April 03, 2007

ചില ഉപഭോക്തൃദിന ചിന്തകള്‍

വെളുത്ത സായിപ്പിനെല്ലാം യുദ്ധമാണെങ്കില്‍ കറുത്ത സായിപ്പിനെല്ലാം ആഘോഷമാണ്‌. അത്യാവശ്യം ചിലപ്പോള്‍ സംഗതി ആചരണവുമാകും. ദാരിദ്ര്യത്തിനെതിരെ യുദ്ധം, ചൂഷണത്തിനെതിരെ യുദ്ധം, സാര്‍സിനെതിരെ യുദ്ധം, കത്രീണക്കെതിരെ യുദ്ധം അങ്ങിനെ പോകുന്നു യുദ്ധങ്ങള്‍. ഒരുമാതിരിപ്പെട്ട നന്മകളെയെല്ലാം കുഴിച്ചുമൂടിക്കൊണ്ട്‌ തിന്മക്കെതിരായ യുദ്ധം മാത്രം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബാക്കിയുള്ള നന്മകള്‍ കൂടി ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമാവുന്നതോടുകൂടിയേ തിന്മക്കെതിരായ യുദ്ധത്തിന്‌ ശാശ്വതമായ ഒരന്ത്യം പ്രതീക്ഷിക്കാവൂ.

മാര്‍ച്ച്‌ 15ന്‌ ലോക ഉപഭോക്തൃദിനം നമ്മള്‍ വൃത്തിയായങ്ങ്‌ ആഘോഷിച്ചു. കടലാസായ കടലാസുകളിലെല്ലാം സുസ്‌മേരവദനനായി സഖാവ്‌ അച്ചുതാനന്ദന്റെ ആഹ്വാനം - ഉണരൂ ഉപഭോക്താവേ ഉണരൂ.... മാധ്യമസിണ്ടിക്കേറ്റുകാര്‍ സി.ഐ.എ യുടെ നാലു വെള്ളിക്കാശും വാങ്ങി എന്തെങ്കിലും ഒപ്പിച്ചതല്ല. നേരുമാത്രം നേരത്തെ അറിയിക്കുന്ന കടലാസിലും സംഗതിയുണ്ട്‌.

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേരളസര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പം. പിന്നെ വിദ്യാര്‍ത്ഥികള്‍ക്കായി ഉപഭോക്തൃസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്‌ക്കരണ ക്ലാസുകള്‍ - മൊത്തത്തില്‍ മാവേലിനാട്‌ തിരിച്ചുവരാനുള്ള ഏതാണ്ടെല്ലാ ഏര്‍പ്പാടുകളുമായി.

`കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന ഉതപന്നത്തിനും ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ഉറപ്പാക്കുക` - ഏതായാലും അതൊരഭ്യര്‍ത്ഥനയല്ല. ഭാഷാരോഗ്യശാസ്‌ത്രപ്രകാരം സംഗതി ഉത്തരവുതന്നെയാണ്‌. കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന ഉതപന്നത്തിനും ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ഉറപ്പാക്കാത്തവരെ കരണക്കുറ്റിക്കടിക്കണമെന്നോ കരിയോയിലില്‍ കുളിപ്പിക്കണമെന്നോ എന്നൊന്നും എവിടെയും തത്‌ക്കാലം എഴുതിവെച്ചിട്ടില്ലെന്ന്‌ മാത്രമേയുള്ളൂ.

സേവനം എന്നാല്‍ നിഷ്‌കാമകര്‍മ്മം. ദൈവത്തിന്റെ സ്വന്തം നാടായതുകൊണ്ട്‌ നമ്മളതിനെ ചില്ലറ ഭേദഗതിക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌്‌. ലോകത്തെ ഏറ്റവും മികച്ച തൊഴിലിനാണ്‌ നമ്മള്‍ സേവനം എന്നുപറയുക. ഉത്തരവാദിത്വം കുച്ച്‌നഹി. ആനുകൂല്യങ്ങളാകട്ടെ എ.ഡി.ബി. പ്രസിഡണ്ടിനെക്കാളും നാലണ കൂടുതല്‍. അങ്ങിനെയുള്ള ഒരേയൊരു ജനവിഭാഗത്തിന്റെ ആവാസമേഖലയാണ്‌ ഭാരതം. അതു ജനസേവനം ഫസ്റ്റ്‌ക്വാളിറ്റി. ഈ സേവനം തത്‌ക്കാലം കൊടുക്കുന്ന വിലയുമായി ആരും താരതമ്യം ചെയ്യേണ്ടതില്ല. ആര്‍ക്കും എപ്പോഴും കയറി വിധിപ്രകാരം സേവിക്കാം. ഭരണഘടനപ്രകാരം പ്രത്യേകിച്ചൊരു സര്‍ട്ടിഫിക്കറ്റിന്റെയൊന്നും ആവശ്യമില്ല.

