February 15, 2008

കോമ്രേഡ്‌സും കുഞ്ഞാടുകളും

സ്വര്‍ഗരാജ്യം അടിയന്തിരമായി ഭൂമിയില്‍ തന്നെ സ്ഥാപിക്കുകയാണ്‌ മാര്‍ക്‌സിസ്റ്റുകാരുടെ ലക്ഷ്യം. അതിനുവേണ്ടി കൊല്ലാനും ചാവാനും മടിക്കില്ല. മെത്രാന്റെ സ്വര്‍ഗരാജ്യത്തിനു ഭൂമിയുമായി കണക്ഷനില്ല. ആളുകള്‍ വടിയായി എന്ന്‌ വൈദ്യശാസ്‌ത്രം സര്‍ട്ടിഫിക്കറ്റുകൊടുത്താല്‍ മാത്രം ആലോചിക്കേണ്ട സംഗതിയാണ്‌. അതായത്‌ ജനാസ നമസ്‌കാരം കഴിഞ്ഞാല്‍ മാത്രം ലഭ്യമാവുന്ന സുവര്‍ണാവസരം.

ഭൂമിയില്‍ കുറെക്കാലം ഒരു സ്വര്‍ഗമുണ്ടായിരുന്നത്‌ 20ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ അസ്‌തുവായി. അതങ്ങ്‌ റഷ്യയായിരുന്നു. തേനും പാലും തലങ്ങും വിലങ്ങും ഒഴുകുമ്പോള്‍ കൂട്ടിക്കലര്‍ന്നു പോവാതിരിക്കാന്‍ വരമ്പെടുക്കലായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ അന്നത്തെ പണി.

സുകൃതം ചെയ്‌തവര്‍ മാത്രമേ അക്കാലത്ത്‌ റഷ്യയില്‍ ജനിക്കാറുണ്ടായിരുന്നുള്ളൂ. ഇഹത്തിലും സ്വര്‍ഗം പരത്തിലും സ്വര്‍ഗം. ആയൊരൊറ്റക്കാരണം കൊണ്ടുതന്നെ പോപ്പിനു പിടിച്ചില്ല. ഇഹത്തിലെ സ്വര്‍ഗം ഇമ്മിണി ബുദ്ധിമുട്ടുള്ള കാര്യമായതുകൊണ്ടാണല്ലോ ചത്തൂ എന്നുറപ്പിച്ചാല്‍ മാത്രം കുഞ്ഞാടുകളോട്‌ സ്വര്‍ഗത്തെപ്പറ്റി ചിന്തിച്ചോളാന്‍ പറഞ്ഞത്‌.

ഭൂമിയില്‍ വേറൊരു സ്വര്‍ഗമുള്ളത്‌ ഇപ്പോ സ്വമേധയാ നരകമാക്കി കണ്‍വേര്‍ട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ചൈന. ചൈനയിലെ ദരിദ്രപ്രവിശ്യകളിലാവട്ടെ ഏതെങ്കിലും പെണ്ണിന്റെ തലപുറത്തുകണ്ടാല്‍ കഴിഞ്ഞു കഥ. പിന്നെ പൊങ്ങുക ഷാങ്‌ഹായ്‌ സ്വര്‍ഗത്തിലായിരിക്കും. തട്ടിക്കൊണ്ടുപോന്ന പെണ്ണിനെയും കാത്ത്‌ ഷാങ്‌ഹായിലെ വിപ്ലവത്തിന്റെ പട്ടുമെത്തകള്‍ അക്ഷമരായിരിക്കും. അവളെ യഥാവിധി ഉഴുതുമറിച്ചു വിളവെടുപ്പ്‌ കഴിഞ്ഞെന്നുതോന്നിയാല്‍ ജീവനോടെയോ അല്ലാതെയോ അങ്ങോട്ടു വലിച്ചെറിയുക. ഇവിടെയാണെങ്കില്‍ ചിലപ്പോള്‍ പേരിനൊരു പോലീസന്വേഷണമെങ്കിലുമുണ്ടാകും. വ്യാളികള്‍ വേളി കഴിക്കാന്‍ പൊക്കിക്കൊണ്ടുപോയതാണെന്നുകരുതി സമാധാനിക്കുകയാണ്‌ ഏകമാര്‍ഗം. വിപ്ലവം ചിലപ്പോഴല്ല പലപ്പോഴും അതിന്റെ സന്തതികളെയാണ്‌ കൊന്നുതിന്നുക.

