April 20, 2007

മന്ത്രിയും തന്ത്രിയും പിന്നെ ഗുരുവായൂരപ്പനും

പണ്ട്‌ ഗുരൂവായൂരിലെ ഭക്തഗുണ്ടകള്‍ നിയമം ലംഘിച്ച്‌ മണിയടിച്ച കൃഷ്‌ണപിള്ളയുടെ നടുപ്പുറത്ത്‌ തായമ്പക കൊട്ടുകയുണ്ടായി. "ഉശിരുള്ള നായര്‍ മണിയടിക്കട്ടെ എച്ചില്‍ പെറുക്കി നായര്‍ അവരുടെ പുറത്തടിക്കട്ടെ" എന്നായിരുന്നു അടി ചറപറാ വീഴുമ്പോള്‍ സഖാവ്‌ വിളിച്ചുപറഞ്ഞത്‌.
സഖാവ്‌ അടികൊണ്ടത്‌ ഗുരുവായൂരില്‍ പ്രവേശനമില്ലാത്ത മുയ്‌മനാളുകള്‍ക്കും വേണ്ടിയായിരുന്നു. ഒരു സാംസ്‌കാരികഗുണ്ടയെയോ ഗാനഗന്ധര്‍വ്വനെയോ അതിന്റെയുള്ളില്‍ കയറ്റി ഗുരുവായൂരപ്പനെക്കൊണ്ട്‌ അനുഗ്രഹിപ്പിക്കണം അഥവാ ഇനി അപ്പനെക്കൊണ്ട്‌ പറ്റിയില്ലെങ്കില്‍ പയ്യനെക്കൊണ്ടെങ്കിലും അനുഗ്രഹിപ്പിക്കണം എന്നുപറയാനായിരുന്നില്ല.
മഹാന്‍മാരുടെ വരികള്‍ നേരെചൊവ്വെ വായിച്ചാല്‍ കിട്ടുന്ന അര്‍ത്ഥം മന്ദബുദ്ധികള്‍ക്കുള്ളതാണ്‌. ബുദ്ധിയുള്ളവര്‍ക്കുള്ളത്‌ വരികള്‍ക്കിടയിലായിരിക്കും. അല്ലെങ്കില്‍ വരികള്‍ക്കപ്പുറത്ത്‌ മരത്തിലോ മാനത്തോ കാണണം.ചുരുക്കിപ്പറഞ്ഞാല്‍ മന്ത്രി ഇത്രയേ പറഞ്ഞുള്ളൂ. യേശുദാസ്‌ ഗുരുവായൂരില്‍ കയറി പാടുമ്പോള്‍ ബാക്കിയുള്ള ജനസംഖ്യയുടെ 25% വരുന്ന നസ്രാണികള്‍ മുഴുവനും അ്‌മ്പലത്തിനുപൂറത്ത്‌ ലേശം ദൂരെ മാറിനിന്ന്‌ ഹലേലൂയ്യ പാടിക്കൊള്ളണം.
ജീവിതത്തിലൊരിക്കലും പണിക്കര്‍ സ്വയം കൊട്ടാറില്ല. ഇടതുവിപ്ലവകാരികളാണെങ്കില്‍ അസുരവാദ്യമാണ്‌ പണിക്കര്‍ക്ക്‌ പഥ്യം. അരോചകം പിടിച്ച ബൂര്‍ഷ്വാ കോണ്‍ഗ്രസുകാരാണെങ്കില്‍ ഇടയ്‌ക്ക മതി. രണ്ടുപേരും മാറിമാറിക്കൊട്ടുമ്പോള്‍ നടേശന്‍ പണ്ട്‌ കുഴലുവിളിച്ചു. അതായിരുന്നു പണിക്കരുടെ സുവര്‍ണ കാലഘട്ടം. പണിക്കര്‍ ശ്രീരാമനും താന്‍ ലക്ഷ്‌മണനും എന്നായിരുന്നു അന്നത്തെ നടേശദര്‍ശനം. മലയാളികളുടെ മഹാഭാഗ്യത്തിന്‌ ശൂര്‍പ്പണഖ അന്നേദിവസം അതുവഴിപോയില്ല.
ഇപ്പോള്‍ ലക്‌്‌ഷമണന്‍ ശ്രീരാമനെതിരായി മാനനഷ്ടത്തിന്‌ കേസും ഫയല്‍ചെയ്‌തിട്ടുണ്ട്‌. അങ്ങിനെ രാമലക്ഷമണന്‍മാരും അവരവരുടെ വ്യക്തമായ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. പണിക്കരുമാത്രമല്ല ഗുരുവായൂരപ്പമനശ്ശാസ്‌ത്രത്തില്‍ പി.എച്ച്‌്‌.ഡി. എടുത്ത യോഗ്യന്‍മാരെല്ലാം അഭിപ്രായം അച്ചായന്റെ കടലാസില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്‌്‌. ക്ഷേത്രാചാരം തീരുമാനിക്കേണ്ടത്‌ തന്ത്രിയാണ്‌. വളരെ ശരിയാണ്‌. അക്കാര്യത്തില്‍ ഗുരുവായൂരപ്പന്‍ വരെ തന്ത്രിക്ക്‌ താഴെയാണ്‌.
