March 13, 2008

തലശ്ശേരിയിലെ ഗോവും ശ്വാവും ഗോവിന്ദനും

മനുഷ്യന്‌ പണ്ടേ രക്ഷയില്ല. പേപ്പട്ടി മനുഷ്യനെ കടിക്കുന്നത്‌ സ്വാഭാവികം. പേമനിതന്‍ കെട്ടിയിട്ട പട്ടിയെ കുത്തിക്കൊന്നതാണ്‌ തലശ്ശേരിയെ ശ്രദ്ധേയമാക്കുന്നത്‌. വിപ്ലവവാള്‍ വീണ്‌ വീരസ്വര്‍ഗം പൂകിയ പശുക്കുട്ടിക്കും സംഘപരിവാരം രക്തസാക്ഷിയാക്കിയ പട്ടിക്കും ഒരോസ്‌തൂപം നടുറോഡില്‍ നാട്ടുകാര്‍ പിരിവെടുത്തെങ്കിലും പണിയേണ്ടതാണ്‌.

എത്രയോ കൊലക്കേസുകളിലെ പ്രതികളായ സംഘപരിവാര്‍ / മാര്‍ക്‌സിസ്റ്റ്‌ കാപാലികരാണ്‌ ചത്ത പശുവും പട്ടിയും എന്ന്‌ നേതാക്കള്‍ താമസിയാതെ പ്രഖ്യാപിക്കും. ഇത്രയും കാലത്തെ വിശദീകരണവൈഭവം വച്ച്‌ വേറൊന്നും പറയാന്‍ സാദ്ധ്യതയില്ല. മനുഷ്യനിലെ വിഷത്തിനുമുന്നില്‍ രാജവെമ്പാലയുടെ വിഷം ഒന്നുമല്ലെന്ന്‌ പണ്ട്‌ കണ്ണൂരില്‍ തെളിഞ്ഞതാണ്‌. ഇനി ശാസ്‌ത്രം അത്‌ അംഗീകരിക്കുകയേ വേണ്ടതുള്ളൂ. ഇനിയങ്ങോട്ട്‌ നാല്‌ക്കാലികള്‍ക്കും രക്ഷയില്ലാത്ത അവസ്ഥയിലേക്ക്‌ നാടുനീങ്ങുകയാണ്‌.

തികഞ്ഞ ജനാധിപത്യമര്യാദ പ്രകാരം കഴിഞ്ഞ ദിവസം ഒരു തീരുമാനമുണ്ടായി. ഇനി യാതൊരുവിധ അക്രമവും ഉണ്ടാവുകയില്ലെന്ന്‌ സീപീയം സംഘപരിവാര നേതൃത്വങ്ങള്‍ അഭ്യന്തരമന്ത്രിയദ്ദേഹത്തെ നേരില്‍കണ്ട്‌ ഉണര്‍ത്തിച്ചു. ഇനിയങ്ങോട്ട്‌ സമാധാനം.

അപ്പോള്‍ ഒരു ചോദ്യം ബാക്കിയാവുന്നു. ഒരു പ്രദേശത്തെ സമാധാനത്തിന്‌ വിലങ്ങുതടിയായിരുന്നത്‌ ഇപ്പോ പിടഞ്ഞുവീണ അഞ്ച്‌ വന്‍കിടകുത്തകജന്മി-ബൂര്‍ഷ്വാവര്‍ഗീയഫാസിസ്റ്റുകളും രണ്ട്‌ മാര്‍ക്‌സിസ്റ്റ്‌ കാപാലികരുമായിരുന്നോ? രണ്ടുനാലുദിനം കൊണ്ടേഴിനെ കുരുതികൊടുത്ത ഈ വിപ്ലവ-സംഘപരിവാര വിഡ്ഡികളെക്കാള്‍ എത്രയോ പുരോഗമനവാദിയായിരിക്കണം തമിഴകത്ത്‌ നിധികിട്ടാന്‍ വേണ്ടി മനുഷ്യക്കുരുതി നടത്തിയ നരാധമന്‍ മന്ത്രവാദി.

