June 27, 2007

കുരിശിന്റെ വഴിയേ അരിവാളും

കമ്മ്യൂണിസവും കൃസ്‌തുമതവും തമ്മില്‍ ഒരുപാട്‌ സാമ്യമുണ്ട്‌. രണ്ടു നാടകവും തുടങ്ങിയത്‌ ഒരുപോലെയാണ്‌. അടിച്ചമര്‍ത്തപ്പെട്ടവന്റെ നാവായി പ്രത്യക്ഷപ്പെടും ആദ്യരംഗത്തില്‍. അന്ത്യരംഗം കൊഴുപ്പിക്കുക പക്ഷേ അവന്റെ ആര്‍ത്തനാദമായിരിക്കും.

ധനികന്‍ സ്വര്‍ഗത്തിലെത്തുന്നത്‌ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനു സമമാണ്‌ എന്നു ബൈബിള്‍. ചൂഷണവ്യവസ്ഥയുടെ ആണിക്കല്ല്‌ സ്വകാര്യസ്വത്താണെന്ന്‌ കമ്മ്യൂണിസ്‌റ്റുകാരുടെ ബൈബിളും. അതു താനല്ലയോ ഇത്‌ എന്ന്‌ വര്‍ണ്യത്തിലാശങ്കക്കൊന്നും സ്ഥാനമില്ല. രണ്ടും ഒന്നു തന്നെയാണ്‌. ചുരുങ്ങിയത്‌ സ്വത്തുകാര്യത്തിലെങ്കിലും.

വയനാട്ടിലെ ആദിവാസിയുടെ ഭൂമിയുടെ കിടപ്പ്‌ നോക്കുക. മൂന്നാറിലെ റിസോര്‍ട്ടു റവല്യൂഷനും നോക്കുക. കുരിശും കൊണ്ട്‌ ചെകുത്താന്‍ മലകയറ്റം ആരംഭിച്ചതോടെ നിയമം നിയമത്തിന്റെ വഴിയിലും മതേതരത്വം അതിന്റെ വഴിയിലും ആദിവാസി പെരുവഴിയിലുമായതാണ്‌ കൈയ്യേറ്റത്തിന്റെ ചരിത്രം. അഥവാ കുടിയേറ്റത്തിന്റ സുവര്‍ണജൂബിലി ചരിത്രം.

ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്‌റ്റുകാരന്റെ അടിസ്ഥാനയോഗ്യത നല്ലൊരു ഹൃദയവും ഭേദപ്പെട്ടൊരു തലയും ഉരുക്കിന്റെ നട്ടെല്ലുമാണ്‌. ഇപ്പോള്‍ നടുവില്‍ പറഞ്ഞ സംഗതിയേ ഉള്ളൂ. കാലപ്രവാഹത്തില്‍ കമ്മ്യൂണിസ്റ്റുകാരനും കരിങ്കാലിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാത്ത അവസ്ഥവരെയെത്തിയതാണ്‌. അപ്പോള്‍ സൂക്തങ്ങളെല്ലാം മാറ്റിയെഴുതുകയേ രക്ഷയുള്ളൂ. മയിലെണ്ണയില്‍ മുക്കിയെടുത്ത ഈര്‍ക്കിലിപോലെ സൂക്തങ്ങള്‍ വളക്കാന്‍ പറ്റിയ യോഗ്യന്‍മാരെ കണ്ടെത്തി ദ്രവിച്ച ഗ്രന്ഥങ്ങള്‍ അങ്ങോട്ടേല്‌പിച്ചുകൊടുക്കുക. അക്കൂട്ടര്‍ വ്യാഖ്യാനിച്ച്‌ വ്യാഖ്യാനിച്ച്‌ മാര്‍ക്‌സും മര്‍ക്കസും ഇരട്ടപെറ്റ സന്തതികളാണെന്നുവരെ പറഞ്ഞുതരും.

