December 17, 2008

ഗാന്ധി ഔട്ട്‌ പാര്‍വ്വതി ഇന്‍

parvathi1.jpgപുല്‍നാമ്പിലെ മഞ്ഞുതുള്ളിയുടെ ആയുസ്സാണ്‌ സൗന്ദര്യത്തിന്‌. അതായത്‌ സൂര്യന്റെ ചുടുചുംബനം ഏറ്റുവാങ്ങുന്നതുവരെ. ജന്തുശാസ്‌ത്രവും സൗന്ദര്യശാസ്‌ത്രവും പറയുന്നതും ഏതാണ്ടിങ്ങനെ തന്നെയാണ്‌. ആണുങ്ങളുടെ കണ്ണില്‍പെടുന്നതുവരെയാണ്‌ പെണ്ണിന്റെ സൗന്ദര്യത്തിന്റെ ആയുസ്സ്‌. നിലവിലുള്ള സുന്ദരിയുടെ കഥ കഴിയുന്നതുകൊണ്ടാണല്ലോ അടുത്ത സുന്ദരിയെ നമുക്ക്‌ കിരീടം ചൂടിക്കേണ്ടിവരുന്നത്‌. ചുട്ടുപഴുത്ത ഇരുമ്പിന്‍മേല്‍ വീഴുന്ന ജലകണികയുടെ ആയുസ്സിനോടാണ്‌ മനുഷ്യജന്മത്തെ വ്യാസന്‍ ഉപമിച്ചത്‌. അപ്പോള്‍ ആ കലണ്ടര്‍ വച്ചാല്‍ ചുരുങ്ങിയത്‌ അരമണിക്കൂര്‍ കൂടുമ്പോഴെങ്കിലും അന്നന്നേരത്തെ സുന്ദരിമാരെ തിരഞ്ഞെടുക്കാനുള്ള ഏര്‍പ്പാടാണ്‌ വേണ്ടത്‌.

അങ്ങിനെയുള്ള വല്യവല്യ സംഗതികളുടെ അടിസ്ഥാനത്തിലാണ്‌ ലോകസൗന്ദര്യ മത്സരം അരങ്ങേറുക. പണ്ട്‌ ഇതിന്‌ സമാനമായ ഒരു സംഗതി മലബാറില്‍ നടന്നിരുന്നത്‌ ഓര്‍ക്കാട്ടേരിയിലെ കാളച്ചന്തയായിരുന്നു. കാളസൗന്ദര്യശാസ്‌ത്രവിശാരദന്‍മാര്‍ അവിടെ കേന്ദ്രീകരിച്ച്‌ ലക്ഷണമൊത്ത കുട്ടന്‍മാര്‍ക്ക്‌ മാര്‍ക്കിടുകയാണ്‌ പതിവ്‌. പിന്നെ ഗജരാജന്‍മാരുടെ തലയെടുപ്പ്‌ മത്സരം. വേറൊന്ന്‌ ശ്വാനന്‍മാരുടെ ആഭിമുഖ്യത്തില്‍. ശ്വാനസുന്ദരന്‍മാര്‍ റാമ്പില്‍ തുടലിന്റെ അറ്റത്ത്‌ കൊച്ചമ്മമാരെയും കൊച്ചച്ചന്‍മാരെയും കൂട്ടി മാര്‍ച്ചുചെയ്യുന്ന നയനാനന്ദകരമായ കാഴ്‌ച.

