June 17, 2007

പ്രതിഭാ പട്ടേലിനെ കണ്ടെത്തല്‍

ഒടുക്കം അനിവാര്യമായത്‌ സംഭവിച്ചു. കോണ്‍ഗ്രസുകാരും വിപ്ലവകാരികളുമെല്ലാം കൂടി ശതകോടി ഇന്ത്യരില്‍ നിന്നും ഒരു പരമയോഗ്യയെ കണ്ടെത്തി.

ഏകഭര്‍തൃത്വത്തില്‍ വിശ്വസിക്കുന്നതുകൊണ്ട്‌ തല്‌ക്കാലം ഒരു രാഷ്ട്രപതിക്കേ സ്‌കോപ്പുള്ളൂ. പതിയായതുകൊണ്ട്‌ ആണുതന്നെയാവണമെന്നതായിരുന്നു ഇതുവരെ നാട്ടുനടപ്പ്‌. ഇപ്പോള്‍ വിപ്ലവകരമായ ഒരു തീരുമാനമാണ്‌ വന്നത്‌. വനിതക്കും പതിയാവാം.

കോണ്‍ഗ്രസുകാര്‍ വിപ്ലവകാരികള്‍ക്കും വിപ്ലവകാരികള്‍ കോണ്‍ഗ്രസുകാര്‍ക്കും നന്ദിപറഞ്ഞു. മാരത്തോണ്‍ വട്ടമേശസമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ അകമഴിഞ്ഞ്‌ സഹായിച്ച അണ്ടിപ്പരിപ്പുകള്‍ക്ക്‌ പൊതുജനവും നന്ദിരേഖപ്പെടുത്തിയിരിക്കണം. ആളുകള്‍ക്കെന്തും പറയാം.

നൂറുകോടി അരുമയാന മക്കളെ മുന്നില്‍ നിന്നു നയിക്കുക ചില്ലറപ്പണിയാണോ? നേരാം വണ്ണം കണ്ണും കാതും തലയും പ്രവര്‍ത്തിപ്പിക്കുന്നവരെക്കൊണ്ട്‌ പറ്റുകയില്ല. മുന്നില്‍ നിന്നുപോയിട്ട്‌ പിന്നില്‍ നിന്നുകൂടി നയിക്കുക സാദ്ധ്യമല്ല. ഇനി ഈ പണിക്കില്ലെന്ന്‌ കലാം സാര്‍ പറഞ്ഞല്ലോ?

അപ്പോള്‍ അത്തരത്തിലുള്ള ഒരാളെ കണ്ടെത്തണം. കഴിഞ്ഞതവണത്തെ അബദ്ധം പറ്റിപ്പോവരുത്‌. ചരിത്രം ആവര്‍ത്തിക്കും എന്നാണ്‌. എന്നാല്‍ അതെപ്പോഴും ആവര്‍ത്തിക്കുക വിഡ്ഡികളുടെ തലയിലാണ്‌. മന്ദബുദ്ധികളായ കോണ്‍ഗ്രസുകാരും അതിബുദ്ധികളായ മാര്‍ക്‌സിസ്‌റ്റുകാരും കൂടിചേരുമ്പോള്‍ ന്യായമായും സാമാന്യബുദ്ധിക്ക്‌ സാദ്ധ്യതയുണ്ട്‌. അതുകൊണ്ട്‌ ഇത്തവണ ചരിത്രം ആവര്‍ത്തിച്ചില്ല.

വിപ്ലവകാരികള്‍ പണ്ടേ ഇതു ചൂണ്ടിക്കാട്ടിയതാണ്‌. പഞ്ചാബില്‍ മഞ്ചലെടുക്കാന്‍ നാലാളില്ലാത്ത സുര്‍ജിത്ത്‌ സഖാവായിരുന്നല്ലോ പണ്ട്‌ ഇന്ദ്രപ്രസ്ഥത്തിലെ കിങ്‌മേക്കര്‍. ചില ആളുകള്‍ അങ്ങിനെയാണ്‌ നാട്ടില്‍ വിലയില്ലെങ്കിലും പേട്ടയില്‍ പുല്ലുവിലയായിരിക്കും. അന്ന്‌ രാജ്യതാല്‌പര്യം മുന്‍നിര്‍ത്തി സഖാവ്‌ ഒരു മാതൃകാ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയായിരുന്നു. സഖാവിന്‌ വല്ല സ്വര്‍ണപ്രശ്‌നവും വശമുണ്ടോ എന്നുവരെ പലര്‍ക്കും തോന്നിപ്പോയിരുന്നു. അത്രകണ്ട്‌ അനുയോജ്യ വ്യക്തിത്വം. ക്യാപ്‌റ്റന്‍ ലക്ഷ്‌മി.

