April 26, 2007

ഇനി രാഹുകാലം - ഒരു സര്‍ദാര്‍ജി ഫലിതം

ആദിയില്‍ വചനമുണ്ടായി. പിന്നീടാണ്‌ പ്രവൃത്തി. ഉത്തരപ്രദേശത്ത്‌ ഇപ്പോള്‍ വചനങ്ങളുടെ പെരുമഴക്കാലമാണ്‌. രാഹുലിന്റെ വചനാമൃതപ്രവാഹത്തില്‍ യാദവകുലം ഒലിച്ച്‌ യമുനയിലെത്തുമോ അതോ സ്വന്തം നാവിന്‍ തുമ്പിലെ ഗുളികകടാക്ഷം കൊണ്ട്‌ വടക്കന്‍ ടോമിന്റെ മഹാത്യാഗിയായ മാഡവും ഭഗത്സിങ്ങിന്റെ പിന്‍മുറക്കാര്‍ക്ക്‌ സര്‍ദാര്‍ജി ചൂണ്ടിക്കാട്ടിക്കൊടുത്ത പിടിവള്ളിപുത്രനും പെരുവഴിയിലാകുമോ എന്നേ ഇനി അറിയേണ്ടൂ.

ശെയ്‌ത്താന്‍ കണ്ണില്‍ ടോര്‍ച്ചടിക്കുമ്പോള്‍ മാലാഖമാര്‍ക്ക്‌ ഉറക്കം കിട്ടുകയില്ല. ഉത്തരദേശത്തെ വിലക്കപ്പെട്ട കനി വിഡ്ഡികള്‍ ഭുജിക്കുന്നതിനും മുന്നേ സാത്താനെ ഓടിക്കണം. ദേശം വടക്കാവു മ്പോള്‍ പറ്റിയത്‌ പൂരപ്പാട്ടാണ്‌. വായില്‍ തോന്നിയത്‌ കോതമാര്‍ പാടിയാല്‍ മതി. ജനകോടികളുടെ സാക്ഷരതാ നിലവാരം ദാരിദ്ര്യരേഖക്കും പത്തുമീറ്റര്‍ താഴെയായതുകൊണ്ട്‌ രണ്ടാമതൊന്നാലോ ചിക്കേണ്ടതില്ല.

ഒരൊറ്റ പൂവും പരിമളം പരത്താത്ത പ്രദേശമാണ്‌ അറേബ്യ. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച സുഗന്ധ ദ്രവ്യങ്ങളാകട്ടെ അവിടെനിന്നുമാണ്‌ വരുന്നത്‌. രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയി ല്ലാത്തവരാണ്‌ വടക്കേ ഇന്ത്യയിലെ മഹാഭൂരിപക്ഷവും. അസ്ഥിക്ക്‌ തുല്യം കോടികളുടെ ആസ്ഥിയി ല്ലാത്ത ഒരൊറ്റ നേതാവും അവിടെയില്ലതാനും. ഉലക്ക കൈയ്യില്‍ കിട്ടിയാല്‍ അതിന്റെ മുകളില്‍ നിന്നും പാന്തം പൊളിക്കാന്‍ നോക്കുന്നവരാണ്‌ നേതാക്കന്‍മാര്‍. ഉലക്കകൊണ്ട്‌ കോണകം കെട്ടാന്‍ തിരി ക്കുന്നവര്‍ അണികളും.

ഉത്തര്‍പ്രദേശും ബീഹാറും ഉപ്പുവെള്ളം കയറിയ പുഞ്ചകൃഷി പോലെയായപ്പോള്‍ ഇരുമെയ്യാണെങ്കിലു മൊരൊറ്റകരളായ ലാലുമുലയയാദവന്‍മാര്‍ വിലങ്ങനെ വളര്‍ന്നതാണ്‌ എടുത്തുപറയാവുന്ന ഏകനേട്ടം.

