May 19, 2008

വിദ്യകൊണ്ട്‌ പ്രബുദ്ധരായി

വിദ്യകൊണ്ട്‌ പ്രബുദ്ധരായശേഷം വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുവാന്‍ മലയാളികളെ ഉപദേശിച്ചത്‌ ദാര്‍ശനീകനായ ആ സന്ന്യാസി വര്യനാണ്‌. ശ്രീനാരായണഗുരുദേവന്‍. പറഞ്ഞതപ്പടി ശിഷ്യന്‍മാര്‍ നടപ്പിലാക്കി. 'വിദ്യ' തന്നെ വ്യവസായമാക്കി ഒറ്റയടിക്ക്‌ പ്രബുദ്ധരാവുക മാത്രമല്ല വല്ലാതങ്ങ്‌ അഭിവൃദ്ധിപ്പെട്ട്‌ കാണിച്ചുകൊടുക്കുകയും ചെയ്‌തു. മന്നത്താചാര്യനും അനുയായികളോടു പറഞ്ഞത്‌ ഏതാണ്ടിതുതന്നെയായിരുന്നു. മന്നം ഷുഗര്‍മില്ലും ഒട്ടനവധി സ്‌കൂളുകളും സ്ഥാപിക്കാന്‍ മൂപ്പര്‍ മുന്‍കൈയ്യെടുത്തതും നാടുനന്നാക്കാന്‍ വേണ്ടിത്തന്നെയായിരുന്നു.

രണ്ടുകൂട്ടരുടെയും നേരവകാശികളായി അരങ്ങിലാടിത്തിമര്‍ത്തവര്‍ ലേശം കൂടുതല്‍ പ്രബുദ്ധരായിപ്പോയതാണ്‌ വലിയ കുഴപ്പം. താമസിയാതെ സര്‍വ്വ ജാതി-മത നപൂംസകങ്ങളും എന്നും ലാഭം മാത്രമുണ്ടാക്കി ചരിത്രം സൃഷ്ടിച്ച 'വിദ്യ' തന്നെ വ്യവസായമാക്കി ഹരിശ്രീ കുറിച്ചു. വളര്‍ന്നു. പിന്നെ കൊഴുത്തു.

ആരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. വിദ്യയാണ്‌ കുഴപ്പമുണ്ടാക്കിയത്‌. 'വിദ്യാഭ്യാസം' എന്നൊരര്‍ത്ഥം വിദ്യയ്‌ക്കുണ്ടെങ്കിലും കണ്‍കെട്ടും മായാജാലവുമടക്കം സകലസംഗതികളും 'വിദ്യ' പെറ്റ മക്കളുതന്നെയാണ്‌.

ഗുരു കാണാത്തത്‌ കണ്ടെത്തുമ്പോഴാണ്‌ ശിഷ്യന്‍ ഗുരിക്കളാവുക. ഗുരുവിന്റെ കണ്ണില്‍ പെടാതിരുന്ന 'വിദ്യ' യെടുത്ത്‌ ഗുരുവിന്റെതന്നെ കണ്ണുകുത്തിപ്പൊട്ടിക്കുകയാണ്‌ ഒരു ശിഷ്യന്‌ നല്‌കാന്‍ പറ്റുന്ന ഏറ്റവും മുന്തിയ ഗുരുദക്ഷിണ.

ആരു ഭരിച്ചാലും നമ്മുടേത്‌ നമുക്ക്‌ കിട്ടണം. പണിക്കര്‍ കണ്ടുപിടിച്ച്‌ പകര്‍പ്പവകാശത്തിനു കാശുവാങ്ങാതെ സകല ജാതിമതകോമരങ്ങള്‍ക്കും പകര്‍ന്നുകൊടുത്ത സമദൂരസിദ്ധാന്തം അതിലേക്കുള്ള മാര്‍ഗമാണ്‌. അതായത്‌ ആര്‍ക്കും നമ്മളെതിരല്ല. ഒറ്റ കണ്ടീഷന്‍. നമ്മള്‍ 'വിദ്യ'കൊണ്ട്‌ പ്രബുദ്ധരാവുന്നതിനും വിദ്യ വിറ്റ്‌ അഭിവൃദ്ധിപ്പെടുന്നതിനും സംഘടനകൊണ്ട്‌ അന്ധരാകുന്നതിനും ആരും ഇടങ്കോലിടരുത്‌. ഇത്രേയുള്ളൂ.

