September 17, 2010

മുരിക്കനില്‍ നിന്നും മെത്രാനിലേക്ക്



നെല്കൃഷിയെന്നു കേട്ടാല്‍
അപമാനപൂരിതമാകണമന്തരംഗം
ടൂറിസമെന്നുകേട്ടാലോ
തിളക്കണം ചോര നമുക്കു സിരകളില്‍
മെത്രാന്‍കായലെന്നു കേട്ടാല്‍
താഴണം തല തേങ്ങവീണപോല്‍
കുന്തംവടിപ്പന്തെന്നു കേട്ടാലോ
അഭിമാനപൂരിതമാകണമന്തരംഗം



ആദിയില്‍ നമുക്കൊരു മുരിക്കനുണ്ടായിരുന്നു. മുരിക്കുംമൂട്ടില്‍ തൊമ്മന്‍ ജോസഫ് എന്ന മുരിക്കന്‍. 1930-40കളില്‍ മൂന്നു കായലുകളാണ് മുരിക്കന്‍ കുത്തിയെടുത്തു നെല്ലു വിളയിച്ചത്്. മുരിക്കന്റെ നെഞ്ചൂക്കിനുള്ള പ്രതിഫലമായി രാജാവ് പതിച്ചുകൊടുത്തത് 2000 ഏക്കര്‍ കായല്‍നിലമായിരുന്നു. മുരിക്കന്റെ തടിയും തലയും നാടിനുചെയ്ത ഗുണത്തിനുള്ള ഉപകാരസ്മരണയ്ക്ക് വലിയ താമസമൊന്നുമുണ്ടായില്ല. 
 
ആദ്യം മുരിക്കനൊരോമന പേരുവീണു. കായല്‍ രാജാവ്. അധോലോകരാജാവ്, മയക്കുമരുന്നു രാജാവ് എന്നിത്യാദി രാജാക്കന്‍മാരില്‍ മുരിക്കന്‍ അര്‍ഹിച്ച ഒരു സ്ഥാനം. കായല്‍ രാജാവ് പതിച്ചുകൊടുത്തു. കായല്‍ രാജപദവി നമ്മളും. ഒട്ടും അമാന്തിക്കാതെതന്നെ മുരിക്കന്‍ ലക്ഷണമൊത്തൊരു വര്‍ഗശത്രുവായി. നമ്മളു കൊയ്ത വയലൊന്നും നമ്മുടേതായില്ലെങ്കിലും മുരിക്കന്റേതല്ലാതായി. തന്റെ സര്‍വ്വസ്വവുമായിരുന്ന കായല്‍നിലങ്ങള്‍ അനാഥമാവുന്നതുകണ്ട് മുരിക്കന്‍ നെഞ്ചുപൊട്ടി മരിച്ചു. മുരിക്കന്റെ നിലമല്ലാതെ അറിവും ബുദ്ധിയും വീതിക്കാന്‍ ഗ്രന്ഥങ്ങളില്‍ പറയാതിരുന്നതുകൊണ്ട് അതു രണ്ടും മുരിക്കനോടൊപ്പം കല്ലറയിലേയ്ക്കു നടന്നു. കായല്‍കൃഷി മൈനസ് മുരിക്കന്‍ സമം വട്ടപ്പൂജ്യം എന്നൊരു സൂത്രവാക്യം ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. മുരിക്കന്‍ ജനിച്ചത് കേരളത്തിലല്ലായിരുന്നെങ്കില്‍ ചുരുങ്ങിയത് രാജ്യത്തിന്റെ കാര്‍ഷികമേഖലയുടെ അംബാസിഡര്‍ പദവിയെങ്കിലും നല്കി ആദരിച്ചേനെ. 


നല്ലകാലത്തിന് അന്ന് നമുക്ക് മുരിക്കനേയും കൃഷിയെയും അസ്തുവാക്കാനുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. മുരിക്കന്റെ കായലിനെ തന്നെ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാക്കാനുള്ള അറിവു സമ്പാദിച്ചിരുന്നില്ല. ആഗോളവല്ക്കരണവും അതിന്റെ അനന്തസാദ്ധ്യതകളും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടപ്പോള്‍ നമ്മള്‍ പഠിച്ചു മുന്നേറി. വിത്തു വിതയ്ക്കുന്നതു നിര്‍ത്തി വിത്തുകുത്തിത്തിന്നുക എന്ന മഹത്തായ സിദ്ധാന്തം വികസിപ്പിച്ചെടുത്തു പേറ്റന്റു മേടിച്ചവരാണ് നമ്മള്‍. 