മാറി കുരിശിലേക്കു വരിക. മലകയറ്റത്തോടെ കാടുകയ്യേറ്റത്തോടെ മതം പച്ചപിടിച്ചു. കൊടുങ്കാടുകള്‍ പുല്‍മേടുകളായി. പുല്‍മേടുകള്‍ കുഞ്ഞാടുകളെക്കൊണ്ട്‌ നിറഞ്ഞു. അപ്പോള്‍ സ്വാഭാവികമായും അറവുകാരുടെ എണ്ണം കൂടി. സ്വത്തും. ഒടുവില്‍ സൂക്തം തിരുത്തിയെഴുതി - സ്വര്‍ഗം ഒട്ടകങ്ങള്‍ക്കുള്ളതാകുന്നു. ആമീന്‍.

ഭൂമിയിലെ സ്വര്‍ഗമാണ്‌ കമ്മ്യൂണിസ്റ്റുകാരുടെ സ്വപ്‌നം. കേരളത്തിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ പണ്ട്‌ നെഹറു കാശ്‌മീരിനെക്കൊണ്ടു പറഞ്ഞതുപോലെ അത്‌ മൂന്നാറാണ്‌. അവിടെ മാനംമര്യാദയായി കഴിയാനുള്ള റിസോര്‍ട്ട്‌ തൊഴിലാളി വര്‍ഗത്തിന്‌ കിട്ടിയാല്‍ അതുതന്നെയാണ്‌ വിപ്ലവം. സ്വര്‍ഗസ്ഥനായ മാര്‍ക്‌സേ അവിടുത്തേക്ക്‌ പ്രണാമം.

മേല്‍പറഞ്ഞ ഗണത്തില്‍ പെട്ടൊരു കമ്മ്യൂണിസ്റ്റുകാരന്‍ പണ്ടുണ്ടായിരുന്നു. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുപോലെയാണ്‌ ധനികന്‍ സ്വര്‍ഗത്തിലെത്തുകയെങ്കില്‍ വത്തിക്കാന്‍ സ്വന്തമായുള്ള പോപ്പിന്‌ വിധിച്ചത്‌ നരകമായിരിക്കും എന്ന്‌ നിരീക്ഷിക്കാന്‍ മാത്രം ബുദ്ധിയും ഹൃദയവിശാലതയും അതുപ്രകടിപ്പിക്കുവാന്‍ നല്ലൊരു നട്ടെല്ലുമുണ്ടായിരുന്ന സഖാവ്‌ ദാമോദരന്‍. മൂപ്പരുടെ വംശം കുറ്റിയറ്റുപോയി. കുലത്തില്‍ പിറന്നിട്ടും കുരങ്ങായിപ്പോയത്‌ ചില്ലറ മൂന്നാറിലുണ്ട്‌. പകല്‍ പത്രസമ്മേളനം നടത്തി കൈകള്‍ പരിശുദ്ധമാണെന്ന്‌ തെളിയിച്ചുകൊണ്ടേയിരിക്കുന്നവര്‍. രാത്രി റിസോര്‍ട്ടിന്റെ കണക്ക്‌ പരിശോധിച്ച്‌ വിപ്ലവത്തിനുവേഗം കൂട്ടുന്ന വെളിവറ്റ വിപ്ലവകാരികള്‍.

രണ്ടും വീഞ്ഞുപോലെയാണ്‌. അടക്കം ചെയ്‌ത കുപ്പിയുടെ ഷേപ്പിലാണ്‌ വിശ്രം. ബ്ലേഡുകാര്‍ പാര്‍ട്ടിക്കാരായാല്‍ പാര്‍ട്ടി ബ്ലേഡ്‌ രൂപം കൈവരിക്കും. മണിച്ചന്‍മാര്‍ വിപ്ലവത്തില്‍ ആകൃഷ്ടരായി വന്നാല്‍ പാര്‍ട്ടി സ്‌പിരിട്ട്‌ പരുവത്തിലാകും. മുന്നാറിലെ പ്രത്യേക പരിതസ്ഥിതിയില്‍ അത്‌ റിസോര്‍ട്ട്‌ രൂപം കൈവരിച്ചു. അത്രതന്നെ.