അടുത്തത്‌ ജനത്തിന്റെ പോക്കറ്റടിച്ചുകൊണ്ട്‌ സേവനം നടത്തുന്ന വാഴ്‌ത്തപ്പെട്ടവര്‍. ജനസേവനം രണ്ടാംതരം. പ്രധാനമായും സ്വകാര്യ ആശുപത്രികള്‍, എയ്‌ഡഡ്‌ സ്‌കൂളുകള്‍ എന്നിവകേന്ദ്രീകരിച്ചാണ്‌ ഇവരുടെ പ്രവര്‍ത്തനം. ഇക്കൂട്ടരുടെ അത്യൂത്സാഹം ഒന്നുകൊണ്ടുമാത്രമാണ്‌ നമ്മുടെ ആരോഗ്യരംഗവും വിദ്യാഭ്യാസ മേഖലയും ക്ലീനായി കിട്ടിയത്‌. എന്തായിരുന്നു ഈ രംഗങ്ങളിലെ കുതിച്ചുചാട്ടം?

ഒരു പരിഷ്‌കൃത സമൂഹത്തിന്റെ നട്ടെല്ല്‌്‌ ആരോഗ്യമുള്ള ജനതയാണെന്നാണ്‌ വയ്‌പ്‌. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ തലക്കാരോഗ്യമുള്ള ഡോക്ടര്‍മാര്‍ അത്യാവശ്യവും. കൊടുക്കുന്ന ഫീസിന്റെ മൂല്യം ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ജനം ഉറപ്പാക്കണമെന്ന്‌ സര്‍ക്കാരിന്‌ നിര്‍ബന്ധമുണ്ട്‌. അപ്പോള്‍ പിന്നെ നമ്മുടെ പള്ളക്ക്‌ കത്തികയറ്റേണ്ട യോഗ്യന്‌ സര്‍ജിക്കല്‍ നൈഫ്‌ പോയിട്ട്‌ കറിക്കത്തിയെടുക്കേണ്ട യോഗ്യതയുണ്ടോ എന്നറിയുവാന്‍ രോഗിക്കുള്ള സംവിധാനമെന്താണ്‌?

അതായത്‌ എല്ലാ സ്വകാര്യ-സഹകരണ അറവുശാലകളിലും പുറത്ത്‌ ഒരു ബോര്‍ഡ്‌ തൂക്കുവാന്‍ സര്‍ക്കാരിന്‌ ഉപദേശിക്കാവുന്നതേയുള്ളൂ. താഴെ പറയുന്ന വിവരങ്ങള്‍ അതിലുണ്ടാവുകയും വേണം.

1. പഠിച്ചതു മെറിറ്റിലോ റിസര്‍വേഷനിലോ അതോ തന്തയുടെ പോക്കറ്റിന്റെ ബലത്തിലോ
2. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലാണെങ്കില്‍ അതിന്റെ പേര്‌ അല്ലെങ്കില്‍ പഠിച്ച മേടിക്കല്‍ കോളേജിന്റെ പേര്‌
3. പഠനസംബന്ധമായ വിശദ വിവരങ്ങള്‍, ലഭിച്ച സ്‌കോളര്‍ഷിപ്പുകള്‍, കൊടുത്ത കൈക്കൂലികള്‍, പിടിച്ച കാലുകള്‍ ആദിയായവ
4. ലഭിച്ച മാര്‍ക്ക്‌/ശതമാനം/ഗ്രേഡ്‌

വിവരാവകാശ വിപ്ലവത്തിന്റെ കാലത്ത്‌ അതില്‍ പെടുത്തി ചെയ്യേണ്ട സംഗതിയാണ്‌. അവനവന്റെ പള്ളക്ക്‌ കത്തികയറ്റുന്നവന്റെ യോഗ്യതയെപ്പറ്റിയുള്ള വിവരം പോലും അറിയുവാന്‍ അവകാശമില്ലെങ്കില്‍ പിന്നെയീ വിവരാവകാശം കൊണ്ടെന്ത്‌ വിപ്ലവമാണ്‌ നടക്കാന്‍ പോകുന്നത്‌്‌?