ഏദന്‍തോട്ടത്തിലെ ചെകുത്താന്‍ പിശാചിന്റെ സ്വന്തം നാട്ടില്‍ പിറവിയെടുത്തത് ഇരട്ടകളായാണ്. ആ ഇരട്ടസഹോദരങ്ങളാണ് മണ്ണുമാന്തിയും ടിപ്പര്‍ലോറിയും. പ്രകൃതിയില്‍തന്നെ നിലനില്ക്കുന്ന അസമത്വത്തിന്റെ ദുഷിച്ച പ്രതീകങ്ങളാണല്ലോ മാമലകളും വയലേലകളുമെല്ലാം. സമത്വബോധം പ്രകൃതിക്ക് ഒരല്പം ഉണ്ടായിരുന്നെങ്കില്‍ എല്ലാം സഹാറമരുഭൂമികണക്കെ പരന്നങ്ങനെ കിടന്നേനെ. ആ അസമത്വമാണ് നമ്മള്‍ ഏതാണ്ട് മുഴുവനായും പരിഹരിച്ചിരിക്കുന്നത്. 

മലബാറില്‍ ഏതാണ്ട് സമ്പൂര്‍ണ സ്ഥിതി സമത്വം നിലവില്‍ വന്നതായാണ് വിവരം. ഇനി ബാക്കിയുള്ളത് ലേശം കായലും കഴുത്തിനു കുത്തിപ്പിടിച്ചിട്ടും ചാവാത്ത ചില്ലറ പുഴകളുമാണ്. അതുകൂടി ഒന്നു വൃത്തിയാക്കിയാല്‍ പ്രകൃതിയിലെ അസമത്വങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാവുകയും ചെയ്യും. അതുകഴിഞ്ഞശേഷമാണ് പ്രജകള്‍ക്കിടയിലെ അസമത്വത്തിന്റെ കഥ കഴിക്കുക. 

പ്രകൃതിയിലെ അസമത്വങ്ങളുടെ കഥ കഴിയുന്നതോടെ ജനങ്ങള്‍ക്കിടയിലെ അസമത്വത്തിന്റെ കഥ താനെ കഴിയാനുള്ള സാദ്ധ്യതയാണ് കൂടുതല്‍. ഭൂമാഫിയകള്‍ നാടൊട്ടാകെ നടത്തിക്കൊണ്ടിരിക്കുന്നത് ആയര്‍ത്ഥത്തില്‍ നോക്കിയാല്‍ ചില്ലറ വിപ്ലവമല്ല. ഉള്‍ക്കാഴ്ചയില്ലാത്തവര്‍ക്ക് ഇതൊന്നും അത്ര പെട്ടെന്ന് പിടികിട്ടുകയില്ല. 

ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്, ഇതാണ് എന്നു നെഹറു പ്രഖ്യാപിച്ച കാശ്മീരിന്റെ അവസ്ഥ നോക്കുക. കൊലയുടെ വസന്തകാലം ഒഴിഞ്ഞനേരമില്ലാത്തതുകൊണ്ട് ടൂറിസം അസ്തുവായി. മഞ്ഞുമലകളും മേഘപാളുകളും കണ്ടാല്‍ അതുതാനല്ലയോ ഇത് എന്നുതോന്നിപ്പോവുന്ന സ്വര്‍ഗീയ കാഴ്ച കാണാനാണ് ആളുകള്‍ കാശ്മീരിലെത്തുന്നത്. മലമുകളില്‍ കുന്തംവടിപ്പന്തുകളിക്കാനുള്ള സൗകര്യമുണ്ടോയെന്നന്വേഷിച്ചല്ല മാഗിമദാമ്മ ബിമാനം കേറുന്നത്. 

പരന്നുകിടക്കുന്ന പുഞ്ചപ്പാടങ്ങളും കായല്‍പരപ്പുകളും കാണാനല്ല സായിപ്പും മദാമ്മയും ഇങ്ങോട്ടെത്തുന്നത്. കുന്തംവടികൊണ്ട് പന്തുരുട്ടി കുണ്ടിലിട്ടു കളിക്കാനാണ് അക്കൂട്ടര്‍ ഇങ്ങോട്ടേക്ക് വിമാനം കയറുന്നതെന്ന ചിന്ത വിളംബരം ചെയ്യുന്നത് ചെറിയ ബുദ്ധിയുടെ വലിയ അഭാവമാണ്. അല്ലെങ്കില്‍ തലതിരിഞ്ഞ ബുദ്ധിയുടെ ശക്തിപ്രകടനമാണ്. ഗോള്‍ഫുക്ലബുകള്‍ക്ക് നാട്ടില്‍ പഞ്ഞമുള്ളതായി ഒരു പഠനഗവേഷണ റിപ്പോര്‍ട്ടും ഇതുവരെ വന്നതായി അറിവില്ല. അതു കളിക്കാന്‍ പറ്റാതെ ആളുകള്‍ അകാലചരമമടയുന്നതായും. 