ഒരു നമ്പൂതിരി ഫലിതമുണ്ട്‌. തന്നെ മുഖംകാണിക്കാന്‍ വന്ന വാല്യക്കാരന്‍ രാമനോട്‌ നമ്പൂതിരി ചോദി ച്ചു `നീയ്യേ സിദ്ധികൂടിയത്‌ അതോ നിന്റെ ഏട്ടനോ`. `അടിയന്‍ തന്നെ തിരുമേനീ` എന്നായിരു ന്നു രാമന്റെ മറുപടി. `ഭേഷ്‌` എന്ന്‌ നമ്പൂതിരിയും. ഒന്നൊന്നര ബുദ്ധിയുള്ള ആ നമ്പൂതിരിയും കാര്യസ്സനും പിന്നീടവതരിച്ചത്‌ മന്ദബുദ്ധികളായ കോണ്‍ഗ്രസുകാരായിട്ടായിരിക്കും.

ഹൈക്കമാണ്ടിന്റെയും വക്താവിന്റെയും ജനനം അങ്ങിനെയാവാനേ വഴിയുള്ളൂ. പൂന്താനത്തിന്റെ പരിണാമസിദ്ധാന്തപ്രകാരം പുലി ചത്ത്‌ എലിയായിടും. നരി ചത്ത്‌ നാറിയുമായിടും. മാഡവും മകനും കൂടി അതപ്പടി സത്യമാണെന്നു തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്‌. ‌

ഒരു വിവേകശാലിയുടെ നാവ്‌ ഹൃദയത്തിലും വിവരദോഷിയുടെ ഹൃദയം നാവിന്‍ തുമ്പിലുമാണ്‌ സ്ഥിതി ചെയ്യുക. ജനിതകശാസ്‌ത്രപ്രകാരം ഗാന്ധി ദ ഗ്രേറ്റുമായി പാശം വല്ലതും ഉണ്ടോ? കുച്ച്‌ നഹി. എങ്കിലും കൊട്ടമുള്ളില്‍ കുടുങ്ങിയ ഖദര്‍ഷാളുപോലെ മഹാത്മാ ഗാന്ധി നടുവെപിളര്‍ന്ന്‌ ഗാന്ധിഭാഗം ആനന്ദഭ വനത്തില്‍ കുടുങ്ങി. മഹാത്മാവാകണമെന്ന നിര്‍ബന്ധമൊന്നും ആനന്ദഭവനക്കാര്‍ക്കുണ്ടായിരുന്നില്ല. സാദാ ഗാന്ധിയായിക്കിട്ടിയാല്‍ തന്നെ ധാരാളം. അതുകൊണ്ട്‌ നെഹറുകുടുംബം ഗാന്ധി ബ്രാന്റ്‌ായി. കുടുംബത്തിലെ തൊഴിലില്ലായ്‌മ അന്നവസാനിക്കുകയും ചെയ്‌തു. ആനന്ദഭവനം ആ...ന...ന്ദ നടനമാടിനാന്‍.

സര്‍ക്കാര്‍ ഭൂമി ടാറ്റ കൈയ്യേറി എന്നുകേട്ടപ്പോള്‍ ഒരാളുടെ പ്രതികരണം 'ടാറ്റ അങ്ങിനെ ചെയ്യോ' എന്നായിരുന്നു. ഗാന്ധിപോലുള്ള ഒരു ബ്രാന്റായിരുന്നു അതും. ജാംഷഡ്‌ജി ടാറ്റയായിരുന്നെങ്കില്‍ അതുചെയ്യുമായിരുന്നില്ല എന്ന ജനവിശ്വാസത്തിന്റെ പ്രതിഫലനമാണത്‌. ഒപ്പം ജാംഷഡ്‌ജി ടാറ്റയുടെ മകനാണ്‌ രത്തന്‍ ടാറ്റ അഥവാ രത്തന്‍ ടാറ്റ കുടുംബമാണ്‌ എന്ന ഇന്ദിരാഗാന്ധിയന്‍ അന്ധവിശ്വാസവും.

