May 27, 2007

ദൈവത്തിന്റെ സുരക്ഷ ചെകുത്താന്റെ കൈകളില്‍

"ശിവ: ശിലാതലേ ശേതേ
ശേഷേ ശേതേ ജനാര്‍ദ്ദനാ
ശേതേച ഭാനുരാകാശേ
മന്യേ മന്ത്രി തന്ത്രി ശങ്കയാ"

വിവര്‍ത്തിച്ചാല്‍ ഇങ്ങിനെ വരും. മന്ത്രിയെയും തന്ത്രിയെയും ഭയന്ന്‌ പരമശിവന്‍ പര്‍വ്വതത്തില്‍ പാറപ്പുറത്തും മഹാവിഷ്‌ണു സമുദ്രത്തില്‍ അനന്തതല്‌പ്പത്തിലും കിടക്കുന്നു. സൂര്യനാവട്ടെ ഇങ്ങോട്ടിറങ്ങാതെ ആകാശത്തിലും. വിഷ്‌ണുഭഗവാന്റെ സ്ഥിതി ഇപ്പരുവത്തിലാണെങ്കില്‍ പിന്നെ വെറുമൊരു അവതാരം ഗുരുവായൂരില്‍ തങ്ങുന്ന കാരം ആലോചിക്കുകയേ വേണ്ട.

ഇനി അഥവാ തലപോയാല്‍ പോട്ടെന്നും കരുതി മൂപ്പര്‍ അവിടെത്തന്നെയുണ്ടായി രുന്നെങ്കില്‍ ഗുരുവായൂരിലെത്തുന്ന ഭക്തശിരോമണികളില്‍ 99 ശതമാനത്തിന്റെ തലയും സുദര്‍ശനം വക അക്കൗണ്ടില്‍ വരവുവെക്കപ്പെടുമായിരുന്നു.

ഉണ്ണിമൂത്രം പുണ്യാഹം എന്നുകേട്ടിട്ടുണ്ട്‌. കാരണം കളങ്കലേശമില്ലാത്ത കുട്ടികള്‍ ദൈവതുല്യരാണ്‌. അങ്ങിനെയുള്ളൊരു ശിശു പണ്ട്‌ ചുറ്റമ്പലം ചുറ്റുന്നതിനിടയില്‍ ഒന്നു ശൂശുവാക്കി. എന്തുകൊണ്ടും വധശിക്ഷ അര്‍ഹിക്കുന്ന കുറ്റം. ദൈവനിന്ദ ആന്റ്‌ നിയമലംഘനം. എങ്കിലും ആരും കുഞ്ഞിനെ തൂക്കിക്കൊന്നില്ല. മോന്‍ ചെയ്‌ത കുറ്റത്തിന്‌ അമ്മയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതുമില്ല. അച്ഛനെ തല്ലിക്കൊന്നു ഇലക്ട്രിക്‌ പോസ്‌റ്റില്‍ തൂക്കി മാതൃകാ ശിക്ഷ നടപ്പിലാക്കിയതുമില്ല. പകരം അമ്പലം വിഴുങ്ങികള്‍ ആ വകയില്‍ ഒരു ബില്ല്‌ എഴുതിക്കൊടുക്കുകയാണ്‌ ചെയ്‌തത്‌. ശുദ്ധീകരണപ്രകൃയയുടെ ചിലവ്‌. മന്ദബുദ്ധികളുടെ വിവരം വെച്ച്‌ ചുരുങ്ങിയത്‌ മൂത്രം താഴോട്ടുപോയ അതേപടി തിരിച്ചെടുത്ത്‌ യഥാസ്ഥാനത്തെത്തിക്കണം എന്നുപറയാത്തത്‌ മഹാഭാഗ്യം.

കുരിശ്‌ കാടുകയറി ഭൂമികൈയ്യേറുന്നു. പള്ളി വടിവാളിന്റെ ഗോഡൗണാവുന്നു. ഒരു കാര്യം വ്യക്തമാണ്‌. സകലദൈവങ്ങളുടെയും ദൈനംദിന കാര്യങ്ങള്‍ ഭംഗിയായി നടത്തിക്കൊണ്ടുപോകുന്ന പണി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്‌ ചെകുത്താനാണ്‌. തന്ത്രപ്രധാനമേഖലകളിലെല്ലാം വിന്യസിച്ചിരിക്കുന്നത്‌ ചെകുത്താനെയാണ്‌.