കൃസ്‌ത്യാനികളുടെ സ്വര്‍ഗം ചത്താല്‍ കിട്ടുന്ന കാര്യമാണ്‌. അതും ഒട്ടകം സൂചിക്കുഴയിലൂടെ പോകുമെങ്കില്‍ മാത്രമേ ധനികന്‍ സ്വര്‍ഗത്തിലെത്തുകയുള്ളൂവെന്ന്‌ ബൈബിള്‍. ബൈബിളില്‍ പറഞ്ഞ പ്രകാരമാണ്‌ സ്വര്‍ഗത്തിലേക്കുള്ള പ്രവേശനമെങ്കില്‍ മാര്‍പ്പാപ്പവരെ പുറത്തുനില്‌ക്കാനാണ്‌ സാദ്ധ്യത. ഏതെങ്കിലും കപ്പ്യാരെങ്ങാന്‍ അകത്തെത്തിയാലായി.

ഭൂമിയില്‍ സമ്പത്തു കുന്നുകൂട്ടുന്നവന്‍ കമ്മ്യൂണിസ്റ്റുകാരുടെ കണ്ണില്‍ ചെകുത്താനാണ്‌. കമ്മ്യൂണിസ്റ്റുകാരുടെ ബൈബിളായ മാനിഫെസ്റ്റോ പ്രകാരവും ലോകം ഒരു നരകമാവാനുള്ള കാരണം കേന്ദ്രീകൃത സമ്പത്താണ്‌. അതുകൊണ്ട്‌ സമ്പത്തിന്റെ തുല്യമായ വിതരണം നടക്കണം. സ്വകാര്യസ്വത്ത്‌ കംപ്ലീറ്റ്‌ ഇല്ലാതാവണം. അവനവനാല്‍ കഴിയുന്നത്‌ സമൂഹത്തിനും സമൂഹത്തില്‍നിന്നും അവനവനാവശ്യമുള്ളത്‌ എടുക്കാനും പറ്റുന്ന സുന്ദരമായ അവസ്ഥ.

നല്ല ആശയങ്ങളെല്ലാം നക്ഷത്രങ്ങളെപ്പോലെയാണ്‌. അതൊരുഭാഗത്തുനിന്ന്‌ പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കും. അങ്ങോട്ടടുക്കാന്‍ നമ്മളെക്കൊണ്ട്‌ പറ്റുകയില്ല. എന്നാല്‍ അതുനോക്കി നമ്മുടെ യാനപാത്രത്തിന്റെ ഗതി നിയന്ത്രിക്കാം. എന്നാല്‍ നക്ഷത്രങ്ങളെ നോക്കി അവിടെയെത്തിയേ അടങ്ങൂ എന്ന വാശിയില്‍ അങ്ങോട്ടുനോക്കി യാത്രതിരിക്കുന്നവരാണ്‌ കോമ്രേഡ്‌സും കുഞ്ഞാടുകളും. മേലോട്ടുനോക്കി താഴേക്കൂടി ഗമിക്കുകയാണ്‌ പതിവ്‌. സ്വാഭാവികമായും ഓടകള്‍ അവര്‍ക്കുള്ളതാകുന്നു. ആമീന്‍. ഓടയില്‍ നിന്ന്‌ എഴുന്നേല്‌ക്കുമ്പോഴേക്കും കോടിപതികളായി മാറുകയാണ്‌ പതിവ്‌. ഓടയില്‍ പതിച്ച അച്ചന്‍മാരുടെ അരമനയും വിലങ്ങനെ വളര്‍ന്നുകൊണ്ടിരിക്കും. അങ്ങിനെ രണ്ടുകൂട്ടര്‍ക്കും ഇഹത്തില്‍ സ്വര്‍ഗം പിന്നാലെ നടക്കുന്ന കുഞ്ഞാടുകള്‍ക്ക്‌ അന്ത്യകൂദാശക്കുശേഷവും. ഭൂമിയില്‍. ഇത്‌ വൃത്തിയായി തെളിച്ചതാണ്‌ കേരളത്തിലെ കോമ്രേഡ്‌സിന്റയും കുഞ്ഞാടുകളുടേയും ഏറ്റവും വലിയ സംഭാവന.

അച്ചന്‍മാരുടെ കയ്യിലെ മാന്ത്രികവിദ്യകളെല്ലാം ഒന്നൊന്നായി വശത്താക്കിയാണ്‌ സഖാക്കളുടെ പ്രയാണം. പറയുന്നത്‌ ചെയ്യണമെന്നുള്ള നിര്‍ബന്ധം അശേഷം അച്ചന്‍മാര്‍ക്കില്ല. വിപ്ലവകാരികള്‍ക്കുമില്ല. ഇന്നൊരബദ്ധം ചെയ്‌താല്‍ ഒരു മുന്നൂറ്‌ നാനൂറു കൊല്ലം കഴിഞ്ഞാല്‍ പരിഹാരം ചെയ്‌താല്‍ മതി. ഭൂമി ഉരുണ്ടതാണെന്ന പറഞ്ഞതിനാണല്ലോ ബ്രൂണോയെ കത്തോലിക്കാസഭ ചുട്ടുകൊന്നത്‌.