തലക്ക്‌ സ്ഥിരതയുള്ള ആളുകള്‍ അമരത്തിരിക്കുന്ന ഏതു നാട്ടിലാണെങ്കിലും സംഭവിക്കുക വേറൊന്നാണ്‌. ഇനി കൊല ഉണ്ടാവുകയില്ല എന്നുപറഞ്ഞതുതന്നെ ഇത്രയും നാള്‍ കൊന്നതിനുള്ള മതിയായ തെളിവാണ്‌. ഏഴെണ്ണത്തിനെ കശാപ്പുചെയ്‌തതിന്റെ ക്രെഡിറ്റും തല്‌ക്കാലം കാലപുരിക്കയക്കാതെ നൂറുകണക്കിനാളുകളെ ആശുപത്രിയിലേക്കും പിന്നെ നിത്യദുരിതത്തിലേക്കും തള്ളിവിട്ടതിന്റെ ക്രെഡിറ്റും പരിഗണിച്ച്‌ ഈ വെട്ടുക്കിളികളെ ഒന്നടങ്കം കൂട്ടിലടക്കുകയായിരുന്നു വേണ്ടത്‌. അതുണ്ടായില്ല.

അഭ്യന്തരമന്ത്രിയദ്ദേഹത്തോട്‌ ഇനി അക്രമമുണ്ടാവില്ലെന്നും പറഞ്ഞ്‌ അക്കൂട്ടര്‍ കൂളായി ഇറങ്ങിയങ്ങുപോയി. പോരാത്തതിനൊരു പത്രസമ്മേളനവും വിളിച്ചു. ഇതിനാണ്‌ ജനാധിപത്യത്തിന്റെ അനന്തസാ്‌ദ്ധ്യതകള്‍ എന്നൊക്കെ പറയുക. ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ്‌ രാഷ്ട്രീയം എന്നാരോപറഞ്ഞത്‌ കേരളത്തില്‍ സത്യമായി വരുന്നത്‌ വേദനയോടെ കാണുക.

എല്ലാറ്റിനും നേതൃത്വം കൊടുത്ത വെട്ടുകിളികള്‍ സര്‍ക്കാരിന്റെ അതിഥികളായി. പോരാത്തതിന്‌ വെട്ടിനുറുക്കപ്പെട്ടവന്റെ ചിലവില്‍ കിട്ടിയ അണ്ടിപ്പരിപ്പും കൊറിച്ച്‌ കോലം മാറി വെളുക്കെ ചിരിച്ച്‌ മാലാഖമാരായി വാഴ്‌ത്തപ്പെട്ടവരായി. വീഴ്‌ത്തപ്പെട്ടവന്റെ കുടുംബത്തിലെ കൂട്ടക്കരച്ചില്‍ നിലയ്‌ക്കും മുമ്പേ.

കേരളത്തിലെ ഭൂരിപക്ഷമാളുകളുടെയും പിന്തുണയുള്ള പാര്‍ട്ടിയാണെന്ന്‌ സീപീയം തന്നെ പറയുന്നുണ്ട്‌. കാണുന്നതെല്ലാം ഞമ്മന്റെയാന്നു പറഞ്ഞ എട്ടുകാലിവാദമാവാം. അല്ലെങ്കില്‍ കൊലയെവിടെ നടന്നാലും ഒരുഭാഗത്ത്‌ അവരുണ്ടെന്നതാവണം മാനദണ്ഡം. രണ്ടായാലും സംഗതി ശാസ്‌ത്രീയമാണ്‌. ദേവഗണമാണ്‌. കൈലാസത്തിലെ ഭൂതഗണങ്ങള്‍ വരെ കണ്ടിരിക്കാനിടയില്ലാത്ത പ്രാകൃതമായ സകല ആയുധങ്ങളും അതു കൈകാര്യം ചെയ്യാനുള്ള ഭുതഗണങ്ങളുമുള്ള പാര്‍ട്ടി. മറുഭാഗത്ത്‌ സംഘപരിവാരം എന്‍ഡീയെഫ്‌ തുടങ്ങിയ അസുരഗണം. രണ്ടുഗണത്തിലും പെടാതെ നപുംസഗഗണത്തിലാണ്‌ കോണ്‍ഗ്രസ്‌ ലീഗാദികള്‍.