പഞ്ചേന്ദ്രിയങ്ങള്‍ മാത്രമല്ല ബാക്കിയുള്ളതും ലോക്കൗട്ട്‌ പ്രഖ്യാപിച്ച സുന്ദരമായ അവസ്ഥ. വെടിപൊട്ടിച്ചാലും കുലുങ്ങാത്ത കേള്‍വി. കണ്ണില്‍ കുത്തിയാലും കാണാത്ത കാഴ്‌ച. കണ്ണും കാതുമാണ്‌ ഏറ്റവും അപകടകാരികള്‍. അതു രണ്ടിന്റെയും ഉപദ്രവം അശേഷമില്ല. എന്തോ നമുക്ക്‌ യോഗമില്ലാതായി എന്നുപറയുന്നതാവും ശരി. അവര്‍ സൈഡായി. സുര്‍ജിത്‌ ആംഗ്യേഷു ഉവാച. കാരാട്ടും യെച്ചൂരിയും കൂടി അതേപടി കസാരയിലെടുത്ത്‌ വീട്ടിലെത്തിച്ചുകൊടുത്തു.

ഒന്നുകില്‍ പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം താനെ നിലയ്‌ക്കുന്നവര്‍ അല്ലെങ്കില്‍ ജന്മനാ അതിനെക്കൊണ്ടുള്ള ഉപദ്രവം ഇല്ലാത്തവര്‍. അവര്‍ കാണേണ്ടതു മാത്രമേ കാണുകയുള്ളൂ. കേള്‍ക്കേണ്ടതുമാത്രമേ കേള്‍ക്കുകയുമുള്ളൂ. ഒരു ജനതയെ മുന്നില്‍ നിന്നു നയിക്കേണ്ടവരുടെ പ്രധാന യോഗ്യത ഇത്രയുമായിരിക്കണം. നേരാംവണ്ണമുള്ള ഇന്ദ്രിയങ്ങളുമായി നാട്ടില്‍ പ്രവര്‍ത്തിക്കുക ലേശം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. കാട്‌ അത്തരക്കാര്‍ക്കുള്ളതാണ്‌. അങ്ങിനെയുള്ളവര്‍ക്ക്‌ തല ഉടലില്‍ തന്നെ വേണമെന്ന നിര്‍ബന്ധവും ഉണ്ടാവരുത്‌.

പ്രതിഭാപട്ടേലിനെ തിരഞ്ഞെടുത്ത നിമിഷം ഇന്ത്യാമഹാരാജ്യത്തിന്റെ ചരിത്രനിമിഷമാണെന്ന്‌ സോണിയാജി വിലയിരുത്തി. സര്‍ദാര്‍ജി കൈയ്യടിച്ചു. വയറുനിറഞ്ഞ വിപ്ലവകാരികള്‍ നന്നായി ഓരിയിട്ടു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തപ്രകാരമല്ലെങ്കില്‍ പൂന്താനത്തിന്റെ സിദ്ധാന്തപ്രകാരം സിംഹങ്ങള്‍ സൃഗാലങ്ങളായി വളര്‍ന്നു. ഗര്‍ജനം ഇപ്പോള്‍ പണ്ടത്തെപ്പോലെ പതിവില്ല. ഗര്‍ജിച്ചതേ ഓര്‍മ്മയുണ്ടാവുകയുള്ളൂ. റിസോര്‍ട്ടുകള്‍ തലയില്‍ വീണ്‌ ചത്തുപോയെന്നായിരിക്കും പിന്നെ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌്‌.