ഇപ്പോള്‍ സംഭവിച്ചത്‌ നോക്കുക. സ്വന്തം പേര്‌ നാലിടത്തു നാലുവിധമെഴുതുന്ന എല്ലാവരും എസ്‌.എസ്‌.എല്‍.സി പാസായി. ഇനി ഇവരെക്കൊണ്ട്‌ ആര്‍ക്ക്‌ പ്രയോജനം? സ്വാശ്രയ മുതലാളിമാര്‍ക്ക്‌ ഇഷ്ടം പോലെ കൊള്ളയടിക്കാന്‍ ഇത്ര നല്ലൊരവസരം ലോകചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. അതിന്റെ ക്രഡിറ്റ്‌ അഭിനവമുണ്ടശ്ശേരിക്കുതന്നെയാണ്‌. മടിയില്‍ കനമുള്ള രക്ഷിതാക്കളുടെ മുഴുവന്‍ പിള്ളേരും നാളെ അഭയം പ്രാപിക്കുക സ്വാശ്രയകൊള്ള സംഘം നടത്തുന്ന കലാലയങ്ങളെയായിരിക്കും. യാതൊരു ഗതിയുമില്ലാത്തവരാകട്ടെ പീടികമുകളില്‍ മാടം കെട്ടി പിള്ളാരെപിടിക്കാന്‍ നടക്കുന്ന പാരലല്‍ കോളേജുകളിലേക്കും. ആര്‍ക്കെന്തു ഗുണം?

പാസാവാനുള്ള യോഗ്യത ഉത്തരത്തിന്റെ ആദ്യഭാഗമായ ചോദ്യത്തിന്റെ നമ്പര്‍ എഴുതിവെയ്‌ക്കണം. അതിനും മിനക്കെടാന്‍ പറ്റാതെപോയത്‌ ആ എട്ടുശതമാനത്തിനാണ്‌. ശരിക്കും ആ എട്ടുശതമാനമെന്നു കേട്ടാലപമാനപൂരിതമാകണമന്തരംഗം. അതായത്‌ ബേബി പോയിട്ട്‌ ഗ്രാന്റ്‌ഫാദന്‍ വന്നാലും അക്കൂട്ടര്‍ ഇനി പ്രബുദ്ധരാവാന്‍ സാദ്ധ്യതയില്ല.

പണ്ടൊരു രാജാവ്‌ രാജ്യത്തെ മടിയന്‍മാരെ കണ്ടുപിടിക്കാന്‍ നടത്തിയ ഒരു പരീക്ഷണമാണ്‌ ഓര്‍മ്മവരുന്നത്‌. ചെണ്ടകൊട്ടി നാടൊക്കെ വിളംബരം നടത്തി ; പ്രദേശത്തെ സകലമാന മടിയന്‍മാര്‍ക്കും നാളെമുതല്‍ ശാപ്പാട്‌ കൊട്ടാരത്തില്‍. മടിയന്‍മാരെ മൊത്തം പല്ലക്കിലേറ്റി സൈന്യം മടികൂടാതെ കൊട്ടാരത്തില്‍ എത്തിക്കൂന്നതായിരിക്കും. അങ്ങിനെ മൊത്തം മടിയന്‍മാരും കൊട്ടാരത്തിലെത്തി. വിസ്‌തൃതമായ പന്തലില്‍ ഉപവിഷ്ടരായി. സദ്യവിളമ്പാന്‍ രാജാവ്‌ ഉത്തരവിട്ടു. മുഴുവനായൂം വിളമ്പിത്തീര്‍ന്ന്‌ ഉണ്ണാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തലിനു തീക്കൊടുക്കാന്‍ സൈന്യാധിപനും കൊടുത്തൂ വേറൊരു ഉത്തരവ്‌. തീയ്യാളാന്‍ തൂടങ്ങിയപ്പോഴേക്കും മടിയന്‍മാര്‍ മരണയോട്ടം തുടങ്ങി. തീയ്യാളിപ്പടര്‍ന്നിട്ടും എഴുന്നേറ്റുപോവാതിരുന്ന മൂന്നെണ്ണത്തിനോട്‌ സേനാനായകന്‍ ഓടിരക്ഷപ്പെടാന്‍ അലറി. കിട്ടിയ മറുപടി വേണമെങ്കില്‍ കൊണ്ടുവന്നതുപോലെ പല്ലക്കിലെടുത്ത്‌ കൊണ്ടുപോയിക്കൊള്ളാനായിരുന്നു.