സാഹചര്യം അതാവുമ്പോള്‍ 417 ഏക്കര്‍ കായല്‍ നികത്തി 3000കോടി പുതപ്പിച്ച്് ഒരു ടൂറിസം പദ്ധതി നടപ്പിലാക്കുകയാണ് വേണ്ടത് എന്നുവാദിച്ച തലകള്‍ ചില്ലറ തലകളല്ല. അതത്രയും ബുദ്ധിയാണ്. 10500 ക്വിന്റല്‍ നെല്ലും 22165 തൊഴിലവസരങ്ങളും നല്കുന്ന കായല്‍ നികത്തി യുദ്ധകാലാടിസ്ഥാനത്തില്‍ കുന്തംവടിപ്പന്തുകളിക്കായി കോര്‍ട്ടുപണിയുകയാണു വേണ്ടതെന്നു കണ്ടെത്തിയ തലകള്‍ക്കുമുന്നില്‍ കൃഷ്ണന്‍നായര്‍ സാര്‍ പറഞ്ഞതുപോലെ നിത്യന്‍ ആദരാവനതനായി നിലകൊള്ളുകയാണ്. 


ഒരു നാടിന്റെ സ്വത്തായ കായലില്‍ 400 ഏക്കറും ഭൂമാഫിയകളുടെ കൈകളിലെത്തിയെന്നുള്ളത് നമ്മുടെ പ്രകൃതിസ്‌നേഹത്തിന്റെ മാത്രമല്ല രാജ്യസ്‌നേഹത്തിന്റെ കൂടി സാക്ഷ്യപത്രമാണ്. 

സൂട്ടും കോട്ടുമിട്ട ഒരു പൊട്ടന്‍ കുന്തംവടികൊണ്ട് പന്തു തട്ടി കുണ്ടിലിടുന്നതായിരിക്കുമോ അതോ അണ്ണാക്കിലേയ്ക്ക് വല്ലതും വന്നുവീഴാനായി അണ്ണന്റെ വണ്ടിയും കാത്തുള്ള മറ്റേ പൊട്ടന്റെ കുത്തിയിരിപ്പായിരിക്കുമോ വികസനസൂചകം എന്നത് ഒരുഗവേഷണവിഷയമായി താത്പര്യമുള്ളവര്‍ക്ക് ഏറ്റെടുക്കാവുന്നതാണ്. 

നല്ല തഞ്ചവും ചാറ്റല്‍മഴയും നോക്കി അണ്ണന്‍ വെള്ളം മോഷ്ടിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന ഉത്തമബോദ്ധ്യം നമുക്കുണ്ട്. ഓണത്തിന് പൂ പത്ത് കേരളത്തില്‍ കാണണമെങ്കില്‍ തേനിയില്‍ നിന്നും അണ്ണന്റെ കാളവണ്ടി പുറപ്പെടണമെന്നത് സൗകര്യം കിട്ടുമ്പോള്‍ ഓര്‍ക്കുന്നതും നന്നായിരിക്കും. നാക്കിലയില്‍ ചോറുവന്നു വീഴണമെങ്കിലും. 