ലോകം മുഴുക്കെ സാര്‍സ്‌ രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ മൊത്തം വടിയായത്‌ അഞ്ഞൂറെണ്ണമായിരുന്നു. രണ്ടുമൂവ്വായിരം കൊല്ലങ്ങള്‍ക്കുമുന്‍പേ കുപ്പിച്ചില്ലുകൊണ്ട്‌ തലയോടുകീറി ശസ്‌ത്രക്രിയ നടത്തിയ സുശ്രുതന്റെ നാട്ടില്‍, വയനാട്ടില്‍ മാത്രം വയറിളകിചത്തുപോയതും അത്രതന്നെയെണ്ണമായിരുന്നു. മാനാപമാനങ്ങളൊന്നും ഒട്ടുംതന്നെ ബാധിക്കാത്തതുകൊണ്ട്‌ അന്നത്തെ ശങ്കരന്‍മന്ത്രി കയറെടുത്തില്ല കശുമാവുതേടിയതുമില്ല.

ആരോഗ്യരംഗത്തെ വികസനത്തിന്റെ ചരിത്രം അങ്ങിനെയാണ്‌. 1956ലെ ആദ്യത്തെ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ഡോ.എ.ആര്‍.മേനോനില്‍ നിന്നും പടവലം പോലെ വളര്‍ന്ന്‌ ശ്രീമതിടീച്ചറിലെത്തി നിലം തൊട്ടുനില്‍ക്കുകയാണ്‌. ഒരുകാലത്ത്‌ ജനങ്ങളുടെ ആശാകേന്ദങ്ങളായിരുന്ന സര്‍ക്കാരാശുപത്രികളെ മുഴുവന്‍ കടല്‍പാലത്തിന്റെ കമ്പിത്തൂണുപോലെയാക്കിയതിന്റെ ഉത്തരവാദിത്വം പൊതുജനത്തിനാണോ അതോ വാഴുന്നവര്‍ക്കോ?

ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ്‌ തടയും അല്ലെങ്കില്‍ പിരിച്ചുവിട്ടുവലയും എന്നു ആത്മഹത്യാഭീഷണി മുഴക്കുന്നവര്‍ കണക്കുകള്‍ നോക്കണം. വിപ്ലവകാരികള്‍ ആരോഗ്യമേഖലയില്‍ തട്ടിക്കൂട്ടിയ കൊള്ളസങ്കേതങ്ങളാണല്ലോ സഹകരണആശുപത്രികള്‍. ഡോക്ടര്‍മാരും വിപ്ലവകാരികളും കൂടി സഹകരിച്ച്‌ സാധാരണ വിവരദോഷിയുടെ ഹൃദയം നിലപ്പിച്ച്‌ ബില്ലടച്ചശേഷം ബോഡി ആംബുലന്‍സില്‍ വിട്ടിലെത്തിച്ചുകൊടുക്കുന്ന ശ്ലാഘനീയ ഏര്‍പ്പാടാണ്‌ അവിടെ നടക്കുന്നത്‌.

സ്‌നേഹം മാത്രം എന്നും പറഞ്ഞ്‌ നെഞ്ചത്തടിക്കുന്ന അമ്മയുടെ ആശുപത്രിയില്‍ അടുത്തകാലത്തായി ഒരു മോന്‍ ചത്തുപോയി. കാശില്ലാത്തതുകൊണ്ട്‌ ബന്ധുക്കള്‍ കരുതി തല്‌ക്കാലം ലേശം സ്‌നേഹം കൊടുക്കാം ബില്ല്‌ പിന്നെയടക്കാം. കിട്ടിയ മറുപടി ബില്ലടച്ച്‌ ബോഡിയെടുത്തോളാനാണ്‌. ഭാഗ്യത്തിന്‌ നാട്ടില്‍ ചിരട്ടക്കച്ചവടം നടത്തുന്നവരാരും സന്ന്യാസിമാരല്ല. അതുകൊണ്ട്‌ മൂപ്പരെ ദഹിപ്പിക്കേണ്ട ചിരട്ടക്ക്‌ ക്ഷാമം നേരിട്ടില്ലെന്നുമറിഞ്ഞു.