ഓടിരക്ഷപ്പെട്ടവരൊന്നും മടിയന്‍മാരല്ല. ഓടാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ലല്ലോ. അവര്‍ക്കെല്ലാം രാജാവിന്റെ വക 25 ചാട്ടയടി വിധിച്ചു. പുറമേ ചുമന്നുകൊണ്ടുവന്ന വകയില്‍ എക്ട്രാപവര്‍ ഒരഞ്ചടി വീതം സൈന്യം സ്‌പെഷ്യല്‍.

ചത്താലും സ്വയമോടിപ്പോവാന്‍ തയ്യാറല്ലാതിരുന്ന മൂന്നാളുകളേ യഥാര്‍ത്ഥ മടിയന്‍മാരായുള്ളൂ. ദൈവം തമ്പുരാന്‍ വിചാരിച്ചാലും രക്ഷയില്ലാത്ത മൂന്നേമൂന്നാളുകള്‍. അവരെ ആസ്ഥാനമടിയന്‍മാരായി വാഴ്‌ത്തി ആസ്ഥാനപണ്ഡിതന്‍മാരോടൊപ്പമിരുന്നുകൊള്ളാന്‍ രാജാവ്‌ കല്‌പിച്ചു. അവറ്റകള്‍ക്ക്‌ ശിഷ്ടകാലത്തേക്കുള്ള വഹ ഖജനാവില്‍ നിന്നും കൊടുത്തുകൊള്ളുവാനുമായിരുന്നു ഉത്തരവ്‌.

രാജാവ്‌ മന്ത്രിയായവതരിച്ച 'വിദ്യ' അഥവാ മായജാലമാണല്ലോ ജനാധിപത്യം. ബേബിസാറിനും ചെയ്യാവുന്നത്‌ അതുതന്നെയാണ്‌. ഇപ്പോ തോറ്റ 8 ശതമാനത്തിനെയും തേങ്ങയെ എണ്ണക്കുരുവാക്കിയതുപോലെ ആസ്ഥാനമടിയന്‍മാരായി പ്രഖ്യാപിക്കുക. അനന്തരം അവറ്റകളുടെ ശിഷ്ടകാലത്തേക്കുള്ളത്‌, അതായത്‌ ഒരു 100 കൊല്ലം ചുരുങ്ങിയത്‌, തടിക്കും തലയ്‌ക്കും യാതോരു തേയ്‌മാനവും സംഭവിക്കാതെ ആളുകള്‍ ചാവുകയില്ല, ഖജനാവില്‍ നിന്നും വകയിരുത്തുക. അതിനുള്ള വഹയില്ലെങ്കില്‍ ഖജനാവു തന്നെ അങ്ങേല്‌പിച്ചുകൊടുത്തേക്കുക. അവരും വാഴട്ടെ ഇനിയങ്ങോട്ട്‌. ഒരു മന്ത്രിയായി ഭവിക്കാന്‍ എസ്‌.എസ്‌.എല്‍.സി പാസാവണമെന്ന്‌ എവിടെയും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിവരെ ആവാം. ഒരു കുഴപ്പവുമില്ല.

8 comments:

നിത്യന്‍ said...

