April 04, 2008

സി.ഐ.എ. സ്‌പോണ്‍സേര്‍ഡ്‌ പ്രോഗ്രാം ഇന്‍ കേരള

മേയാന്‍ കെട്ടിയ പശു വയറുചീര്‍ത്തുചത്തപ്പോള്‍ തോര്‍ത്തൊന്നു കുടഞ്ഞ്‌ തോളിലിട്ട്‌ അമ്പുവേട്ടന്‍ കണിശന്റെയടുത്തുപോയി. സംഗതിയൊന്നറിയണം. കവടി നിരത്തിയ കണിയാന്‍ രണ്ടുമിനിറ്റുകൊണ്ടു അസ്സുവിന്റെ അള്ള്‌ എന്ന പരമമായ സത്യം കണ്ടുപിടിച്ചു. കണിയാന്‍ എങ്ങിനെയെങ്കിലും അരിവാങ്ങിക്കോട്ടെയെന്നതായിരുന്നു അസ്സൂക്കയുടെ നിലപാട്‌. തന്റെ കരണക്കുറ്റിയുടെ നിജസ്ഥിതിയറിയുവാന്‍ കവടിനിരത്തേണ്ട അവസ്ഥ എന്തായാലുമുണ്ടാവില്ല എന്ന തിരിച്ചറിവ്‌ കണിയാനും വേണ്ടുവോളമുണ്ടായിരുന്നു. അമ്പുവേട്ടന്റെ ബുദ്ധിയുടെ കിടപ്പുവച്ച്‌്‌ കള്ളുകുടിച്ചശേഷം വരുന്നവഴിയില്‍ അള്ളിനെതിരെ നാലുമുദ്രാവാക്യം വിളിക്കും. വേറൊന്നും അമ്പുവേട്ടനെക്കൊണ്ട്‌ പറ്റുകയില്ല.

അന്നുതൊട്ടിന്നോളം നാട്ടിലെവിടെ പശുചത്താലും കാരണം അസ്സുവിന്റെ അള്ളാണ്‌. വിപ്ലവകാരികള്‍ വാഴുമ്പോള്‍ കേരളത്തിലെവിടെ പ്രശ്‌നമുണ്ടായാലും കവടിനിരത്തിയാല്‍ തെളിയുക യു.ഡി.എഫ്‌ സ്‌പോണ്‍സേര്‍ഡ്‌ സി.ഐ.എ വക അള്ളുമാണ്‌.

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയ്‌ക്ക്‌ സി.ഐ.എ അള്ളുവച്ചു എന്നത്‌ നേര്‌. പരമമായ സത്യം. ഏതുപോലീസുകാരനും ഒരബന്ധം പറ്റുമല്ലോ. പറ്റി. വിപ്ലവം മുയലിനെപ്പോലെ അതിന്റെ സന്തതികളെ കൊന്നുതിന്നുകയാണ്‌ പതിവ്‌ എന്ന വസ്‌തുത മനസ്സിലാകാന്‍ സായിപ്പിലെ മന്ദബുദ്ധിക്ക്‌ കാലം കുറച്ചുപിടിച്ചു എന്നതാണ്‌ സത്യം. അതുവരെ വിപ്ലവഗ്രന്ഥങ്ങളില്‍ പറഞ്ഞത്‌ സായിപ്പും വിശ്വസിച്ചു. അമ്പുവേട്ടന്റെ കവടിയിലെ അചഞ്ചലമായ വിശ്വാസം പോലെ.

അടിയന്തിരാവസ്ഥതന്നെയാണ്‌ വിപ്ലവമെന്ന്‌ പണ്ട്‌ പലര്‍ക്കും ബോദ്ധ്യമുണ്ടായിരുന്നതാണ്‌. റഷ്യ ഉപദേശിച്ചത്‌ ഇതുതന്നെയാണ്‌ വിപ്ലവം എന്നായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം രാജനെ ഉരുട്ടിക്കൊല്ലുമ്പോള്‍ അച്ചുതമേനോന്‍ വിപ്ലവകാരി കൊട്ടന്‍ചുക്കാദിതേച്ചു കുളിച്ച്‌ കുറച്ച്‌ നടന്നപ്പോള്‍ ലഭിച്ച സുഖത്തിന്റെ കണക്കാണ്‌ ഡയറിയില്‍ രേഖപ്പെടുത്തിയത്‌. അടിയന്തിരാവസ്ഥ ഇന്ത്യാമഹാരാജ്യത്തിന്‌ രക്ഷപ്പെടാനുള്ള ലാസ്റ്റ്‌ബസ്സാണെന്ന കാര്യത്തില്‍ ഇപ്പോഴത്തെവിപ്ലവപ്രതിഭ അഴീക്കോടിനും സംശയമുണ്ടായിരുന്നില്ല. പിന്നെ അടിയന്തിരം പിന്‍വലിച്ചപ്പോള്‍ എല്ലാവരും കൂടിയൊന്നലറി - അടിയന്തിരാവസ്ഥ അറബിക്കടലില്‍.