തലശ്ശേരി പ്രദേശത്ത്‌്‌ കൊല ആദ്യം ആരു തുടങ്ങിയെന്നു ചോദിച്ചാല്‍ കൊടിനിറഭേദമന്യേ ദുശ്ശാസനന്‍മാര്‍ ഉള്ളിതോലുപൊളിച്ചു വിത്തെടുക്കാന്‍ ശ്രമിക്കുകയാണ്‌ പതിവ്‌. നിത്യന്റെ പരിമിതമായ അറിവില്‍ തലശ്ശേരി പ്രദേശത്തെ ആദ്യ രാഷ്ട്രീയ കൊലപാതകം സഖാവ്‌ കൃഷ്‌ണപിള്ളയോളം തന്നെ വരുമായിരുന്ന സഖാവ്‌ മൊയാരത്തിന്റേതാണ്‌. കോണ്‍ഗ്രസുകാര്‍ തോര്‍ത്തില്‍ കരിങ്കല്ലു കെട്ടി ഗാന്ധിമാര്‍ഗത്തില്‍ സഞ്ചരിച്ചപ്പോള്‍ മൊയാരത്ത്‌ ശങ്കരന്റെ വാരിയെല്ലുകള്‍ക്ക്‌ വഴിമാറിക്കൊടുക്കാനേ കഴിഞ്ഞുള്ളൂ. അടിച്ചടിച്ച്‌ ഒരൊറ്റയെല്ലും നിലവിലില്ലെന്ന്‌ ബോദ്ധ്യമായപ്പോള്‍ എടുത്ത്‌ പോലീസുകാര്‍ക്ക്‌ കൊടുത്തു. അവശേഷിച്ചിരുന്ന ശ്വാസത്തിനൊരറുതി പോലീസുകാരും വരുത്തി. ദൈവം സഹായിച്ച്‌ ഒരൊറ്റയെല്ലും ബാക്കിയുണ്ടായിരുന്നില്ലെന്നായിരുന്നു പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌.

ഇത്രയുമെഴുതിയത്‌ ഒരു കാര്യം വ്യക്തമാക്കാനാണ്‌. കേരളത്തിലെ എല്ലാ പുഴകളും പശ്ചിമഘട്ടത്തില്‍ നിന്നെന്നപോലെ എല്ലാ പ്രസ്ഥാനങ്ങളുടെയും ആരംഭം കോണ്‍ഗ്രസില്‍ നിന്നാണ്‌. മഹാത്മാഗാന്ധി വിചാരിച്ചിട്ട്‌ നന്നാക്കാന്‍ പറ്റാത്ത ചരക്കാണ്‌. ആ കാളകൂടത്തിലെ ഒരു കോപ്പവിഷം പൈതൃകമായി കിട്ടാത്ത ഒരു പാര്‍ട്ടിയും ഇവിടെയില്ല.