ഗുരു കാണാത്തത്‌ കണ്ടെത്തുമ്പോഴാണ്‌ ശിഷ്യന്‍ ഗുരിക്കളാവുക. ഗുരുവിന്റെ കണ്ണില്‍ പെടാതിരുന്ന 'വിദ്യ' യെടുത്ത്‌ ഗുരുവിന്റെതന്നെ കണ്ണുകുത്തിപ്പൊട്ടിക്കുകയാണ്‌ ഒരു ശിഷ്യന്‌ നല്‌കാന്‍ പറ്റുന്ന ഏറ്റവും മുന്തിയ ഗുരുദക്ഷിണ.

Anonymous said...

vidyayaa amRtham ashnuthe... so goes the wisdom (NOT 'Wisdom Tutorials'). Have 'statistics' become the 'wisdom' of the day? State education minister shows the result percentage as the achievement of the new education system. Let us face it in its face value. Then emerges what Nithyan has succinctly pointed out -- Where are these children led to? The scenario is formidable -- just as the country's economics with 8% inflation (with no 'statistical significance' as Chidambaram puts it with his conky mouth). Thanks Nithyan, for showing the anti-wisdom of mass pass! Inflation in the educational front?

G. Narayana Swamy (Goa)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്നായിട്ടുണ്ട് നിത്യന്‍ ! വിദ്യ നാട്ടില്‍ വെച്ചടി വെച്ചടി മുന്നേറ്റമാണ് . കണ്ണൂരില്‍ ഒരു വിദ്യാഭ്യാസ മാഫിയ തന്നെ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട് . സ്കൂളുകള്‍ വില്‍ക്കാനുണ്ടോ എന്ന് പരതി നടക്കുകയാണ് മാഫിയയുടെ ദല്ലാളുമാര്‍ . കുട്ടികളില്ലാത്ത ഒരുവകപ്പെട്ട മലയാളം സ്കൂളുകളൊക്കെ മോഹവിലയ്ക്കെടുത്ത് സി.ബി.എസ്സ് . ഇ. സിലബസ്സുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളാക്കി മറ്റിക്കൊണ്ടിരിക്കുകയാണ് . വിദ്യയും വ്യവസായവും ഇത്രയും അഭിവൃദ്ധിപ്പെട്ട ഇക്കാലത്ത് മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അയക്കാതിരിക്കുന്നതിനോളം അപമാനം വേറെയുണ്ടോ . അവിടങ്ങളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് എന്ത് വിദ്യാഭ്യാസയോഗ്യതയാണ് ഉള്ളതെന്ന് ആരും ബേജാറാവുന്നതേയില്ല . മീഡിയം ഇംഗ്ലീഷായാല്‍ മാത്രം മതി . ഇക്കണക്കിന് പോയാല്‍ ഒരു പത്ത് വര്‍ഷം കഴിഞ്ഞാല്‍ മലയാളം മീഡിയം സ്കൂളുകള്‍ കാണണമെങ്കില്‍ അയല്‍‌സംസ്ഥാനങ്ങളിലോ വിദേശത്തോ പോകേണ്ടിവരും . മാത്രമല്ല നാമെല്ലാം ആഗ്രഹിക്കുന്ന പോലെ കേരളത്തില്‍ എല്‍.കെ.ജി മുതല്‍ സര്‍വ്വകലാശാലകള്‍ വരെ സ്വാശ്രയമേഖലയില്‍ ആവുകയും സര്‍ക്കാര്‍ അദ്ധ്യാപകരും എയിഡഡ് അദ്ധ്യാപകരും മറ്റുള്ളവരുമെല്ലാം മാവേലി സ്റ്റോറുകളില്‍ വരെ പുനര്‍‌വിന്യസിക്കപെടുകയും ചെയ്യും .

എന്തെഴുതിയിട്ടെന്താ എനിക്ക് നിത്യന്റെ ആ ഒരു ശൈലിയുടെ അയലത്ത് പോലും എത്താന്‍ കഴിയുന്നില്ലല്ലോ . എന്നാലും ഉള്ള ഒരു കാര്യം ഉള്ളത് പോലെ പറഞ്ഞല്ലോ അല്ലേ ?

മൂര്‍ത്തി said...

പാസാവാനുള്ള യോഗ്യത ഉത്തരത്തിന്റെ ആദ്യഭാഗമായ ചോദ്യത്തിന്റെ നമ്പര്‍ എഴുതിവെയ്‌ക്കണം.