പണ്ട്‌ മാസത്തിനൊരൊന്നാം തീയ്യതിയുണ്ടെങ്കില്‍ എന്തായിരുന്നു പുകില്‌. കരുണാകരന്റെയും പരിവാരങ്ങളുടെയും വരവില്‍പ്പെട്ട്‌ ഗുരുവായൂരപ്പന്‍ തന്നെ വടിയായിപ്പോവാതിരുന്നത്‌ തന്ത്രിയുടെ ഭാഗ്യം കൊണ്ടായിരിക്കണം. കാമക്രോധലോഭമോഹമില്ലാത്തവനാണ്‌ യഥാര്‍ത്ഥ ഭക്തന്‍ എന്നു പറഞ്ഞ കൃഷ്‌ണനെ തൊഴാന്‍ ഇപ്പറഞ്ഞതിന്റെയെല്ലാം മൂര്‍ത്തിമത്ഭാവം തന്നെ മുന്നില്‍. അതും ഒന്നാം തീയ്യതി. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നുപറഞ്ഞപോലെ പോലീസുകാരുടെ ചവിട്ടും കോണ്‍ഗ്രസുകാരുടെ തെറിയും ഏറ്റുവാങ്ങി സായൂജ്യമടയുകയായിരുന്നു ഭക്തന്‍മാര്‍.
പണിക്കര്‌ പറഞ്ഞതാണ്‌ ശരി. തന്ത്രിക്ക്‌ മീതെയാണ്‌ ഗുരുവായൂരപ്പന്റെ സ്ഥാനമെങ്കില്‍ മൂപ്പര്‍ നേരിട്ട്‌ അതിനൊരു പരിഹാരമുണ്ടാക്കുമായിരുന്നു. ഗുരുവായൂരപ്പനെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള അധികാരം മാത്രമല്ല വേണ്ടിവന്നാല്‍ തൂക്കിക്കൊല്ലാനുള്ള അധികാരം കൂടി തന്ത്രിക്കുണ്ടായിരിക്കണം. കുമ്മനം രാജശേഖരനും അഭിപ്രായ വ്യത്യാസമൊന്നുമില്ല. അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്‌.
കുമ്മനത്തിന്റെ ആചാര്യന്‍മാരുടെ അഭിപ്രായത്തില്‍ ഭാരതത്തില്‍ ജനിച്ചവരും ഭാരതീയ ശൈലിയില്‍ ജീവിക്കുന്നവരും ഹിന്ദുക്കളാണ്‌. അതായത്‌്‌ മുഹമ്മദലി ജിന്നയൊഴിച്ച്‌ ദാവൂദ്‌ ഇബ്രാഹിമടക്കം മുയ്‌മന്‍ മുഹമ്മദീയര്‍. പിന്നെ വത്തിക്കാനിലെ പോപ്പും ഇറ്റലിയിലെ സോണിയയുമൊഴിച്ചുള്ള മൊത്തം കൃസ്‌ത്യാനികള്‍.
അങ്ങിനെ നോക്കുമ്പോള്‍ അഹിന്ദുക്കളായി വരുന്നത്‌ ജനനസര്‍ട്ടിഫിക്ക്‌റ്റില്ലാത്തവരും ഇന്നും കാട്ടിനുവെളിയിലിറങ്ങാത്ത കാട്ടുനായ്‌ക്കന്‍മാരും ഉടുതുണിയുടുത്തു ശീലിച്ചിട്ടില്ലാത്ത മറ്റുകൂട്ടരുമായിരിക്കും. അവര്‍ക്ക്‌ ഗുരുവായൂരപ്പനെക്കൊണ്ടും അവശ്യമില്ല ഗുരുവായൂരപ്പന്‌ അവരെക്കാണ്ടും യാതൊരാവശ്യവുമില്ല.