മനുഷ്യന്‍ ആത്യന്തികമായി ഒരു കൈയ്യേറ്റജീവിയാണ്‌. ഒരിക്കലും ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടാത്തതുകൊണ്ടാണല്ലോ സര്‍വ്വ മതങ്ങളും ഒരുവിധത്തിലല്ലെങ്കില്‍ വേറൊരുവിധത്തില്‍ ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവാന്‍ ഉപദേശിച്ചത്‌. ഇനി അങ്ങിനെ തൃപ്‌തിപ്പെടുന്നവര്‍ മന്ദബൂദ്ധികള്‍ മാത്രമായിക്കൂടെന്നുമില്ല. സദുപദേശം കേട്ട്‌ ലോകത്താരും വഴിതെറ്റിപ്പോലും സാധാരണ നന്നായിപ്പോകാറില്ല. അങ്ങിനെയാരെങ്കിലും നന്നാവുമെങ്കില്‍ ബുദ്ധനും മഹാത്മജിയും വിവേകാനന്ദനും ശ്രീനാരയണനും കൃഷ്‌ണപ്പിള്ളയും ജനിച്ച മണ്ണില്‍ എല്ലാവരും ചുരുങ്ങിയത്‌ മൊത്തം ഡിവൈഡഡ്‌ ബൈ ദാറ്റ്‌ ഫൈവെങ്കിലുമാകുമായിരുന്നു.

ഇക്കൂട്ടരില്‍ ആരുടെയെങ്കിലും നാലുവാക്ക്‌ കേള്‍ക്കാത്തവര്‍ ബധിരസമുദായത്തില്‍ ജനിച്ചുപോയവര്‍ മാത്രമായിരിക്കും. അക്കൂട്ടര്‍ നമ്മളെക്കാള്‍ കുറച്ചുകൂടി നല്ലവരായിരിക്കാന്‍ സാദ്ധ്യതയുണ്ട്‌. ഇതൊക്കെക്കൊണ്ടാണ്‌ ഒരു ശുഭ മുഹൂര്‍ത്തത്തില്‍ മനുഷ്യന്‍ നിയമനിര്‍മ്മാണം തുടങ്ങിയത്‌.

എല്ലാവരും സമന്‍മാരാണ്‌ എന്നാല്‍ ചിലര്‍ കൂടുതല്‍ സമന്‍മാരാണെന്നു പറഞ്ഞത്‌ ജോര്‍ജ്‌ ഓര്‍വെലാണ്‌. ഈ കൂടുതല്‍ സമന്‍മാരാണ്‌ എപ്പോഴും നിയമം നിര്‍മ്മിക്കുക. കൂടുതല്‍ സമന്‍മാരായവര്‍ നിയമം ചാടിക്കടക്കുമ്പോള്‍ സമന്മാരുടെ ധര്‍മ്മം അതനുസരിക്കുകയാണ്‌.

പകൃതി അതിന്റെ മൂഴുവന്‍ സൗന്ദര്യസങ്കല്‌പങ്ങളോടും കൂടി അണിയിച്ചൊരുക്കിയ നൂറ്റാണ്ടുകള്‍ക്കുമുന്‍പത്തെ നിബിഡവനമായിരുന്ന മൂന്നാര്‍ ഒരദ്‌ഭുത പ്രതിഭാസമാണ്‌. കൈയ്യേറ്റത്തിന്റ ചരിത്രത്തിലും മൂന്നാര്‍ ഒരു നൂതന അദ്ധ്യായമാണ്‌ എഴുതിച്ചേര്‍ത്തിരിക്കുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍
കുരിശുമെടുത്തഥ കൃസ്‌ത്യാനികളും
ചട്ടക്കാരും വേട്ടക്കാരും
വിപ്ലവകാരികള്‍ ഇടതും വലതും
മൂന്നാര്‍ മലകള്‍ കിളച്ചുമറിച്ചു
കിട്ടിയ വസതു വളച്ചുപിടിച്ചു
നല്ലൊരു വടിയില്‍ കൊടിയും കെട്ടി
ബി.ഒ.ടിയില്‍ റിസോര്‍ട്ടും പൊക്കി
വിപ്ലവമങ്ങു തുടങ്ങീടുന്നൂ