ഇനിയാണ്‌ നെഹറു പറഞ്ഞതുപോലെ എ ട്രിസ്‌റ്റ്‌ വിത്ത്‌ ഡെസ്‌റ്റിനി. ആശക്കുവകയുള്ളതാണ്‌. സീപിയെമ്മും സംഘപരിവാരവും അഖിലേന്ത്യാതലത്തില്‍ പടര്‍ന്നങ്ങനെ കിടക്കുന്ന മഹാപ്രസ്ഥാനങ്ങളാണ്‌. രാജ്യത്തിന്റെ ഭൂതം അവരുടെ കൊഴിഞ്ഞ ഇലകളിലും ഭാവി അവരുടെ ദ്രവിച്ച തായ്‌ വേരിലുമാണെന്നാണ്‌ ധാരണ. ഉത്തരത്തിലെ പല്ലിയുടെ അതേ വിശ്വാസം. ഞാന്‍ പിടിച്ചതുകൊണ്ടാണ്‌ മച്ച്‌ ഇടിഞ്ഞുവീഴാത്തതെന്ന ഉത്തമവിശ്വസം. അഖിലേന്ത്യാ പ്രസ്ഥാനങ്ങളാവുമ്പോള്‍ കാര്യങ്ങളെ അങ്ങിനെതന്നെവേണം നോക്കിക്കാണാന്‍. കന്യാകുമാരിയിലൂടെ നടന്നുപോവുന്ന ഒരുത്തനെ വെട്ടി ബലിദാനിയാക്കിയാല്‍ ഉടനെ കഴിവതും ജമ്മുകശ്‌മീരിലൂടെ നടക്കുന്ന മറ്റൊരുത്തനെ വെട്ടി രക്‌്‌തസാക്ഷിയാക്കി രൂപാന്തരം വരുത്തിക്കൊടുക്കണം. അപ്പോഴാണ്‌ ഒരു ശരിയായ ദേശീയബോധവും കൈവരുക. കഴിവതും ഓരോ ചാന്‍സ്‌ എല്ലാ സംസ്ഥാനക്കാര്‍ക്കും കൊടുക്കണം.

എല്ലാ സൗഭാഗ്യങ്ങളും തലശ്ശേരിക്കാര്‍ തന്നെ ഒറ്റയ്‌ക്കങ്ങനുഭവിച്ചു എന്നൊരു ദുഷ്‌പേരുമില്ല. അങ്ങിനെ അനുഭവിക്കുന്നത്‌ മഹാസ്വാര്‍ത്ഥതയായിപ്പോവുകയും ചെയ്യും. മാത്രമല്ല അത്‌ വെറും ഇടുങ്ങിയ പ്രാദേശികബോധമാവുകയും ചെയ്യും. പറ്റുമെങ്കില്‍ സാര്‍വ്വദേശീയതതന്നെയാണ്‌ ഇക്കാര്യത്തില്‍ വേണ്ടത്‌. നിസ്വാര്‍ത്ഥതയില്‍ നിന്നാണ്‌ ഇതെല്ലാം സംഭവിക്കുന്നതെന്നാണല്ലോ മനശ്ശാസ്‌ത്രവിശാരദന്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്‌.

ഇപ്പോ വലിയ പേരുകേട്ട തര്‍ക്കശാസ്‌ത്രവിശാരദന്‍മാര്‍ പലേ സഭകളിലും തര്‍ക്കിച്ച്‌ കണ്ടെത്തേണ്ട ഒരുത്തരമുണ്ട്‌. അഞ്ചെണ്ണത്തിന്‌ ഏറുകിട്ടിയതാണോ എഴെണ്ണത്തിനെ ബിസ്‌മികൂട്ടിയതാണോ മെച്ചപ്പെട്ട സംഗതി?

പാര്‍ട്ടിയാപ്പീസു പൊളിച്ചത്‌ ഇന്ത്യാമഹാരാജ്യത്തെ ആദ്യത്തെ സംഗതിയൊന്നുമല്ല. കണ്ണൂര്‍ ജില്ലയില്‍ മാത്രം പൊളിഞ്ഞുവീണ സീപീയെം സംഘപരിവാരം കോണ്‍ഗസ്‌ ലീഗ്‌ ഓഫീസുകളുടെ എണ്ണം പിടിക്കാന്‍ ദില്ലിയില്‍ നിന്നും ഒരുത്തനെ ഇങ്ങോട്ടയച്ചാല്‍ മതി. പത്തുവരെ മാത്രം എണ്ണാനറിയുന്ന കോണ്‍ഗ്രസുകാരനാവരുത്‌. 16 വരെ ഗുണകോഷ്‌ഠം താഴോട്ടും മേലോട്ടും ശ്വാസം വിടാതെ ചൊല്ലാനറിയുന്ന ഗണിതശാസ്‌ത്രവിശാരദനാവണം.

