October 06, 2009

മുടന്തുന്ന കേരളം

കലികാലത്തിലിമ്മട്ടു
പലതുണ്ടാം മഹാദ്ഭുതം
പനിയുള്ളവനെക്കാണാം
കൊന്നുതൂക്കിയമാതിരി

സഞ്ജയന്‍ പണ്ടുകണ്ട പനിയുടെ നേര്‍ചിത്രമാണ് വരികളില്‍. ചരിത്രം വിഡ്ഢികളുടെ തലയിലാണ് ആവര്‍ത്തിക്കുക എന്നു കേട്ടിട്ടുണ്ട്. അതുകൊണ്ട് പനി പോയി വീണ്ടും വീണ്ടും വരുമ്പോള്‍ ചുവപ്പുപരവതാനി വിരിച്ചു സ്വീകരിക്കേണ്ട ഭാരിച്ച ചുമതലയാണ് ആരോഗ്യവകുപ്പിന്റേത്. രോഗം തന്നെ വൈദ്യനാണെന്ന് ഒരു ഐറിഷ് ചൊല്ലുണ്ട്. അത് ഒന്നു തിരിച്ചിട്ടാല്‍ കേരളത്തിന്റെ തനതു ചൊല്ലാവും. അതായത്് ഇവിടെ വൈദ്യന്‍തന്നെയാണ് രോഗം.

അനിശ്ചിതത്വത്തിന്റെ ശാസ്ത്രവും സാദ്ധ്യതകളുടെ കലയും ഇണചേര്‍ന്നപ്പോള്‍ ജന്മംകൊണ്ടതാണ് ആധുനിക വൈദ്യശാസ്ത്രം. അതായത് തനിക്കൊരിക്കലും ആരോഗ്യത്തെപ്പറ്റി യാതൊരു ബോദ്ധ്യവുമില്ലാത്ത രോഗിയെ 'മണിബന്ധം' മാത്രമുള്ള കമ്പനിയുടെ കേട്ടറിവുമാത്രമുള്ള മരുന്നുകള്‍ നിര്‍ലോഭം കുറിച്ചുനല്കി ചരലുവാരി കാക്കയെ എറിയുന്ന ഒരേര്‍പ്പാടാണ് നമ്മുടെ നാട്ടിലെ ഡയഗ്നോസിസ് ആന്റ് പ്രിസ്‌ക്രിപ്ഷന്‍. വൈദ്യനും വൈദികനും തമ്മില്‍ ഒരുപാട് സാമ്യമുണ്ട്. രണ്ടുകൂട്ടരും ഫീസ് ചോദിച്ചുവാങ്ങരുത്. കാരണം സമൂഹത്തില്‍ നിന്നും സ്വായത്തമാക്കിയതാണ് രണ്ടുകൂട്ടരുടെയും അറിവുകള്‍. സമൂഹത്തിനുവേണ്ടിയാണ് അവര്‍ ആ മേഖലയിലേക്ക് കുഞ്ഞിക്കാലെടുത്തുവച്ചതും.

ഒരേയൊരു വ്യത്യാസം ഒരാള്‍ ദേഹത്തെ സുഖപ്പെടുത്തുമ്പോള്‍ അപരന്‍ ആത്മാവിനെ സൗഖ്യപ്പെടുത്തുന്നു എന്നതാണ്. രണ്ടുകൂട്ടരുടെയും മെച്ചപ്പെട്ട സൗഖ്യപ്പെടുത്തല്‍ കാരണം എപ്പഴാ ദേഹത്തില്‍ നിന്നും ആത്മാവ് വിടപറയുക എന്നു പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പൊതുജനം. ഫീസു ചോദിക്കാതെ കിട്ടിയ വല്ലതും കൊണ്ട് കഴിഞ്ഞിരുന്ന ഭൂതകാലത്തിലും രണ്ടുകൂട്ടര്‍ക്കും പട്ടിണികിടക്കേണ്ടിവന്നിരുന്നില്ല. വൈദ്യവൃത്തിയെപറ്റി ആയൊരു ബോധമുണ്ടായിരുന്നത് ഇന്ത്യയില്‍ മഹാത്മജിക്കും ചൈനയില്‍ മാവോവിനുമായിരുന്നു. ഗാന്ധിജിയുടെ പ്രകൃതിചികിത്സയും മാവോവിന്റെ നഗ്നപാദ ഡോക്ടര്‍മാരും ഉണ്ടായത് അങ്ങിനെയാണ്. ഒരു ഡോക്ടറുടെ ജീവിതനിലവാരം ശരാശരി രോഗിയില്‍ നിന്നും ഉയരുമ്പോള്‍ രോഗിക്ക് ഡോക്ടറില്‍ നിന്നും നീതി ലഭിക്കുകയില്ലെന്നതായിരുന്നു മാവോയുടെ നിരീക്ഷണം. ആ കാഴ്ചപ്പാടിന്റെ സൃഷ്ടിയായിരുന്നു ചൈനയിലെ നഗ്നപാദ ഡോക്ടര്‍മാര്‍. ഇവിടുത്തെ മാവോവാദികളാവട്ടെ ജനത്തിന്റെ നികുതിപ്പണം കൊണ്ട് പഠിച്ചുപാസായി പൊതുജനത്തെതന്നെ വെല്ലുവിളിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആര് മണികെട്ടും എന്നന്വേഷിച്ചു നടക്കുകയാണ്.