കമ്മ്യൂണിസ്‌റ്റുകാരാവുമ്പോ വേറൊരു വഴിയുണ്ട്‌. പാര്‍ട്ടി സിക്രട്ടറിയുടെ മുമ്പിലെ കുമ്പസാരക്കൂട്ടില്‍ കയറി തെറ്റ്‌ ഏറ്റുപറയുക. ബൈബിളില്‍ ഇതിന്‌ സ്വയം വിമര്‍ശനം എന്നുപറയും. അതിനുശേഷം പരസ്‌പരവിമര്‍ശനം. മാവിലാക്കാവിലെ അടിപോലെ ഗ്രൂപ്പായി നിന്ന്‌ പൂരപ്പാട്ട്‌ ആലപിക്കാം, കട്ടതിന്റെ കണക്കുപറയാം, കിട്ടിയ കമ്മീഷന്റെയും നഷ്ടപ്പെടുത്തിയതിന്റെയും കണക്കെടുക്കാം.

പിന്നെ സകല ആദര്‍ശങ്ങളുടെയും പതിനാറടിയന്തിരം അഥവാ പാര്‍ട്ടികോണ്‍ഗ്രസ്‌ എന്നൊരു സംഗതിയുണ്ട്‌. പണ്ടറിയാതെ ചെയ്‌തുപോയ എല്ലാ ശരികളും അതോടുകൂടി തിരുത്തുകയാണ്‌ പതിവ്‌. ഭാവിയില്‍ ചെയ്യേണ്ട തെറ്റുകളുടെ മുന്‍ഗണനാക്രമത്തിലുള്ള ലിസ്റ്റുമുണ്ടാക്കി പിരിയുകയും ചെയ്യും.

പണ്ട്‌ മുണ്ടശ്ശേരിക്ക്‌ ഒരു തെറ്റുപറ്റിയിരുന്നു. മുതലാളി കാശുംവാങ്ങി നിയമിക്കുന്ന മന്ദബുദ്ധിക്ക്‌ അദ്ധ്യാപകന്‍ എന്നപേരില്‍ സര്‍ക്കാര്‍ പാവങ്ങളുടെ നികുതിപ്പണമെടുത്ത്‌ ശമ്പളമായി കൊടുക്കേണ്ടതില്ലെന്ന്‌ ഒരഭിപ്രായം. അല്ലെങ്കില്‍ നിയമനം സര്‍ക്കാര്‍ മെറിറ്റ്‌ അടിസ്ഥാനത്തില്‍ നടത്തണം. ഒരു കവിളത്തുകിട്ടിയാല്‍ മറുകവിളു കാട്ടിക്കൊടുക്കാന്‍ പറഞ്ഞ കര്‍ത്താവിന്റെ അനുയായികള്‍ കൊടുവാളെടുത്തപ്പോള്‍ നമ്പൂതിരിപ്പാടിന്റെ കഥകഴിഞ്ഞു.

മുണ്ടശ്ശേരിക്ക്‌ പറ്റിയ ആ ആനമണ്ടത്തരം രണ്ടാംമുണ്ടശ്ശേരി തിരുത്തി. രൂപതാ പോരെങ്കില്‍ അതിരൂപതാ നിയമനം റെഡി. നമ്മള്‍ പണ്ട്‌ സ്വാശ്രയത്തിനെതിരായിരുന്നു. അഞ്ചെണ്ണത്തിനെ കൂത്തുപറമ്പില്‍ കുരുതിയും കൊടുത്തു. പിന്നെയാണ്‌ സ്വാശ്രയത്തിന്റെ ഗുണം തിരിഞ്ഞത്‌.

