July 16, 2009

അരക്കിറുക്കന്‍മാരില്‍ നിന്നും മുഴുക്കുറുക്കന്‍മാരിലേയ്‌ക്ക്‌


rahul-gandhi.jpgഅടി നടുപ്പുറത്ത്‌ ഏറ്റുവാങ്ങുവാനും വെടിയുണ്ടയ്‌ക്ക്‌ വിരിമാറുകാട്ടിക്കൊടുക്കുവാനും തയ്യാറെടുത്ത 'അരക്കിറുക്കന്‍' മാര്‍ക്കുള്ളതായിരുന്നു സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലെ രാഷ്ട്രീയം. സ്വാതന്ത്ര്യത്തിന്റെ പുതുപുലരിയില്‍ ഒരുപാടുപേര്‍ അടുത്തഘട്ടം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ കുറിച്ചു. അധികാരവും ചെങ്കോലും 'അരക്കിറുക്കന്‍' മാരില്‍നിന്നും 'മുഴുക്കുറുക്കന്‍'മാരിലെത്തിയതാണ്‌ നാലണകോങ്ക്രസിന്റെ പിന്നത്തെ ചരിത്രം.

അതോടെ സഞ്‌ജയന്‍ പണ്ടുപറഞ്ഞതുപോലെ രാജാക്കന്‍മാര്‍ക്കെല്ലാം മന്ത്രിമാരായി പ്രമോഷന്‍ കിട്ടി. നെഹറുകുടുംബത്തിലെ തൊഴിലില്ലായ്‌മക്കും എന്നെന്നേയ്‌ക്കുമായി ഒരവസാനമായി.

മനുഷ്യന്റെ ബുദ്ധിക്ക്‌ ഒരു തകരാറുണ്ട്‌. ചിലപ്പോള്‍ എത്ര ബുദ്ധിയുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. വേണ്ടപ്പോഴായിരിക്കും ബുദ്ധിക്ക്‌ ബോധക്ഷയം സംഭവിക്കുക. ഇനി ബുദ്ധി ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണെങ്കിലും ശരി, നമ്മളായിട്ട്‌ ബുദ്ധിയെ ഉപദ്രവിക്കുകയില്ലെന്നുതന്നെ തീരുമാനിച്ചാലും ശരി, ഉള്ള ബുദ്ധി ചിലപ്പോള്‍ സ്വന്തം നിലയ്‌ക്കങ്ങ്‌ ഉണര്‍ന്നുപ്രവര്‍ത്തിച്ചു കളയും. അങ്ങിനെയുള്ള ബുദ്ധിയാണ്‌ ഇപ്പോള്‍ രാഹുലില്‍ പ്രവര്‍ത്തനനിരതമായതും വരുണില്‍ പ്രവര്‍ത്തനരഹിതമായതും. നെഹറൂജിയുടെ ചിന്നച്ചെറുമക്കളില്‍ ഒന്നിനെ കോണ്‍ഗ്രസുകാര്‍ തോളിലേറ്റുമ്പോള്‍ മറ്റേതിനെ എവിടെയെറിയണമെന്നറിയാതെ ബീജേപിക്കാര്‍ നട്ടംതിരിയുന്നു. ഈ ബുദ്ധിയുടെ ഒരോ കാര്യം.

**********************************

രാജ്യത്തിന്റെ ജനസംഖ്യയില്‍ 55 ശതമാനം ആളുകള്‍ 35 വയസ്സിനുതാഴെയുള്ള ചെറുപ്പക്കാരും കാരികളുമാണെന്നതു ഒരു വലിയ സത്യം. എന്നാല്‍ ഭരണചക്രം തിരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണമെടുക്കാന്‍ പാതിവിരലുകള്‍തന്നെ വേണ്ടിവരില്ലെന്നതാവട്ടേ അതിലും വലിയ സത്യം. ഇനി ആ വിരലിലെണ്ണാവുന്നവരില്‍ പാതിയും തന്തപ്പടിയുടെ തള്ളില്‍ തലപ്പത്തെത്തിപ്പോയതായിരിക്കും എന്നതാവട്ടെ ഉടുതുണിയില്ലാത്ത പെരിയ സത്യവും.