വയലാര്‍ രവിയുടേയോ വയലാറില്ലാത്ത രവിയുടേതോ ചെറുമകന്‍ എന്നതല്ല പ്രശ്‌നം. അവിടെയുള്ള ത്രികാലജ്ഞാനികള്‍ക്ക്‌ ചോറുണു നടത്തുന്ന കുട്ടിയുടെ തലമുറയില്‍ ഏതെങ്കിലും വേറെ മതത്തില്‍പെട്ടവരുണ്ടെന്നറിയാനുള്ള ദിവ്യദൃഷ്ടിയുണ്ടോ ആവോ?

ഒരു പരിഷ്‌കൃതസമൂഹത്തിന്‌ പറ്റിയ പണിയല്ല ഗുരുവായൂരില്‍ നടന്നത്‌ എന്ന്‌ സാംസ്‌കാരിക പ്രതിഭകള്‍ അലമുറയിടുന്നതും കേട്ടു. ഇത്‌ പരിഷ്‌കൃതസമൂഹമാണെ ന്നതിനുള്ള തെളിവ്‌ കൈയ്യിലുള്ളവര്‍ നിലവില്‍ അക്കൂട്ടര്‍ മാത്രമാണ്‌. കണ്ട മെത്രാനും മുക്രിക്കും തന്ത്രിക്കും മുന്നില്‍ മുട്ടിടിക്കുന്ന മതേതരത്വമാണോ പരിഷ്‌കൃതസമൂഹത്തിന്റെ ലക്ഷണം. അല്ലെങ്കില്‍ നാഴികക്കു നാല്‌പതുവട്ടം വാക്കുമാറ്റുന്ന സാംസ്‌കാരികഗുണ്ടകളുടെ വിഹാരകേന്ദ്രമെന്നതോ?

പയ്യന്‌ ചോറും കൊടുത്ത്‌ പുണ്യാഹം തളിച്ച തന്ത്രിവര്യനെ പടിയടച്ച്‌ പിണ്ഡം വെക്കാതെ തലപ്പത്തുകുത്തിയിരുന്ന്‌ തുടര്‍ന്നും തിരുമേനിയെന്ന്‌ വിളിക്കാന്‍മാത്രം അറിയുന്ന നാവുള്ള വിപ്ലവകാരികളാണോ സംസ്‌കാരസമ്പന്നര്‍? ആചാര്യന്‍മാരുടെ അഭിപ്രായപ്രകാരം അറബിക്കടലിന്റെ ഗതിമാറ്റുകയാണ്‌ തന്ത്രിയെമാറ്റുന്നതിലു മെളുപ്പം. വിപ്ലവകാരികള്‍ക്കും മറിച്ചൊരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല.

ചില പ്പോള്‍ ഗുരുവായൂരപ്പന്‍ വിചാരിച്ചാല്‍ നടന്നേക്കും എന്ന്‌ ഭക്തന്‍മാര്‍ കരു തുന്നുണ്ടാകും. അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്ന്‌ മറ്റാരെക്കാളും നന്നായി അറിയുക തന്ത്രിക്കുതന്നെയാണ്‌. ഒരു ചെയര്‍ എടുത്തിട്ടിരിക്കുകയല്ലാതെ വല്ലതും കളിച്ചാല്‍ ചെയര്‍മാന്റെ അവസാനത്തെ അത്താഴവും അനന്തരം പുണ്യാഹവും നടക്കുകയല്ലാതെ തന്ത്രി നടക്കുപുറത്തെത്തുകയില്ല.

ആകെ മൊത്തം ദൈവം സഹായിച്ച്‌ ഒന്നും ചെയ്യുവാന്‍ പറ്റുകയില്ല. കക്ഷത്തിലുള്ള ദേവസ്വം താഴെപോവരുത്‌. ഉത്തരത്തിലുള്ള വിപ്ലവത്തെ പുണരുകയും വേണം. കൈയ്യെത്തുന്നിടത്ത്‌ തലയെത്തുകയില്ല. നട്ടെല്ലിനാണങ്കില്‍ രാജയക്ഷ്‌മാവും. ഇടക്കിടക്ക്‌ കുരുടന്‍ മാങ്ങക്കെറിഞ്ഞപോലെ ഒരേറുപാസാക്കും. ലക്ഷ്യം അശേഷം തെറ്റിപ്പോവാതെ അതുവന്നു തലയില്‍ തന്നെ പതിക്കും.