പ്രതിഭാപട്ടേലിനെ തിരഞ്ഞെടുത്ത നിമിഷംപോലെ അപൂര്‍വ്വം ചില നിമിഷങ്ങളാണ്‌ ഇന്ത്യയിലെ ചരിത്രനിമിഷങ്ങള്‍. ആദ്യത്തേത്‌ ഇന്ദിരാജി കോണ്‍ഗ്രസ്‌ പ്രസിഡണ്ടായത്‌. രണ്ടാമത്തെ സുന്ദരനിമിഷം മൂപ്പര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായത്‌. മൂന്നാമത്തെ ചരിത്രമുഹൂര്‍ത്തം സോണിയാജി അനുരാഗപരവശയായി രാജീവ്‌ജിയെ കാംബ്രിഡ്‌ജിലെ പാരലല്‍ കോളിജില്‍ വച്ചു കണ്ടത്‌. നാലാമത്തെ ചരിത്രമുഹൂര്‍ത്തം രാജീവ്‌ജി കോണ്‍ഗ്രസ്‌ ജനറല്‍ സിക്രട്ടറിയായത്‌. അഞ്ചാമത്തെ ചരിത്രശുഭമുഹൂര്‍ത്തം പതിനാറുകൊല്ലത്തെ നീണ്ട കാത്തിരിപ്പിനുശേഷം സോണിയാജി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിച്ചത്‌. പിന്നെ ഭാവിഭാരതത്തിന്റെ വരദാനമായി സര്‍ദാര്‍ജി ചൂണ്ടിക്കാട്ടിയ രാഹുല്‍ജി ഭൂജാതനായത്‌. അടുത്ത ചരിത്രനിമിഷമാണ്‌ പ്രിയങ്കയുടെ ജനനം.

ഇലക്ട്രിക്‌ പോസ്‌റ്റില്‍ എഞ്ചിനീയറുടെ പത്തിരട്ടി വേഗത്തില്‍ കുരങ്ങന്‍ പാഞ്ഞുകയറും. ലൈന്‍ ഓഫാക്കാന്‍ ഒരാള്‍ ഓഫീസിലുണ്ടായാല്‍ മതി. അങ്ങിനെ സോണിയാജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായത്‌ മറ്റൊരനര്‍ഘനിമിഷം. പ്രതിഭാ പട്ടേലിനെ കണ്ടെത്തിയതാകട്ടെ വേറൊരസുലഭനിമിഷം. താരതമ്യം ചെയ്യാന്‍ വേറൊരു കൂടിക്കാഴ്‌ചയേ ലോകചരിത്രത്തിലുള്ളൂ. മെക്‌സിക്കോയില്‍ വച്ച്‌ ഫിദല്‍ കാസ്‌ട്രോ ഏണസ്‌റ്റോ ചെഗുവേരയെ കണ്ടെത്തിയ വിപ്ലവമുഹൂര്‍ത്തം.

മുകളില്‍ പറഞ്ഞ എല്ലാ നല്ല ലക്ഷണങ്ങളുമുള്ള മഹതി. പണ്ടത്തെ ഉരുക്കുമനുഷ്യന്റെ പേരിന്റെ പാതി പേരിനോടൊപ്പമുണ്ട്‌. കലപ്പവലിക്കാന്‍ കെല്‌പില്ലാത്ത മൂരിയാണ്‌്‌ കോതാമൂരിയാവുക. അതായത്‌ ഗവര്‍ണര്‍. ആയൊരു എക്‌സ്‌പീരിയന്‍സുമുണ്ട്‌. കോണ്‍ഗ്രസുകാര്‍ക്ക്‌്‌ തൃപ്‌തിയായി.

സഖാക്കള്‍ കാരാട്ടുസഖാവിന്റെ നേതൃത്വത്തില്‍ വന്നു കോണ്‍ഗ്രസുകാര്‍ കാണാത്ത കോണിലൂടെ ഒന്നു നോക്കി. നടപ്പിലും എടുപ്പിലും വാക്കിലും നോക്കിലും എല്ലാം ഏണസ്‌റ്റോ ചെഗുവേരയുടെ ഊര്‍ജ്വസ്വലത. ജോസഫ്‌ സ്റ്റാലിന്റെ പട്ടേല്‍മുഷ്ടി. കാസ്‌ട്രോയുടെ വാക്‌ചാതുരി. ഹോചിമിന്റെ എളിമ. ഗ്രാംഷിയുടെ സര്‍ഗശേഷി - പണ്ട്‌ വള്ളത്തോള്‍ മഹാത്മജിയെപ്പറ്റി പറഞ്ഞപോലെ ചെല്ലുവിന്‍ ആ മഹാത്മാവിന്‍ നികടത്തില്‍.