എല്ലാവഴിയും എന്നിലേക്കു നയിക്കുന്നു എന്നു ഭഗവാന്‍ പറഞ്ഞതുപോലെ എല്ലാവഴിയും മൂന്നാറിലേക്കു നയിച്ചു. ആദ്യം ചാടിക്കടന്നു വളച്ചുകൂട്ടിയ നിയമനിര്‍മ്മാതാക്കളും പിന്നീട്‌ റൂള്‍ ഓഫ്‌ ഇസ്‌മായേല്‍ പ്രകാരം കടന്നുവന്നവരും റിസോര്‍ട്ടുപണിതു.

ഒരു വിപ്ലവത്തില്‍ റിസോര്‍ട്ടിനു വഹിക്കാനുള്ള പങ്കിനെ പറ്റി മന്ദബുദ്ധികളോടു സംസാരിച്ചിട്ടെന്തുകാര്യം. അതൊക്കെ വെളിയം ഇസ്‌മയില്‍ ആദിയായ വിപ്ലവകാരികള്‍ റിസര്‍ച്ച്‌ നടത്തി കണ്ടെത്തിയ പ്രപഞ്ചസത്യങ്ങളാണ്‌. അത്തരം മഹാകാര്യങ്ങളെ പറ്റി ചര്‍ച്ചചെയ്യുക നിലത്തുകുത്തിയിരുന്നിട്ടാണോ? വലിയ വലിയ കാര്യങ്ങള്‍ സംസാരിക്കാന്‍ അതിനു പറ്റിയ സ്ഥലം വേണം. കോട്ടിട്ടോന്‍ നിലത്താണോ കിടക്കുക.

വിപ്ലവം ഏതാണ്ട്‌ കൈയ്യെത്തുന്ന ദൂരത്ത്‌ എത്തിനില്‍ക്കുകയാണ്‌ . ആ സുഖപ്രസവത്തിന്റെ ആദ്യലക്ഷണമാണ്‌ നാലുകോടി വീഴ്‌ത്താന്‍ ഉദ്ദേശിച്ച്‌ കുലുക്കിയ പാട്ടയില്‍ പത്തുകോടി വീണ്‌ പന്ന്യന്റെ നടുവുളുക്കിപ്പോയത്‌.

നാലുകോടി പിരിക്കാന്‍തന്നെ ചുരൂങ്ങിയത്‌ മലയാളികള്‍ മൊത്തം സി.പി.ഐക്കാരായിരിക്കണം എന്നൊക്കെ ചില വിഡ്ഡികള്‍ പറയും.

മല്യ ഒറ്റയൊരാളേയുള്ളൂ. മൂപ്പര്‍ക്കൊരിക്കല്‍ ഒരു ബോധോദയമുണ്ടായി ഗുരുവായൂരപ്പന്റെ ദാരിദ്ര്യം മാറ്റണം. സ്വര്‍ണക്കൊടിമരമാണ്‌ പ്രത്യക്ഷപ്പെട്ടത്‌. മല്യ ജനിച്ച ശേഷം എന്നെങ്കിലും ഒരു സ്‌മോളടിച്ച എല്ലാവരുടെയും പങ്ക്‌ അതിലുണ്ട്‌. അതുകൊണ്ട്‌ ഗുരുവായൂരിലെ കൊടിമരം കുടിയന്‍മാര്‍ക്കവകാശപ്പെട്ടതാണെന്ന്‌ പറയാന്‍ പറ്റുമോ? അങ്ങിനെയാണെങ്കില്‍ തീര്‍ച്ചയായും ഇടതുവലതുവിപ്ലവകാരികളുടെ റിസോര്‍ട്ടുകള്‍ കള്ളനു കഞ്ഞിവെക്കാന്‍ കിട്ടിയ അടുക്കളകളാണ്‌.