മൊയ്‌ചൊല്ലിയതിനെ കെട്ടലാണ്‌ വിപ്ലവമെങ്കില്‍ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട വിപ്ലവകാരികളുടെ പറുദീസയാണ്‌ കേരളം. ട്രാക്ടര്‍ വന്നു. ആദ്യം തള്ളി. കൃഷിക്കാരന്‍ വര്‍ഗശത്രു. കായല്‍ കൃഷി കണ്ടുപിടിച്ചതിന്‌ ആദരിക്കപ്പെടേണ്ട മുരിക്കന്‍ കായല്‍ രാജാവ്‌ ആന്റ്‌ നമ്പര്‍ വണ്‍ വര്‍ഗശത്രു. അതു പിടിച്ചുവാങ്ങി വീതിച്ചു. മുരിക്കന്‍ നെഞ്ചുപൊട്ടി മരിച്ചു. കായല്‍ കൃഷി പിന്നെ അറബിക്കടലില്‍. എല്ലാം കഴിഞ്ഞപ്പോള്‍ ട്രാക്ടറിന്‌ വരണമാല്യം ചാര്‍ത്തി പറമ്പിലൂടെഴുന്നള്ളിക്കാന്‍ തുടങ്ങി. ബട്ട്‌ ലേയ്‌റ്റ്‌ മാര്യേജ്‌. ട്രാക്ടര്‍ മാസം തികയാതെ ഇരട്ടപെറ്റു. ഒരാണും ഒരു പെണ്ണും. ആണ്‌ മണ്ണുമാന്തി പെണ്ണ്‌ ടിപ്പര്‍ലോറി. ചെകുത്താന്റെ അതേരൂപം. കോമ്രേഡ്‌സും കുഞ്ഞാടുകളും മാറിമാറി ഉമ്മവച്ചു. കാടെല്ലാം നാടായി. റിസോര്‍ട്ടുകളായി. പാര്‍ട്ടിയോഫീസുകളായി. ഫലമോ നമ്മളു കൊയ്‌തൊരു വയലെല്ലാം കൊട്ടാരങ്ങള്‍ പൈങ്കിളിയേ. കംപ്യൂട്ടര്‍ വന്നു. അടിച്ചുപൊളിച്ചു. എല്ലാരും കെട്ടി മക്കളും അവറ്റകളുടെ മക്കളുമായപ്പോള്‍ നിശ്ചയിച്ചു ഇനി കെട്ടാം. ഇതിനകം നേതാക്കളുടെ മക്കള്‍ അച്ചന്‍മാരുടെ സ്വാശ്രയത്തില്‍ പഠിച്ച്‌ പരാശ്രയ അര്‍ജുനന്‍മാരായി. സാഹചര്യം പോക്കറ്റടിച്ചുപോയ ദരിദ്രവാസികളുടെ പിള്ളേര്‍ കര്‍ണന്‍മാരായി രണഭൂമിയില്‍ ഒടുങ്ങി. ലാല്‍സലാം.

തെറ്റുകള്‍ അച്ചന്‍മാരെ കണ്ടാല്‍ വഴിമാറിനടക്കുന്നതുകൊണ്ട്‌ കുഞ്ഞാടുകള്‍ മാത്രം കുമ്പസാരിച്ചാല്‍ മതി. കുമ്പസാരക്കൂട്ടില്‍ ആളു കൂടുമ്പോള്‍ എപ്പോഴും ചിരിവരുക ചെകുത്താനാണ്‌. ദൈവമുള്ളിടത്തോളം കാലം ചെകുത്താന്‌ തിരിഞ്ഞുനോക്കേണ്ടിവരില്ല. പിന്നെയേ ഭാവിയെക്കുറിച്ചാലോചിക്കേണ്ടതുള്ളൂ. ദൈവത്തിന്റെ മാലാഖയായിരുന്ന അഭയയുടെ ശരീരം ദൈവദാസന്‍മാരുടെ കിണറ്റിലെത്തിയപ്പോള്‍ നമ്മള്‍ കുഞ്ഞാടുകള്‍ വെറുതെ കര്‍ത്താവിന്റെ ആളുകളെ സംശയിച്ചു. സാത്താന്റെ പേരില്‍ കൊലക്കുറ്റത്തിനും ബലാല്‍സംഗത്തിനും കേസെടുക്കുന്നതിനുപകരം വിവരദോഷികള്‍ സത്യംമാത്രം പറയുന്നവരെ നുണപരിശോധനക്കു വിധേയരാക്കി ദൈവനിന്ദയും നടത്തി. ഇപ്പോള്‍ എന്ത്‌ കിളിരൂര്‍ ഏത്‌ കിളിരൂര്‍? എന്ത്‌്‌ വി.ഐ.പി. ഏത്‌ വി.ഐ.പി?

ഉടുതുണിക്ക്‌ മറുതുണിയില്ലാതലഞ്ഞവര്‍ കോടികളുടെ ആസ്ഥിയുമായി നില്‌ക്കുമ്പോള്‍ കുഴിമാടത്തിലെ മാര്‍ക്‌സിന്റെ അസ്ഥികള്‍ കൂടി അസ്വസ്ഥമാവുന്നുണ്ടാവണം. അച്ചന്‍മാരുടെ നേതൃത്വത്തിലുള്ള കോഴക്കോളേജുകളുടെ എണ്ണം കാണാനെങ്കിലും കര്‍ത്താവ്‌ ഒന്നുകൂടി ഉയിര്‍ത്തെഴുന്നേറ്റെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെച്ചപ്പെട്ടത്‌ കുരിശിലുള്ള കിടപ്പുതന്നെയെന്ന്‌ തീരുമാനിക്കുമായിരുന്നു.