ഇനി എന്നെങ്കിലും ചക്കവീണ്‌ മുയലുവടിയായപോലെ ഒരു ഇന്ത്യന്‍ വിപ്ലവം നമ്മളാവുന്നത്ര ഉത്സാഹിച്ചിട്ടും നടന്നുപോവുകയാണെങ്കില്‍ അന്നത്തേക്കും ഏറ്റവും നല്ല പ്രസിഡണ്ട്‌. ലാല്‍സലാം.

ഇന്ത്യാ മഹാരാജ്യത്തിന്‌ ആദ്യത്തെ വനിതാപതിയെ (രാഷ്ട്ര) കിട്ടുന്ന നിമിഷമാണ്‌. വനിതകളേ കയ്യും മെയ്യും മറന്നാഹ്ലാദിക്കുക. നിത്യന്‍ വകയും ഒരു ചീയേഴ്‌സ്‌. വനിതാപ്രധാനമന്ത്രിയായി ഇന്ദിരാജി ഭരിച്ചിരുന്നപ്പോഴാണല്ലോ വനിതകളുടെ സ്ഥിതി വല്ലാതങ്ങ്‌ അഭിവൃദ്ധിപ്പെട്ടുപോയത്‌.

വെച്ചടി വെച്ചടി കേറ്റമായാരുന്നു വനിതകള്‍ക്ക്‌. സഞ്‌ജയ്‌ജിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന അടിയന്തിരത്തോടെ വനിതകള്‍ മാനത്തോളമുയര്‍ന്ന്‌ ഇന്ദ്രസദസ്സിലെ അപ്‌സരസ്സുകളെ വെല്ലുവിളിച്ചു.

വനിതകളെ തട്ടി വഴിനടക്കാന്‍ പറ്റാത്ത വിധത്തിലാണ്‌ രാജ്യം. എന്നിട്ടും വനിതകളുടെ സ്ഥിതിയോ? പരമദയനീയം. ആ പരമദയനീയ സ്ഥിതിക്കുള്ള ഒരു പെര്‍മനന്റ്‌ പരിഹാരമാണ്‌ പ്രതിഭാ പട്ടേല്‍.

അതുകൊണ്ടുമാത്രമാണ്‌ അന്നുതൊട്ടിന്നോളം ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ വാക്കിലും പ്രവര്‍ത്തിയിലും നടപ്പാക്കി ലോകത്തിന്റെ ആദരവു പിടിച്ചുപറ്റിയ നിര്‍മലാ ദേശ്‌പാണ്ഡെയെ ആദ്യവട്ടം തന്നെ പടിയടച്ച്‌ പിണ്ഡം വച്ചത്‌.

14 comments:

നിത്യന്‍ said...

പ്രതിഭാപട്ടേലിനെ തിരഞ്ഞെടുത്ത നിമിഷം ഇന്ത്യാമഹാരാജ്യത്തിന്റെ ചരിത്രനിമിഷമാണെന്ന്‌ സോണിയാജി വിലയിരുത്തി. സര്‍ദാര്‍ജി കൈയ്യടിച്ചു. വയറുനിറഞ്ഞ വിപ്ലവകാരികള്‍ നന്നായി ഓരിയിട്ടു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തപ്രകാരമല്ലെങ്കില്‍ പൂന്താനത്തിന്റെ സിദ്ധാന്തപ്രകാരം സിംഹങ്ങള്‍ സൃഗാലങ്ങളായി വളര്‍ന്നു. ഗര്‍ജനം ഇപ്പോള്‍ പണ്ടത്തെപ്പോലെ പതിവില്ല. ഗര്‍ജിച്ചതേ ഓര്‍മ്മയുണ്ടാവുകയുള്ളൂ. റിസോര്‍ട്ടുകള്‍ തലയില്‍ വീണ്‌ ചത്തുപോയെന്നായിരിക്കും പിന്നെ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌്‌.

കുറുമാന്‍ said...

വായിച്ചു നിത്യന്‍ ജി, ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥ. മറ്റൊന്നും കൊണ്ടല്ല, മൌനം വിഡ്ഡിക്കലങ്കാരം എന്ന രീതിയില്‍ മാത്രം.

