ പ്രണയ' മാണെങ്കില്‍ കൂടി അന്നേരം കാമം കണ്ണില്‍ തിമിരമായി വന്ന് പായവിരിക്കും. പറഞ്ഞിട്ട് കാര്യമില്ല. ഒന്നുകില്‍ പിഴപ്പിക്കാനുള്ള ലൗജിഹാദിന്റെ ഭാഗം അല്ലെങ്കില്‍ ഭാവിയില്‍ ചാവേറാവാനുള്ള ഒസ്യത്താവും എന്നു പോളും നീരീച്ചിട്ടുണ്ടാവില്ല. ഉദ്ദിഷ്ടകാര്യത്തിലല്ല ഇങ്ങിനെയൊരു കലഹത്തിലാണ് ലൗജിഹാദ് കലാശിക്കുക എന്ന് പാര്‍ട്ടിയും നിരീച്ചിട്ടുണ്ടാവില്ല.
ബുദ്ധി അസാരം തലയിലുണ്ടായിരുന്നതിന്റെ ഉത്തമതെളിവാണ് മൂപ്പരുടെ മാധ്യമപ്രവര്‍ത്തനം. മാധ്യമധര്‍മ്മത്തെപ്പറ്റി കിടന്ന കിടപ്പില്‍ അല്ലെങ്കില്‍ ഇരുന്ന ഇരിപ്പില്‍ നെടുങ്കന്‍ നാലു കാച്ചല്. പ്രവര്‍ത്തനം ഭംഗിയായി. ലോകമാസകലം പുല്ലുവിലയാണെങ്കിലും ഉപദേശിവര്‍ഗങ്ങള്‍ക്ക് ഇന്ത്യയില്‍ എക്കാലത്തും നല്ല മാര്‍ക്കറ്റായിരിക്കും. കാരണം നമ്മള് ഒരു പാടു പറയും. അതിന്റെ ഒരുശതമാനമാണ് പ്രവര്‍ത്തിക്കുക. ആദിവാസികള്‍ക്കുവേണ്ടി ചെലവാക്കിയ തുകയും അവര്‍ക്കെത്തിയ തുകയും പോലെ. ഉപദേശം ഒന്നുകൊണ്ടുമാത്രം സംഗതി ഹലാക്കായിപോയതിന് പൂമാലകളല്ലാതെ ഒരുപദേശിയുടെ കഴുത്തിലും കയറുവീണ ചരിത്രമില്ല. അതായിരുന്നു സുവര്‍ണകാലഘട്ടത്തില്‍ വേറിട്ട ചാനലിലെ ഇപ്പോള്‍ വേറിട്ട പണി.
എഴുതേണ്ടവന്‍ എഴുതിയ രീതിയിലാണോ എഴുതേണ്ടത്, പറയേണ്ടവന് പറയരുതാത്ത രീതിയിലാണോ പറഞ്ഞത് എന്നൊക്കെ നോക്കി തരം പോലെ വല്ലതുമൊക്കെ പറയുക. കൊടുക്കേണ്ട സമയത്ത് കൊള്ളേണ്ടവന്റെ കരണക്കുറ്റിക്കിട്ട് രണ്ടുകൊടുക്കുക മാത്രം ചെയ്തുകളയരുത്. തലയ്ക്ക് തകരാറുള്ളവര്‍ അതാണു ചെയ്യുക. പിന്നെ കുത്തിയിരിക്കാന്‍ ചാരുകസാര കണ്ടെന്നുവരില്ല. തലയും കണ്ണും ഒന്നായല്ലേ സഞ്ചരിക്കുക.
മൂപ്പര് ഇപ്പോള്‍ പറഞ്ഞതും നോക്കുക. "പ്രഭാവര്‍മ്മയുടേയും മാധവന്‍കുട്ടിയുടേയും ശൈലിയില്‍ പിണറായി വിജയനുവേണ്ടി പറയാന്‍ എനിക്കാവില്ല. പിണറായി വിജയന്റെ ചാവേറാവാന്‍ എനിക്കു കഴിയില്ല". കൂലിത്തല്ലുകാരും ചാവേറുകളും തമ്മിലുമുണ്ട് ഒരു അജഗജാന്തരം. കൂലിത്തല്ലുകാരന് ഇഹത്തിലെ സ്വര്‍ഗമാണെങ്കില്‍ ചാവേറിന് പരത്തിലെ സ്വര്‍ഗമാണ് ലക്ഷ്യം. പാര്‍ട്ടിമാധ്യമങ്ങളിലെ പണി ആദ്യത്തെ വകുപ്പിലാണ് വരിക.