മഹാവിപ്ലവത്തിലേക്കുള്ള ചാമുണ്ഡികളുടെ കൂട്ടചാട്ടത്തിന്റെ ഒന്നാംഘട്ടമാണ്‌ ദേവസ്വം ഭരണം. മനുഷ്യന്‍ കയറി അശുദ്ധമാക്കിയതിനുള്ള പുണ്യാഹത്തിന്റെ ഏതാണ്‌ ഒരു മൈല്‍ നീളമുള്ള ചാര്‍ത്ത്‌ തന്ത്രി കുറിച്ചുകൊടുക്കും. അതു കാലതാമസംവിനാ എത്തിച്ചുകൊടുത്തു സംഗതി ഗംഭീരമാക്കലാണ്‌ തലപ്പത്തുള്ള മഹാന്‍മാരുടെ കടമ. തന്ത്രിയാണ്‌ അവസാനവാക്ക്‌ എന്നകാര്യത്തില്‍ ആര്‍ക്കും സംശയമില്ലാത്ത സ്ഥിതിക്ക്‌ ഇതല്ലാതെ പിന്നെ വേറെന്തു പണി.

ദേവസ്വത്തിന്റെ നടപടി ശരിയായില്ല എന്ന്‌ കുമ്മനവും പ്രഖ്യാപിച്ചിട്ടുണ്ട്‌. യേശുദാസടക്കം സകലമാന വിശ്വാസികളെയും കയറ്റി അടിയന്തിരമായി അനുഗ്രഹിപ്പിച്ചുകൊടുക്കണമെന്നും. അപ്പോള്‍ ആരാ ഇവിടെ അവിശ്വാസികള്‍.

ശ്രീനാരായണ ഗുരു പുഴയില്‍ മുങ്ങി കിട്ടിയ കല്ലെടുത്തിട്ടതെല്ലാം പൊതുജനത്തിന്‌ യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാത്ത ഏതെങ്കിലും കുറ്റിക്കാട്ടിലായിരുന്നു. നടുറോഡിലും കൂടി സ്‌തൂപം നാട്ടി എതാണ്ട്‌ നിത്യപൂജ ഏര്‍പ്പാടാക്കുന്ന വിധത്തിലാണ്‌ ചെഗുവേരയുടെ നേരവകാശികളുടെ പ്രയാണം. ഹരഹരോഹര! കാവിയുമുടുത്തു പളനിക്കുപായുന്ന യോഗ്യനും ചോപ്പുമുടുത്തു വരിവരിയായി വന്ന്‌ സ്‌തൂപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തുന്ന യോഗ്യനും തമ്മിലുള്ള വ്യത്യാസമെന്താണ്‌? പട്ടരുടെ പൂണൂലും ചെട്ടിയുടെ പൂണൂലും തമ്മിലുള്ളതോ?

അതുകൊണ്ട്‌ ക്ഷേത്രഭരണം വിശ്വാസികള്‍ക്കല്ല കൊടുക്കേണ്ടത്‌. ക്ഷേത്രം മാത്രമല്ല പള്ളികളും. എല്ലാംകൂടി ഒരു ബോര്‍ഡുണ്ടാക്കി മൊത്തം അന്ധവിശ്വാസികള്‍ക്ക ങ്ങോട്ട്‌ ഏല്‌പിച്ചുകൊടുത്തേക്കുക. ഇപ്പോഴുള്ള സ്ഥിതി മാറുമെന്നുമാത്രമല്ല. ഒന്നുകൂടി ഭംഗിയാവുകയും ചെയ്യും സംഗതികള്‍.