കൊട്ടന്‍ചുക്കാദി വാങ്ങാന്‍ ഗതിയില്ലാത്ത നക്‌സലൈറ്റുകള്‍ക്കും ആറെസ്സെസ്സുകാര്‍ക്കും കിട്ടിയതുമിച്ചം. ബാക്കിയുള്ളവര്‍ മന്ത്രിമാരായി അല്ലാത്തവര്‍ രാസാക്കന്‍മാരായി. അടി കോരന്‌ പിന്നെയും പുറത്തുതന്നെ.

ഒടുക്കം നിരാശരായി സായിപ്പന്‍മാര്‍ വൈറ്റ്‌്‌ഹൗസില്‍ കുത്തിയിരുന്ന്‌ രണ്ട്‌ ലാര്‍ജ്‌ ഒഴിക്കുമ്പോള്‍ ഇരുമ്പുമറ ഇടിഞ്ഞുപൊളിഞ്ഞുവീഴുന്ന ഒച്ചയാണ്‌ കേട്ടത്‌. അതിനകത്തെ തൂവിപ്പോയ പാലിന്റേയും തേനിന്റെയും വിവരണം നല്‌കാന്‍ സി.പി.ഐക്കാര്‍ക്കുപിന്നെ കടലാസ്‌ കിട്ടിയില്ലെന്നതാണ്‌ സത്യം. നാലണക്കുള്ള നാനൂറുപേജ്‌ സാഹിത്യത്തിന്റെ കമ്പനി പൂട്ടിപ്പോയി.

അമേരിക്കയുടെ സ്ഥിതിയോ? കോടാനുകോടി ഡോളര്‍ വെറുതേ പോയി. ലോകത്ത്‌ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച രാജ്യങ്ങളും ഭരിക്കാന്‍ കുറെ നിര്‍ഗുണപരബ്രഹ്മങ്ങളും ഉള്ളതുകൊണ്ട്‌ കുഞ്ചന്‍ പാടിയപോലെ മണിപോയാലതുണ്ടാക്കീടാം. അതുകൊണ്ട്‌ ധനനഷ്ടം കാര്യമാക്കേണ്ടതില്ല. സ്വന്തം നിഴലിനോടാണ്‌ യുദ്ധം ചെയ്‌തതെന്ന്‌ മാലോകരറിഞ്ഞതിലുള്ള മാനഹാനിയാണ്‌ ഭയങ്കരം.

അപ്പോഴാണ്‌ ബുദ്ധിയുദിച്ചത്‌. പണ്ടത്തെ ബുദ്ധസന്ന്യാസിയുടെ ബുദ്ധി. സന്ന്യാസി വിശന്നുവലഞ്ഞ്‌ ഭിക്ഷതെണ്ടുമ്പോഴാണ്‌ ഒരു കുരുത്തംകെട്ട ചെക്കന്റെ കല്ല്‌ തലയില്‍ വീഴുന്നത്‌. ആരോഗ്യം കൊണ്ട്‌ അവനെ നേരിടാനുള്ള വകുപ്പില്ല. പിന്നെയുള്ളത്‌ തലയിലിരിപ്പാണ്‌. പാത്രത്തിലുള്ള നാലണ മൂപ്പര്‍ അവനുകൊടുത്തു. ഒരേറിന്‌ പിച്ചക്കാരന്റെ നാലണ കിട്ടിയെങ്കില്‍ പിന്നെ പണക്കാരനെ പാസാക്കി ഭാവി സുരക്ഷിതമാക്കാന്‍ ചെക്കനും തീരുമാലിച്ചു. താമസിയാതെ കണ്ടു. ഏറും പാസാക്കി. ഒരൊറ്റ ഏറോടുകൂടി തന്നെ ചെക്കന്റെ രോഗവും മാറി. നമുക്ക്‌ അടക്കുവാന്‍ പറ്റുകയില്ലെങ്കില്‍ പിന്നെ ചിലവില്ലാത്ത നല്ല പണി പ്രോത്സാഹിപ്പിക്കുകയാണ്‌. വേറെയാരെങ്കിലും അടക്കിക്കൊള്ളും. അല്ലെങ്കില്‍ മോഹിനിയെക്കണ്ട ഭസ്‌മാസുരനെപ്പോലെ സ്വയം അസ്‌തുവാകും. അതിനാണ്‌ കൂടുതല്‍ സാദ്ധ്യതയും.