വെറുതെയല്ല പറഞ്ഞത്‌ കൈയ്യേറ്റ ഭൂമിയിലെ ആരാധനാലയങ്ങള്‍ അഥവാ കുരിശും രാഷ്ട്രീയപാര്‍ട്ടികളുടെ ആരാധനാലയങ്ങള്‍ അഥവാ റിസോര്‍ട്ടുകളും പൊളിക്കുവാന്‍ പാാാാടുുുുുളളതല്ല. അതായത്‌ കുരിശിന്റെ വഴിയില്‍ അരിവാള്‍ പ്രയാണം തുടങ്ങി.

ഇനി വത്തിക്കാന്‍ പോലൊരു സംവിധാനം മൂന്നാറിലും ഏര്‍പ്പെടുത്തിയാല്‍ മൊത്തത്തില്‍ ഗംഭീരമായി. പാര്‍ട്ടി സിക്രട്ടറിമാരെ തിരഞ്ഞെടുക്കുന്ന മീറ്റീംഗ്‌ തന്നെ ഉദാഹരണം. ഏഴൈകള്‍ വിവരമറിയാന്‍ റിസോര്‍ട്ടിനു ചുറ്റും കൂട്ടിലിട്ട വെരുകിനെപ്പോലെ നടക്കുമ്പോള്‍ നേതാക്കളാരും പുറത്തിറങ്ങിക്കളയരുത്‌. അത്യാഹിതമൊന്നുമില്ലാതെ തിരഞ്ഞെുടുപ്പ്‌ നടന്നുകഴിഞ്ഞാല്‍ ലേശം കുന്തിരിക്കം കത്തിച്ച്‌ വെള്ളപ്പുകയുയര്‍ത്തിയാല്‍ മാത്രം മതി. വിശ്വസിച്ച ജനം നമ്മുടെ കാര്യം തല്‌ക്കാലം കട്ടപ്പുകയായി കരുതി സമാധാനിച്ചുകൊള്ളും.

അങ്ങിനെയെത്രപേര്‍ ഗുരുവായൂരപ്പനിലും തന്ത്രിയിലും മന്ത്രിയിലും എല്ലാം വിശ്വസിക്കുന്നു. വിശ്വസിച്ചുപോയ വകയില്‍ ഒരു നാലണപോലും ആര്‍ക്കും നഷ്ടപരിഹാരം കൊടുക്കുവാന്‍ ലോകത്തിലെ ഒരു കോടതിയും വിധിക്കുകയില്ല.

വിപ്ലവം നടത്തിയ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക്‌ പറ്റിയ തെറ്റ്‌ വെളിയത്തിനും പിണറായിക്കും പറ്റുകയില്ല. ഏറ്റവും വലിയ തെറ്റ്‌ വിപ്ലവം നടത്തി എന്നതാണ്‌. സോവിയറ്റ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടി ലോകത്തിലെ ഏറ്റവും മുന്തിയ മുതലാളിയായി മാറിയത്‌ വിപ്ലവം നടത്തിയശേഷമാണ്‌. സോഷ്യലിസ്‌റ്റ്‌ വിപ്ലവം നടന്നുകഴിഞ്ഞാല്‍ പിന്നെ കമ്മ്യൂണിസത്തിലേക്കുള്ള പ്രയാണമാണ്‌. അതായത്‌ പാര്‍ട്ടി സ്വയം അസ്‌തുവായി ഉണ്ടാക്കിവച്ച സ്വത്തെല്ലാം അടുത്തമുതലാളി കൊണ്ടുപോകുന്ന അനര്‍ഘനിമിഷം. ആരുകൊണ്ടുപോയാലും നാലണ തൊഴിലാളിക്ക്‌ കിട്ടിയിട്ടില്ല എന്നെല്ലാര്‍ക്കും ആശ്വസിക്കാം.

