June 05, 2009

വംഗദേശം വഴി മൂന്നാം മുന്നണി ബംഗാള്‍ ഉള്‍ക്കടലിലേക്ക്

manmohansingh.jpgഇന്നു ബ്രാഹ്മമുഹൂര്‍ത്തം വരെ കിറുകൃത്യമായി കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മാറ്റിനിര്‍ത്തി മൂന്നാംമുന്നണികേന്ദ്രത്തില്‍ അധികാരം കൈയ്യാളുന്ന സുന്ദരസ്വപ്‌നവുമായിട്ടായിരുന്നു വിപ്ലവകാരികള്‍ ഉണര്‍ന്നെണീറ്റിരുന്നത്‌. ഇനി മൂന്നാം മുന്നണിയെക്കൊണ്ട്‌ ഒറ്റയ്‌ക്ക്‌ പറ്റിയില്ലെങ്കില്‍ നാലാം മുന്നണിയെയും കൂട്ടി ഭരിക്കുവാനുള്ളവെപ്രാളമായിരുന്നു. അതുകൊണ്ടും എണ്ണം തികഞ്ഞില്ലെങ്കില്‍ നൂറാം മുന്നണിവരെയുള്ളവരെ ചേര്‍ത്താല്‍ സംഗതികേമം. ഉറച്ച ഭരണം കേന്ദ്രത്തില്‍ ഉറപ്പുവരുത്തുകയായിരുന്നു ഏകലക്ഷ്യം.

ഭൂരിപക്ഷം കിട്ടിയാലും ബി.ജെ.പിയെക്കൊണ്ട ഭരിപ്പിക്കരുത്‌ എന്ന തികച്ചും ജനാധിപത്യപരമായ അസ്സല്‍ അഭിപ്രായമായിരുന്നു കാരാട്ടിന്റേത്‌. കോണ്‍ഗ്രസിനു പിന്തുണകൊടുക്കുകയുമില്ല. അതായത്‌ ഒന്നാം ക്ലാസില്‍ ജയിച്ച കോണ്‍ഗ്രസുകാര്‍ ഔട്ട്‌. രണ്ടാംക്ലാസില്‍ ജയിച്ച ബി.ജെ.പിക്കാരും ഔട്ട്‌. മോഡറേഷനിലൂടെ വന്ന യോഗ്യന്‍മാര്‍ ഭരിക്കും എന്ന തങ്കപ്പെട്ട ജനാധിപത്യപരമായ നിലപാട്‌. അതിലും ഭേദം ഇന്ത്യന്‍ വിപ്ലവം തന്നെയങ്ങ്‌ നടത്തി അധികാരം പിടിച്ചെടുക്കുകയല്ലേ എന്നൊരു സംശയം ചിലര്‍ക്കെങ്കിലുമുണ്ടായിരുന്നു. ഇതെല്ലാം തന്നെയാണ്‌ വിപ്ലവം എന്നും ആ വിപ്ലവത്തിലേയ്‌ക്കുള്ള ചാമുണ്ഡികളുടെ ഒടുക്കത്തെ ചാട്ടമാണിതെന്നും മനസ്സിലായത്‌ ഫലം കണ്ടപ്പോഴാണ്‌.

ഇതിന്‌ ഗ്രന്ഥങ്ങളില്‍ അടവുനയം എന്നു പറയും. അതായത്‌ അഭ്യാസിക്ക്‌ നില്‌ക്കാന്‍ ഒരു തറയുടെ ആവശ്യമില്ലാത്ത പയറ്റ്‌. പത്തൊമ്പതാമത്തെ അടവ്‌. കംപ്ലീറ്റ്‌ പരിപാടിയും നടക്കുക നിലം തൊടാതെയാണ്‌. അതുകൊണ്ട്‌ അടവുമാത്രം മതി. നിലപാടു വേണ്ട. ആ മുന്തിയ അടവിന്റെ നല്ല പരീക്ഷണശാലയായി കേരളത്തെ തിരഞ്ഞെടുത്തു. പൊന്നാനിയിലെ മികച്ച ലാബില്‍ ഒന്നാംഘട്ട പരീക്ഷണം. രണ്ടാമത്തേ മുന്തിയ ലാബ്‌ വടകരയിലും കോഴിക്കോട്ടും പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ പരീക്ഷണം അവസാനിച്ചു. ലാബടക്കം ജനകീയാഗ്നിക്കിരയായതാണ്‌ വിവരം.