എന്നൊ നമ്മുടെയോ അല്ലെങ്കില്‍ ആചാര്യന്‍മാരുടെയോ മാരകമായ അടിയേറ്റ്‌ ദൈവം ബിസ്‌മികൂടിപ്പോയെന്ന്‌ കരുതി ഇപ്പോ യാതൊരു ഒച്ചപ്പാടുമില്ലാതെ സമാധാനത്തോടെ കഴിയുന്ന ഒരുകൂട്ടം അന്ധവിശ്വാസികളുണ്ട്‌. യുക്തിവാദികള്‍. ചെയര്‍മാന്‍ സ്ഥാനം അവര്‍ക്കായി മാറ്റിവെക്കുക. കാരണം അവരുടെ തലതൊട്ട പ്പനായിരുന്നല്ലോ മഹര്‍ഷി ചാര്‍വ്വാകന്‍. ബലിമൃഗം സ്വര്‍ഗത്തിലെത്തുന്നുവെന്ന്‌ ഉറപ്പാണെങ്കില്‍ ഭക്താ നീ നിന്റെ അച്ഛനെയും അമ്മയെയും ബലികൊടുത്ത്‌ സ്വര്‍ഗം ഉറപ്പാക്കൂ അവര്‍ നരകത്തിലെത്തിപ്പോകേണ്ടെന്ന്‌ കളിയാക്കിയ ദാര്‍ശനീകന്‍.

ചാര്‍വ്വാകന്‌ മഹര്‍ഷിപദം കൊടുക്കാന്‍ മാത്രം ഔന്നത്യം വേറൊരു സംസ്‌കാര ത്തിനും അവകാശപ്പെടാനില്ല. മഹര്‍ഷി ചാര്‍വ്വാകന്റെയും സ്വാമിവിവേകാനന്ദന്റെ യും പിന്‍ഗാമികള്‍ വെറും കൂപമണ്ഡുകങ്ങളായി അധ:പതിക്ക രു ത്‌.കാമകലകളില്‍ ഗവേഷണം നടത്തി ലോകോത്തരഗ്രന്ഥമായ കാമശാസ്‌്‌ത്രമെഴുതിയ വത്സ്യായനും നിരീശ്വരവാദിയായ ചാര്‍വ്വാകനും മഹര്‍ഷിപദം കൊടുത്ത സംസ്‌കാരത്തിന്റെ പ്രതി നിധിയായി ഇവിടെനിന്നും ചിക്കാഗോയിലേക്കുപോയ വിവേകാനന്ദന്‍ പറഞ്ഞത്‌ അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്‍മാരെ എക്‌സ്‌ക്ലൂഷന്‍ എന്ന നിങ്ങളുടെ പദം തര്‍ജുമചെയ്യുവാന്‍ എനിക്കെന്റെ സംസ്‌കാരത്തിന്റെ നാവായ സംസ്‌കൃതത്തില്‍ വാക്കുകളില്ലെന്നാണ്‌.

ഇന്നലെ നഗരപ്രദക്ഷിണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു സുസ്‌മേരവദനം നോട്ടീസുമായി 'ഇതൊന്നു വായിക്കണം'. 'മതത്തെ അറിയുക മനുഷ്യനെ സ്‌നേഹി ക്കുക' സംഗതി ലളിതം. മനുഷ്യനെ സ്‌നേഹിക്കാന്‍ മതത്തെ അറിയേണ്ടകാര്യമു ണ്ടോ എന്നതു വേറെകാര്യം. മതം ഉണ്ടാവുന്നതിനും മുന്നേ മനുഷ്യനും സ്‌നേഹവും ഉണ്ടായിരുന്നുവെന്നത്‌ മന്ദബുദ്ധികളോടെ ആരു പറഞ്ഞുമനസ്സിലാക്കും. ഹിന്ദുവാട്ടെ ഇസ്ലാമാകട്ടെ കൃസ്‌ത്യാനിയാട്ടെ മതഭ്രാന്തന്‍ കുങ്കുമം ചുമക്കുന്ന കഴുതയപ്പോലെയാണ്‌. കഴുതയ്‌ക്ക്‌‌ വിഴുപ്പും കുങ്കുമവും സമം. വിമര്‍ശം കഴുതയെ പാടാന്‍ പഠിപ്പിക്കുന്ന പോലെയും. മ്യൂസിക്‌ ക്ലാസെടുത്തതുകൊണ്ടു കാര്യമില്ലെന്നുമാത്രമല്ല അത്‌ കഴുതയെ വിളറിപിടിപ്പിക്കുകയും ചെയ്യും.