സത്യവും അഹിംസയും എന്റെ ദൈവങ്ങളാണെന്ന്‌ മഹാത്മാഗാന്ധി പ്രഖ്യാപിച്ചു . പ്രഖ്യാപനം വാക്കിലൊതുങ്ങിയില്ല. സ്വാഭാവികമായും മരുന്നിനുപോലും ഒരൊറ്റയെണ്ണം ഗാന്ധിക്കുടുംബത്തില്‍ നിന്ന്‌ ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തിയതുമില്ല. സത്യവും അഹിംസയും എന്റെ പിശാചുക്കളാണെന്ന്‌ ഫെയ്‌ക്‌ ഗാന്ധിമാര്‍ പ്രഖ്യാപിച്ചില്ലെന്നേയുള്ളൂ. മഹാനും മക്കുണവും തമ്മിലുള്ള വ്യത്യാസമാണത്‌.

ഇനിയെന്നാണാവോ ഇന്ത്യക്കാര്‍ രാഹുല്‍ പറഞ്ഞ ആ മഹാസത്യം മനസ്സിലാക്കുക. `മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവയ്‌ക്കാത്ത ഒരു കുടുംബത്തില്‍ നിന്നുമാണ്‌ എന്റെ വരവ്‌. എന്റെ കുടുംബത്തില്‍ ഏതെങ്കിലും ഒരുത്തന്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചുവെങ്കില്‍ അതുനടപ്പിലാക്കുകതന്നെ ചെയ്യും. സ്വാതന്ത്ര്യസമരമാകട്ടെ പാക്കിസ്ഥാന്റെ വിഭജനമാകട്ടെ അല്ലെങ്കില്‍ ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക്‌ നയിക്കുന്നതിലാകട്ടെ.............`

സൈക്കളോട്ടക്കാരന്റെ വാക്കുകളൊന്നുമല്ല. ഒരു ദേശീയ നേതാവിന്റെ വചനപ്രഘോഷണങ്ങളായ തുകൊണ്ട്‌ ഗൗരവത്തോടെ കാണണം. കൂടാതെ ഭാവിഭാരതത്തിന്‌ ഇനി ആകെയുള്ളൊരു പ്രതീക്ഷ രാഹൂലാണെന്ന്‌ 'നമ്പൂതിരിയുടെ കാര്യസ്സന്‍' പ്രഖ്യാപിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌ ആരും തന്നെ ഇതൊരു സര്‍ദാര്‍ജി ഫലിതമായെടുത്ത്‌ ചിരിച്ചുതള്ളിക്കളയരുത്‌.

മൂപ്പരുടെ കുടുംബം വിചാരിച്ചതുകൊണ്ടാണ്‌ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം തൊട്ടിങ്ങോളം എത്രയെത്ര എണ്ണമാണ്‌ ബ്രിട്ടീഷുകാരുടെ കൈകൊണ്ട്‌ ആ കുടും ബത്തില്‍ നിന്നും വടിയായത്‌? ആരും അതൊന്നും ആലോചിക്കുകയില്ല. എത്രയെത്ര ആളുകളെയാണ്‌ ആനന്ദഭവനത്തില്‍ നിന്നും പിടിച്ചുകൊണ്ടുപോയി സായിപ്പ്‌ തൂക്കിക്കൊന്നത്‌? ഉണ്ട തീരുവോളം വെടിവെച്ചുകൊന്നത്‌? ഉണ്ടതീര്‍ന്നുപോയപ്പോള്‍ തല്ലിക്കൊന്നത്‌? രാജ്യത്തിനൊരത്യാവശ്യം വന്ന പ്പോള്‍ ഗാന്ധിയുടെ പേരു കണ്ടുകെട്ടി സ്വന്തം വാലറ്റത്ത്‌ ചേര്‍ത്തു. ആദ്യമായി തന്റെ കിരീട ധാരണം ഉറപ്പുവരുത്തിക്കൊടുത്തതിനുള്ള കൂലി വരമ്പത്തുനിന്നുതന്നെ കൊടുത്തു.