അതുകൊണ്ട്‌ രണ്ടുകൂട്ടരും എന്തിന്‌ പോരടിക്കുന്നു? എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം യോജിപ്പിന്‍ മേഖലകള്‍. ലക്ഷ്യവും ഒന്ന്‌ മാര്‍ഗവും ഒന്ന്‌. ലക്ഷ്യം ധനം മാര്‍ഗം ഏതും. എല്ലാം കൊണ്ടും ഇനി ഒരു കാരണത്തിനുമാത്രമേ സാദ്ധ്യതയുള്ളൂ. ഒരു കൂട്ടില്‍ രണ്ടു സിംഹം പാടില്ലെന്ന പൊതുനയം. അല്ലെങ്കില്‍ ആശാരിക്ക്‌ ആശാരീനെ കണ്ടൂകൂടെന്ന സാമാന്യനീതിബോധം.

അപ്പോ തീര്‍ച്ചയായും സമവായത്തിന്റെതായ ഒരു വഴിയുണ്ട്‌. മായാവതി കണ്ടെത്തിയ വഴി. കേരളം അങ്ങോട്ട്‌ വിഭജിക്കുക. തെക്കുഭാഗം കുരിശുകേരളം അഥവാ ചെങ്കൊടികേറാമൂല എന്നും വടക്കന്‍ കേരളം ചെങ്കേരളം അഥവാ കുരിശുകേറാമൂല എന്നും നാമകരണം ചെയ്യുക. രണ്ടുകൂട്ടരും മതിവരുവോളം അനുഭവിക്കട്ടെ. തീയ്‌ക്ക്‌ വിറകുമതിയായ ചരിത്രമില്ല. കള്ളന്‌ കളവ്‌ മടുത്തതും. എന്നാലും ഒരു സമാധാനത്തിനായെങ്കിലും അങ്ങിനെ കരുതുക.
(വായനയുടേയും എഴുത്തിന്റേയും ലോകത്തേക്ക്‌ നിത്യനെ കൈപിടിച്ചുനയിച്ച, ജീവിതാന്ത്യം വരെ വിപ്ലവകാരിയായി ജീവിച്ച അച്ഛന്റെ സ്‌മരണയ്‌ക്കുമുന്നില്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു. ജനുവരി 22ന്‌ അന്ത്യശ്വാസം വലിച്ച പിതാവിന്‌, സഖാവിനുള്ള മകന്റെ പിതൃതര്‍പ്പണമാവട്ടെ ഈ നിരീക്ഷണങ്ങള്‍. സഖാവേ ലാല്‍സലാം.)

21 comments:

NITHYAN said...

(വായനയുടേയും എഴുത്തിന്റേയും ലോകത്തേക്ക്‌ നിത്യനെ കൈപിടിച്ചുനയിച്ച, ജീവിതാന്ത്യം വരെ വിപ്ലവകാരിയായി ജീവിച്ച അച്ഛന്റെ സ്‌മരണയ്‌ക്കുമുന്നില്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു. ജനുവരി 22ന്‌ അന്ത്യശ്വാസം വലിച്ച പിതാവിന്‌, സഖാവിനുള്ള മകന്റെ പിതൃതര്‍പ്പണമാവട്ടെ ഈ നിരീക്ഷണങ്ങള്‍. സഖാവേ ലാല്‍സലാം.)

Unknown said...

പ്രിയ നിത്യന്‍ , വായിച്ച് അല്പനേരം ചിന്തിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ . പറയാനുള്ളതെല്ലാം നിത്യന്‍ ഭംഗിയായി പറഞ്ഞത് കൊണ്ട് വേറെ ഒന്നും പറയാനില്ലായിരുന്നു. എന്നാലും, ജീവിതാന്ത്യം വരെ വിപ്ലവകാരിയായി ജീവിച്ച പിതാവിന് മകന്റെ പിതൃതര്‍പ്പണമാവട്ടെ ഈ നിരീക്ഷണങ്ങള്‍ എന്ന് വായിച്ചപ്പോള്‍ ആ വാക്കുകള്‍ ഹൃദയത്തിലെവിടെയോ തറച്ചത് പോലെ !
ലാല്‍ സലാം നിത്യന്‍ !

Anonymous said...

Comparison (and their contradictions) of communism and christianity at their ‘mating’ point is brilliant!