അപ്പോള്‍ ഭരണചക്രം തിരിക്കുന്നതാകട്ടേ ന്യൂനപക്ഷം വരുന്ന കിഴവന്‍മാരുടെ മഹാഭൂരിപക്ഷവും. നിശ്ചയിച്ചാലും ഇല്ലെങ്കിലും നടക്കും എന്നൊരുറപ്പുള്ളതുകൊണ്ടാണല്ലോ വിവാഹം നിശ്ചയിക്കുക ആദിയായ കാര്യങ്ങള്‍ സമൂഹം വൃദ്ധരെ ഏല്‍പിക്കുന്നത്‌. മറ്റൊരു തൊഴിലിലും വൃദ്ധര്‍ക്ക്‌ മുന്‍ഗണനയുള്ളതായി കേട്ടറിവില്ല.

രാഷ്ട്രീയപ്രവര്‍ത്തനവും ഭരണവുമെല്ലാം സേവനമാണെന്നു പറഞ്ഞ്‌ ഒഴിവാകാന്‍ പറ്റുമോ? പറ്റില്ല. പ്രതിഫലം പറ്റി ചെയ്യുന്ന പ്രവൃത്തിയെ തൊഴിലെന്നാണ്‌ വിളിക്കുക. സേവനമെന്നല്ല. ഇനി നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത ഭീമമായ പ്രതിഫലമാണെങ്കില്‍ അതിന്‌ കൊള്ള എന്നാണ്‌ പറയുക. സര്‍ക്കാര്‍ ജീവനക്കാര്‍ കൂടിയാല്‍ 60 ല്‍ എല്ലാ പാപങ്ങളില്‍ നിന്നും വിരമിച്ച്‌ ശിഷ്ടകാലം രാമനാമം ജപിച്ചുകഴിയണമെന്ന്‌ നിയമം അനുശാസിക്കുന്നുണ്ട്‌. അതൊന്നും ഭരണചക്രത്തിലെ വയോജനങ്ങള്‍ക്ക്‌ ബാധകമല്ലെന്നുമാത്രം.

കുഴിയിലേയ്‌ക്ക്‌ കാലുംനീട്ടിക്കിടക്കുന്ന കരുണാകരാദികള്‍ പോലും വേഴാമ്പലിനേപ്പോലെ മുകളിലോട്ട്‌ ഗവര്‍ണറുദ്യോഗം പെരുമഴയായി പതിക്കുന്നതും നോക്കിക്കിടക്കുമ്പോള്‍ തന്റെയും പെങ്ങളുടെയും കടമ ഇവറ്റകളെ ചുമന്ന്‌ സോപാനത്തിലെത്തിക്കുക മാത്രമാണെന്ന തിരിച്ചറിവ്‌ ഇപ്പോള്‍ രാഹുല്‍ജിക്കുണ്ടായി എന്നുവേണം കരുതാന്‍.

*****************************************

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലേയ്‌ക്ക്‌ കേമ്പസ്‌ റിക്രൂട്‌മെന്റ്‌ തുടങ്ങിയെന്നാണ്‌ കടലാസുകളില്‍ കാണുന്നത്‌. അതായത്‌ ഇനി ലോക്‌സഭയുടെ ഉമ്മറപടിവാതില്‍ പണ്ട്‌ നെഹറൂജി ആഗ്രഹിച്ചതുപോലെ എഞ്ചിനീയര്‍മാര്‍ക്കും മാനേജുമെന്റ്‌ വിദഗ്‌ദ്ധന്‍മാര്‍ക്കുമായി മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.

രാഷ്ട്രീയപ്രവര്‍ത്തനത്തിനു കിട്ടിയിരുന്ന ഏകപ്രതിഫലം പണ്ട്‌ 'ഭാരത്‌്‌മാതാ കീ ജയ്‌' ആവേശത്തോടെ വിളിക്കുമ്പോള്‍ ചറപറാ വന്നുവീഴുന്ന പോലീസുകാരുടെ അടിയായിരുന്നു. പെന്‍ഷന്‍ ആനുകൂല്യങ്ങളായി ശിഷ്ടകാലം ചുമച്ചുചോരതുപ്പലും. നാലക്ഷരവും നാലു സര്‍ട്ടിഫിക്കറ്റും സ്വന്തം കാര്യവും മാത്രം കൈമുതലായുള്ളവരുടെ ആവാസമേഖല വേറെയായിരുന്നു.

