മുടിയുടെ ഭംഗി നഷ്ടപ്പെടാതെ തലമൊട്ടയടിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റമാണ് സൈലന്റ് വാലിയില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വനം കൊള്ളയടിച്ചും മണ്ണുമാന്തിയും റിസോര്‍ട്ടുകള്‍ പണിതും ഇതിനകം തലമൊട്ടയായ മുന്നാറിന് ആദ്യമായി അനുയോജ്യമായ ഒരു വിഗ് വച്ചുപിടിപ്പിക്കും. നമ്മുടെ മെഗാസ്‌റ്റാറുകളുടെ സൗന്ദര്യം മുടിയോ അതോ വിഗ്ഗോ? പിന്നെ ബോളിവുഡ് നടിമാരൊക്കെ ചെയ്യുന്നപോലെ കുറഞ്ഞുപോയത് വച്ചുപിടിപ്പിച്ചും കൂടിപ്പോയത് ചെത്തിമിനുക്കിയും ഒരു പാരിസ്ഥിതിക ശസ്‌ത്രക്രിയ. അതുകഴിഞ്ഞ് ആര്‍ട്ടിഫിഷ്യല്‍ മിസ്റ്റ് ക്രിയേഷന്‍.
ചവുട്ടിക്കൊന്നു കല്ലറയിലേക്കെടുക്കുന്നതുവരെ നോക്കിനിന്നശേഷം കല്ലറപൊളിച്ച് ശവത്തിനു ജീവന്‍ കൊടുക്കുമെന്നു പ്രഖ്യാപിക്കലാണ് സദാ സാദാ സര്‍ക്കാര്‍ നയം.
പണ്ടു മഞ്ഞും തണുപ്പും കാരണം കാക്ക വരാതിരുന്ന മുന്നാറില്‍ ഇപ്പോളവ കൂട്ടം കൂട്ടമായി എത്തിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇടതടവില്ലാതെ പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്ന ചില വിചിത്രജീവികളും മുന്നാറില്‍ ധാരാളമായി എത്തിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പണ്ട് കള്ളന് കഞ്ഞിവെച്ചവരും ഇന്ന് ബിരിയാണി വെക്കുന്നവരും മത്സരിച്ച് മലകയറി പത്രസമ്മേളനം നടത്തി തങ്ങളുടെ നിരപരാധിത്വം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഞാന്‍ കട്ടു എന്ന സാദാനീതിവാക്യം പത്താളുകള്‍ പത്തുവിധത്തില്‍ അവതരിപ്പിച്ചു - ഞാനല്ലല്ലോ അനിയന്‍. അനുജനല്ലല്ലോ ഞാന്‍. ലോകത്തൊരിടത്തും അനുജനുണ്ടാവുന്നത് ഏട്ടന്റെ തകരാറുകൊണ്ടല്ലല്ലോ. എനിക്കോ എന്റെ കുടുംബാംഗങ്ങള്‍്ക്കോ അവിടെ ഭൂമിയില്ല. പട്ടിക്കും പൂച്ചക്കൂം ഉണ്ടോയെന്ന് നിശ്‌ചയവുമില്ല. കോടതി വേണമെങ്കില്‍ അവറ്റകളോടു തന്നെ ചോദിക്കട്ടെ.
എങ്ങിനെയാണ് ഇനി ഇത് തെളിയിക്കുക ? രേഖകളില്‍ സര്‍ക്കാരിന്റെ ഭൂമി. അടിച്ചുമാറ്റിയത് ബിനാമി പേരില്‍. രേഖ വ്യാജം. സീലു വ്യാജം. ഒപ്പും വ്യാജം. എന്നാല്‍ മൊത്തത്തില്‍ നിര്‍വ്യാജം. വേണമെങ്കില്‍ മഹാന്‍മാരെ മൂന്നാര്‍ കയ്യേറിയതാണെന്ന് തെളിയിക്കുകയുയാവും എളുപ്പം. അങ്ങിനെ ഒരു കേസ് കോടതിയില്‍ കൊടുക്കുക. അല്ലെന്നു തെളിയിക്കാന്‍ സഹ്യന്റെ കാമുകി ഒരു വക്കീലിനെ ശട്ടം കെട്ടട്ടെ.