Tractor’s transformation into (male) excavator and (female) tipper is the product of an extremely evolved imagination. My special appreciation.

And the last para. It is the ‘grand finale’. I am yet to recover from the impact of this final blow!

I read this article several times over. Nithyan at his recent best!

[In the sentence starting with “avanavanaal kazhiyunnathu….”, replace ‘samoohaththinum’ with ‘samoohaththinu nalkaanum’.]

You have ensured that your beloved father will live through you for ever.

My regards.

Narayana Swamy

Sethunath UN said...

നിത്യന്‍,
ലാല്‍സ‌ലാം
എന്താ എഴുത്തിന്റെ ഒരു ശക്തി.ൂരു പുതുകമ്മ്യൂണിസ്റ്റുകാരനും ഇതിനൊന്നും മ‌റുപടിയുണ്ടാവില്ല. സത്യം
ആഗ്ര‌ഹിപ്പിയ്ക്കുന്ന എഴുത്ത് മാഷേ.

Sethunath UN said...

പറ‌യാന്‍ വിട്ടു.
താങ്ക‌ളുടെ അഭിവന്ദ്യനായ പിതാവിനും അഭിവാദ്യങ്ങ‌ള്‍

കണ്ണൂരാന്‍ - KANNURAN said...

ലാല്‍ സലാം.....

Anonymous said...

കേട്ടിട്ടുണ്ടോ സുഹാര്‍ത്തോ ഏന്ന ഒരധമനെപ്പറ്റി? നാം വിചാരിക്കുന്ന പോലെ, അത്ര എളുതല്ല ഈ ലോകം.
സി.പി.

Anonymous said...

കേട്ടിട്ടുണ്ടോ സുഹാര്‍ത്തോ ഏന്ന ഒരധമനെപ്പറ്റി? നാം വിചാരിക്കുന്ന പോലെ, അത്ര എളുതല്ല ഈ ലോകം.
സി.പി.

Anonymous said...

What I have to say is not to be carried away by the euologies. Nithyan, you are trying to compare incomparable things. Your view is that communists should accept all innovations without raising the fears and pangs of those who are to be rehabilitated on account of the innovation. It is not a turning back on the novelty, but to bring to light the fact a few people will have to be rehabilitated.
We produced coins, instead of corn; do you what we are now? We have neither coins nor corn. Even as early as the middle of 19th century, Kerala produced only 50% of the rice Kerala required. Now population has quadrupled, arable land area has fwindled to 10% of what it was. It is even less.
And "They " quatrrel agains tthe struggle to point out this fact. Adn what not! Don't think that you have drunk the moonlight fully with out any rump. Don't get satisfied. The posture of the intelligent son of the rpodigal father is the fashion of Kerala, now, because it is easy to market; without prejudice to your sentiments, I wish a person like Nithyan would not and should not sell like this!

Unknown said...

കോമ്രേഡ്... അഭിവാദ്യങ്ങള്‍.

Harold said...

ആവേശം ഇറങ്ങിക്കഴിയുമ്പോള്‍ ഒന്നു കൂടി ചിന്തിക്കൂ അപ്പനര്‍പ്പിച്ച ലാല്‍‌ സലാമും അതിനു സലാമര്‍പ്പിച്ചവരുടെ വാക്കുകളും...എവിടേക്കാണ് ഈ പോക്കെന്നും...

ശ്രീവല്ലഭന്‍. said...

നിത്യന്‍,
ആദ്യമായ് ഇവിടെ. വളരെ പ്രസക്തമായ ലേഖനം.

പാമരന്‍ said...

ഈ പറഞ്ഞതിനോടെല്ലാം ഒന്നും യോജിപ്പില്ല..

പക്ഷെ ലേഖനം അത്യുഗ്രന്‍..

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

നിത്യന്റെ വശത്തുനിന്ന്‌ നോക്കുമ്പോള്‍ യുക്തിയും ശക്തിയും നിരത്തിയിട്ടുള്ള പ്രസക്തമായ ലേഖനം; രസകരവും ആലോചനാമൃതവും എന്നും വിശേഷിപ്പിക്കാം. പക്ഷേ... സത്യങ്ങള്‍ക്കും അര്‍ഥസത്യങ്ങള്‍ക്കുമിടയില്‍ ഇയിടെ മലയാളിയുടെ 'ഫേഷന്‍' ആയിമാറിയിട്ടുള്ള 'കമ്യൂണിസ്റ്റ്‌വിരുദ്ധതയുടെ പല ആചാരോപചാരങ്ങളുടെ ശൈലിയും കടന്നുകൂടിയിട്ടുണ്ട്‌. അതുകൊണ്ടൊന്നും വാസ്തവങ്ങളുടെ 'ഓട്ടകള്‍' അടയുകയില്ലല്ലോ നിത്യാ!