ക്യൂബയില്‍ ദൈവം സഹായിച്ച്‌ പ്രതിപക്ഷം എന്നൊരു സംഗതിതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുള്ള ബുദ്ധിമുട്ടും ചില്ലറയല്ല. കേരളത്തിലാണെങ്കില്‍ കാസ്‌ട്രോവിന്‌ സര്‍വ്വരോഗകാരണം യു.ഡി.എഫ്‌ എന്നു ജപിച്ചുകുത്തിയിരിക്കാമായിരുന്നു. അവിടെ കരിമ്പുചെടിക്ക്‌ തളര്‍വാതം പിടിച്ചാലും സി.ഐ.എ എന്നലറിവിളിക്കണം. പൊകേലത്തണ്ടില്‍ പുഴുവരിച്ചാല്‍ സി.ഐ.എ മണക്കണം.

ഒരരനൂറ്റാണ്ടായി ക്യൂബ അങ്ങനെ ഉപ്പിലിട്ട കണ്ണിമാങ്ങപോലെ നിലകൊള്ളുകയാണ്‌. വിപ്ലവരഹസ്യം ചോര്‍ന്നുപോകുന്നതുകൊണ്ട്‌ കേരളത്തിലെ വിപ്ലവകാരികളുടെ ഇരുകൈകളിലും കാണുന്ന മൊബൈല്‍ ഫോണോ വേറിട്ട ചാനലുകളോ ഒന്നുമില്ല. രാവിലെ തൊട്ട്‌ വിപ്ലവസര്‍ക്കാറിന്റെ സങ്കീര്‍ത്തനം അറിയിക്കുവാനുള്ള ഒരു റേഡിയോ ഉണ്ട്‌.

കരിമ്പുകൃഷി ഹലാക്കായാല്‍ നാലുനേരം അതിലൂടെ കാസ്‌ട്രോ സി.ഐ.എ.യെ പുലഭ്യം പറയും. അപ്രതീക്ഷിതമായി മഴപെയ്‌താല്‍ പൊളിറ്റ്‌ബ്യൂറോ കൂടി സി.ഐ.എയുടെ അതിലുള്ള പങ്കിനെ പറ്റി ചര്‍ച്ചചെയ്യും.

മൊത്തത്തില്‍ ഇപ്പോ രാജ്യം കണലെടുത്ത മടലുപോലെയായിക്കിട്ടി. ബുദ്ധി ചിലപ്പോള്‍ വൈകി ഉദിക്കും എന്നുകേട്ടിട്ടുണ്ട്‌. ഒരിക്കലും ഉദിക്കാത്തതാണോ അതോ അതിബുദ്ധിയാണോ ഇവരുടേത്‌ എന്നതിലാണ്‌ ഇപ്പോഴത്തെ സംശയം. ജനം ദാരിദ്ര്യരേഖക്ക്‌ താഴെ ആണ്ടാണ്ടുപോവുമ്പോള്‍ ലോകത്ത്‌ മൊത്തം നേതാക്കള്‍ സമ്പന്നതയുടെ അനന്തവിഹായസ്സിലേക്ക്‌ പറന്നുയരുകതന്നെയാണ്‌.

കേരളത്തിലും സി.ഐ.എ യെക്കൊണ്ടുള്ള ഉപകാരം ചില്ലറയല്ല. എല്ലാ രോഗത്തിനും കാരണം കോണ്‍ഗ്രസും ലീഗും കേരളാകോണ്‍ഗ്രുകാരുമാണെന്ന്‌ പറഞ്ഞാല്‍ ജനം ചിരിക്കും. അടി ചറപറാ നാലുദിക്കില്‍ നിന്നും വരുന്ന ഒരിടപാടിനും കോണ്‍ഗ്രസുകാരെക്കിട്ടുകയില്ല. അവരുടെ ലീഗാദി ബന്ധുക്കളും മുന്നിലുമുണ്ടാവുകയില്ല. പിന്നിലുമുണ്ടാവുകയില്ല. അത്രക്ക്‌ ധീരന്‍മാരാണവരെന്ന്‌ ശത്രുക്കള്‍കൂടി പറയുകയില്ല. അങ്ങിനെവരുമ്പോള്‍ പിന്നെ നല്ലത്‌ സ്വന്തം നിഴലിനോട്‌ യുദ്ധം ചെയ്യുകയാണ്‌. അതാണ്‌. സി.ഐ.എ. നിഴലിനോടേറ്റുമുട്ടി ഇന്നോളം ആരും ചത്തുപോയ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