ഇനി യേശുദാസ്‌ മാത്രം കയറി ഒറ്റക്കൊരു സംഘഗാനം പാടിയാല്‍ മതിയോ? കൃഷ്‌ണനെപ്പറ്റിയെഴുതാന്‍ വേണ്ടി മാത്രം കവിയായ യൂസഫലി കേച്ചേരി കയറിയാല്‍ സഖാവേ ഗുരുവായൂരമ്പലം ഇടിഞ്ഞുപൊളിഞ്ഞുപോവുമോ? യേശുദാസിന്റെ അത്ര സാംസ്‌കാരികഗുണ്ടകളുടെ സപ്പോര്‍ട്ട്‌ മൂപ്പര്‍ക്കില്ലാത്തതുകൊണ്ടാണോ?
കേരളത്തിലെ മൂന്നുകോടി ജനത്തിലൊരാളായ യേശുദാസിന്റെ കാര്യം നോക്കാന്‍ മൂപ്പര്‍ക്ക്‌ നേരമില്ലെങ്കില്‍ ഭാര്യയും രണ്ടുമക്കളുമൊക്കെയുണ്ട്‌. മൂന്നുകോടി ജനത്തിന്റെ നേതാവിന്‌ പണി വേറെയുണ്ട്‌. തല്‌ക്കാലം നാലു കൈയ്യടി കിട്ടിയെന്നുവരും. തലയില്‍ ആള്‍പ്പാര്‍പ്പുള്ളവന്റെ നാല്‌പതു ചീത്ത പിന്നാലെ വരുന്നതിന്റെ മുന്നോടിയാണ്‌ സഖാവേ മന്ദബുദ്ധികളുടെ നാലു കൈയ്യടി.
ഇനി സെക്യുലാറിസം (മലയാളമില്ല) എല്ലാ പ്രകാരത്തിലും നടപ്പാക്കിയേ അടങ്ങൂ എന്നാണെങ്കില്‍ നിത്യന്‍ വക ഒരു പ്രണാമം ഒപ്പം ഒരുപിടി അഭിവാദ്യങ്ങളും. ആദ്യമായി സകലമാന ആരാധനാലയങ്ങളും ദേശസാല്‍ക്കരിച്ച്‌ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. സി.ഐ.എ വിചാരിച്ചാലും ഭക്തനേത്‌ വിഭക്തനേതെന്ന്‌ അറിയുവാന്‍ കഴിയുകയില്ല. താടിവെച്ചോനെല്ലാം സന്ന്യാസിയാണെങ്കില്‍ കുമ്പിടുന്നോനെല്ലാം ഭക്തനുമാണ്‌. യഥാര്‍ത്ഥഭക്തന്‌ മല്യ സ്വര്‍ണം പൂശിയ കൊടിമരം തൊഴുന്നതിലും സുഖമുണ്ടാവും ഓവുപാലത്തിലുന്നു പ്രാര്‍ത്ഥിക്കുവാന്‍.
ജാതിമതസംവരണവും ജാതിമതസംഭരണവും അവസാനിപ്പിച്ച്‌ സാമ്പത്തീകസംവരണം ഏര്‍പ്പെടുത്തി മാര്‍ക്‌സിനോടടുത്ത്‌ മര്‍ക്കസില്‍ നിന്നും അകലുക. ഹൈദരബാദ്‌ നൈസാമിനും ബ്രൂണെ സുല്‍ത്താനും മാപ്പിളയായി കണക്കാക്കി ആരെങ്കിലും പത്തിരിയിട്ടുകൊടുത്തിട്ടുണ്ടോ? അതു മീന്‍ വില്‌ക്കുന്ന മാപ്പിളക്കും വിയര്‍ത്തുനാറുന്ന പുലയനുമുള്ളതാണ്‌. നാലുകാശുള്ളവനുള്ളതല്ല.
എനിക്കൊരു സുഹൃത്തുണ്ട്‌. നല്ല അസ്സല്‍ തറവാട്ടില്‍ പിറന്ന യോഗ്യന്‍. കൈക്കോട്ടുപണിയും മറ്റുമായി കഴിഞ്ഞുപോകുന്നു. നാട്ടില്‍ എന്‍.എസ്‌.എസിന്റെ യോഗത്തിന്‌ മൂപ്പര്‍ക്കൊഴിച്ച്‌ മറ്റെല്ലാര്‍ക്കും കുറിമാനം ലഭിക്കുകയാണ്‌ പതിവ്‌. വിഭജനത്തിന്റെ പുതിയ അതിര്‌ കറന്‍സിയാണ്‌. ജാതിയല്ല. അതുമനസ്സിലാക്കാന്‍ എടുക്കേണ്ടതും കൊടുക്കേണ്ടതും ഒരു നൂറ്റാണ്ടുമുമ്പത്തെ സര്‍വ്വേയുമല്ല.