പണ്ടേതോ തീവ്രവാദികള്‍ മദിരാശിയിലെ ആറെസ്സെസ്സ്‌ ആസ്ഥാനം ആക്രമിച്ച്‌ കുറെ കാക്കിട്രൗസറുകാരെ ഉന്മൂലനം ചെയ്‌തത്‌ ചരിത്രാതീത കാലത്തൊന്നുമല്ലല്ലോ. ഇവിടെ ഏതായാലും അത്രയൊന്നും സംഭവിച്ചിട്ടില്ല. അപ്പോഴാണിനി വാരിക്കുന്തം കൊണ്ട്‌ ഇന്ത്യന്‍ വിപ്ലവം നടത്തേണ്ട വിപ്ലവകാരികള്‍ നാലുനാറികളുടെ രണ്ടേറില്‍ ചൂളിപ്പോവുന്നത്‌.

ഇനി സകല മാധ്യമങ്ങളുടെയും വകയായുള്ള ഒരു വലിയ കളവ്‌. `തലശ്ശേരിയില്‍ രാഷ്ട്രീയ സംഘട്ടനം. രണ്ടാള്‍ അല്ലെങ്കില്‍ നാലാള്‍ അതുമല്ലെങ്കില്‍ എഴാള്‍ കൊല്ലപ്പെട്ടു`. ഈ പത്രക്കാര്‍ എവിടുന്നാ മലയാളം പഠിച്ചത്‌ എന്നാദ്യമായി അന്വേഷിക്കണം. പഠിപ്പിച്ച വാദ്ധ്യാന്‍മാരുടെ തകരാറല്ലെങ്കില്‍ സകലതിനെയും മുക്കാലിയില്‍ കെട്ടി നാല്‌ക്കാലിയെക്കൊണ്ട്‌ ചവുട്ടിക്കണം.

ഏതോ തന്തക്കുപിറക്കാത്തവന്റെ വാളിന്‌ ഇരയാകുന്നതും പോരാ, അയാളെ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടു എന്നുപറഞ്ഞ്‌ അപമാനിക്കുകയും ചെയ്യുന്നു. അപകീര്‍ത്തിപ്പെടുത്തിയതിന്‌ മാനനഷ്ടത്തിന്‌ കേസുകൊടുക്കേണ്ടതാണ്‌ കുടുംബക്കാര്‍.

സംഘട്ടനം എന്നുപറയുമ്പോള്‍ ചുരുങ്ങിയത്‌ സാമൂതിരിയുടെ മാമാങ്കം പോലെ രണ്ടുചേരികളായി നിന്ന്‌ പരസ്‌പരം വെട്ടിവീഴ്‌ത്തുകയല്ലേ വേണ്ടത്‌. പകലന്തിയോളം പണിയെടുത്തുവന്ന്‌ ഉള്ള കഞ്ഞിവെള്ളവും മോന്തി വെട്ടിയിട്ട വാഴപോലെ വീണുറങ്ങുന്നവനെ കെട്ടിയോളെയും കുട്ടികളെയും ചവുട്ടിമറിച്ചിട്ട്‌ വെട്ടിനുറുക്കുന്നതിന്‌ സംഘട്ടനം എന്ന്‌ ഏത്‌ ശബ്ദതാരവലിയാണ്‌ അര്‍ത്ഥം കൊടുത്തിരിക്കുന്നത്‌.