പണ്ട്‌ പറ്റിയ ചരിത്രപരമായ മണ്ടത്തരം ഇക്കുറി ആവര്‍ത്തികുകയില്ലെന്ന ഉറപ്പ്‌ വേണ്ടപ്പെട്ടവര്‍ നല്‌കിയിരുന്നു. എന്നാല്‍ ജനത്തിന്റെ ബധിരകര്‍ണ്ണങ്ങളില്‍ അതൊന്നും പതിച്ചില്ല. പണ്ടുണ്ടായിരുന്നത്‌ പകുതിയായി കിട്ടിയത്‌ മിച്ചം. ബംഗാളില്‍ രണ്ടുദശാബ്ദമായി പാര്‍ട്ടി ഭരണം കൊണ്ടുണ്ടായ നേട്ടം ഇപ്പോള്‍ തൃണമൂലിനെ ഇമ്മിണി ബല്യ ഒന്നായി മാറ്റിക്കൊടുത്തതാണ്‌.

കേരളത്തിലെ സ്ഥിതിയും പാര്‍ട്ടിയുടെ സുചിന്തിതമായ നിലപാടുകള്‍ കൊണ്ട്‌ ഒരുപാട്‌ മെച്ചപ്പെട്ടു. ലക്ഷങ്ങളുടെ വോട്ടിന്‌ വിജയിച്ച വടകര മണ്ഡലത്തിലടക്കം പാര്‍ട്ടിയെ കുളിപ്പിച്ചുകിടത്തിക്കൊണ്ട്‌ അവര്‍ അതുകൈവരിച്ചു. ഇനി വിശേഷിച്ച്‌ പണിയൊന്നുമില്ലാത്തതുകൊണ്ട്‌ ആരാണ്‌ കുലം കുത്തിയത്‌ എന്ന ഗവേഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുമെന്ന ഉത്തമവിശ്വാസം കാരാട്ടിനുണ്ട്‌. കോണ്‍ഗ്രസ്‌ ജയിച്ചുവെന്ന്‌ അദ്ദേഹം അംഗീകരിച്ചതും ചില്ലറക്കാര്യമല്ല. അടവുനയം വച്ച്‌ ഒരൊറ്റ വിശദീകരണത്തിലൂടെ വേണമെങ്കില്‍ കോണ്‍ഗ്രസിനെ തോല്‌പിക്കാമായിരുന്നെങ്കിലും അതുണ്ടായില്ല.

കിങ്‌മേക്കര്‍ കുപ്പായം തല്‌ക്കാലം കാരാട്ട്‌ അടുപ്പിലിടേണ്ടതില്ല. നയിച്ച്‌ ജീവിക്കാമെന്ന അത്യാഗ്രഹമൊന്നും വിപ്ലവകാരികള്‍ക്ക്‌ പണ്ടേയില്ലാത്തതുകൊണ്ടാണല്ലോ ജനാധിപത്യം ജീവവായുവായി വന്നത്‌. അത്യാവശ്യം ശമ്പളവും പെന്‍ഷനും ചിലപ്പോള്‍ രണ്ടുമൊന്നായിട്ടും കിട്ടുന്ന ഒരേയൊരു പണിയാണല്ലോ വിപ്ലവപ്രവര്‍ത്തനം. ലേശം കൂറമിഠായിയുമിട്ട്‌ കുപ്പായം പെട്ടിയില്‍ തന്നെ കിടക്കട്ടെ. ജനത ഇന്ത്യനും രാജ്യം ഇന്ത്യയുമായതുകൊണ്ട്‌ അടുത്ത അഞ്ചുകൊല്ലം എന്തുസംഭവവിക്കും എന്ന പ്രവചനം മന്ദബുദ്ധികള്‍ക്കേ നടത്താന്‍ കഴിയൂ.

നമ്മുടെ നേതാക്കന്‍മാര്‍ക്കിതുവരെ തിരുപാടുകിട്ടാത്ത ഒരു സംഗതിയുണ്ട്‌. അതായത്‌ അവര്‍ ജനത്തില്‍ നിന്നുമകന്നു. കുരയ്‌ക്കാനും കടിക്കാനും കൊള്ളാത്ത വാലാട്ടാനും കാലുനക്കാനും മാത്രമറിയുന്ന പൊമേറിയന്‍മാരാണ്‌ ജനമെന്ന അവരുടെ വിശ്വാസം കാലഹരണപ്പെട്ടു. ഒന്നിനും കൊള്ളാത്ത തലേക്കെട്ടുകാരുടെ തൊപ്പിക്കാരുടെയും താടിക്കാരുടെയും അടുക്കള കയറിയാല്‍ എല്ലാമായി എന്നു കണക്കുകൂട്ടിയവര്‍ ഇനിയൊന്നു ചിന്തിക്കുക.