വൈദികവൃത്തിയും വൈദ്യവൃത്തിയും വിശ്വാസത്തിന്റെ ഭാഗമാക്കിയത് എത്ര തന്ത്രപൂര്‍വ്വമാണെന്ന് നോക്കണം. ജനത്തിന് ദൈവത്തില്‍ വിശ്വാസമുണ്ടെങ്കിലേ വൈദികന്റെ ജീവിതം യാഥാര്‍ത്ഥ്യമാവൂ. വൈദികരെല്ലാം കൂടി വൈദ്യന്‍മാരെ പടച്ചുവിടുന്ന ഫാമുകള്‍ നാടുനീളെ തുടങ്ങിയപ്പോള്‍ രോഗം ഭേദമാവണമെങ്കില്‍ രോഗിക്ക് ഡോക്ടറില്‍ ഒരിത്തിരി വിശ്വാസമൊക്കെ വേണം എന്ന നിലയും കൈവന്നു. അതു തികച്ചും ശരിയാണ്. പിതാവിന്റെ മടിശ്ശീലയുടെ ബലത്തില്‍ ഡോക്ടറായവനില്‍ ശരീരം വിശ്വസിച്ചേല്‍പിക്കുന്നത് വിശ്വാസത്തിന്റെ ബലത്തിലല്ലാതെ മറ്റെന്തിന്റെ ബലത്തിലാണ്?

നാട്ടിലെല്ലാ അമ്മമാര്‍ക്കുമെന്നപോലെ ഈയടുത്തായി ഈയുള്ളവന്റെ അമ്മയ്ക്കും പനിപിടിച്ചു. മൊത്തത്തില്‍ ഒരു കരടീഭാവമാണ് കണ്ടത്. ഇരുകാലിലാണ് നടക്കുന്നതെങ്കിലും എപ്പഴാ നാലുകാലിലാവുക എന്നതു പ്രവചനാതീതം. മൂപ്പരെ വൈദ്യനെ കാണിക്കാമെന്നു കരുതി വിളിച്ചപ്പോള്‍ കിട്ടി ടോക്കണ്‍ 110. നാട്ടിലെല്ലാ വൈദ്യന്‍മാരും അപ്രത്യക്ഷരായാല്‍ മാത്രം രണ്ടാളെ ഉമ്മറത്തുകാണുന്ന വൈദ്യന്റെ ഭാഗ്യത്തിന്റെ ഗ്രാഫാണ് ടോക്കണ്‍ 110ലേക്ക് ഉയര്‍ന്നത്. നോക്കാന്‍ നേരമില്ല. ചെന്നു കണ്ടപാടെ ഒരു കടലാസില്‍ പുള്ളി എഴുത്തുതുടങ്ങി. മഹാഭാരതത്തെക്കൊണ്ട് പണ്ടാരോ പറഞ്ഞതുപോലെ അതിലില്ലാത്തതായി ഒന്നുമില്ല. സത്യം പറയണമല്ലോ പതിനാറടിയന്തിരത്തിനുള്ള മാരാരുടെ ചാര്‍ത്തിന്റെ അത്രവരും. ഭാഗ്യത്തിന് കോടിത്തോര്‍ത്തും കോടിമുണ്ടും പട്ടും ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതുണ്ട്.