16 comments:

നിത്യന്‍ said...

"മന്ത്രിയും തന്ത്രിയും പിന്നെ ഗുരുവായൂരപ്പനും"
ബൂലോകരുടെ ശ്രദ്ധയ്‌ക്കായി
നിത്യന്‍
www.nithyankozhikode.blogspot.com

സൂര്യോദയം said...

നിത്യാ... നല്ല ലേഖനം... കറന്‍സിയുടെ കനം നോക്കി ഭക്തന്മാരുടെ മുന്‍ ഗണനാ നിര്‍ണ്ണയം കഷ്ടം തന്നെ....

ഞാന്‍ കിരണ്‍ തോമസിന്റെ പോസ്റ്റിലിട്ട കമന്റ്‌ ഒന്നുകൂടി ഇവിടെ ചേര്‍ക്കട്ടെ...

ജാതിയുടേയും മതത്തിന്റേയും പേരിലുള്ള സംവരണത്തിന്റെ കാര്യത്തിലും മാറ്റങ്ങള്‍ അനിവാര്യമായിരിയ്ക്കുന്നു. എന്തുകൊണ്ട്‌ നമുക്ക്‌ സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ കഴിയുന്നില്ല എന്നാണ്‌ പരിശോധിക്കേണ്ടത്‌. ഏത്‌ മതസ്തരാണെങ്കിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണെങ്കിലാണ്‌ സംവരണം നല്‍കേണ്ടത്‌, അല്ലാതെ ദരിദ്രനായ സവര്‍ണ്ണന്‌ ആനുകൂല്ല്ല്യം കൊടുക്കാതെ സമ്പന്നനായ അവര്‍ണ്ണന്‌ ആനുകൂല്ല്ല്യം ലഭിയ്ക്കുന്ന സംവിധാനം മാറണം... കൃഷിയും ബിസിനസ്സും ഉള്‍പ്പെടെ എല്ലാ മേഖലയിലുമുള്ള ആളുകളുടെ സാമ്പത്തികവരുമാനം ഏറെക്കുറെ കൃത്യമായി കണക്കാക്കാവുന്ന സംവിധാനം സര്‍ക്കാരിന്‌ ഉണ്ടാകണം.. എങ്കില്‍ മാത്രമേ അത്തരം ഒരു പ്രക്രിയ വിജയിക്കുകയുള്ളൂ..

പൊതുവാള് said...

നല്ല ലേഖനം

കുറുമാന്‍ said...

മാഷെ,ഇങ്ങനെ നല്ല ലേഖനം എഴുതുന്നവര്‍ ബ്ലോഗില്‍ കുറവ്. മാഷ് ബ്ലോഗിലേക്കൊരു മുതല്‍ കൂട്ട്. ദയവു ചെയ്ത് തുടര്‍ച്ചയായെഴുതൂ മാഷെ.


ഈ ലേഖനം എത്ര മനോഹരം.

G.manu said...

ഞാന്‍ പറഞ്ഞിട്ടു യേശുദാസിനു ദര്‍ശനം കൊടുക്കണം. ദാസ്ജിയ്ക്കു മാത്രമല്ല മടിക്കനം ഉള്ള എല്ലാവര്‍ക്കും ജാതിമതഭേദങ്ങള്‍ മറന്നു കൊടുക്കണം.
സ്വര്‍ണ്ണക്കിരീടവും സ്വര്‍ണ്ണവിളക്കും കൊടുക്കാന്‍ കപ്പസിറ്റുയുള്ളവര്‍ക്കെല്ലാം കൊടുക്കണം. കൃഷ്ണാ എന്ന വിളി പൊത്തിപ്പിടിച്ച്‌ നവദ്രൌപതിമാരുടെ തുണിയഴിച്ചാടുന്ന എല്ലാ ദു:ശ്ശാസനര്‍ക്കും രാഷ്ട്രീയ ഭീഷ്മാചാര്യന്‍മാര്‍ക്കും സ്പെഷല്‍ നടപ്പാതയൊരുക്കണം. നാടിനെ ഊട്ടി ഊട്ടി ഒടുവില്‍ ആത്മഹത്യക്ക്‌ മുമ്പു അമ്പാടിക്കണ്ണാ എന്നു വിളിക്കുന്ന വയനാടന്‍ കര്‍ഷകനു ആസിഡും പുകയിലയും മിക്സ്‌ ചെയ്തു നികുതിവാങ്ങി ശംഭു സപ്ളൈചെയ്യുന്ന സകല അധികാരി മുതലാളിമാര്‍ക്കും ബിസിനസ്‌ ക്ളാസ്‌ ദര്‍ശനം കൊടുക്കണം