ലോകത്തിപ്പോള്‍ ആരും തോല്‌ക്കാത്ത രണ്ടേ രണ്ടു പരീക്ഷകളാണുള്ളത്‌. ഒന്ന്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെടറുടേത്‌ രണ്ടാമത്തേത്‌ ടീച്ചര്‍മാരുടേത്‌. നിത്യന്റെ നാട്ടിലെ നല്ല വഹയുള്ള രണ്ടുരക്ഷിതാക്കള്‍ എന്തെഴുതിയാലും ജയിച്ചു എന്ന ദുഷ്‌പേരുണ്ടാക്കാത്ത രണ്ടെണ്ണത്തിനെ ഒരുവഴിക്കാക്കാന്‍ കണ്ടെത്തിയത്‌ കര്‍ത്താവിന്റെ ഈ രണ്ടു മാര്‍ഗങ്ങളായിരുന്നു. അതോടുകൂടി ജനം കുരിശിന്റെ വഴിയിലുമായി. ഈപ്പറഞ്ഞ രണ്ടുയോഗ്യന്‍മാരില്‍ ഒരു 210കാരന്‍ ഹെല്‍ത്ത്‌ ഇന്‍സേട്രായി ആരോഗ്യരംഗം വെടിപ്പാക്കിക്കൊണ്ടിരിക്കുന്നു. 212 കാരന്‍ നാലുലക്ഷം വീശി സംസൃകൃതാദ്ധ്യാപകനായി രൂപാന്തരം പ്രാപിച്ചു. യാതൊരു കുഴപ്പവുമില്ല. അവനവന്‍ പഠിച്ചതെന്തെന്നും പഠിപ്പിക്കുന്നതെന്തെന്നും അവനവനുതന്നെ അറിയില്ല. പിള്ളേരുടെ ഭാവി ശോഭനം. സംസ്‌കൃതത്തിന്റേത്‌ അതിലേറെ ശോഭനം.

കൊടുത്ത കൈക്കൂലി മുതലാളിക്കാണെങ്കിലും അദ്ധ്യാപഹയന്‍മാരുടെ തൊള്ളയിലേക്കുപോകുന്നത്‌ ജനത്തിന്റെ നികുതിപ്പണമാണ്‌. ആയൊരു വഹയില്‍ ജനത്തിന്‌ അവരുടെ പിള്ളേരെ പഠിപ്പിക്കുന്നോന്റെ യോഗ്യത എന്തെന്നറിയുവാന്‍ അവകാശമില്ലേ? കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന സേവനത്തിനുണ്ടായിരിക്കണം എന്ന കാര്യം സര്‍ക്കാരിന്‌ നിര്‍ബന്ധമുണ്ടുതാനും. മെത്രാനെയും മുക്രിയെയും ഒരേസമയം ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു മതേതരത്വത്തിന്‌ സ്‌കോപ്പില്ലാത്തതുകൊണ്ട്‌ നിയമനം പി.എസ്‌.സിക്കുവിടുന്നത്‌ ലേശം ദഹനക്കേടിനു ഹേതുവാകും. തല്‌ക്കാലം ഇത്രയെങ്കിലും ചെയ്യാവുന്നതേയുള്ളൂ. എല്ലാ സ്‌കൂളുകളുടെയും മുന്നില്‍ ഒരു ബോര്‍ഡു തൂക്കുക. വാദ്ധ്യാന്‍മാരുടെ എസ്‌.എസ്‌.എല്‍. സി മുതല്‍ അങ്ങോട്ടുള്ള മാര്‍ക്കും ടി.ടി.സി/ബി.എഡ്‌ മാര്‍ക്കും പഠിച്ച യൂണിവേഴ്‌സിറ്റിയുടെ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റെടുത്ത പീടികയുടെ പേരും വിലാസവും അതില്‍ രേഖപ്പെടുത്തുക.

കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന സേവനത്തിനുമുറപ്പാവണമെന്നു തോന്നുന്നുവെങ്കില്‍ ജനം മക്കളെ അവിടങ്ങളില്‍ പഠിപ്പിക്കട്ടെ. അല്ലെങ്കില്‍ കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെ ബോര്‍ഡും വായിച്ച്‌ നടന്ന്‌ സമാധാനത്തോടെ മരിക്കട്ടെ. പറയുന്നതിലല്ല മഹത്വം. അതു നടപ്പാക്കുന്നതിലാണ്‌.

8 comments:

നിത്യന്‍ said...

ചില ഉപഭോക്തൃദിന ചിന്തകള്‍

കുറുമാന്‍ said...

ഈ ലേഖനവും നന്നായി നിത്യന്‍.