മരുന്നുകടയിലാണെങ്കില്‍ ഒടുക്കത്തെ തിരക്ക്. ഒരുവിധം ചളിക്കുണ്ടിലെ വരാലിനെപ്പോലെ വലിഞ്ഞ് മുന്നിലെത്തിയപ്പോള്‍ പഠിക്കുന്ന കാലത്തേ പേരുകേട്ട ഒരു അക്ഷരവൈരി മരുന്നെടുത്തുകൊടുക്കാന്‍. അന്വേഷിച്ചപ്പോള്‍ മൂപ്പര്‍ പറഞ്ഞത് ബാലന്‍ ഡോക്ടറുടെ മരുന്നെല്ലാം തെക്കെ അലമാരയിലും കോരന്‍ ഡോക്ടറുടേതെല്ലാം വടക്കേ അലമാരയിലുമാണ് വെയ്ക്കുക എന്നാണ്. കടലാസ് കണ്ടാല്‍ ആരുടേതാണെന്ന് മനസ്സിലാവും. ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച്.........പത്ത് .....പതിനൊന്നാമത് കുപ്പി ക്രമത്തില്‍ ഇങ്ങെടുത്താല്‍ മതി. അതായത് ഒരുപനി പത്തുദിവസത്തേയ്ക്ക് 400രൂപ ഫോര്‍മുലയില്‍ ഒരു ചികിത്സ അഥവാ കിറുകൃത്യമായ ഒരു ചരലുവാരിയേറ്.

അമ്മയുടെ ഭാഗ്യം കൊണ്ട് ഒരൊറ്റ ചരലും കണ്ണില്‍ കൊണ്ടില്ല. മൂപ്പരിപ്പോള്‍ പൂര്‍വ്വാധികം ഭംഗിയായി മുടന്തുന്നു.
വെറും വൈശ്യന്‍മാരല്ല നമ്മള്‍ പ്രൊഫഷണലുകളാണെന്ന് വൈദ്യന്‍മാര്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അവരും രോഗിയും തമ്മിലുള്ള ബന്ധം സേവനദാതാവും ഉപഭോക്താവും തമ്മിലുള്ളതാണ്. അതായത് പ്രിസ്‌ക്രിപ്ഷന്‍ - ഫീസ് റിലേഷന്‍ഷിപ്പ്. നമ്മുടെ പഴയ ആ വിശ്വാസം തട്ടിന്‍പുറത്തേക്ക് ചുരുട്ടികയറ്റിവെയ്ക്കാനുള്ള സമയമായി എന്നര്‍ത്ഥം.
അപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ഡോക്ടര്‍മാര്‍ക്കും ബാദ്ധ്യതയുണ്ട്. കൊടുക്കുന്ന കാശിന് അര്‍ഹിക്കുന്ന സേവനം രോഗിക്ക് ലഭ്യമാവുന്നുണ്ടോ എന്ന് സര്‍ക്കാരും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി ചില്ലറ ടിപ്‌സ്.
ആദ്യമായി ഒരു സംഖ്യ ഫീസായി നല്കി നമ്മള്‍ ഒരു സേവനം ഉപയോഗപ്പെടുത്തുമ്പോള്‍ ആ സേവനദാതാവിന് ആ സേവനം ചെയ്യാനുള്ള ഏറ്റവും ചുരുങ്ങിയ യോഗ്യതയെങ്കിലുമുണ്ടോയെന്ന് അറിയണം.