ജാതകത്തില്‍ കയ്യേറ്റയോഗമുണ്ടെങ്കില്‍ അങ്ങിനെ പല അത്ഭുതങ്ങളും സംഭവിക്കും. ഇപ്പോള്‍ തന്നെ കുരിശ് സ്വയം മലകയറിയില്ലേ? ഇനി മലയും കൊണ്ടല്ലാതെ മരക്കുരിശ് താഴെയിറങ്ങുന്ന പ്രശ്‌നമില്ല. ജീസസിന് വെള്ളം വീഞ്ഞാക്കാനേ പറ്റിയുള്ളൂ. കുരിശിന് ജീവന്‍ കൊടുക്കാന്‍ പറ്റിയത് ജോസഫിനാണ്.
വാക്കുകള്‍ അരുവിയിലെ കല്ലുകള്‍ പോലെയാണ്. കാലപ്രവാഹത്തില്‍ തേയ്‌മാനം വന്ന് ഷേപ്പുതന്നെ മാറിപ്പോകും. അങ്ങിനെ പൂര്‍വ്വാശ്രമത്തിലെ കുടിയേറ്റമാണ് ഇപ്പോള്‍ കൈയ്യേറ്റമായി രൂപാന്തരം പ്രാപിച്ചത്.
ലോകചരിത്രത്തിലെ ഏറ്റവും മഹത്തായ പുണ്യകര്‍മ്മമായിരുന്നല്ലോ കുടിയേറ്റം എന്ന വനം കൈയ്യേറ്റം. മഹത്തായ ചരിത്രസംഭവങ്ങളുടെ ജൂബിലികളാണ് മനുഷ്യന്‍ ആഘോഷിക്കുക. അടുത്തകാലത്താണല്ലോ മഹത്തായ കൈയ്യേറ്റത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ചത്. ആഘോഷിച്ചത് കുരങ്ങന്‍മാരൊന്നുമല്ല. ഏതൊരു മനുഷ്യനെ ചുരണ്ടിനോക്കിയാലും ഉള്ളിലൊരു കുരങ്ങുണ്ടാവുമെന്ന് വേണമെങ്കില്‍ സമാധാനിക്കാം.
വനം കൈയ്യേറി പടികൊടുത്ത് പട്ടയം പോക്കറ്റിലാക്കി ആദിവാസികളെ പടിയടച്ച് പിണ്ഡം വച്ചവര്‍ ഒന്നടങ്കം ആദരിക്കപ്പെട്ടു. പണ്ടു കുരിശ് മലകയറിയതിന്റെ ഗുണമാണ് അക്കണ്ടത്. ഗോഡ്‌സ് ഔണ്‍ കണ്‍ട്രി അതായത് ഏദന്‍തോട്ടം കാണക്കാണെ സാത്താന്റെ പിടിയിലമര്‍ന്നു. വിലക്കപ്പെട്ട കനി ഒരു തുണ്ടുപുകയിലയായും ഒരുപാക്കറ്റുചാരായമായും അവതരിച്ചു. ഒരു കീറത്തുണി ഔവ്വയെ വശീകരിച്ചു. ഫയലിലിഴയഞ്ഞുമാത്രം ശീലിച്ചിരുന്ന സര്‍ക്കാര്‍ഗുമസ്‌തന്‍മാര്‍ ഏദനില്‍ സര്‍പ്പമായി ഇഴഞ്ഞു. ഒരു തുണ്ടുപുകയിലയിലും ഒരു പാക്കറ്റുചാരായത്തിലും ആദം ഫ്‌ളാറ്റ്. ഔവ്വക്കും കിട്ടി പ്രതിഫലം - അവിഹിത ഗര്‍ഭം.