വിവരവും വിദ്യാഭ്യാസവും രാജ്യസ്‌നേഹവും മനുഷ്യത്വവും ഒത്തൊരുമിച്ച്‌്‌ ഒരാളില്‍ പ്രത്യക്ഷമാവുക ഏതാണ്ട്‌ മഴവില്ലുപോലെ ഒരു പ്രതിഭാസമാണ്‌. അങ്ങിനെയുള്ളവരെ കണ്ടെത്തി രാഷ്ട്രനിര്‍മ്മാണ പ്രകൃയയില്‍ പങ്കെടുപ്പിക്കാനായി പഴയ രാജ്യസ്‌നേഹികള്‍ കണ്ടെത്തിയതായിരുന്നു രാജ്യസഭ. വിവരമുള്ളവര്‍ക്കും സാംസ്‌കാരികനായകര്‍ക്കും കലാകാരന്‍മാര്‍ക്കുമായി അവിടെ നൂറുശതമാനം സംവരണം. പിന്നീടതില്‍ 90 ശതമാനവും വിവരദോഷികള്‍ക്കായി സംവരണം ചെയ്യപ്പെട്ടതും ചരിത്രം.

*************************************

ഇപ്പോള്‍ ഐ.ഐ.ടി ക്കാരും ഐ ഐ എമ്മുകാരുമൊക്കെ ജീവിതം രാഷ്ട്രത്തിനായി ഹോമിക്കുവാന്‍ തയ്യാറെടുത്ത്‌ മാമാങ്കത്തിലെ ചേകോന്‍മാരെപ്പോലെ രാഹുല്‍ജി കേ കമരേ കേ സാമ്‌നേ ഖടേ രഹേ ഹൈ എന്നാണ്‌ കിട്ടിയ വിവരം. ഈ എഞ്ചിനീയറിംഗ്‌ എം.ബി.എക്കാരുടെ രാഷ്ട്രീയബോധവും സാമൂഹികബോധവും തീപ്പെട്ടികണ്ട എലിബാണം പോലെ കുതിച്ചുയര്‍ന്നതിന്റെ സാമൂഹികപശ്ചാത്തലം ആരെങ്കിലും ആലോചിച്ചുവോ?

തലേന്നുരാത്രിയിലെ ഉറക്കത്തിലുണ്ടായ വെളിപാടാണെങ്കില്‍ ശരി. രാഷ്ട്രം രക്ഷപ്പെട്ടു. യഥാക്രമം എഞ്ചിനീയര്‍മാര്‍ക്ക്‌ വിശ്വേശ്വരൈയ്യയും എം.ബി.എക്കാര്‍ക്ക്‌ ജാംഷേഡ്‌ജിയും സ്വപ്‌നത്തില്‍ പ്രത്യക്ഷരായി അനുഗ്രഹം ചൊരിഞ്ഞതാണെങ്കില്‍ നമ്മള്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ നമ്മള്‍ കഷ്ടപ്പെട്ടു എന്നുവേണം കരുതാന്‍. ഇന്നത്തെ റിസഷന്‍ സംഭാവനചെയ്‌ത 'തൊഴിലില്ലായ്‌മ' യാണ്‌ പറ്റിയ പണി രാഷ്ട്രീയമാണെന്ന തിരിച്ചറിവ്‌ സംഭാവനചെയ്‌തതെങ്കില്‍ രാഷ്ട്രത്തിന്റെ അധോഗതിയുടെ ആരംഭം എന്നു കരുതാം.