രണ്ടാമതായി ആ ഡോക്ടറില്‍നിന്നും ലേശംകൂടി മെച്ചപ്പെട്ട ആളുടെ സേവനം അതേ കാശിന് ലഭ്യമായേക്കാം. അപ്പോള്‍ അയാളുടെ ഓരോ സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് ഒരു തീരുമാനമെടുക്കുക പ്രായോഗികമല്ലാത്തതിനാല്‍ എന്‍ട്രന്‍സ് റാങ്ക് എത്രയായിരുന്നു, എന്തു പഠിച്ചു, എത്രമാര്‍ക്കോടുകൂടി പഠിച്ചു, എവിടെ പഠിച്ചു എന്നിത്യാദി വിവരങ്ങള്‍ നല്ല വെള്ളചുമരില്‍ എഴുതിവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം. വിവരം വിരല്‍തുമ്പിലെത്തുന്ന ഈ കാലത്തും ഇതൊന്നുമിവിടെയില്ലാത്തത് നാടിന്നുതന്നെ അപമാനമാണ്.
അതൊക്കെ നോക്കി ടിയാന്‍ ഒറിജനാലാണോ വ്യാജനാണോ ലാടനാണോ ഇനി മെറിറ്റില്‍ തന്നെ വന്നതാണോ ജാതിപറഞ്ഞു കയറിമറിഞ്ഞതാണോ മിടുക്കനായ പിതാവിന്റെ മുടിയനായ പുത്രനാണോ സ്വാശ്രയമാണോ പരാശ്രയമാണോ എന്നെല്ലാം അറിയാന്‍ പുറത്തെ ചുമരുതന്നെ ധാരാളം എന്നൊരവസ്ഥ ഉണ്ടാവണം. അല്ലാത്ത കാലത്തോളം ഈ പകല്‍ കൊള്ള അവസാനിക്കുകയില്ല. ഡോക്ടര്‍മാരെക്കാളും നല്ലത് വക്കീലന്‍മാരാണെന്ന് പണ്ടൊരു രസികന്‍ പറഞ്ഞതു വെറുതെയല്ല. വക്കീലാവുമ്പോ ഉള്ള മുതലു കൊള്ളയടിച്ചു പോവുകയേ ഉള്ളൂ. ഡോക്ടറാവുമ്പോള്‍ മുതലിന്റെ കൂടി ഉയിരും കൂടിയെടുത്തുകളയും.
ഇനി അവസാനമായി ഡോക്ടറെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ഫീസുകൊടുത്താല്‍ കുറിപ്പടിയില്‍ ആദ്യം എഴുതേണ്ടത് വന്നവന്റെ രോഗവിവരമായിരിക്കണം. മരുന്നു പിന്നെ മതി. ചരലുവാരിയെറിഞ്ഞു രോഗിയെ നിത്യരോഗിയാക്കി പോക്കറ്റടിക്കുന്ന അവസ്ഥയ്ക്ക് എങ്കിലേ ഒരു സമാധാനമുണ്ടാവൂ. ഇപ്പോഴത്തെ സ്ഥിതിവച്ച് ഫീസുവാങ്ങുകയേ വേണ്ടൂ. രോഗമെന്തെന്ന് രോഗിയറിയേണ്ടതില്ല. എഴുതേണ്ടതുമില്ല. അങ്ങിനെ ചികിത്സിക്കാന്‍ ലാടന്‍ പോരേ. ആവശ്യമുള്ള മരുന്നുകള്‍ ഷാപ്പുകളില്‍ വില്ക്കട്ടേ. അര്‍ഹരായവര്‍ ചികിത്സിക്കട്ടേ.

സഹസ്രാബ്ദങ്ങള്‍ക്കുമുന്നേ സുശ്രുതന്‍ കുപ്പിച്ചില്ലുകൊണ്ട് തലയോടുകീറിയേടത്ത് ഇന്ന് ആളുകള്‍ പനിപിടിച്ച് ചാവുമ്പോള്‍ ആള്‍ക്കൊന്ന് സര്‍ജിക്കല്‍ കത്തിയുമെടുത്ത് ആരോഗ്യവകുപ്പുകാര്‍ ആലുവാമണപ്പുറത്തുപോയി ഒരു കൂട്ടഹരാകിരി നടത്തി മാനക്കേടില്‍ നിന്നും രക്ഷപ്പെടുകയാണ് വേണ്ടത്. ഇനിയും യാതൊന്നും ചെയ്യാന്‍ തയ്യാറാവാതെ വൈദ്യനാര് മണികെട്ടും എന്നന്വേഷിച്ചു നടക്കുകയാണെങ്കില്‍ പിന്നെ വേറെ വഴിയൊന്നുമില്ല.

3 comments:

NITHYAN said...

കലികാലത്തിലിമ്മട്ടു
പലതുണ്ടാം മഹാദ്ഭുതം
പനിയുള്ളവനെക്കാണാം
കൊന്നുതൂക്കിയമാതിരി

G.MANU said...

പനി ആയാലും ആശുപത്രിയില്‍ പോകെണ്ടാന്നു വച്ചു.. ഈയിടെയായി ആളുമാറി തട്ടിക്കൊണ്ടുപോയി ഇടി തന്ന് വഴിയില്‍ ഇറക്കി വിടുന്നത് പതിവായിട്ടുണ്ട്.. കോഴിക്കോട്ട് 3 കേസുകള്‍ ഒന്നിച്ച്... :)

Unknown said...

നിത്യന്‍, പോസ്റ്റ് വായിച്ചു. കണ്ണൂരിലെ പനിയെ പറ്റി ഒരു രസികന്‍ പോസ്റ്റ് ഇവിടെ കാണുക.

ആശംസകളോടെ,