നോട്ടീസിലേക്ക്‌ ഒന്നും കൂടി നോക്കുമ്പോള്‍ മനുഷ്യന്റെ മൊത്തം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിന്റെ ചീട്ടാണ്‌ കണ്ടത്‌. മതത്തെ അറിയുക എന്നുപറഞ്ഞാല്‍ ഇസ്ലാ മിനെ അറിയുക. വേറൊന്നും മതമായി തത്‌ക്കാലം അംഗീകരിച്ചിട്ടില്ല. സൂക്തങ്ങള്‍ക്ക്‌ യാതൊരു ക്ഷാമവുമില്ല. "ഇസ്ലാമില്‍ പൗരോഹിത്യമില്ല, തീവ്രവാദമില്ല, നിരപരാധി യായ ഒരാളെ കൊന്നാല്‍ അവന്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊലചെയ്‌തതുപോലെയാണ്‌ എന്നു പഠിപ്പിക്കുന്ന ഖുര്‍-ആന്‍ അനുയായിക്ക്‌ എങ്ങിനെ തീവ്രവാദിയാകാന്‍ കഴിയും?" ശോദ്യാണ്‌. കെ.ടി മുഹമ്മദിന്റെ ഇതു ഭൂമിയാണ്‌ എന്ന നാടകത്തില്‍ പറഞ്ഞതുപോലെ 'ശോദ്യാണ്‌'.

ജുതനായിപ്പോയി ജനിച്ചുപോയതുമാത്രമായിരുന്നു പേളിന്റെ കുറ്റം ഒരു വിഡ്ഡി ഖുര്‍-ആന്‍ വായിച്ചു. വേറൊരു തെമ്മാടി തലവെട്ടി. ആങ്ങള പ്രേമിച്ച കുറ്റത്തിന്‌ പെങ്ങളെ കൂട്ടബലാത്സംഗം ചെയ്‌ത്‌ ഒന്നാംതരം നീതി നടപ്പാക്കല്‍. മകന്റെ ഭാര്യയെ അച്ഛന്‍ ബലാല്‍സംഗം ചെയ്‌തു. ഉടന്‍ വന്നു ഫത്വ. മകന്റെ ഭാര്യ ഇനി അപ്പാവുക്കു പൊണ്ടാട്ടിതാന്‍. യുധിഷ്‌ഠിരാദികളഞ്ചുംകൂടി ഒരുത്തിയെ വേട്ടപ്പോള്‍ കുഞ്ചന്‍ പാടിയപോലെ സംഗതി വാലുള്ള വാനരര്‍ക്കും ചിതം വരാ. ഇങ്ങ്‌ കേരളത്തില്‍ ഒരുത്തന്‍ ഒരു മുസ്ലീം പെണ്ണിനെ പ്രേമിച്ചു. ലോകാപരാധം. മനുഷ്യസ്‌നേഹികളെല്ലാം ഒത്തുചേര്‍ന്നു. താമസംവിനാ ആ ചെറുപ്പക്കാരന്റെ ദേഹം മൊത്തത്തില്‍ നാവുപോലെ അതിമനോഹരം. എല്ലിന്റെ പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍.

ആദ്യം സ്വയം നന്നാവുക പറ്റുമെങ്കില്‍ കൂടെയുള്ളവരെയും നന്നാക്കുക. മനുഷ്യനെയും ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സ്‌നേഹിക്കാന്‍ ഒരു പ്രവാചകന്റെയും ഒരു ദൈവത്തിന്റെയും ഒരു മതത്തിന്റെയും ഊന്നുവടി ആവശ്യമില്ലാത്ത ആളുകളെ വെറുതെവിടുക.

പറയുന്നതിലല്ല കാര്യം പറയുന്നത്‌ പ്രാവര്‍ത്തികമാക്കുന്നതിലാണ്‌. എല്ലില്ലാത്ത നാക്കിന്‌ വഴങ്ങാത്ത അക്ഷരങ്ങളൊന്നുമില്ല. അതുകൊണ്ട്‌ എന്തും പറയാം. ഇതുപോലൊരു നാല്‌പത്തെട്ട്‌ സൂക്തം ഇരുന്ന ഇരിപ്പില്‍ നിത്യനെഴുതിത്തരാം. നടപ്പാക്കാന്‍ ആളെ വേറെ നോക്കണം.