അതുകൊണ്ട്‌ വിപ്ലവം നടത്താതെ തന്നെ ഒരു നൂറ്റാണ്ടുകാലം സുഭിക്ഷം കഴിയാനുള്ള വസ്‌തുവഹകള്‍ റിസോര്‍ട്ടടക്കം വനത്തില്‍ വിളയിച്ചു. കിഴക്കന്‍ യൂറോപ്പിലെ അസ്‌തുവായ പാര്‍ട്ടികളിലെ മൂക്കില്‍ ശ്വാസമുള്ള എല്ലാറ്റിനേം കൂട്ടിക്കൊണ്ടുവന്ന്‌ കാണിച്ചുകൊടുക്കേണ്ട സംഗതിയാണ്‌. സഖാക്കളേ നാം മുന്നോട്ട്‌. ഒരടിമുന്നോട്ട്‌ പത്തടി പിന്നോട്ട്‌.

5 comments:

നിത്യന്‍ said...

വിപ്ലവം ഏതാണ്ട്‌ കൈയ്യെത്തുന്ന ദൂരത്ത്‌ എത്തിനില്‍ക്കുകയാണ്‌ . ആ സുഖപ്രസവത്തിന്റെ ആദ്യലക്ഷണമാണ്‌ നാലുകോടി വീഴ്‌ത്താന്‍ ഉദ്ദേശിച്ച്‌ കുലുക്കിയ പാട്ടയില്‍ പത്തുകോടി വീണ്‌ പന്ന്യന്റെ നടുവുളുക്കിപ്പോയത്‌.

നാലുകോടി പിരിക്കാന്‍തന്നെ ചുരൂങ്ങിയത്‌ മലയാളികള്‍ മൊത്തം സി.പി.ഐക്കാരായിരിക്കണം എന്നൊക്കെ ചില വിഡ്ഡികള്‍ പറയും.

കുടുംബംകലക്കി said...

ഒരു സമുദായനേതാവ് പറഞ്ഞ വാക്യം (പോപ്പ് ക്രിസ്തീയ സമൂഹം 300 വര്‍ഷം മുന്‍പ് ചെയ്ത തെറ്റിന് മാപ്പു പറഞ്ഞതാണ് സന്ദര്‍ഭം): “300 വര്‍ഷം കഴിയുമ്പോള്‍ പോപ്പ് വീണ്ടും മാപ്പ് പറയും. ‘കേരളമെന്നൊരു ഹരിത ഭൂമിയുണ്ടായിരുന്നു. കുഞ്ഞാടുകള്‍ കയ്യേറി അതിനെ മരുഭൂമിയാക്കി. അത് എന്റെ പിഴ; എന്റെ വലിയ പിഴ’.”

പക്ഷേ, ആദ്യ കയ്യേറ്റങ്ങള്‍ ജീവിതം കരുപ്പിടിപ്പിക്കാനായിരുന്നു. പിന്നീട് അത് സമ്പത്തിനായപ്പോള്‍, കുടിയേറ്റം കയ്യേറ്റമാവുകയും എല്ലാ വിഭാഗക്കാരും പങ്കുകാരാവുകയും ചെയ്തു.
അതുപോലെ, ആദര്‍ശത്തിലുറച്ച വിപ്ലവപ്പാര്‍ട്ടികള്‍ അതില്‍നിന്ന് പിന്നോട്ട് പോയെങ്കില്‍ അതിനു കാരണം ആദര്‍ശത്തിനു വിലകല്‍പ്പിക്കാത്ത സമൂഹംതന്നെയാണ്.
നിത്യജീവിതത്തിലെ പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്ന സിഐറ്റിയു, ഡിഫി എന്നിവയെ വന്ധ്യംകരിച്ചത് ‘സമൂഹനന്മയ്ക്ക്’ നിലകൊണ്ട പത്രങ്ങളും ബുദ്ധിജീവികളും കൂടിയല്ലേ?