നേര്‍ക്കുനേരെ വരുന്നതുകണ്ടാല്‍ പണ്ട്‌ കുഞ്ചന്‍ വിവരിച്ച നായരെക്കാല്‍ കഷ്ടമാണ്‌ ഇരുവിഭാഗം നാറികളുടെയും കാര്യം. കിട്ടിയ വഴിയില്‍ ഓടുന്ന ഓട്ടത്തില്‍ കൊളംബസ്‌ കാണാതെപോയ ദ്വീപുവരെ കണ്ടുപിടിച്ചെന്നുവരും. അത്രക്ക്‌ ധീരന്‍മാരാണ്‌.

നമുക്കില്ലാത്ത സംഗതിയാണല്ലോ നമ്മളാരാധിക്കുക. കണ്ടാല്‍ ചുടലപ്പൊട്ടനും ഞെട്ടിവീഴുന്ന കോലമായതുകൊണ്ട്‌ നിത്യന്‍ സൗന്ദര്യാരാധകനായി. വാഴക്കൈ ഒടിയുമ്പോള്‍ പെര്‍മിഷനു കാത്തുനില്‌ക്കാതെ മുത്രംപോവുന്നവരായതുകൊണ്ടാണ്‌ നമ്മള്‍ സുദര്‍ശനം കൈയ്യിലുള്ള ശ്രീകൃഷ്‌ണനെ ആരാധിക്കുന്നത്‌. ലോകം കണ്ട എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയെ കണ്ണൂരുകാര്‍ ആരാധിക്കുന്നതിന്റെ പിന്നിലും ഇതേ മനശ്ശാസ്‌ത്രമാണ്‌.

ആജീവനാന്തം വിപ്ലവകാരിയായ ചെ സി.ഐ.എയോടും യാങ്കികളോടും ഏറ്റുമുട്ടി ബൊളീവിയയില്‍ രക്‌്‌തസാക്ഷിയായി. അതേതായാലും പറ്റാത്തതുകൊണ്ട്‌ രണ്ടു പുട്ട്‌ ഒന്നിച്ച്‌ തിന്നാന്‍ വകയില്ലാത്തവന്‍ പുറത്തിറങ്ങുന്നതും നോക്കിയിരുന്ന്‌ അല്ലെങ്കില്‍ ഉറങ്ങുന്ന ശുഭമുഹൂര്‍ത്തം നോക്കി ഒരു പത്തിരുപത്തഞ്ചാളുകള്‍ ചുറ്റിലും നിന്ന്‌ വെട്ടിക്കൊല്ലുകയാണ്‌ നമ്മള്‍ പഠിച്ച വിപ്ലവം.

ചെ ആയുധമെടുത്തത്‌ അന്നന്നത്തെ അന്നത്തിനായി പെടാപാടുപെടുന്ന ദരിദ്രവാസിയെ ഉറക്കപ്പായില്‍ നിന്നും വെട്ടിയരിയാനായിരുന്നില്ല. ചെ യെ ലോകം ഓര്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ്‌. വിപ്ലവകാരികള്‍ ചെഗുവേരയെയും സംഘപരിവാരങ്ങള്‍ ശ്രീകൃഷ്‌ണനെയും ആരാധിക്കുമ്പോള്‍ കണ്ണൂരിലെ കുചേലന്‍മാരുടെ കാര്യം കട്ടപ്പുക.

രാഷ്ട്രീയകുടിപ്പകക്കിരയായി ഇന്നോളം കണ്ണൂരിന്റെ മണ്ണില്‍ പിടഞ്ഞുവീണ നാഗങ്ങള്‍ക്ക്‌, ഉരഗങ്ങള്‍ക്ക്‌, നാല്‌ക്കാലികള്‍ക്ക്‌, ഇരുകാലികള്‍ക്ക്‌, ഹൃദയം പൊട്ടി മരിച്ച എത്രയോ മാതാപിതാക്കള്‍ക്കുമായി, വഴിയാധാരമാക്കപ്പെട്ട എത്രയോ സഹോദരിമാര്‍ക്കായി, അനാഥത്വത്തിലേക്കെടുത്തെറിയപ്പെട്ട നിരവധി ബാല്യങ്ങള്‍ക്കായി ഒരുപിടി കണ്ണീര്‍പൂക്കള്‍.