ഇനി ഈ സഹിഷ്‌ണുതക്ക്‌ തെളിവുവേണമെ ന്നുള്ളവര്‍ക്ക്‌ ഒരു മാര്‍ഗമുണ്ട്‌. ഇതുപോലൊരു നോട്ടീസുമെടുത്തു ഇറാനിലോ സൗദിയിലോ അല്ലെങ്കില്‍ ഇടവലത്തുതന്നെയുള്ള പാക്കിസ്ഥാനിലോ ചെല്ലുക. നാല്‌ക്കവലയില്‍ നിന്ന്‌ വിതരണം ചെയ്യുക. ശേഷം സ്‌ക്രീനില്‍.

10 comments:

NITHYAN said...

ആചാര്യന്‍മാരുടെ അഭിപ്രായപ്രകാരം അറബിക്കടലിന്റെ ഗതിമാറ്റുകയാണ്‌ തന്ത്രിയെമാറ്റുന്നതിലു മെളുപ്പം. വിപ്ലവകാരികള്‍ക്കും മറിച്ചൊരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല.
ചില പ്പോള്‍ ഗുരുവായൂരപ്പന്‍ വിചാരിച്ചാല്‍ നടന്നേക്കും എന്ന്‌ ഭക്തന്‍മാര്‍ കരു തുന്നുണ്ടാകും. അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്ന്‌ മറ്റാരെക്കാളും നന്നായി അറിയുക തന്ത്രിക്കുതന്നെയാണ്‌. ഒരു ചെയര്‍ എടുത്തിട്ടിരിക്കുകയല്ലാതെ വല്ലതും കളിച്ചാല്‍ ചെയര്‍മാന്റെ അവസാനത്തെ അത്താഴവും അനന്തരം പുണ്യാഹവും നടക്കുകയല്ലാതെ തന്ത്രി നടക്കുപുറത്തെത്തുകയില്ല.

Radheyan said...

അവേശത്തില്‍ നാക്കില്ലാത്ത എല്ലിന് എന്ന് എഴുതിയിരിക്കുന്നു,അത് എല്ലില്ലാത്ത നാക്ക് എന്നല്ലേ

എന്തായാലും 100 % യോജിക്കുന്നു.മതം ഒരു അത്യാവശ്യമല്ല,ആവശ്യം പോലുമല്ല.അത് സമൂഹത്തിന്റെ ഒരു നിവൃത്തികേടാണ്.രക്ഷപെടണമെന്ന് ആഗ്രഹിച്ചാലും രക്ഷപെടാന്‍ കഴിയാത്ത രാവണന്‍ കോട്ട.

ബാലന്‍സിംഗ് ആക്റ്റിവിറ്റിയാണ് മതേതരത്വം എന്നാണ് പൊതുസമൂഹത്തിന്റെ ധാരണ.സാംസ്ക്കരിക ഘോഷയാത്രക്കും കോണ്‍ഗ്രസ്സുകാരുടെ ചാക്കാലക്കും ഒരു സ്വാമിയെയും ഒരു അച്ചനെയും ഒരു മുക്രിയെയും എഴുന്നെള്ളിക്കുന്നത് കണ്ടീട്ടില്ലേ.ഓക്കാനമുണ്ടാക്കുന്ന കാഴ്ച്ച.പ്രാര്‍ത്ഥന എന്നത് ഈ ഗോഷ്ടിയാണെന്നാരാണോ കണ്ടു പിടിച്ചത്

NITHYAN said...