മുത്തപ്പന്‍muthapan said...

ശ്രീ നിത്യന്‍,
ഇത്രയും നല്ല പൊസ്റ്റുകള്‍ എഴുതുന്ന താങ്കളെ അഭിനന്ദിക്കട്ടെ.
ഈ പൊസ്റ്റുകള്‍ വെണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെന്ന ഒരു പരാതി എനിക്കുണ്ട്‌.
നിത്യന്‍ മറുമഴിയിലേക്കൊ, പിന്മൊഴിയിലേക്കൊ കമന്റു ഫോര്‍വേഡ്‌ ചെയ്യുന്നുണ്ടായിരിക്കുമെന്ന് ആശിക്കട്ടെ. ഇല്ലെങ്കില്‍ ചെയ്യുക.

എന്റെ ബ്ലൊഗിലേക്ക്‌ ക്ഷണിക്കുന്നു.
www.muthapan.blogspot.com

വേണു venu said...

നിത്യന്‍‍ വളരെ രസകരമായും കാര്യകാരണ സഹിതവും പലതും വെളിപ്പെടുത്തുന്നു താങ്കളുടെ ലേഖനം. കുരിശും അരിവാളും ഒരേവഴിയിലായതിന്‍റെ കാരണം കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്താമായിരുന്നു. കുടുംബം കലക്കി പറഞ്ഞതു തന്നെ എനിക്കും തോന്നുന്നു. ആദര്‍ശത്തിലുറച്ച വിപ്ലവപ്പാര്‍ട്ടികള്‍ അതില്‍നിന്ന് പിന്നോട്ട് പോയെങ്കില്‍ അതിനു കാരണം ആദര്‍ശത്തിനു വിലകല്‍പ്പിക്കാത്ത സമൂഹംതന്നെയാണ.
സോവിയറ്റ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടി ലോകത്തിലെ ഏറ്റവും മുന്തിയ മുതലാളിയായി മാറിയത്‌ വിപ്ലവം നടത്തിയശേഷമാണു്. ആ വിപ്ലവത്തിനു ശേഷം സോവിയറ്റു സമൂഹമല്ലെ പാര്‍ട്ടിയെ മുതലാളിയാക്കിയതു്. നല്ല വായന നല്‍കിയതിനു് നന്ദി.:)

biminith said...

ഈ പാര്‍ട്ടിയെന്ന സാധനത്തെക്കുറിച്ച്‌ നിങ്ങള്‍ക്കു ഒരു ചുക്കും അറിയില്ല. ഇതാണ്‌ ഈ നൂറ്റാണ്ടിലെ മഹത്‌ വചനം. ഒരു പിണറായിയും മൂന്നു ജയരാജന്മാരും ഒരു എ കെ ജി സെന്ററും വിചാരിച്ചാല്‍ മുയലിനു കൊമ്പു വരും കോഴിക്കു മുലവരും എതിര്‍ത്തു പറയുന്നത്‌ മാധ്യമ ചെറ്റത്തരം. കമ്മ്യൂണിസമെന്നാല്‍ ഉടുമുണ്ടു മുറുക്കി വിശപ്പുമാറ്റുന്നവന്റെ പാര്‍ട്ടിയല്ലെന്ന്‌ ഇവര്‍ പറഞ്ഞാല്‍ അതാണ്‌ സത്യം. കാരണം പാര്‍ട്ടിയെക്കുറിച്ച്‌ നിങ്ങള്‍ക്കൊന്നുമറിയില്ല,.