കുട്ടന്‍സ്‌ said...

മന്ത്രിയും തന്ത്രിയും കൂടി ഗുരുവായൂരപ്പനേം,അയ്യപ്പനേം ഓടിച്ച് പുതിയ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങുവാണോ എന്തോ..???
എന്തായാലും ദൈവങ്ങള്‍ക്കിപ്പോള്‍ കഷ്ടകാലം തന്നെ...
കൊള്ളാം കേരളം വളരട്ട്..

“കറന്‍സിയുടെ കനം നോക്കി ഭക്തന്മാരുടെ മുന്‍ ഗണനാ നിര്‍ണ്ണയം കഷ്ടം തന്നെ....“
കോടതിയലക്ഷ്യം പോലേ തന്ത്രി കോപം ഉണ്ടാവാം സൂക്ഷിക്കുന്നത് നന്ന്..:)

വിറ്റുകാശാക്കാന്‍ പറ്റുന്നൊരു നല്ല വില്‍പ്പന ചരക്കാണു ഭക്തി..അത് അങ്ങ് ഹിന്ദുവായാലും,കൃസ്ത്യാനിയായാലും,മുസ്ലീമായാലും..അതാണു യഥാര്‍ത്ഥ സെക്യുലറിസം..(മത(കച്ചവടക്കാരെ)ങ്ങളെ ചൊദ്യം ചെയ്യരുത്..ന്യൂനപക്ഷ കോപം,ഭൂരിപക്ഷ കോപം,തന്ത്രി കോപം,മെത്രാന്‍ കോപം എല്ലാം സംഭവിക്കാം)

അനൂപ് :: anoop said...

നല്ലൊരു പോസ്റ്റ്.
:)

കമെന്റ് said...

വിറ്റുകാശാക്കാന്‍ പറ്റുന്നൊരു നല്ല വില്‍പ്പന ചരക്കാണു ഭക്തി..അത് അങ്ങ് ഹിന്ദുവായാലും,കൃസ്ത്യാനിയായാലും,മുസ്ലീമായാലും..അതാണു യഥാര്‍ത്ഥ സെക്യുലറിസം..

എന്നിട്ട് സര്‍ക്കാരിലേക്കു മുതല്‍കൂട്ടുന്നത് ഇതില്‍ ആദ്യ വിഭാഗത്തിന്റേതില്‍ നിന്നു മാത്രന്മാണല്ലൊ ?

Pramod.KM said...

കാര്യമാത്ര പ്രസക്തമായ കുറിപ്പ്.
നന്ദി.

padmanabhan namboodiri said...

അമ്പലതിലെ കാര്യം തന്ത്രി തന്നെയാ തീരുമാനിക്കെന്ദതു. വിസ്വാസികള്‍ക്കു അവരുടെ ഇഷ്ട് പ്രകാര്‍മുള്ള തോന്നിവാസം കാ‍ാണിക്കനുള്ള ഇടമാണു അതു.മ്ന്ത്രിയൂദു പൂകാന്‍ പറ.

അരവിന്ദ് :: aravind said...

പിന്നെ അമ്പലം എന്നു പറഞ്ഞാ തന്ത്രിക്ക് തോന്ന്യാസം കാണിക്കാനുള്ള സ്ഥലമാണോ?
അതേയ്, തന്ത്രി വിശ്വാസികളുടെ "വേലക്കാരനാണ്". അല്ലാതെ എന്തോ കൂടിയ ഇനമായിട്ടൊന്ന്വല്ല അവിടെ കയറ്റി വച്ചിരിക്കുന്നത്..അവിടെ കാണിക്കയിടുന്നത് ഈശ്വരനു മാത്രായിട്ടല്ല, തന്ത്രിക്കും കൂടെ ചിലവിനായിട്ടാണ്. അത് ഭക്തരുടെ മര്യാദ. ഈശ്വരന്റെ കാര്യത്തില്‍ വിശ്വാസികള്‍ക്കില്ലാത്ത പ്രത്യേക താ‌ല്പര്യമൊന്നും തന്ത്രിക്കുമില്ല.അയോ തെറ്റി..ഈശരപൂജ വയറ്റിപ്പെഴപ്പാണെന്ന് കാണും. ആ ഗതികേട് ഭക്തര്‍ക്കില്ല.