പശു എന്ന ഉത്തരത്തിനു പകരം പന എന്നെഴുതിയാല്‍ നിനക്കൊക്കെ പകുതി മാര്‍ക്ക് കിട്ടില്ലേടാ..ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വിവരമുള്ളവന്‍ മാത്രമേ പാസാകൂ എന്നൊക്കെ നല്ല മാര്‍ക്ക് കിട്ടിയാലും എന്റെ അമ്മാവന്‍ തമാശക്കാണെങ്കിലും എന്നെ കളിയാക്കിയിരുന്നത് എനിക്ക് ഓര്‍മ്മയുണ്ട്. അന്നേ ഉണ്ട് അന്തകാലത്തിലായിരുന്നു എല്ലാറ്റിനും നിലവാരം എന്ന്‌.

എത്ര ശതമാനം വരെ തോറ്റാല്‍ പരീക്ഷക്ക് നിലവാരം ഉണ്ടെന്ന് സമ്മതിക്കാം?

അനന്തരം അവറ്റകളുടെ ശിഷ്ടകാലത്തേക്കുള്ളത്‌, എന്ന ഈ തോറ്റ കുട്ടികളെക്കുറിച്ചുള്ള പ്രയോഗം എനിക്ക് ബോധിച്ചു. ഇങ്ങനെത്തന്നെ വേണം അവരെ വിശേഷിപ്പിക്കാന്‍.
:(

ജീവിതത്തിലെ പല മേഖലകളിലും നമ്മുടെ അപ്പനാവാന്‍ കഴിവുള്ള പിള്ളാരായിരിക്കും ഈ 8%.

ഈ പോസ്റ്റ് ഒട്ടും സുഖിച്ചില്ല. ക്ഷമിക്കുക.

അയല്‍ക്കാരന്‍ said...

fallacy of illicit major?
മലയാളം ബ്ലോഗ് എഴുതുന്നവരില്‍ ഭൂരിപക്ഷം പേരും പത്താം ക്ലാസ്സ് പാസ്സായിട്ടുള്ളവരാണ്. പത്താം ക്ലാസ്സ് പാസ്സാകുന്നവര്‍ ബുദ്ധിയുള്ളവരാണ്.

ഒറ്റമുലച്ചി said...

വിദ്യാധനം സര്‍വ്വധനാ‍ല്‍ പ്രധാനം :(

നന്ദകുമാര്‍ said...

നിത്യന്റെ ബ്ലോഗ് വായിച്ചുതുടങ്ങിയത് ഈയടുത്ത ദിവസങ്ങളിലാണ്.കണ്ടെത്താന്‍ വൈകി.
ഭാഷയും ശൈലിയും എടുത്തു പറയേണ്ടതു തന്നെ.അപാരമായ ശൈലി, വാക്കുകളുടെ തീക്ഷ്ണത(എനിക്കങ്ങിനെ ഇജ്ജന്മത്തില്‍ സാദ്ധ്യമാകാത്തതു കൊണ്ട് അസൂസയും ഉണ്ട്)
എന്തോ ഈ പോസ്റ്റില്‍ നിത്യന്റെ മുഴുവന്‍ നിരീക്ഷണങ്ങളും, വിശകലനങ്ങളും വന്നിട്ടുണ്ടൊ എന്നു സംശയമുണ്ട്.മറ്റുള്ള പോസ്റ്റുകളില്‍ കാണുന്നതുപോലെ വിഷയത്തിലേക്ക് കടന്നുള്ള വിശദീകരണമൊന്നും ഫീല്‍ ചെയ്തില്ല. ചരല്‍ കൊണ്ടെറിയുന്നപോലെ തോന്നി, കല്ലിന്റെ തീക്ഷ്ണത കണ്ടില്ല. (വിമര്‍ശനമാണെന്നു കരുതരുത്, ഒരു അഭിപ്രായമാണ്) ആശംസകളോടെ..

ജ്യോനവന്‍ said...

ലേഖനങ്ങളെല്ലാം വളരെ മികച്ചതാവുന്നുണ്ട്.