ജനത്തെ വര്‍ഗീയമാക്കാന്‍ പെടാപാടുപെട്ട നേതാക്കളുടെ ശവഘോഷയാത്രയ്‌ക്കാണ്‌ ഇപ്പോള്‍ നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്‌. ജനം ഭൂരിപക്ഷവും സെക്യുലറും നേതാക്കന്‍മാര്‍ ജാതിമതവര്‍ഗീയവാദികളുമായതിന്റെ ഫലമാണ്‌ രണ്ടത്താണിയില്‍നിന്നും വിപ്ലവകാരികള്‍ക്ക്‌ പഠിക്കാനുള്ളത്‌. പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നതു മറ്റൊന്നുമായാലും വലിയ കുഴപ്പമില്ല. പക്ഷേ അതാരും അറിയരുത്‌. എന്നാല്‍ ബൂര്‍ഷ്വാകടലാസുകളും ചാനലുകളുമുള്ളകാലത്തോളം അതും നടപ്പില്ല. അതുകൊണ്ട്‌ വേഡ്‌സ്‌ തെക്കോട്ടും ആക്ഷന്‍ വടക്കോട്ടും ആവാതെ നോക്കുക. നല്ലൊരു നിലപാടുതറയില്‍ നിന്നു പയറ്റുക. അടവുമാത്രം പഠിച്ചതുകൊണ്ട്‌ കാര്യമില്ല. നില്‌ക്കാനൊരു പടവും കൂടി വേണം എന്നു പഠിക്കുക.

വേറൊന്നും കൂടി നോക്കുക. ഇന്ത്യ കണ്ട ധീരദേശാഭിമാനി ഒന്നാംതരം നിരീശ്വരവാദിയായിരുന്ന സവര്‍ക്കറിന്റെ പേരിലെ ശിലാഫലകം അന്തമാനിലെ കാലാപാനിയില്‍ നിന്നും എടുത്തുമാറ്റി ന്യൂനപക്ഷത്തിന്റെ നാലുവോട്ടുറപ്പിക്കാന്‍ പോയ മണിശങ്കര്‍ അയ്യരുടെ (പേരില്‍ തന്നെ മതേതരം) പരാജയം നോക്കുക. വെറും ജാതികാര്‍ഡല്ലാതെ വേറൊന്നും തിരുപാടില്ലാത്ത രാംവിലാസ്‌ പാസ്വാന്റെ ഹാജിപ്പൂരിലെ ബോധംകെട്ടുകിടപ്പും നോക്കുക.

ഒരു കാര്യം എല്ലാ വിവരദോഷികളായ നേതൃത്വവും മനസ്സിലാക്കുക. ഭൂരിപക്ഷം വോട്ടര്‍മാര്‍ യുവതലമുറയില്‍ പെട്ടവരാണ്‌. ലോകത്തെ അറിയുന്നവര്‍ രാജ്യത്തെ അറിയുന്നവര്‍. ഒരു പ്രചരണവും അവരെ ബാധിക്കുകയില്ല. കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രതികരിക്കാനും അറിയുന്നവരായി ജനം മാറിയെന്ന വലിയ സത്യം എല്ലാവരും അറിയുക.


മുന്നണിയിലെ കക്ഷികളുടെയെല്ലാം സീറ്റുകള്‍ പിടിച്ചെടുത്ത്‌ അതിലെല്ലാം സ്വന്തം നിലയില്‍ മത്സരിക്കുക. അതായത്‌ സമ്പൂര്‍ണപാര്‍ട്ടി ആധിപത്യം. പോയവരെല്ലാം എതിര്‍ത്താലും ബാക്കിയുള്ള വര്‍ഗീയപിശാചുകളുടെ പിന്തുണയോടെ ജയിക്കുക എന്ന തന്ത്രം പയറ്റിയതാണ്‌ വിനയായത്‌. നമ്മുടെ കയ്യിലിരിപ്പുകൊണ്ട്‌ ഭാവിയിലുണ്ടാവുന്ന ഗുണം തിരിച്ചറിയാനുള്ള കഴിവ്‌ ജനത്തിനുണ്ടാവുമെന്ന്‌ പ്രതീക്ഷിച്ചതുമില്ല.