മൂര്‍ത്തി said...

ഒരു കോമ്പ്രമൈസ് സെലക്ഷണ്‍ ആണിവര്‍ എന്നത് ശരി തന്നെ. എങ്കിലും അത്ര മോശം കാര്യമാണെന്നു തോന്നുന്നില്ല. നെഹ്രു കുടുംബത്തോടുള്ള അടുപ്പവും ഇവരുടെ പേരു മുന്നോട്ടു വന്നതില്‍ കാരണമാണ്. എങ്കിലും ഈ ഒരു സര്‍വ പുച്ഛം എഴുത്തിന്റെ ആവശ്യമുണ്ടോ? അവരുടെ കുറ്റം എന്താണെന്ന വിലയിരുത്തലും കണ്ടില്ല. നിര്മല ദേശ് പാണ്ഡെയെക്കുറിച്ച് അവസാന പാരഗ്രാഫില്‍ ഒരു പരാമര്‍ശമുണ്ടെന്നൊഴിച്ചാല്‍ ബദില്‍ നിര്‍ദ്ദേശവും കണ്ടില്ല. എന്തായാലും ഗവര്‍ണരായും രാജ്യസഭാ വൈസ് ചെയര്‍പേര്‍സനായുമൊക്കെ ഇരുന്നിട്ടുള്ള ആളല്ലേ..നമുക്ക് നോക്കാം...
qw_er_ty

അപ്പു said...

വായിച്ചു...എന്താ കമന്റേണ്ടതെന്നറിയില്ല നിത്യന്‍.
മൂര്‍ത്തിസാ‍ര്‍ പറഞ്ഞതുപോലെ നോക്കാം.

qw_er_ty

വിചാരം said...

നിത്യന്റെ രാഷ്ട്രീയ വീക്ഷണങ്ങളോടെതിര്‍പ്പുണ്ടെങ്കിലും, വാക്കുകള്‍ ശരം പോലെ പായുന്നു മനസ്സിലേക്ക് അവയ്ക്ക് നല്ല മൂര്‍ച്ചയും. കീപ്പ് ഇറ്റ് അപ്പ്..
ഭാരതത്തെ മാതാവായാണല്ലോ നമ്മള്‍ സങ്കല്‍‌പ്പിക്കുന്നതു, അതുകൊണ്ടാണല്ലോ രാഷ്ട്രപതി (രാഷ്ട്രത്തിന്റെ ഭര്‍ത്താവ്) എന്നു നമ്മളെ പ്രസിഡന്റിനെ വിളിക്കുന്ന ഹിന്ദി നാമം.. എങ്കില്‍ പ്രതിഭാ പാട്ടിലിനെ എന്തുവിളിക്കും ?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട നിത്യന്‍ ! എനിക്ക് ഇതുവരെയായി എത്ര ആലോചിട്ടും പിടികിട്ടാത്ത ഒരു സംഗതിയായിരുന്നു, ഒരു വനിത പരമോന്നത പദവിയിലെത്തിയാല്‍ രാജ്യത്തെ മറ്റു സ്ത്രീജനങ്ങള്‍ എങ്ങിനെ അഭിവൃദ്ധിപ്പെടും, അതേപോലെ ഒരു പട്ടിക ജാതിയില്‍പ്പെട്ട ആളോ, ന്യൂന പക്ഷ വിഭാഗത്തില്‍ പെട്ട ആളോ ആയാല്‍ ആ വിഭാഗങ്ങളില്‍ പെട്ട മറ്റെല്ലാവരും പെട്ടെന്നങ്ങ് വല്ലാതെ അഭിവൃദ്ധിപ്പെടുന്നതും എങ്ങിനെയെന്നു... ഇത് വായിച്ചപ്പോല്‍ ഏതാണ്ടെന്തോ മനസ്സിലായ പോലെ.. ഇനി ഒരു സംശയവും കുറേക്കാലമായി മനസ്സിലുണ്ട്. ഇതുവരെയായി പേടിച്ചിട്ട് ആരോടും ചോദിച്ചിട്ടില്ല. ഈ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗക്കാരിലേയും,പിന്നോക്കവിഭാഗങ്ങളിലേയും ചെറിയൊരു ന്യൂനപക്ഷത്തിനു സംവരണം മുഖേന സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ ഈ വിഭാഗത്തില്‍ പെട്ട എല്ലാവരും എങ്ങിനെയാണു എപ്പോഴാണു അഭിവൃദ്ധിപ്പെടുക എന്നതാണാ സംശയം ! ഈ സംശയവും എപ്പോഴെങ്കിലും തീരുമായിരിക്കും !!