കേരളത്തിലെ ഇ.എം.എസ്‌ മന്ത്രിസഭയെ കാലപുരിക്കയച്ചുകൊടുത്ത്‌ അക്‌്‌നോളജ്‌മെന്റ്‌ കൈയ്യില്‍ കിട്ടുന്നതുവരെ നെഹറുവിന്റെ ഉറക്കം കെടുത്തി. അടുത്ത ദശകത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം മൊത്തം ഇന്ത്യക്കാര്‍ക്ക്‌ ബോദ്ധ്യപ്പെടുത്തിക്കൊടുത്തു. സ്വാതന്ത്ര്യത്തിന്റെ പ്രവാചകനുള്ള തിലോദകമായി അടിയന്തിരാവസ്ഥ. സ്വാതന്ത്ര്യവും ജനാധിപത്യവും സ്വകുടുംബ ത്തിനുമാത്രമായി നിജപ്പെടുത്തി. ബാക്കിയുള്ളവരുടെ ജീവന്‍ ദേശസാല്‍ക്കരിച്ചു. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. ജീവിക്കാനുള്ള അവകാശം തല്‌ക്കാലം ചത്തവര്‍ക്കുമാത്രമേയുള്ളൂവെന്ന അത്യുഗ്രന്‍ നീതിബോധം നടപ്പിലാക്കി. അയല്‍പക്കത്തെ കുടുംബം കലക്കി എന്ന്‌ നാലാളെക്കൊണ്ട്‌ പറയി ക്കുന്നതിലും വലിയൊരഭിമാനം പേരുകേട്ട തറവാട്ടുകാര്‍ക്ക്‌ പിന്നെ ലഭിക്കുവാനുമില്ല. കുടുംബകിരീട ത്തിലെ ഒരു പൊന്‍തൂവലായി ബംഗ്ലാദേശ്‌ വിളങ്ങിനിന്നീടുമ്പോള്‍ നിലയ്‌ക്കാത്ത അഭയാര്‍ത്ഥി പ്രവാഹം ബംഗാളിന്റെ കുഷ്‌ഠമായും പരിലസിക്കുന്നു.

ഒടുവിലായി ഇനി 21ാം നൂറ്റാണ്ടിലേക്ക്‌ കൈപിടിച്ച്‌ ഇന്ത്യയെ നടത്തിക്കേണ്ട എന്നോ മറ്റോ പണ്ട്‌ കുടുംബയോഗത്തില്‍ തീരുമാനിച്ചു പോയിരുന്നെങ്കില്‍ എന്തായിരുന്നു ഇന്ത്യയുടെ ഭാവി എന്നാരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇരുപതാം നൂ്‌റ്റാണ്ടിന്റെ ഒടുക്കത്തെ രാത്രിയില്‍ ഒരു വലിയ ഉരുളന്‍ കല്ല്‌ കാലചക്രം ഭാരതാംബയുടെ മൂര്‍ദ്ദാവില്‍ ഇട്ട്‌ കഥ കഴിക്കൂമായിരുന്നു. ആരുണ്ടിതൊക്കെ ഓര്‍ക്കാന്‍.