ബൂര്‍ഷ്വാമാധ്യമങ്ങളിലേയ്ക്കുള്ള ചാട്ടം പിഴച്ചുപോയവര്‍ അല്ലെങ്കില്‍ പിടിവിട്ട് ചോട്ടില്‍പോയവരാണ് വിപ്ലവമാധ്യമശിഖരങ്ങളിലേയ്ക്ക് വലിഞ്ഞുകയറുക. മൂഹൂര്‍ത്തം അല്ല മൂത്രം ആണ്് ശരി എന്ന് ആസ്ഥാനത്തുനിന്നൊരു വിളി വന്നാല്‍ രണ്ടാമതൊന്നാലോചിക്കാതെ അച്ചുമാറ്റിനിരത്താനുള്ള ത്രാണിയുണ്ടായിരിക്കുകയും വേണം.
"ശത്രുവിന്റെ അതേ മാര്‍ഗം ഉപയോഗിച്ച് പ്രത്യാക്രമണം നടത്തുക എന്നതാണ് ലെനിനിസ്റ്റ് മാധ്യമതത്വം". സംഗതി വളരേ ശരിയാണ്. അങ്ങിനെ കുത്തകകളുടെ പരസ്യത്തിന്റെ ബലത്തില്‍ നാണയത്തുട്ടുകളുടെ താളലയവിന്യാസത്തില്‍ കുത്തകവിരുദ്ധപ്രവര്‍ത്തനം നടത്താനായിരുന്നു ചാനലു തുടങ്ങിയത്.
താമസിയാതെ മറ്റുചാനലുകളിലെ വൈറസുകള്‍ കുടിയേറി, ഭൂതംഭാവി വര്‍ത്തമാനക്കാരും ദിവ്യജോതിയും നിര്‍ക്കര്‍ക്കത്തുള്ളി സുവിശേഷക്കാരും കുരുത്തോലപെരുന്നാളുകാരും ബലിപെരുന്നാളുകാരും കയറിയിറങ്ങി ആസന്നമായ വിപ്ലവത്തെ തൊഴിലാളി വര്‍ഗത്തില്‍നിന്നും ആട്ടിയകറ്റി. അതോടെ 'വേറിട്ട' എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. ഇന്തമാതിരി മാധ്യമവിശാരദന്‍മാരെക്കൊണ്ടായിരിക്കണം വേറിട്ടചാനല്‍ ഇപ്പരുവത്തിലായത്.
മറ്റുചാനലുകാര്‍ സുബ്ബലക്ഷ്മിയെയും പി ലീലയെയുമൊക്കെ അതിരാവിലെ തന്നെ വിളിച്ചുവിടുന്നതുപോലെ സുപ്രഭാതത്തില്‍ 'ബലികുടീരങ്ങളേ സ്മരണകളുണര്‍ത്തും രണസ്മാരകങ്ങളേ.........' യെങ്കിലും അടിച്ചുവിട്ടാല്‍ മതിയായിരുന്നു. കേള്‍ക്കാന്‍ ഇടവരുന്ന പ്രതിവിപ്ലവകാരികള്‍ അതോടെ സമാധിയാവുകയും ചെയ്യും വിപ്ലവകാരികള്‍ക്ക് ഒരു നവോന്മേഷം ലഭിക്കുകയും ചെയ്യും. തടിയില്ലാത്തവന് തടിവെയ്ക്കാനും ഉള്ളവന് അതു കുറയാനുമുള്ള സിദ്ധൗഷധം പോലെ ഒരു പ്രയോഗം.
പാര്‍ട്ടികൂടാരം ഒട്ടകങ്ങളെക്കൊണ്ട് നിറഞ്ഞപോലെയാണ്. പഴയ പ്രവാചക പരിവേഷം അഴിച്ചുവച്ച് വിജയന്മാഷും കുട്ട്യേളും പുറത്തുകടന്നു. കൂടാരം പാതി പണിയായി. കാലം മാഷെ വലിയതാമസമില്ലാതെ തിരിച്ചുവിളിച്ചതുകൊണ്ട് അത്ര വലിയ അത്യാഹിതം സംഭവിച്ചില്ല. കൂടാരത്തിനു വെളിയിലാണ് ഇപ്പോഴത്തെ ഇമേജിനു ഭാവിയെന്ന് സെബാസ്റ്റ്യന്‍ പോളും കണ്ടെത്തി. ആ കണ്ടെത്തലാണ് "കന്യാസ്ത്രീയുടെ കന്യാചര്‍മ്മ പരിശേധനയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കിട്ടാത്തത് നമ്മുടെ സുകൃതം" എന്ന് വരികളിലൂടെ വന്നത്. പാര്‍ട്ടിക്കൊരു തല്ലും പള്ളിക്കൊരു താരാട്ടും.
Labels:
ജാതി,
മതം,
രാഷ്ട്രീയം,
സാമൂഹികം,
സി.പി.എം,
സെബാസ്റ്റിയന് പോള്‍
Subscribe to:
Post Comments (Atom)
1 comment:
കുലം, ജാതി, മതം, ദേശം കയ്യിലിരുപ്പ് എന്നിവ ഗഹനമായി പഠിച്ചശേഷം ഭാവിയിലേക്കുള്ള തുരുപ്പുഗുലാനായി പാര്‍ട്ടികള്‍ ചിലരെ കണ്ടെത്തും.
Post a Comment