അനാഗതശ്മശ്രു said...

ഇനി മുതല്‍ രാഷ്ട്ര പത്നി എന്നല്ലെ പറയേണ്ടിവരിക

അങ്കിള്‍. said...

രാഷ്ട്രാധ്യക്ഷ ആയാലോ?.

ettukannan | എട്ടുകണ്ണന്‍ said...

എത്രയൊക്കെ പറഞ്ഞാലും ലേഖകന്‍ ഒന്നു മനസ്സിലാക്കണം.. രാഷ്ട്രപതിയാവണമെങ്കില്‍, അലിഖിതഭാഷകളില്‍ എഴുതപ്പെട്ട ചില മാനദണ്ഡങ്ങളോട്‌ ചേര്‍ന്നുനില്‍ക്കുന്നയാളായിരിക്കണം...

1) പരസഹായമില്ലാതെ നാലടി മുന്നോട്ടുനടക്കാന്‍ കെല്‍പുള്ള ആളായിരിക്കരുത്‌.

2) തറുതല പറയാതെ, ഭരണകക്ഷിയുടെ താല്‍പര്യമുള്ള ബില്ലുകള്‍ ആലോചിക്കാതെ തന്നെ പാസ്സാക്കാന്‍ കഴിവുള്ള ആളായിരിക്കണം.

3) പ്രസിഡന്റു സ്ഥാനം കഴിഞ്ഞു പുറത്തിറങ്ങി, കുറഞ്ഞത്‌ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാനുള്ള ആരോഗ്യസ്ഥിതി ഉള്ളയാളായിരിക്കരുത്‌.

മേല്‍പ്പറഞ്ഞ എല്ലാ ഗുണങ്ങളുമുള്ള ഏതൊരു വ്യക്തിയെയും രാഷ്ട്രപതിയോ/പത്നിയോ ആയി തിരഞ്ഞെടുക്കാന്‍ ഖൗനിയ്കേണ്ടത്‌ തന്നെ...

:)

എതിര്‍പ്പുണ്ടോ?

biminith said...

പാട്ടീലമ്മ രാഷ്ട്രപതി മോഹനസിംഹം പ്രധാനമന്ത്രി..... ഭരണയന്ത്രം മദാമ്മാ ഗാന്ധിയുടെ കൈയില്‍ ഭദ്രം.... ഇനി ബില്ലുകള്‍ രാഷ്ട്രപതിയാപ്പീസില്‍ നിന്ന്‌ മടങ്ങുമെന്ന പേടി വേണ്ട.... പണ്ടേ സായിപ്പമ്മാരോടും മദാമ്മമാരോടും അടങ്ങാത്ത വിധേയത്വമാണല്ലോ നമ്മള്‍ ഭാരതീയര്‍ക്ക്‌..... അനുഭവിക്കുക തന്നെ....

biminith said...

പാട്ടീലമ്മ രാഷ്ട്രപതി മോഹനസിംഹം പ്രധാനമന്ത്രി..... ഭരണയന്ത്രം മദാമ്മാ ഗാന്ധിയുടെ കൈയില്‍ ഭദ്രം.... ഇനി ബില്ലുകള്‍ രാഷ്ട്രപതിയാപ്പീസില്‍ നിന്ന്‌ മടങ്ങുമെന്ന പേടി വേണ്ട.... പണ്ടേ സായിപ്പമ്മാരോടും മദാമ്മമാരോടും അടങ്ങാത്ത വിധേയത്വമാണല്ലോ നമ്മള്‍ ഭാരതീയര്‍ക്ക്‌..... അനുഭവിക്കുക തന്നെ....

biminith said...