ഉഗാണ്ടയിലെ ഈഡിഅമീന്‍ ഒരു നാള്‍ മന്ത്രിയെ വിളിച്ചു കല്‌പിച്ചു - രാജ്യം നാളെത്തൊട്ട്‌ എന്റെ പേരില്‍ ഈഡി എന്നറിയപ്പെടണം. ഞെട്ടിപ്പോയ മന്ത്രി ഒന്നാലോചിച്ചു, പിന്നെ പറഞ്ഞു. പ്രഭോ ലോകത്ത്‌ സൈപ്രസ്‌ എന്നൊരു രാജ്യമുണ്ട്‌ അവിടുത്തെ ആളുകള്‍ അറിയപ്പെടുക സൈപ്രിയട്‌സ്‌ എന്നാണ്‌. അങ്ങിനെ വരുമ്പോള്‍ നാളെ ഇവിടത്തുകാര്‍ അറിയപ്പെടുക ഈഡിയറ്റ്‌സ്‌ എന്നായിരിക്കും. അങ്ങിനെയാണ്‌ ഉഗാണ്ട ഈഡിയായി മാറാതിരുന്നത്‌. ഇന്ത്യയെന്നാല്‍ ഇന്ദിരയും ഇന്ദിരയെന്നാല്‍ ഇന്ത്യയും ആണെന്ന ഉത്തമബോദ്ധ്യം പണ്ടു കോണ്‍ഗ്രസുകാര്‍ക്കുണ്ടായിരുന്നു. ഈഡി അമീന്‍മാര്‍ക്കാവട്ടെ യാതൊരു കുറവുമുണ്ടായിരുന്നതുമില്ല. എന്നിട്ടും എന്തോ ഭാഗ്യത്തിന്‌ രാജ്യത്തിന്റെ പേരുമാറിയില്ല. നമ്മള്‍ ഇന്ദ്രിയന്‍സ്‌ എന്നറിയപ്പെട്ടതുമില്ല. ഇതെല്ലാം ജനത്തെ ഓര്‍മ്മിപ്പിക്കാന്‍ ഇപ്പോ അമേഠിയിലെ അമാനുഷന്‍ തന്നെ വേണ്ടിവന്നു.

അതുകൊണ്ടൊക്കെത്തന്നെയാണ്‌ ഭാരതത്തിന്റെ ഭാവി സര്‍ദാര്‍ജി രാഹുലില്‍ ചൂണ്ടിക്കാട്ടിക്കൊ ടുത്തത്‌. ഇനി രാഹുകാലം.

'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' മുഴുവന്‍ സത്യമാണ്‌. എന്നാല്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയാനുള്ളതല്ലെന്ന വലിയ അറിവുള്ളതുകൊണ്ടാണ്‌ ചില സത്യങ്ങള്‍ അതില്‍പെടാതെ പോയത്‌. അതിലൊന്നാണ്‌ ഇന്ദിരാപ്രിയദര്‍ശിനി എങ്ങിനെ ഇന്ദിരാഗാന്ധിയായി എന്ന സത്യം - ഇന്ദിരാപ്രിയദര്‍ശിനിയെന്ന കാശ്‌മീരി ബ്രാഹമണപുത്രി കെട്ടാന്‍പോകുന്ന ഫിറോസ്‌ ഘണ്ടി എന്ന മുസ്ലീം യുവാവിനെ മാമോദീസമുക്കി ഘണ്ടിയെ ഗാന്ധിയാക്കിയ സത്യം. മറ്റൊരു സത്യം മൂപ്പരുടെ ചെറുമകന്‍ തന്നെ വിറ്റ്‌ കാശാക്കുന്നുണ്ട്‌ - മഹാത്മജിക്ക്‌ ബംഗാളി കലാകാരിയും മഹാകവി ടാഗോറിന്റെ ബന്ധുവുമായിരുന്ന സരളാ ദേവിയുമായുണ്ടായിരുന്ന വിവാഹേതരപ്രണയത്തിന്റെ ചരിത്രം.