നമ്മുടെ ശാസ്ത്രീയ സിദ്ധാന്തങ്ങളും കുണ്ടുകുളത്തിലെ തവള തോറ്റുപോകുന്ന വിശാലകാഴ്ചപ്പാടുകളും കൈകോര്‍ത്തപ്പോഴുണ്ടായ നേട്ടങ്ങള്‍ എടുത്തുപറയേണ്ടതാണ്. പാടത്തെ ചെളിയിലിറങ്ങി പണിത പെണ്ണുങ്ങളെയെല്ലാം ആദ്യം കരയ്ക്കിരുത്തി. താമസംവിനാ മൂലയ്ക്കിരുത്തി. ഒടുക്കം പെരുവഴിയിലിറക്കി പാടത്തെ ചെളിയെക്കാളും മെച്ചപ്പെട്ട മാലിന്യം വാരിക്കുന്ന സുന്ദരമായ ആസൂത്രണകലയാണ് അരങ്ങേറിയത്. ഭൂതകാലത്തിലേയ്ക്ക് ഒന്നു ചുറ്റിയടിച്ചുവരാന്‍ ഓര്‍മ്മകളെ കയറൂരിവിടുന്നത് എന്തുകൊണ്ടും നന്നായിരിക്കും. എന്നിട്ടാവാം ഒരുപിടി പച്ചമണ്ണ് മെത്രാന്‍കായലിന്റെ നെഞ്ചിലേക്കിടുന്നത്.

4 comments:

NITHYAN said...

നെല്കൃഷിയെന്നു കേട്ടാല്‍
അപമാനപൂരിതമാകണമന്തരംഗം
ടൂറിസമെന്നുകേട്ടാലോ
തിളക്കണം ചോര നമുക്കു സിരകളില്‍
മെത്രാന്‍കായലെന്നു കേട്ടാല്‍
താഴണം തല തേങ്ങവീണപോല്‍
കുന്തംവടിപ്പന്തെന്നു കേട്ടാലോ
അഭിമാനപൂരിതമാകണമന്തരംഗം

മുക്കുവന്‍ said...

നമ്മുടെ ശാസ്ത്രീയ സിദ്ധാന്തങ്ങളും കുണ്ടുകുളത്തിലെ തവള തോറ്റുപോകുന്ന വിശാലകാഴ്ചപ്പാടുകളും കൈകോര്‍ത്തപ്പോഴുണ്ടായ നേട്ടങ്ങള്‍ എടുത്തുപറയേണ്ടതാണ്. പാടത്തെ ചെളിയിലിറങ്ങി പണിത പെണ്ണുങ്ങളെയെല്ലാം ആദ്യം കരയ്ക്കിരുത്തി. താമസംവിനാ മൂലയ്ക്കിരുത്തി. ഒടുക്കം പെരുവഴിയിലിറക്കി പാടത്തെ ചെളിയെക്കാളും മെച്ചപ്പെട്ട മാലിന്യം വാരിക്കുന്ന സുന്ദരമായ ആസൂത്രണകലയാണ് അരങ്ങേറിയത്. ഭൂതകാലത്തിലേയ്ക്ക് ഒന്നു ചുറ്റിയടിച്ചുവരാന്‍ ഓര്‍മ്മകളെ കയറൂരിവിടുന്നത് എന്തുകൊണ്ടും നന്നായിരിക്കും. എന്നിട്ടാവാം ഒരുപിടി പച്ചമണ്ണ് മെത്രാന്‍കായലിന്റെ നെഞ്ചിലേക്കിടുന്നത്


clap clap....

the only problem what I see is, if a farmer cant run a farm without profit, how can he continue farm? doesn't he have a right to make a better profit out of his property? everyone talks about environmental issues and police on farmers... yea they dont have any union :)

there should have some covenant on all farms.. as long as that is not in place, this is going to be a big issue.

Jomy said...
This comment has been removed by the author.
Jomy said...

കായൽ രാജാവ്‌ മുരിക്കൻ പോയതോടെ ചെളി കുത്തിയുള്ള നെൽ കൃഷി രീതിയും പോയി .രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ കൂടുതൽ കൃഷിയിടങ്ങൾ കണ്ടെത്തണമെന്ന ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ കല്പനയുടെ പിൻബലത്തിലാണ് കായൽ നികത്തി്‍ നെല്പാടങ്ങളുണ്ടാക്കിയത്.ചിത്തിര (716 ഏക്കർ), റാണി (568 ഏക്കർ), മാർത്താണ്‌ഡം (674 ഏക്കർ) എന്നിങ്ങനെ 1958 ഏക്കർ ഭൂമിയോളം കായൽ നിലങ്ങൾ നികത്തിയാണ് മുരിക്കൻ നെൽ കൃഷി നടത്തിയത് . കായലിന്റെ ഒരു ഭാഗം ആഴം കൂട്ടി കുറ്റിയടിച്ച് മടകെട്ടി മറുഭാഗം പൊക്കിയെടുത്ത് കൃഷി ചെയ്യാൻ ഇപ്പൊ കുട്ടനാട്ടുകാർക്ക് പോലും അറിയില്ല .
malayalatthanima.blogspot.in