15 comments:

നിത്യന്‍ said...

മനുഷ്യന്‌ പണ്ടേ രക്ഷയില്ല. പേപ്പട്ടി മനുഷ്യനെ കടിക്കുന്നത്‌ സ്വാഭാവികം. പേമനിതന്‍ കെട്ടിയിട്ട പട്ടിയെ കുത്തിക്കൊന്നതാണ്‌ തലശ്ശേരിയെ ശ്രദ്ധേയമാക്കുന്നത്‌. വിപ്ലവവാള്‍ വീണ്‌ വീരസ്വര്‍ഗം പൂകിയ പശുക്കുട്ടിക്കും സംഘപരിവാരം രക്തസാക്ഷിയാക്കിയ പട്ടിക്കും ഒരോസ്‌തൂപം നടുറോഡില്‍ നാട്ടുകാര്‍ പിരിവെടുത്തെങ്കിലും പണിയേണ്ടതാണ്‌.

കാഴ്‌ചക്കാരന്‍ said...

നിങ്ങളുടെ രോഷം ഇങ്ങിനെ തിളച്ചു മറിയട്ടെ. ഇതാരുടേയെങ്കിലും ചെവിയിലെത്തുമോ ആവോ. എങ്കില്‍ എത്ര നന്നായിരുന്നു.

കടവന്‍ said...

രണ്ടു പുട്ട്‌ ഒന്നിച്ച്‌ തിന്നാന്‍ വകയില്ലാത്തവന്‍ പുറത്തിറങ്ങുന്നതും നോക്കിയിരുന്ന്‌ അല്ലെങ്കില്‍ ഉറങ്ങുന്ന ശുഭമുഹൂര്‍ത്തം നോക്കി ഒരു പത്തിരുപത്തഞ്ചാളുകള്‍ ചുറ്റിലും നിന്ന്‌ വെട്ടിക്കൊല്ലുകയാണ്‌ നമ്മള്‍ പഠിച്ച വിപ്ലവം.WELL DONE

കിനാവ് said...

വളരെ നന്നായി എഴുതിയിരിക്കുന്നു നിത്യന്‍.
ബ്ലോഗില്‍ തന്നെ ചിലര്‍ പരസ്പരം നിന്ന് ചത്തവന്റെ എണ്ണമെടുത്ത്, വീമ്പ് പറഞ്ഞ് തീവ്രവാദ പ്രവര്‍ത്തനത്തിനായി ബ്ലോഗിനെ തന്നെ ഉപയോഗിക്കുന്നത് കാണുകയുണ്ടായി. എന്നാല്‍ ഇത്ര നിഷ്പക്ഷവും സത്യസന്ധവുമായ ഒരു ലേഖനം ഈ വിഷയത്തെ കുറിച്ച് കാണുന്നത് ആദ്യമായാണ്.


വിക്കിപീഡിയയെപ്പോലും ചിലര്‍ കലാപരാഷ്ട്രീയത്തിന്റെ പരസ്യ്യപലകയാക്കി ഉപയോഗിച്ചിരിക്കുന്നത് ഇവിടെ കാണാം.

സി. കെ. ബാബു said...

നന്നായി എഴുതിയിരിക്കുന്നു. പേപ്പട്ടികളെ ഉടനടി ഭേദമാക്കാന്‍ ആവില്ലെങ്കിലും ഇങ്ങനെ ചിന്തിക്കാനും അതു് തുറന്നു് പറയാനും ധൈര്യപ്പെടുന്നതു് ബോധമറ്റു് ഉറങ്ങുന്ന സമൂഹമനസാക്ഷിയെ കുത്തിനോവിക്കാന്‍ നല്ലതാണു്. താമസിച്ചാണെങ്കിലും ഒരു ഉണര്‍ത്തല്‍ അങ്ങനെയേ സാദ്ധ്യമാവൂ.