സര്‍ക്കാര്‍ ഐ.ഐ.എമ്മുകളില്‍ നിന്നും ഐ.ഐ.ടികളില്‍ നിന്നും പൊതുജനത്തിന്റെ ചിലവില്‍ പഠിച്ചിറങ്ങിയ എത്ര മഹാന്‍മാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നുണ്ട്‌, ഇനി എത്രപേര്‍ ഇന്ത്യയില്‍ തന്നെയുണ്ട്‌ എന്ന കണക്കെടുത്താല്‍ തന്നെ മതിയാവും അവരുടെ ദേശസ്‌നേഹത്തിന്റെ ആഴമളക്കാന്‍.

ഇപ്പോഴത്തെ സ്ഥിതിവച്ച്‌ ഒരു സര്‍ക്കാര്‍ 'ദാദ'യ്‌ക്ക്‌ 30 കൊല്ലം പണിതാലും പെന്‍ഷന്‌ സകോപ്പില്ല. കേന്ദ്രം തൊഴിലെടുക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ നിര്‍ത്തലാക്കി. അതിപ്പോള്‍ സേവനത്തിനുമാത്രമാക്കി ചുരുക്കി. ജനത്തിനെല്ലാവര്‍ക്കും കൊടുക്കാനുള്ള ധനസ്ഥിതിയില്ലാത്തതുകൊണ്ട്‌ അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കുമാത്രമായി അതങ്ങു നിജപ്പെടുത്തി.

രാപ്പകല്‍ പണിയെടുക്കുന്ന ഒരു എക്‌സിക്യൂട്ടീവിന്‌ കിട്ടുന്നതിനേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട പാക്കേജ്‌ ആണ്‌ ഒരു എം.പി.ക്കുള്ളത്‌. പ്രതിമാസം ലക്ഷങ്ങള്‍. നോ റസ്‌പോണ്‍സിബിലിറ്റി ഫോര്‍ ഫുള്‍ റമ്യൂണറേഷന്‍. എന്തെല്ലാം ആനുകൂല്യങ്ങള്‍? അണ്ടിപ്പരിപ്പും കുപ്പിവെള്ളവും അകത്താക്കാനല്ലാതെ വായതുറക്കാത്ത എത്രയെത്ര ആളുകള്‍ സഭയെ അലങ്കരിച്ചിട്ടുണ്ട്‌. യാതൊരും കുറവും അക്കൂട്ടരുടെ വരുമാനത്തിലുണ്ടായിട്ടില്ല. ആനയെക്കൊണ്ടു പറഞ്ഞതുപോലെയാണ്‌, വായെടുത്താലും വായെടുത്തില്ലെങ്കിലും ലച്ചങ്ങള്‍.

ഒരു കാമ്പസ്‌ റിക്രൂട്ട്‌മെന്റിലൂടെ നാളെ പണികാണുമോ എന്ന അനിശ്ചിതത്വത്തിലേയ്‌ക്ക്‌ സര്‍ട്ടിഫിക്കറ്റും പൊക്കിപ്പിടിച്ചുപോവുന്നതിലും നല്ലത്‌ ഒരേയൊരു 'രാഹുല്‍ജീ കീ ജയ്‌' വിളിയുമായി എടുത്തു കോണ്‍ഗ്രസിലേയ്‌ക്ക്‌ ചാടുകയല്ലേ? സുഖജീവിതത്തിന്റെ സുരക്ഷിതത്വത്തിലേയ്‌ക്കുള്ള ഒരെടുത്തുചാട്ടം.

**************************

അതത്‌ മേഖലയിലെ ലോകത്തിലെ നമ്പര്‍ വണ്‍ ആയിരുന്ന ബെയറിംഗ്‌സ്‌ ബാങ്കും എഐജിയും ഇന്ത്യയിലെ സത്യവും പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത്‌ ലല്ലുപ്രസാദ്‌ യാദവന്മാരും പിണറായി വിജയനും കൂട്ടരും ഒന്നുമല്ലായിരുന്നു. ഒന്നാംതരം മാനേജ്‌മെന്റ്‌ വിദഗ്‌ദ്ധന്‍മാര്‍ തന്നെയായിരുന്നു. ഒടുവില്‍ കമ്പനിയെ അനിക്‌സ്‌പ്രേയുടെ ആ പഴയ പരസ്യം പോലെ ആക്കിക്കൊടുക്കുവാന്‍ പറ്റിയതും ആ വൈദഗ്‌ദ്ധ്യം കൊണ്ടുതന്നെയാണ്‌. പൊടിപോലുമുണ്ടായില്ല കണ്ടുപിടിക്കാന്‍.