കുരിശും ചുമന്നുവരുന്ന ചെകുത്താനെ നേരിടുക ചില്ലറപ്പണിയല്ല. കര്‍ത്താവ് നോക്കുകുത്തിയായി. കൈയ്യേറ്റക്കാര്‍ അവരവരുടെ മാര്‍ഗത്തില്‍ ചരിച്ചു. വിപ്ലവകാരികളിലായിരുന്നു ജനത്തിന്റെ അവസാനത്തെ പ്രതീക്ഷ. അതും കടലുകടക്കാന്‍ അധികകാലമൊന്നും വേണ്ടിവന്നില്ല. അടിസ്ഥാനവര്‍ഗം ആദിവാസിയല്ലെന്ന ഉള്‍വിളി വേഗംതന്നെയുണ്ടായി.
ആദിവാസി ഭൂമിയില്‍ എ.സി.വീടുകളൊക്കെയുണ്ട് അതൊക്കെ ഒഴിപ്പിക്കാന്‍ പറ്റ്വോന്ന് പണ്ട് ചോദിച്ചതും 24കാരറ്റ് വലതനായിരുന്നു. ചിലപ്പോള്‍ ആദിവാസിപ്രേമം മൂത്തിട്ടാവാനും സാദ്ധ്യതയുണ്ട്. ആദിവാസി എ.സി.യില്‍ഡ കിടന്ന് വിറച്ച് ചത്തുപോകരുതല്ലോ. ഒടുക്കം വായില്ലാക്കുന്നിലപ്പനെപ്പോലെ ആദിവാസിയെ പാറപ്പുറത്ത് പ്രതിഷ്‌ഠിക്കാന്‍ നടത്തിയ ശ്രമം സുപ്രീംകോടതി ഏസ് യൂഷ്വല്‍ ചുരുട്ടി ചവറ്റുകുട്ടയിലിടുകയാണ് ചെയ്‌തത്. അങ്ങനെ ഭാഗ്യത്തിന് ആദിവാസികളുടെ ലാസ്‌റ്റ് സപ്പര്‍ ഒഴിവായിക്കിട്ടി.
മഞ്ഞില്‍ കുളി കഴിഞ്ഞീറന്‍മുടിയുമായി നിന്ന സഹ്യന്റെ സൗന്ദര്യധാമത്തിന്റെ നിമ്‌നോന്നതങ്ങളില്‍ ആദ്യം കയറിയിറങ്ങിയത് സായിപ്പാണ്. ബലാല്‍സംഗത്തിന് വേണമെങ്കില്‍ നാട്ടുനടപ്പുപ്രകാരം നാല്‌പതടി സായിപ്പിന് കൊടുക്കാം. എന്നാല്‍ കൊലക്കുറ്റത്തിന് മരണംവരെ തൂക്കിലിടേണ്ടത് മാറിമാറി ഭരിച്ച യോഗ്യന്‍മാരെയാണ്. സായിപ്പിന്റെ കുഞ്ഞിക്കാലാണ് ആദ്യം മുന്നാറിലെത്തിയതെങ്കിലും ഒരു ഒറ്റ നില വീടുപോലും സായിപ്പ് അവിടെ പണിതില്ല. ഭാവിയിലേക്കുള്ള വന്‍നേട്ടമായി പിന്നീട് മാറിയ തേയിലതോട്ടമല്ലാതെ. ഒരൊറ്റ ആദിവാസിയെയും സായിപ്പ് ചവുട്ടിയിറക്കിയതുമില്ല.
സകലവകുപ്പില്‍ പെട്ട ഉദ്യോഗസ്ഥന്‍മാരും കൈയ്യേറാന്‍ പറ്റാവുന്നിടത്തോളം കൈയ്യേറിയുട്ടുണ്ടെന്നാണ് മാധ്യമസിണ്ടിക്കേറ്റുകാര്‍ പറയുന്നത്. പീഡനക്കേസില്‍ പ്രതിയായ ഒരുദ്യോഗസ്ഥന്‍ പന്ത്രണ്ടേക്കറിനെയാണ് ഇപ്പോ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ആദിവാസികളുടെ നെഞ്ഞിനുനേരെ ഗര്‍ജിച്ച ആ തോക്കുകളൊന്നും എന്തേ ഇപ്പോളൊരു അത്യാവശ്യം വന്നപ്പോള്‍ ഓരിയിടുക കൂടി ചെയ്യാത്തത്? മൂന്നാര്‍ മുന്നേറേക്കര്‍ മോചനത്തിനുപോയ മുക്തിബാഹിനികള്‍ ഒഴിപ്പിക്കാന്‍ കണ്ടത് നാലു ബീന്‍സ് ചെടികളാണ്. റിസോര്‍ട്ടുകള്‍ കാണുവാന്‍ ശേഷിയുള്ള ഭൂതക്കണ്ണാടി തല്‌ക്കാലം നിലവിലില്ല.