മാരാര്‍ said...

താഴെ ഒരു ഒപ്പ്....

അഷ്ടിക്കു വകയില്ലാത്ത പാവങ്ങളാണ് മരിച്ചവരെല്ലാം. നേതാക്കള്‍ സുരക്ഷിതര്‍...

:-(

റോബി said...

നന്നായി എഴുതിയിരിക്കുന്നു.
കൂടെ കുറച്ച് കണ്ണീരുമായി ഞാനും.

പാമരന്‍ said...

താഴെ എന്‍റെ ഒരു ഒപ്പും കുറച്ചധികം കണ്ണീര്‍പൂക്കളും ഇടുന്നു, നിത്യന്‍.

കൊല്ലാന്‍ നടക്കുന്ന സി.പി.എം. കാരന്-റെയും ബീ.ജെ.പി. കാരന്‍റെയും മക്കള്‍ ഒരുമിച്ചിരുത്തിയാല്‍ ഇപ്പോഴും 'അക്കുത്തിക്കുത്ത്' കളിക്കുമായിരിക്കും അല്ലെ?

Pramod.KM said...

ഓര്‍ക്കുമ്പോള്‍ ഉളുത്തുകയറുന്നു:(

Anonymous said...

Nithyan,

This is inspired writing. One sheds tears when one is in extreme sorrow or in extreme happiness. You might have also noticed the scream in extreme sadness resembles laughter in high spirits.

The ‘maRmam’ of this ‘naRmam’ is thus equivocal. People have made satire out of unfortunate things. But you have re-created the anguish through your satire. That is unique. Much more powerful than a thousand high-spirited condemnation.

Is this in the blood of the people of Thalasserry/Kannur, or is it infused? All those I have met from Thalasserry/Kannur are sober people. (I had even made a statement during a friendly get-together here that as you go north in India and as you go south in Kerala, people are lesser and lesser innocent).

Keep on, Nithyan. We can only bark. The barbarians rule the roost.Narayana Swamy (Goa)

ശ്രീ said...

എല്ലാവരുടേയും കണ്ണീരില്‍ പങ്കു ചേരുന്നു.
:)

വഴി പോക്കന്‍.. said...

ഞാന്‍ ആദ്യമായി ഒരു പോസ്റ്റിനു കീഴെ എന്റെ കയ്യൊപ്പു ചാര്‍ത്തുന്നു.

നന്നായി എഴുതിയിരിക്കുന്നു മാഷെ. പക്ഷെ ഇതൊക്കെ ആരു കേള്‍ക്കാന്‍, ഇതിനിയും ആവര്‍ത്തിക്കും. എത്രനാളെക്കാണീ സമാ‍ധാനം എന്നു മാത്രമെ അറിയാനുള്ളൂ..

Anonymous said...

Mr.Pramod,
It is very clear that your intention is to defame the inevitable rise of the left ideology, hiding behind the blame of violence.RSS in Kannur,Kerala and all over India is the indian representation of Facist- colonial forces. They represent the Aryan facist of the present times.
They try to control the society through religious and superstitious activities.It is a known fact that all those who go to temples are not RSS people. It is also known that festivals in temples in Kerala recently have become more social activities rather than superstitious religious activities because of the left-orientation of people.In this changing situation, the RSS men try to control the temple festivals even now- what you see in thalassery and Kannur recently are the natural protest of ordinary people against the RSS monopoly in temple festival organisation. They are not to be blamed on the world-admired left movement of Kerala.
And it is better to have a self control while propagating lies.

Another Kannurkkaran

Sebin Abraham Jacob said...

നന്നായി എഴുതിയിരിക്കുന്നു.

Webcam said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Webcam, I hope you enjoy. The address is http://webcam-brasil.blogspot.com. A hug.