പാട്ടീലമ്മ രാഷ്ട്രപതി മോഹനസിംഹം പ്രധാനമന്ത്രി..... ഭരണയന്ത്രം മദാമ്മാ ഗാന്ധിയുടെ കൈയില്‍ ഭദ്രം.... ഇനി ബില്ലുകള്‍ രാഷ്ട്രപതിയാപ്പീസില്‍ നിന്ന്‌ മടങ്ങുമെന്ന പേടി വേണ്ട.... പണ്ടേ സായിപ്പമ്മാരോടും മദാമ്മമാരോടും അടങ്ങാത്ത വിധേയത്വമാണല്ലോ നമ്മള്‍ ഭാരതീയര്‍ക്ക്‌..... അനുഭവിക്കുക തന്നെ....

അരുവിക്കരക്കാരന്‍... said...

പ്രിയമുള്ള നിത്യന്‍
പതിവുപോലെ താങ്കളുടെ തൂലിക ഖഡ്ഗമായി മാറുന്നു.
പ്രഗല്‍ഭനായ എ.പി.ജെ യ്ക്കു ശേഷം ഭാരതത്തെ നയിക്കാന്‍ മറ്റാരെയും നമുക്കു കിട്ടിയില്ലല്ലോ.
ഹാ കഷ്ടം!

രാജു ഇരിങ്ങല്‍ said...

നിത്യന്‍ ആദ്യമായൊരു വല്യ നമസ്കാരം.

ഇതാണ് നമ്മുടേയും നാടിന്‍ റേയും കുഴപ്പം. ആവശ്യമുള്ളതല്ല നമ്മുടെ മീഡിയകള്‍ ചര്‍ച്ചചെയ്യാറുള്ളത്. എരിവും പുളിയും ഉള്ളതു മാത്രമേ മീഡിയയ്ക്ക് വേണ്ടൂ.
അതു കൊണ്ടാണ് രാഷ്ട്ര പത്നി വേണോ രാഷ്ട്രപതി വേണോ എന്ന ചര്‍ച്ച സംഘടിപ്പിക്കുകയും ചാനലുകളില്‍ മണിക്കൂറുകളോളം പിണ്ടംവയ്ക്കുകയും ചെയ്യുന്നത്.

ഇന്ത്യാ മഹാരാജ്യത്ത് ബുദ്ധിയുണ്ടായിരുന്ന ഒരു മന്ദബുദ്ധിയെ പിടിച്ച് പ്രധാനമന്ത്രിയാക്കുകയും തന്‍റെയും പാര്‍ട്ടിയുടേയും ചേലത്തുമ്പില്‍ കൊണ്ടു നടക്കാന്‍ ‘ചാടിക്കളിയെടാ കൊച്ചുരാമാ’ എന്ന വിധത്തിലേക്ക് ‘ഉയര്‍ത്ത’പ്പെട്ട ‘ജനാധിപത്യ രാഷ്ട്രത്തിലെ‘ജനങ്ങള്‍ തിരഞ്ഞെടുക്കാത്ത പ്രധാനമന്ത്രി. ഒരിക്കല്‍ പോലും ജനങ്ങള്‍ തിരഞ്ഞെടുക്കാത്ത, ജനങ്ങള്‍ ആരെന്ന് അറിയാത്ത പ്രധാനമന്ത്രി.
ദാ
ഒരിക്കല്‍ കൂടി പ്രാമാണിമാരുടെ മാത്രം രാഷ്ടമാണ് ഇന്ത്യ എന്ന് തെളിയിച്ചിരിക്കുന്നു. പ്രത്രിഭാപാട്ടീല്‍
നെഹറു കുടുംബത്തിന്‍റെ ചെരുപ്പു നക്കികളില്‍ പ്രഥമ സ്ഥാനം.
പ്രധാനമന്ത്രിയോട് ചാടിക്കളിയെടാ എന്ന് പറയുമ്പോള്‍ ഇവിടെ ഒന്ന് നോക്കിയാല്‍ മതി ചാടുകയൊ ഓടുകയോ ചെയ്യാന്‍ റെഡി.

മന്ദബുദ്ധി പ്രധാനമന്ത്രിക്ക്
മിണ്ടാപ്പൂച്ച രാഷ്ട്രപതി.

ഇന്ത്യ മഹത്തായ ജനാധിപത്യ രാഷ്ട്രം എന്നുള്ളത് മാറ്റി
ഇന്ത്യ മഹത്തായ പ്രമാണിത്ത രാഷ്ട്രം എന്ന് തിരുത്തി വായിക്കാന്‍ സമയമായിരിക്കുന്നു.