ഇത്ര ഗ്യാപ്പു വേണോ..അവസാനത്തേത് മാര്‍ച്ച് 9നോ മറ്റോ ആയിരുന്നു, ഇപ്പോ ഒരു മാസത്തോളമാകാറായി.

സ്‌നേഹം മാത്രം എന്നും പറഞ്ഞ്‌ നെഞ്ചത്തടിക്കുന്ന അമ്മയുടെ ആശുപത്രിയില്‍ അടുത്തകാലത്തായി ഒരു മോന്‍ ചത്തുപോയി. കാശില്ലാത്തതുകൊണ്ട്‌ ബന്ധുക്കള്‍ കരുതി തല്‌ക്കാലം ലേശം സ്‌നേഹം കൊടുക്കാം ബില്ല്‌ പിന്നെയടക്കാം. കിട്ടിയ മറുപടി ബില്ലടച്ച്‌ ബോഡിയെടുത്തോളാനാണ്‌ - ഇത് ഒന്ന് പൊലിപ്പിച്ചെഴുതിയാല്‍ നമ്മുടെ പട്ടസ്വാമിയുടേതുപോലെല്‍ തന്നെ ഒരൊന്നൊന്നര ലേഖനമാക്കാമായിരുന്നല്ലൊ.

Ralminov റാല്‍മിനോവ് said...

നമ്മളെന്തേ നല്ല മാര്‍ക്കു് കിട്ടിയപ്പോ "ടീച്ചറാ"വാന്‍ നില്‍ക്കാതെ ഇഞ്ചിനീറും ഡോയിട്ടറും ഒക്കെ ആകാന്‍ ഓടിയതു്. അതുകൊണ്ടല്ലേ "ഫാവി"തലമുറയെ വാര്‍ത്തെടുക്കാന്‍ 210-കാര്‍ മാത്രം "ഭാക്കി"യായതു് !

Anonymous said...

Really wonderful write up. I am agreeing with you in your each and every points.

It is our right to know the qualification and the marks gained by our teachers.

Expecting more of like this.

It's me Vinu, from Doha

നിത്യന്‍ said...

ഒരുപാട്‌ തിരക്കിലായിപ്പോയി കുറുമാനേ. അതുകൊണ്ടുവന്നതാണത്രയും ഗ്യാപ്പ്‌. തീര്‍ച്ചയായും ഇനിയങ്ങോട്ട്‌ വീക്ക്‌ലി അപ്‌ഡേഷന്‍ തന്നെയാണ്‌ രഹസ്യഅജണ്ട.
നിത്യന്‍

നിത്യന്‍ said...

അതുകൊണ്ടല്ല റാള്‌മിനോവ്‌. SSLC ക്ക്‌ 500ന്‌ മീതെ മാര്‍ക്ക്‌ കിട്ടി സര്‍ക്കാര്‍ ട്രെയിനിംഗ്‌ സ്‌കൂളില്‍ നിന്നും അഭ്യസിച്ചിറങ്ങി സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെ പണിയെടുക്കുന്ന എത്രയോ ആളുകളുണ്ട്‌. വിഷയം എയ്‌ഡഡ്‌ മുതലാളിയുടെ സ്‌കൂളിലെ അദ്ധ്യാപഹയ നിയമനവും അവരുടെ നിലവാരവുമാണ്‌. വിദ്യാഭ്യാസം സ്വകാര്യമേഖലക്ക്‌ പ്രീണനവ്യവസ്ഥയില്‍ പങ്കുവച്ചുകൊടുത്തതിന്റെ ദുരന്തഫലമാണിത്‌.
സ്‌നേഹപൂര്‍വ്വം നിത്യന്‍

ദില്‍ബാസുരന്‍ said...

നിത്യന്‍ മാഷേ,
തീര്‍ച്ചയായും യോജിക്കുന്നു. ശക്തമായ ഭാഷ.

നിത്യന്‍ said...

പുഴ.കോമിന്റെ ബ്ലോഗ്‌ ബൂലോഗരുടെ ശ്രദ്ധയ്‌ക്കായി. മുന്‍പേ അറിഞ്ഞവര്‍ ക്ഷമിക്കുമല്ലോ. പുഴ.കോമിലെ നിത്യകോളം തന്നെയാണ്‌ ലേറ്റസ്റ്റ്‌ ബ്ലോഗ്‌ ആര്‍ട്ടിക്കിളും - പാലോളിവിധിയും കോടതിയലക്ഷ്യവും.
നിത്യന്‍