എല്ലാ പുരുഷന്റെ വിജയത്തിനുപിന്നിലും ഒരു പെണ്ണുണ്ടായിരിക്കും എന്നത്‌ തിരിച്ചെഴുതാന്‍ നിത്യനെ പഠിപ്പിച്ചതും ഒരു സുന്ദരിയായിരുന്നു. ലക്ഷ്‌മി പണ്ഡിറ്റ്‌. മിസ്‌ ഇന്ത്യയായി അവരോധിക്കപ്പെട്ടപ്പോഴാണ്‌ പണ്ഡിറ്റ്‌ മിസ്സല്ല മിസ്സിസ്‌ ആണെന്നു ജൂറിക്ക്‌ ബോദ്ധ്യപ്പെട്ടത്‌. താമസിയാതെ മിസ്‌ഡ്‌ ഇന്ത്യയാക്കി പ്രഖ്യാപിക്കുകയാണല്ലോ ഉണ്ടായത്‌.

ഓര്‍ക്കുക. താളിയോലകളും പറയുന്നത്‌ അതുതന്നെയാണ്‌.
യാചിതാന്തം ച ഗൗരവം
പ്രസവാന്തം ച യൗവനം

പണ്ട്‌ നിര്യാതപുറം ഒരു വേളി കഴിച്ചുപോയി, അത്‌ നമ്മള്‍ പിന്നീട്‌ ഡിലീറ്റ്‌ ചെയ്‌തിട്ടുണ്ട്‌ എന്ന സത്യവാങ്‌മൂലമൊന്നും വിലപ്പോയില്ല. ആ പാവം സുന്ദരിയുടെ തലയില്‍ ഇടിത്തീയായി മിസ്‌ഡ്‌ ഇന്ത്യാ പട്ടം വന്നുവീഴുകയാണ്‌ ചെയ്‌തത്‌. ആ ഷോക്കില്‍ നിന്നും കരകയറാന്‍ നിത്യനുതന്നെ നാലുദിവസം വേണ്ടിവന്നെങ്കില്‍ സുന്ദരിയുടെ അവസ്ഥയെന്തായിരിക്കും. ലോകം മുഴുവനുമുള്ള ശതകോടി സൗന്ദര്യാരാധകരുടെ അവസ്ഥയെന്തായിരിക്കും?

ആണുങ്ങള്‍ക്ക്‌ പൊതുവേ ബുദ്ധിക്കുറവുള്ളതുകൊണ്ട്‌ സൗന്ദര്യമത്സരത്തില്‍ അത്‌ പരിശോധിക്കുവാന്‍ ആരും മുതിരാറില്ല. തയ്യാറാവാന്‍ ധൈര്യപ്പെടാറില്ല എന്നും പറയാം. മിസ്റ്റര്‍ വേള്‍ഡോ യൂണിവേഴ്‌സോ ഒക്കെയാവാന്‍ സിക്‌സ്‌ പായ്‌ക്ക്‌ വയറും സിങ്കിള്‍ പായ്‌ക്ക്‌ ബ്രെയിനും തന്നെ ധാരളം.
ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

4 comments:

NITHYAN said...

ആണുങ്ങളുടെ കണ്ണില്‍പെടുന്നതുവരെയാണ്‌ പെണ്ണിന്റെ സൗന്ദര്യത്തിന്റെ ആയുസ്സ്‌. നിലവിലുള്ള സുന്ദരിയുടെ കഥ കഴിയുന്നതുകൊണ്ടാണല്ലോ അടുത്ത സുന്ദരിയെ നമുക്ക്‌ കിരീടം ചൂടിക്കേണ്ടിവരുന്നത്

സുല്‍ |Sul said...

:)

Joker said...

പണ്ട്‌ ഇതിന്‌ സമാനമായ ഒരു സംഗതി മലബാറില്‍ നടന്നിരുന്നത്‌ ഓര്‍ക്കാട്ടേരിയിലെ കാളച്ചന്തയായിരുന്നു.........

ഇത് അല്പം കടുപ്പമായി പോയില്ലേ ...:))))))

(സൌന്ദര്യ മത്സരത്തിന്റെ ഭാഗമായി കന്യകാത്വ പരിശോധനയും ഉള്‍പ്പെടുത്തിയിരിക്കും)

ശ്രീവല്ലഭന്‍. said...

:-)