ഷെയര്‍ ഹോള്‍ഡേര്‍സിന്റെ മുകളിലൊരു സി.ഇ.ഓയുയ്ം പറക്കില്ല.


ഗുരുവായൂര് മാത്രമല്ല, എല്ലാ ഹിന്ദു അമ്പലങ്ങലും വിശ്വാസമുള്ള, അകത്ത് കയറിയാല്‍ അവിടെ നടക്കുന്നതിനേയും മറ്റു വിശ്വാസികളേയും ആദരിക്കുന്ന രീതിയില്‍ പെരുമാറുന്ന ആര്‍ക്കും കയറാമെന്നാക്കണം.
അല്ല, ഈ ഗുരുവായൂരപ്പനെക്കുറിച്ചൊക്കെ ഈ തൊട്ടുകൂടാ-കേറിക്കൂടാ വാദികള്‍ എന്ത് മാങ്ങാത്തൊലിയാണ് വിചാരിച്ചു വച്ചിരിക്കുന്നത്!
ഒരു കൃസ്ത്യാനി മൂപ്പരുടെ വീട്ടില്‍ കയറിയാ ഹിന്ദുക്കളെ മുഴ്വോനും അങ്ങ് ശപിച്ചു കളയുമെന്നോ? നാണം വേണം നാണം.

അകത്ത് കയറണമെന്ന് ആത്മാര്‍ത്ഥമായിപ്പറഞ്ഞ പലരേയും ഞാന്‍ പല അമ്പലത്തിന്റകത്തും കയറ്റിയിട്ടുണ്ട്.

വിപിന്‍... said...

പതിവു പോലെ നല്ല ലേഖനം..
നിത്യാ‍ അഭിനന്ദനങ്ങള്‍...

നിത്യന്‍ said...

ഈ വിഷയം ഇവിടെ അവസാനിക്കാതിരിക്കട്ടെ. ചകിരിയില്‍ വീണ കനലുപോലെ ഒടുക്കത്തെ നാരും എരിഞ്ഞടങ്ങിമാത്രം പുക നിലയ്‌ക്കട്ടെ എന്ന്‌ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു. എല്ലാ പ്രതികരണങ്ങള്‍ക്കും നന്ദി.

Rajeeve Chelanat said...

നിത്യന്‍, നന്നായിട്ടുണ്ട്‌ ലേഖനം.

എല്ലാ ആളുകള്‍ക്കും എല്ലാ ആരാധനാലയങ്ങളിലും കയറാന്‍ അനുവാദം ലഭിക്കണം (കയറുന്നതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഗുണമൊന്നും ഇല്ലെന്നത്‌ എന്റെ വ്യക്തിപരമായ അഭിപ്രായം).

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും, ചില ആളുകള്‍ പുറത്തുവിടുന്ന ഇരുണ്ട-യുഗ അസഹിഷ്ണുത, അപാരം തന്നെ. ശ്രീ.പത്മനാഭന്റെ പോസ്റ്റിങ്ങില്‍ കമന്റ്‌ ചേര്‍ത്തിരുന്നു, ഇതിനെക്കുറിച്ച്‌.

അതുകൊണ്ട്‌, കൂടുതലായിട്ടൊന്നും ഇല്ല..ഇത്തരം വിവാദങ്ങളൊക്കെ ഉണ്ടാക്കുന്നത്‌ മറ്റൊരു അജന്‍ഡയുടെ ഭാഗം തന്നെയാണ്‌. കൂടുതല്‍ പ്രസക്തമായതും, അടിയന്തിരവുമായ കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച്‌ വിടാന്‍ മാത്രമേ ഇത്തരം ചര്‍ച്ചകള്‍ സഹായിക്കൂ.

prashil mahe said...

നിത്യാ‍ അഭിനന്ദനങ്ങള്‍... നല്ല ലേഖനം

വേണു venu said...

Good work, Carry on..