തിരിഞ്ഞും മറിഞ്ഞും നോക്കേണ്ടതില്ല. അങ്ങെഴുതുകതന്നെ. കേരളത്തിലെ വിപ്ലവപ്ലവഗങ്ങളെ ശരിപ്പെടുത്താന്‍ സി.ഐ.എ ഡയറക്ടര്‍ തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ്‌. ആദിവാസികളെ വശീകരിക്കുവാനായി കഴിഞ്ഞ ആറുമാസമായി സി.ഐ.എക്കാര്‍ വനാന്തരങ്ങളിലിരുന്ന്‌ ആദിവാസി ഭാഷ പഠിച്ചവിവരവും ഇതിനകം പുറത്തുവന്നിട്ടുണ്ട്‌.
ഇവിടെ പ്രതിവിപ്ലവം നടത്തി വിപ്ലവസര്‍ക്കാരിനെ താഴെയിറക്കാന്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‌കുന്ന ആദിവാസികള്‍ക്ക്‌ ബ്രസീലിലെ കാടുകള്‍ പതിച്ചുകൊടുക്കുന്നതാണ്‌ എന്നൊരു വാഗ്‌ദാനവും സി.ഐ.എ നല്‌കിയിട്ടുണ്ട്‌.........

അണിഞ്ഞൊരുങ്ങി വരുന്നവളെ കാണാനുള്ളതിലും കൂടുതല്‍ ആളുകള്‍ കൂടുക ഉടുതുണിയില്ലാത്തവളെകാണുവാനാണ്‌. അതിനുള്ള പ്രവര്‍ത്തനമാണ്‌ ആണുങ്ങള്‍ നടത്തുക. അമേരിക്കയും. വെളുത്തതെമ്മാടികള്‍ റെഡ്‌ഇന്ത്യന്‍ സംസ്‌കാരത്തെ ഉഴുതുമറിച്ചപ്പോള്‍ ജനിച്ച തന്തയില്ലാ മോണ്‍സ്‌റ്ററാണ്‌ യു,എസ്‌. ഒരു ബലാല്‍സംഗക്കേസിലെ പ്രതി പണ്ട്‌ ജഡ്‌ജിയോടുപറഞ്ഞത്‌ ബലാല്‍സംഗം ചെയ്യാതിരിക്കണമെങ്കില്‍ ഞാനല്ലാണ്ടിരിക്കണമെന്നും മരണംവരെ ദയവായി തന്നെ ജയിലടക്കണമെന്നുമായിരുന്നു. അയാളെപ്പോലെയാണ്‌ അമേരിക്കയും. പഠിച്ചത്‌ പാടിക്കൊണ്ടേയിരിക്കും. ആ പുള്ളുവന്‍ പാട്ടിന്‌ ഉടുക്കുകൊട്ടലാണ്‌ വിപ്ലവകാരികളുടെ ഇപ്പോഴത്തെ പണി.

വിഭവഭൂപടം ഉണ്ടാക്കി സായിപ്പിന്റെ കാല്‌ക്കല്‍ വച്ചുകൊടുത്തത്‌ വിവരംകെട്ട കോണ്‍ഗ്രസുകാരനല്ലല്ലോ? പിരിക്കാനുള്ള നികുതി പിരിക്കാതെ മുച്ചൂടും മുടിച്ച്‌ ഒടുക്കം സായിപ്പ്‌ അടയാളം വച്ചിടത്തെല്ലാം തുല്യം ചാര്‍ത്തി എ.ഡി.ബി വായ്‌പ തരപ്പെടുത്തിയതും വിപ്ലവകാരികള്‍ തന്നെയാണ്‌. അങ്ങിനെയുള്ള പരോപകാരികളെ മറിച്ചിട്ട്‌ പേരുദോഷം വരുത്തലല്ല ബുദ്ധി എന്നറിയാത്തവരല്ല സി.ഐ.എ. വെടിവെച്ചിടാന്‍ ഇവരാരും ചെഗുവേരമാരുമല്ല. കാല്‌പണം കണ്ടാല്‍ കമിഴ്‌ന്നുവീഴുന്നവരെക്കൊണ്‌ എട്ടണക്ക്‌ ചുമടെടുപ്പിക്കലാണ്‌ ബുദ്ധി. സി.ഐ.എ. ചെയ്യുന്നതും അതുതന്നെയാണ്‌.