കാര്യങ്ങളുടെ കിടപ്പ്‌ ഇങ്ങിനെയാവുമ്പോള്‍, പഠിച്ച കള്ളനെക്കാളും രാഷ്ട്രത്തിന്‌ ദ്രോഹം ചെയ്യാതിരിക്കുക പഠിക്കാത്ത കള്ളന്‍ തന്നെയല്ലേ. ലേശം വിവരം കുറഞ്ഞവരാവുമ്പോള്‍ കാലിത്തീറ്റയോ ജീരകമോ കൊണ്ടൊക്കെ തൃപ്‌തിപ്പെട്ടുകൊള്ളും. വിവരം ലേശം കൂടിയതുകൊണ്ടാണ്‌ ലാവ്‌ലിന്‍ സംഭവിച്ചത്‌. അനുവദനീയമായ അഹന്തയുടെ അളവ്‌ അതിലും കൂടിപ്പോയതുകൊണ്ടാണ്‌ സംഗതികള്‍ ഇപ്പരുവത്തിലായതും.

ചുരുക്കിപ്പറഞ്ഞാല്‍, തലപ്പത്ത്‌ വിവരം ലേശം കുറഞ്ഞവരാവുമ്പോള്‍ രാജ്യം ലോകഭൂപടത്തില്‍ തന്നെയുണ്ടാവും എന്നൊരു മെച്ചമുണ്ട്‌. ഉദരനിമിത്തം രാഷ്ട്രീയത്തിലേക്കെടുത്തുചാടിയ ബുദ്ധിരാക്ഷസന്‍മാരുടെ കൈയ്യിലാണ്‌ ഭാവിഭരണമെങ്കില്‍ നാളെ ഭുപടത്തില്‍ നിന്നും രാഷ്ട്രം തന്നെ അപ്രത്യക്ഷമായിക്കൂടെന്നില്ല. അതുകൊണ്ട്‌ നാം കരുതിയിരിക്കുക. വിവരത്തോടൊപ്പം ആനുപാതികമായ അളവില്‍ വിവേകവും അതിലുപരിയായി രാജ്യസ്‌നേഹവും ഉള്ളവരാകണം കടന്നുവരുന്നത്‌ എന്നുറപ്പാനുള്ള ഒരു കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റുകൂടി (CAT) കോണ്‍ഗ്രസുകാര്‍ നടത്തിയേ പറ്റൂ.

4 comments:

NITHYAN said...

അടി നടുപ്പുറത്ത്‌ ഏറ്റുവാങ്ങുവാനും വെടിയുണ്ടയ്‌ക്ക്‌ വിരിമാറുകാട്ടിക്കൊടുക്കുവാനും തയ്യാറെടുത്ത 'അരക്കിറുക്കന്‍' മാര്‍ക്കുള്ളതായിരുന്നു സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലെ രാഷ്ട്രീയം

Anonymous said...

ഹോ.. ഇങ്ങനെ ഒന്ന് വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം.. പറയേണ്ടത് അതിന്റെ രീതിയില്‍ പറയുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്...

കൂപ്പുകൈ..

നാട്ടുകാരന്‍ said...

ഇങ്ങനെയും ചിന്തിക്കുന്നവര്‍ ഇപ്പോഴും നമ്മുടെയിടയില്‍ ഉള്ളതുകൊണ്ടാണ് നമ്മുടെ രാജ്യം ലോകഭൂപടത്തില്‍ ഇപ്പോഴും ഉള്ളത്. അല്ലെങ്കില്‍ വിവരം കുറഞ്ഞവരാവും കൂടിയവരും കൂടി നന്നായിട്ട് വിവരിചെനേം!

karthik v.r. said...

ithineyanu best available version of of truth ennu parayunnath ,
congrats.