മലമുകളില്‍ ഒരു കുരിശ് ഏഷ്യാനെറ്റ് എടുത്തെടുത്ത് കാണിച്ചു. അതെന്തുകൊണ്ടെടുത്തു കളയുന്നില്ലെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിനുള്ള ഉദ്യോഗസ്ഥമറുപടിയാണ് സമ്മാനാര്‍ഹം. മതപരമായ ചിഹ്നമായതുകൊണ്ട് അതത്ര എളുപ്പമല്ലെന്നായിരുന്നു പ്രതികരണം. അതായത് ആദിവാസി ജോഗിയുടെ തലപിളര്‍ന്ന് ലോകസമാധാനം സ്ഥാപിച്ച തോക്ക് ഇവിടെയെടുത്താല്‍ മതേതരത്വത്തിന്റെ മേല്‍ക്കൂര നിലംപൊത്തിപ്പോകും.
ഇതാണ് മതേതരത്വമാണെങ്കില്‍ മാനവകുലം കണ്ട എക്കാലത്തെയും മഹാവിഡ്ഡികളായിരിക്കും മലയാളികള്‍.സര്‍ക്കാര്‍ ഭൂമി കൈയ്യേറി നാട്ടിയ കുരിശ് ഏതായാലും കര്‍ത്താവിന്റേതാകാന്‍ വഴിയില്ല. ചെകുത്താന്റേതാണെന്ന് ഉറപ്പായ സ്ഥിതിക്ക് ചവുട്ടി മറിച്ചിടാന്‍ കാലുപൊങ്ങാത്ത മന്തുകാലികള്‍ സാത്താന്റെ സന്തതിപരമ്പരയില്‍ പെട്ടതാവാനേ വഴിയുള്ളൂ. അച്ചുതാനന്ദന്‍ ആദ്യം പടിയടച്ച് പിണ്ഡം വെക്കേണ്ടത് ഖജനാവിന് കാവലിരിക്കുന്ന 30 വെള്ളിക്കാശിന് നാടിനെ ഒറ്റുകൊടുക്കുന്ന ഈ യൂദാസുകളെയാണ്.
അടിവസ്‌ത്രം കൈയ്യേറി തന്ത്രപ്രധാനമേഖലകളില്‍ ആക്രമണം അഴിച്ചുവിടുന്ന ഉറുമ്പിനെ ഒഴിപ്പിക്കാന്‍ ഗണപതിഹോമം നടത്തിയതുകൊണ്ടുകാര്യമില്ല. അങ്ങിനെതന്നെ ഊരിയെടുത്ത് തിളക്കുന്ന വെള്ളത്തിലിട്ട് ഉറുമ്പിനെക്കൊന്ന് സംഗതി തിരിച്ചുപിടിക്കുകയാണ് ഏകമാര്‍ഗം. "ദുഷ്ടുകിടക്കെ വരട്ടും വ്രണമതു പൊട്ടും
പിന്നെയൊരു സമയത്തില്‍" ന്നാണ് കുഞ്ചന്‍ പറഞ്ഞത്. അതുകൊണ്ട് സകല ദുഷ്ടന്‍മാരെയും നിഗ്രഹിച്ച് തിരിക്കാന്‍ കെല്‌പുള്ള ഒരു രാജര്‍ഷി (രാജൂനാരായണസ്വാമി - ഋഷിരാജ്) ടീമിനെതന്നെയാണ് അച്ചുതാനന്ദന്‍ അയക്കുക എന്നാണ് ജനവിശ്വാസം. ആശ്വാസവും. ടീമിന് അഭിവാദ്യങ്ങള്‍ ഇന്‍ അഡ്വാണ്‍സ്. കൂടെവിടുന്നത് വാഴക്കൈ ഒടിയുമ്പോള്‍ ഓടിയകലുന്ന ലന്തത്തോക്കുകാരെയായിരിക്കരുത് എന്നുമാത്രം.