ഇപ്പോ കുട്ടനാട്ടിലെ കൃഷിനോക്കുക. കൃഷിക്കാരനെ ഭുമിയും കൃഷിയും ഇട്ടേച്ച്‌ ഓടിക്കാനുള്ള കോര്‍പ്പറേറ്റ്‌ തന്ത്രത്തിന്‌ ചൂട്ടുപിടിക്കുകയാണ്‌ വിപ്ലവകാരികള്‍ എന്നാരെങ്കിലും പറഞ്ഞാല്‍ അതെങ്ങിനെയാണ്‌ അവിശ്വസിക്കുക. കര്‍ഷകന്‌ സ്വന്തം പാടത്തില്‍ വിളഞ്ഞത്‌ കൊയ്യാന്‍ പാര്‍ട്ടിയാഫീസിന്റെ അനുമതി വേണമെന്നുവന്നാല്‍ പിന്നെ നല്ലത്‌ ഇട്ടേച്ചുപോവുകയാണ്‌ എന്ന്‌ തോന്നുന്നത്‌ സ്വാഭാവികം. അതുതന്നെയാണ്‌ റിലയന്‍സ്‌പോലുള്ള കാര്‍ഷികരംഗം കൂടി വിഴുങ്ങാന്‍ വരുന്ന വ്യവസായികഭീകരന്‍മാരുടെ ആവശ്യവും.

സ്വര്‍ണക്കതിരുകള്‍ വിളയിക്കുന്ന അത്രയും വിശാലമായ പാടശേഖരങ്ങള്‍ വെടക്കാക്കി തനിക്കാക്കുകയാണ്‌ ലക്ഷ്യം. റിലയന്‍സ്‌-സ്‌പെന്‍സര്‍ മാളുകള്‍ പൂട്ടിക്കുമെന്നുപറഞ്ഞവര്‍ ഇപ്പോ തുറപ്പിക്കേണ്ട തിരക്കിലാണ്‌. സി.ഐ.എ. സഹായം ചിലപ്പോള്‍ ഇതിനുണ്ടാവണം. കേരളത്തെ കാര്‍ഷികരംഗത്തെ ബഹുരാഷ്ട്രഭീമന്‍മാരുടെ കൈകളിലൊതുക്കാന്‍. അതിനുള്ള വിടുപണി ചെയ്യലാവാതിരിക്കട്ടെ വിപ്ലവകാരികളുടെ കേരളത്തിലെ ദൗത്യം.

3 comments:

നിത്യന്‍ said...

മേയാന്‍ കെട്ടിയ പശു വയറുചീര്‍ത്തുചത്തപ്പോള്‍ തോര്‍ത്തൊന്നു കുടഞ്ഞ്‌ തോളിലിട്ട്‌ അമ്പുവേട്ടന്‍ കണിശന്റെയടുത്തുപോയി. സംഗതിയൊന്നറിയണം. കവടി നിരത്തിയ കണിയാന്‍ രണ്ടുമിനിറ്റുകൊണ്ടു അസ്സുവിന്റെ അള്ള്‌ എന്ന പരമമായ സത്യം കണ്ടുപിടിച്ചു. കണിയാന്‍ എങ്ങിനെയെങ്കിലും അരിവാങ്ങിക്കോട്ടെയെന്നതായിരുന്നു അസ്സൂക്കയുടെ നിലപാട്‌. തന്റെ കരണക്കുറ്റിയുടെ നിജസ്ഥിതിയറിയുവാന്‍ കവടിനിരത്തേണ്ട അവസ്ഥ എന്തായാലുമുണ്ടാവില്ല എന്ന തിരിച്ചറിവ്‌ കണിയാനും വേണ്ടുവോളമുണ്ടായിരുന്നു. അമ്പുവേട്ടന്റെ ബുദ്ധിയുടെ കിടപ്പുവച്ച്‌്‌ കള്ളുകുടിച്ചശേഷം വരുന്നവഴിയില്‍ അള്ളിനെതിരെ നാലുമുദ്രാവാക്യം വിളിക്കും.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ബഹു രാഷട്ര കമ്പിനിക്കള്‍ക്ക് തീറെഴുതി കൊടുക്കട്ടെ കേരളം

പാമരന്‍ said...

ഉഗ്രനെഴുത്ത്‌ മാഷേ...!

കാംബിനോട്‌ വിയോജിപ്പുകളുണ്ട്‌..