Unknown said...

കിടിലന്‍ നിരീക്ഷണങ്ങള്‍. പിതാവിനുള്ള സമര്‍പ്പണം ഹൃദയത്തില്‍ തട്ടി.

മായാവി.. said...

ഭൂമിയില്‍ സമ്പത്തു കുന്നുകൂട്ടുന്നവന്‍ കമ്മ്യൂണിസ്റ്റുകാരുടെ കണ്ണില്‍ ചെകുത്താനാണ്‌. then, who is pinarayi, kodiyeri and many?

well done nithyan welldone.

NITHYAN said...

REPLY TO CP ABOOBACKER

CP: “Your view is that communists should accept all innovations without raising the fears and pangs of those who are to be rehabilitated on account of the innovation”.
Nithyan: Absolutely not that. I just flayed unscientific and foolish applications of some concepts which brought out quite an adverse effect. A concept worthy for the immediate future need not prove worthy for long. Unfortunately the leaders were unable to foresee beyond their generation.

CP: “The posture of the intelligent son of the rpodigal father is the fashion of Kerala, now, because it is easy to market; without prejudice to your sentiments, I wish a person like Nithyan would not and should not sell like this!”

Nithyan: I hate the word ‘sell’ as never I have written a single word to the tune of others and further I make nothing from writing blogs. So far I should have written more than a hundred columns both in print and electronic medium and neither my father had to carry me nor I had to depend on him for getting published. That’s the difference between vijayan and vivek . You are yet to learn that. Further, I admit I was not that much intelligent. If so I would have added this homage in all my earlier works since 2003 to sell me in the market.

Rajeeve Chelanat said...

നിത്യാ

പതിവുപോലെ,അത്യന്തം രസകരമായി എഴുതിയ ഒരു ലേഖനം. മിക്കവാറും താങ്കളുടെ ലേഖനത്തില്‍ കാണാറുള്ളതുപോലെ തികഞ്ഞ സിനിസസവും. പാര്‍ട്ടിയുടെ ചില നയങ്ങളും, പല നേതാക്കളും എത്രത്തോളം അധപ്പതിച്ചു എന്നതിനെക്കുറിച്ചൊന്നും, നമുക്കാര്‍ക്കും അധികം സംശയങ്ങളുമില്ല. എങ്കിലും, രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോള്‍ ഇത്തരം സിനിസിസത്തിനെ വസ്തുതകളുമായി കൂട്ടിച്ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ട്രാക്റ്ററിന്റെയും, കമ്പ്യൂട്ടറിന്റെയും കാര്യങ്ങള്‍, നക്ഷത്രങ്ങളെ നോക്കി നടക്കുന്നത്, ചൈനയുടെ കാര്യങ്ങള്‍, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ വരമ്പെടുക്കല്‍, കുമ്പസാരക്കൂട്ടിലെ കാര്യങ്ങള്‍, തുടങ്ങിയവക്കുനേരെ താങ്കള്‍ ചൊരിഞ്ഞ പരിഹാസച്ചിരിയില്‍, അത്തരത്തിലുള്ള ഒരു നിലപാടും കാണാന്‍ കഴിഞ്ഞതുമില്ല. എല്ലാവരെയും ഒരുപോലെ കളിയാക്കിയാല്‍ സന്മനസ്സുള്ള എല്ലാവര്‍ക്കും ഒരുപോലെ സമാധാനം എന്ന ഒരു ലൈന്‍, അതിലധികമൊന്നും ഇതില്‍ കണ്ടില്ല.

അഭിവാദ്യങ്ങളൊടെ

Unknown said...