രാധേയാ നന്ദി. ആ ആനമണ്ടത്തരം ചൂണ്ടിക്കാണിച്ചുതന്നതിന്‌. എല്ലില്ലാത്ത നാക്കുതന്നെ. ഞാന്‍ തിരുത്താം. ബാലന്‍സിംഗ്‌ ആക്ടിവിറ്റിയാണ്‌ മതേതരത്വം എന്നാണ്‌ പൊതുധാരണ എന്നതിനോട്‌ പൂര്‍ണമായും യോജിക്കുന്നു.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

വളരെ നല്ല പോസ്റ്റ്‌ നിത്യന്‍. ഇതൊന്നും നമ്മുടെ ജനത്തിന്‌ രുചിക്കാത്ത കാര്യങ്ങളായിട്ടുണ്ട്‌. 'ശരണം' ഏതോ ധ്രൂവത്തില്‍ കിടക്കുന്ന പൊതിക്കാത്തേങ്ങയാണെന്നാ ഭൂരിപക്ഷത്തിന്റെയും വിശ്വാസം.

chithrakaran ചിത്രകാരന്‍ said...

നിത്യന്‍,
നല്ല പോസ്റ്റ്‌.
ഇതുവരെ ഇവിടെ എത്താതിരുന്നതില്‍ ഖേദം തോന്നുന്നു.

നിത്യന്‍ പറഞ്ഞതു ശരിയാണ്‌ ദൈവത്തിന്റെ ലേബലില്‍ ഇന്നു ലഭ്യമായ എല്ലാ സംവിധാനങ്ങളും പിശാചിന്റെ ഉടമസ്ഥതയില്‍ നടത്തപ്പെടുന്ന ചൂഷണ ഉപകരണങ്ങള്‍ തന്നെയാണ്‌.

കുറുമാന്‍ said...

നിത്യന്‍ ഭായ്, ഇതു വായിക്കാന്‍ വൈകിപോയി... കസറിയിട്ടുണ്ട്. ഇതൊക്കെ വായിക്കേണ്ടവര്‍ വായിക്കാതെ പോകുന്നല്ലോ എന്ന സങ്കടം മാത്രം ബാക്കി.

qw_er_ty

Unknown said...

അഭിനന്ദനങ്ങള്‍ നിത്യന്‍ ...! സമയം അനുവദിക്കുമ്പോള്‍ എന്റെ ബ്ലോഗ് ഒന്ന് സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Unknown said...

നിത്യന്‍ മാഷേ,
പൂര്‍ണമായും യോജിക്കുന്നു. മനുഷ്യനെ അറിയാന്‍ മതവും മെത്രാനും മുക്രിയും തന്ത്രിയും എന്നല്ല ഒരു ‘മൈസൂര്‍ രജിസ്ട്രേഷന്‍ വണ്ടിയും’ (കട്:വി കെ എന്‍) വേണ്ട. മനുഷ്യനായാല്‍ മതി. കലക്കന്‍ എഴുത്ത്. വീണ്ടും വരാം.


qw_er_ty

absolute_void(); said...

ആത്മരോഷം ഇച്ചിരെ കൂടിയോന്ന് സംശയം. എങ്കിലും ആദ്യാവസാനം വായിച്ചു. ഇഷ്ടപ്പെട്ടു. പറഞ്ഞതപ്പടി സത്യം. പറയേണ്ടത്. ഈ പോസ്റ്റിന്‍റെ ലിങ്ക് ഞാന്‍ കുറച്ചുപേര്‍ക്ക് അയച്ചുകൊടുക്കുന്നുണ്ട്.

വിചാരം said...

നിത്യാ... ഇത്തിരി വൈകി. എന്നാ‍ലും ഞാനെത്തി.
കസറി മോനെ കസറി.. സത്യം വിളിച്ചു പറഞ്ഞതിന് നിന്നെ കൊല്ലാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ നിനക്ക് ചുറ്റുമുണ്ട്.
നിത്യാ.. കാഫിര്‍ എന്നാലെന്തന്നറിയുമോ ? അവിശ്വാസി എന്നര്‍ത്ഥം .. അതായത് മുസ്ലിം അല്ലാത്തവര്‍ കാഫിര്‍ എന്നവര്‍ പറയുന്നു.. എന്നാല്‍ ഞാന്‍ പറയുന്നു ... മുസ്ലിംങ്ങളും കാഫിറുകള്‍ തന്നെ.
ദൈവത്തിന്റെ പേരില്‍ എന്തുമാവാമെന്നാണ്, മത ഭ്രാന്തന്മാരുടെ ഉള്ളിലിരുപ്പ്, അതിനെ തച്ചു തകര്‍ക്കണം, ഒരു നാള്‍ എല്ലാം തകരും അതുറപ്പാണ്.