മഹാന്‍മാര്‍ സത്യമാണ്‌ പറയുക. എന്നാല്‍ എല്ലാസത്യങ്ങളും വിളിച്ചുപറയുവാനുള്ളതല്ല എന്ന ഉത്തമബോദ്ധ്യം അവര്‍ക്കുണ്ടാവുകയും ചെയ്യും. സരസ്വതീവിളയാട്ടം കൊണ്ട്‌ രാഹുല്‍ മഹാനാവുന്ന ലക്ഷണമേതായാലും ഇല്ല. ലക്ഷ്‌മീ കടാക്ഷം കൊണ്ട്‌ ലക്ഷ്‌മീ മിത്തലാവുകയല്ലാതെ ആരും ഇന്നോളം മഹാനായിട്ടില്ല. ഇനി മഹാനായേ അടങ്ങൂ എന്നാണെങ്കില്‍ ഒരൊറ്റ വഴിയുണ്ട്‌. സ്വസ്ഥമായി ഇരിക്കുമ്പോള്‍ എല്ലാ മനുഷ്യരും മഹാന്‍മാരാണ്‌ എന്നോതോ മഹാന്‍ പറഞ്ഞിട്ടുണ്ട്‌. പണ്ട്‌ മാതാമഹിയും അതുതന്നെയാണ്‌ പറഞ്ഞത്‌ - നാവടക്കൂ പണിയെടുക്കൂ എന്ന്‌.

10 comments:

നിത്യന്‍ said...

ഒരു നമ്പൂതിരി ഫലിതമുണ്ട്‌. തന്നെ മുഖംകാണിക്കാന്‍ വന്ന വാല്യക്കാരന്‍ രാമനോട്‌ നമ്പൂതിരി ചോദി ച്ചു `നീയ്യേ സിദ്ധികൂടിയത്‌ അതോ നിന്റെ ഏട്ടനോ`. `അടിയന്‍ തന്നെ തിരുമേനീ` എന്നായിരു ന്നു രാമന്റെ മറുപടി. `ഭേഷ്‌` എന്ന്‌ നമ്പൂതിരിയും. ഒന്നൊന്നര ബുദ്ധിയുള്ള ആ നമ്പൂതിരിയും കാര്യസ്സനും പിന്നീടവതരിച്ചത്‌ മന്ദബുദ്ധികളായ കോണ്‍ഗ്രസുകാരായിട്ടായിരിക്കും.

പൊതുവാള് said...

നിത്യാ,
ഇഷ്ടപ്പെട്ടു കേട്ടോ.:)

kaithamullu - കൈതമുള്ള് said...

നിത്യാ,
ഇനിയും അപ്രിയസത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയൂ;
ആര് കേട്ടാലുമില്ലെങ്കിലും.

ഏറെക്കാലത്തിനു ശേഷം വായിച്ച നല്ല ഒരവലോകനം.

-ഇഷ്ടായി, പെരുത്തിഷ്ടായി!!

Moorthy said...

നന്നായിട്ടുണ്ട്...
qw_er_ty

കുട്ടുമന്‍ മടിക്കൈ said...

ഇനിയെന്നാണാവോ ഇന്ത്യക്കാര്‍ രാഹുല്‍ പറഞ്ഞ ആ മഹാസത്യം മനസ്സിലാക്കുക. `മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവയ്‌ക്കാത്ത ഒരു കുടുംബത്തില്‍ നിന്നുമാണ്‌ എന്റെ വരവ്‌. എന്റെ കുടുംബത്തില്‍ ഏതെങ്കിലും ഒരുത്തന്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചുവെങ്കില്‍ അതുനടപ്പിലാക്കുകതന്നെ ചെയ്യും. സ്വാതന്ത്ര്യസമരമാകട്ടെ പാക്കിസ്ഥാന്റെ വിഭജനമാകട്ടെ അല്ലെങ്കില്‍ ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക്‌ നയിക്കുന്നതിലാകട്ടെ.............`

ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍, ഇനിമുതല്‍ ഭാരതത്തിന്ന് രാഹുകാലം തന്നെ. സംശയമില്ല.
കരുണാകരനെയും മകനെയും ഓര്‍ത്തുപോയി.
വളരെ നന്നായിട്ടുണ്ട്, കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.