9 comments:
മുടിയുടെ ഭംഗി നഷ്ടപ്പെടാതെ തലമൊട്ടയടിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റമാണ് സൈലന്റ് വാലിയില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വനം കൊള്ളയടിച്ചും മണ്ണുമാന്തിയും റിസോര്‍ട്ടുകള്‍ പണിതും ഇതിനകം തലമൊട്ടയായ മുന്നാറിന് ആദ്യമായി അനുയോജ്യമായ ഒരു വിഗ് വച്ചുപിടിപ്പിക്കും. നമ്മുടെ മെഗാസ്‌റ്റാറുകളുടെ സൗന്ദര്യം മുടിയോ അതോ വിഗ്ഗോ? പിന്നെ ബോളിവുഡ് നടിമാരൊക്കെ ചെയ്യുന്നപോലെ കുറഞ്ഞുപോയത് വച്ചുപിടിപ്പിച്ചും കൂടിപ്പോയത് ചെത്തിമിനുക്കിയും ഒരു പാരിസ്ഥിതിക ശസ്‌ത്രക്രിയ. അതുകഴിഞ്ഞ് ആര്‍ട്ടിഫിഷ്യല്‍ മിസ്റ്റ് ക്രിയേഷന്‍.
ദിവ്യന്മാരുടെ കോട്ടപൊളിക്കാന്‍ രാജര്‍ഷിമാര്‍ക്കു കഴിയുമോ എന്നു കാത്തിരുന്നു കാണാം..
നല്ല ലേഖനം മാഷേ..
“എക്കോ“ ടൂറിസം എന്നും പറഞ്ഞ് “ഏമ്പക്കം” വിട്ട് നടക്കണ രാഷ്ട്രീയക്കരുടേ നാടല്ലേ :(
"സര്‍ക്കാര്‍ ഭൂമി കൈയ്യേറി നാട്ടിയ കുരിശ് ഏതായാലും കര്‍ത്താവിന്റേതാകാന്‍ വഴിയില്ല. ചെകുത്താന്റേതാണെന്ന് ഉറപ്പായ സ്ഥിതിക്ക് ചവുട്ടി മറിച്ചിടാന്‍ കാലുപൊങ്ങാത്ത മന്തുകാലികള്‍ സാത്താന്റെ സന്തതിപരമ്പരയില്‍ പെട്ടതാവാനേ വഴിയുള്ളൂ.....“
വളരെ ശക്തമായ എഴുത്ത്. നന്നായി.
Good work.Kerala need more guys like Nithyan.
നിത്യാ.എന്തൊക്കെയോ പൊട്ടിത്തകരുന്നുണ്ടു. ശരിയാകും അല്ലേ ?
അല്ല കാമ്പുള്ള ലേഖനം. ഇറങ്ങാനുള്ളവര്‍ ഇറങ്ങി കഴിഞ്ഞു...ഇനിയെന്ത് എന്ന് നോക്കിയിരിന്നു കാണാം അല്ലെ?
എല്ലാപ്രതികരണങ്ങള്‍ക്കും നന്ദി. വില്‍സാ പൊട്ടിത്തകരലും പൊളിച്ചടക്കലും തുടങ്ങിയതേയുള്ളൂ. ചില കാര്യങ്ങള്‍.
സി.പി.ഐയും എമ്മും രണ്ടുവശത്തുനിന്നും വി.എസിനെ വരിയുന്നു. സി.പി.ഐയുടെ ഓഫീസ് കൈയ്യേറ്റ ഭൂമിയിലാണെന്നു ജനം അറിഞ്ഞശേഷം അവരുടെ ഇമേജ് തീപ്പെട്ടി കണ്ട എലിബാണംപോലെ നേരെ കുത്തനെ ഉയര്‍ന്നു. ഇപ്പോള്‍ ഭൂരിഭാഗം കൈയ്യേറ്റവും നായനാര്‍ സര്‍ക്കാരിന്റെ കാലത്താണെന്നും വന്നു. വകുപ്പമന്ത്രി സി.പി.ഐ കോമ്രേഡും.