അധികാരം രാജാവിനെ വിനയാന്വിതനാക്കണമെന്നാണ്‌. രാജാക്കന്‍മാര്‍ക്കു പറഞ്ഞത്‌ മന്ത്രിമാര്‍ക്കും ബാധകമാണെന്ന്‌ മനസ്സിലായില്ല. അധികാരം കൈയ്യില്‍കിട്ടിയപ്പോള്‍ അഹങ്കാരം തലയ്‌ക്കുകയറിയതിന്റെ ഫലമായിരുന്നു സിംഗൂര്‍. സിംഗൂരില്‍ പാര്‍ട്ടിവിതച്ചതിന്റെ വിളവെടുപ്പാണ്‌ ഇപ്പോള്‍ നടന്നത്‌. Mamata_banerjee.jpg

കേരളത്തിലെയും ബംഗാളിലെയും ജനങ്ങളുടെ സാമ്യങ്ങള്‍ പണ്ട്‌ സ്‌കൂളില്‍ പഠിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നുകൂടിയായി. ഒരു നാനോ സഹായം ഇല്ലാതെതന്നെ കൊലപാതകത്തിന്റെ കണക്കില്‍ സിംഗൂരുതാനല്ലയോ ഇത്‌ എന്നു തോന്നിപ്പോന്ന പ്രദേശമാണ്‌ കണ്ണൂര്‍. അടിയെവിടെ കൊലയെവിടെ നടന്നാലും ഒരുഭാഗത്ത്‌ സദാ പാര്‍ട്ടിയായതും ചില്ലറ നേട്ടങ്ങളല്ല ഉണ്ടാക്കിയത്‌. വടകരയിലെയും കണ്ണൂരിലെയും പരാജയത്തിന്റെ കണക്കെടുത്താല്‍ തോന്നുക സഖാക്കളല്ലാതെ വീട്ടുകാര്‍തന്നെ വോട്ടുമറിച്ചെന്നാണ്‌.

എന്തായാലും ഒരുകാര്യത്തില്‍ വമ്പിച്ച പുരോഗതി പാര്‍ട്ടി ഉണ്ടാക്കിയിട്ടുണ്ട്‌. അന്തിയുറക്കം കോണ്‍ഗ്രസിനോടൊപ്പമായപ്പോള്‍ ഉറക്കത്തും സംസാരിക്കുന്ന കോണ്‍ഗ്രസുകാരുടെ മാറാവ്യാധി പാര്‍ട്ടിയെയും ഗ്രസിച്ചു. ജനാധിപത്യവാദികള്‍ക്ക്‌ കണ്ടുവരുന്ന മാരകരോഗം. അച്ചടക്കരാഹിത്യത്തിന്റെ രൂപത്തില്‍ നട്ടെല്ലിനെയും ഹൃദയത്തെയും കാര്‍ന്നുതിന്നാന്‍ തുടങ്ങി. അതോടെ കൂട്ടുന്ന കണക്കിലും പറയുന്ന വാക്കിനുമുള്ള വില നിത്യേന കുറഞ്ഞുവരും.

പണ്ട്‌ പാര്‍ട്ടിവോട്ടിന്റെ സെന്‍സസ്‌ എടുത്താല്‍ അതു കിറുകൃത്യമായിരിക്കും. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പാര്‍ട്ടി വോട്ട്‌ ചൂലിന്‌ എന്നുറപ്പിക്കാമായിരുന്ന ആ വിശ്വാസമാണ്‌ ഇപ്പോള്‍ അന്ധവിശ്വാസമായത്‌. അതായത്‌ ജനാധിപത്യത്തിന്റെ മലിനവായു പാര്‍ട്ടി ശ്വാസകോശത്തിലേക്ക്‌ പാഞ്ഞുകയറി എന്നര്‍ത്ഥം. മേമ്പ്രന്‍മാരുടെ ശമ്പളവും പെന്‍ഷനും സിറ്റിംഗ്‌ അലവന്‍സും സ്റ്റാന്റിംഗ്‌ അലവന്‍സുമെല്ലാമാണ്‌ പാര്‍ട്ടികാഴ്‌ചപ്പാടുപ്രകാരം ബൂര്‍ഷ്വയല്ലാത്തത്‌. അതുകൊണ്ട്‌ അതുവാങ്ങി പോക്കറ്റിലിടാമായിരുന്നു. ഇപ്പോള്‍ ഇതും കൂടിയായി എന്നുമാത്രം. ഇനി പേരിലെ വിപ്ലവം കൂടി മാറ്റിയാല്‍ പരിണാമസിദ്ധാന്തം കൂടി ശരിയാണെന്നു തെളിയിച്ചതായി അവകാശപ്പെടാവുന്നതേയുള്ളൂ.

1 comment:

Anonymous said...

നല്ല എഴുത്ത്..
ഭാവുകങ്ങള്‍..