വേണു venu said...

നിത്യാ, നന്നായെഴുതിയിരിക്കുന്നു. ഇഷ്ടപ്പെട്ടു.:)

കുറുമാന്‍ said...

നിത്യന്‍ ജി........സത്യം ആദ്യം കൈക്കും, പിന്നെ മധുരിക്കും......താങ്കളുടേ ഈ ലേഖനം അതി മനോഹരം.........നമ്പൂരിയുടേം, കാര്യസ്ഥന്റേയും ഉപമ കലക്കി :)

വക്കാരിമഷ്‌ടാ said...

നല്ല നിത്യായനം.

എങ്കിലും രാഹുല്‍‌ജിയുടെ എളിമയും വിനയവും നമ്മള്‍ അംഗീകരിച്ചേ പറ്റൂ. എനിക്ക് വേണമെങ്കില്‍ ഇരുപത്തഞ്ചാം വയസ്സിലേ ഇന്ത്യന്‍ പ്രധാനമന്ത്രിയാവാമായിരുന്നു എന്നല്ലേ അദ്ദേഹം പറഞ്ഞുള്ളൂ. നമ്മുടെ ഭരണഘടനയോട് അത്രയ്ക്ക് ബഹുമാനമില്ലായിരുന്നെങ്കില്‍ വേണമെങ്കില്‍ പതിനെട്ടാം വയസ്സിലോ അതിനു മുന്‍‌പേ തന്നെയോ ഞാന്‍ പ്രധാനമന്ത്രിയായേനെ എന്നദ്ദേഹത്തിനു പറയാമായിരുന്നല്ലോ. അദ്ദേഹം ഒന്ന് മൂളിയാല്‍, ഭരണഘടന മൊത്തത്തില്‍ തന്നെ കാല്‍‌ക്കല്‍ വെച്ചുകൊടുക്കാന്‍ തയ്യാറായി എത്രപേരാണ് നില്‍‌ക്കുന്നത്. എന്നിട്ടും...

G.manu said...

hi nithyanji..another thought provoking articlle

നിത്യന്‍ said...

വക്കാരിമഷ്ടാ പ്രതികരണം വായിച്ചപ്പോള്‍ മനസ്സിലോടിയെത്തിയത്‌.

മര്യാസ്ഥനായ ബാപ്പ തലതിരിഞ്ഞ ചെക്കനെ നന്നാക്കാന്‍ ശ്രമിച്ച ഒരു കഥയുണ്ട്‌. ബാപ്പ മോനെ വിളിച്ചു, "എട ബശീറേ, ജ്ജ്‌ ഇബ്‌ടവാട ബലാലേ. ന്‌ക്ക്‌ ഞമ്മളൊരു നല്ല മൊഞ്‌ജത്തി പെണ്ണ്‌നെ കണ്ട്‌ക്ക്‌. നല്ല പെടക്ക്‌ണ അയിലപോലത്തെ അസ്സലൊരു ഹൂറി. ഓക്ക്‌ ബേണ്ട്‌ന്ന പഠിപ്പൂണ്ട്‌. പോരാത്തേന്‌ അള്ളാന്റ വിശാരോണ്ട്‌. ഞമ്മള മോനാന്ന്‌ കേട്ടപ്പോ ഓള പൊരക്കാര്‍ക്ക്‌ പെരുത്ത്‌ സമ്മതോ. കള്ള ഹിമാറേ ജ്ജ്‌ ഓള കെട്ടിക്കോ"
അയിലും നല്ല പീടിയപ്പറമ്പത്ത ആയിശാനത്തന്നെ ബലാശംഗം ശെയ്‌ന്ന്യല്ലേ. അതെല്ലം ബല്യ പാടല്ലേ ബാപ്പാന്നായിരുന്നു ചെക്കന്റെ പ്രതികരണം.