വേലിക്കകത്ത് ശങ്കരന്‍ (വി.എസ്) അച്ചുതാനന്ദന്‍ വേലിക്കുപുറത്ത് ശങ്കരന്‍ അച്ചുതാനന്ദനായി വളര്‍ന്നപ്പോഴാണ് മുഖ്യമന്ത്രിയായത്. കേഡര്‍ പാര്‍ട്ടി രീതിയില്‍ നിന്നും സി.പി.ഐ.എം അസ്സല്‍ ജനാധിപത്യ പാര്‍ട്ടിയായി മാറുന്നതില്‍ വി.എസ്. അറിഞ്ഞോ അറിയാതെയോ നല്ല പങ്ക് വഹിച്ചു. അല്ലെങ്കില്‍ പാര്‍ട്ടി ജനറല്‍ സിക്രട്ടറിക്ക് തീരുമാനം മാറ്റിക്കുറിക്കേണ്ടിവരുമായിരുന്നില്ല. പണ്ടത്തെ പാര്‍ട്ടിയാണെങ്കില്‍ താമസംവിനാ നല്ലൊരു കയറുമെടുത്ത് സിക്രട്ടറി കശുമാവിലേക്ക് മാര്‍ച്ച് ചെയ്യേണ്ടതായിരുന്നു. അതുണ്ടായില്ല.
ജനാഭിലാഷം മാനിക്കുവാന്‍ പാര്‍ട്ടി നിര്‍ബന്ധിക്കപ്പെട്ടവിവരം സസന്തോഷം കടലാസുകള്‍ വഴി ജനത്തെ അറിയിക്കുകയും ചെയ്‌തു. നേതാക്കളുടെ താത്‌പര്യം തല്‌ക്കാലം അങ്ങിനെയാണ് തട്ടുമ്പൂറത്തെത്തിയത്. അതു തിരിച്ചറിയാനുള്ള ബുദ്ധി ഏതായാലും വി.എസിനുണ്ടെന്നു തോന്നുന്നു.
മുന്നാറിലെ മൂന്നംഗസേനയോടും അച്ചുതാനന്ദനോടുമൊപ്പം കയ്യേറ്റക്കാരൊഴിച്ചുള്ള മലയാളികള്‍ മൊത്തമുണ്ടെന്ന തിരിച്ചറിവ് വി.എസിനെ മുന്നാറില്‍ മുന്നോട്ടുതന്നെ നയിക്കാനാണ് സാദ്ധ്യത. ഇനി ജനമനസ്സുകളില്‍ നിന്നുമിറങ്ങി ദ്രവിച്ച കസാരയിലേക്കും ചരിത്രത്തില്‍ നിന്നിറങ്ങി ചവറ്റുകുട്ടയിലേക്കുമാണ് യാത്രയെങ്കില്‍ നല്ലത് വിജയമന്ത്രം ശ്രവിക്കുകയാണ്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ജനാധിപത്യവല്‍ക്കരിക്കാന്‍ കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ കാണിക്കുന്ന ഉത്സാഹം ശ്ലാഘനീയമാണു. സി.പി.എം ഒരു പക്കാ സ്റ്റാലിനിസ്റ്റ് കക്ഷിയാണു. അതു തകരണം. പറ്റുമെങ്കില്‍ അതു വി.എസ്സിന്റെ കൈ കൊണ്ട് തന്നെ വേണം. അദ്ദേഹത്തോളം ഒരു സ്റ്റാലിനിസ്റ്റ് അടുത്ത കാലത്തൊന്നും ആ പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല. ഞാന്‍ പറയുന്നതല്ല. ഒരു അഞ്ചെട്ടു വര്‍ഷം മുമ്പ് പത്രം പറഞിരുന്നതാണു. എന്നിട്ട് വേണം അച്ചുതാനന്ദനു ഗോര്‍ബ്ബച്ചേവിന്റെ സ്ഥാനം കൊടുത്ത് ആദരിക്കേണ്ടത്. എന്നാ തുടങുകയല്ലേ?
Post a Comment