എല്ലാവറ്റിനും നേരെ നിത്യന്‍ ചൊരിഞ്ഞ പരിഹാസച്ചിരി രാജിവ് ചേലനാട്ടിനെപ്പോലെയുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് അവരൊക്കെ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സാധുതയിലും പ്രായോഗികക്ഷമതയിലും പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് കൊണ്ടാണ് . നിലവിലുള്ള ഒരു ചിന്താപദ്ധതിക്കും ഒരു സംഘടനയ്ക്കും ഇനി മനുഷ്യനെ മോചിപ്പിക്കാന്‍ കഴിയില്ല എന്നത് എല്ലാവരും അംഗീകരിക്കുകയില്ലെങ്കിലും അതാണ് സത്യം . ജനാധിപത്യ-മതേതര ചിന്തകളുടെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടതുണ്ട് . കമ്മ്യൂണിസ്റ്റുകളുടെ ഏകപാര്‍ട്ടി ഭരണം എന്ന സമ്പ്രദായം ഇനി നടപ്പില്ല . തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന് മാര്‍ക്സ് പറഞ്ഞപ്പോള്‍ അതിന് തൊഴിലാളികളുടെ സര്‍വ്വാധിപത്യം എന്ന് തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുക . എന്നാല്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം ആണെന്ന് ലെനിന്‍ ദുര്‍വ്യാഖ്യാനം ചെയ്ത അന്നേ സോഷ്യലിസത്തിന്റെ ശവക്കുഴി തോണ്ടിയിരുന്നു . ലെനിനില്‍ നിന്ന് ഇന്ന് പിണറായിയിലേക്ക് എത്തിനില്‍ക്കുന്ന കമ്മ്യൂണിസം കാണുമ്പോള്‍ ആര്‍ക്കാണ് പരിഹാസം തോന്നാതിരിക്കുക . സി.പി.എം എന്താണെന്ന് മനസ്സിലാക്കുവാന്‍ ആളുകള്‍ക്ക് മാതൃഭൂമിയോ മനോരമയോ ഒന്നും വായിക്കേണ്ട . അതെല്ലാം എല്ലാവര്‍ക്കും ഇന്ന് അറിയാം . എങ്ങനെയാണ് അവര്‍ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്ന് നാട്ടില്‍ പാട്ടാണ് . സര്‍ക്കാറിന്റെയും സഹകരണബാങ്കുകളില്‍ കെട്ടിക്കിടക്കുന്നതുമായ പണം ഉപയോഗിച്ച് ഒരുമാതിരിപ്പെട്ട നേതാക്കളൊക്കെ (ഛോട്ടാ മുതല്‍ ബഡാ വരെ) എങ്ങനെയൊക്കെയാണ് പണം ഇരട്ടിപ്പിക്കുന്നത് , ഭൂമി കൈവശപ്പെടുത്തുന്നത് എന്നൊക്കെ ആളുകള്‍ മനസ്സിലാക്കുന്നുണ്ട് . കോട്ടയത്ത് അണികളെ ശാസിച്ച് അടക്കിയത് പോലെ എക്കാലത്തും നടക്കുകയില്ല . മാര്‍ക്സിസവും കമ്മ്യൂണിസവും സോഷ്യലിസവും ഒന്നും നടപ്പിലായില്ലെങ്കിലും ഈ ഭൂമിയില്‍ മനുഷ്യവര്‍ഗ്ഗം അതിന്റെ അവസാനം വരെ നിലനില്‍ക്കുമെന്നും , ഇനി അഥവാ ഭൂമിയില്‍ സമത്വാധിഷ്ടിതമായ ഒരു സമൂഹ ഘടന കെട്ടിപ്പടുക്കുമെങ്കില്‍ അത് ജനാധിപത്യപരമായ രീതിയില്‍ ജനങ്ങള്‍ തന്നെയായിരിക്കുമെന്നും അതില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കുത്തവകാശമൊന്നുമില്ലെന്നും മനസ്സിലാക്കുന്നത് നന്ന് .

Anonymous said...

കേരളചരിത്രം കണ്ട ഏറ്റവും വിലകുറഞ്ഞ കോമാളിത്തമായി രാഷ്ട്രീയവും,അതിലെ വില കുറഞ്ഞ കോമാളിയായി മാര്‍ക്സിസ്റ്റു രാഷ്ട്രീയവും ഭാവിതലമുറ തെരഞ്ഞെടുക്കും.അമ്പതു കൊല്ലത്തിനിടയ്ക്ക് മുന്നോട്ടായാന്‍ ശ്രമിച്ചപ്പോഴെല്ലാം കേരളത്തിന്റെ കാലുകളില്‍ കുരുങ്ങിയ ചണ്ടിയാണ് രാഷ്ട്രീയം.

മുല്ലക്കര പറഞ്ഞെന്നു കേട്ടു 'അരവയറുണ്ടു കഴിയേണ്ട കാലം എത്തി'യെന്ന് കേരളത്തിന്!!!!!
ചേറുതിന്നും ജനത്തെ ചോറൂട്ടിയിരുന്നൊരു ജനതയിവിടെയുണ്ടായിരുന്നു.ചെങ്കൊടി കാട്ടി അവറ്റയെയെല്ലാം ആട്ടിത്തെളിച്ച് കവലയില്‍ കൊണ്ടാക്കി,കൃഷിയിടങ്ങളെല്ലാം കയ്യേറി റിസോര്‍ട്ടു പണിതും പാര്‍ക്കുപണിതും,
സുഖവാസകേന്ദ്രങ്ങളാക്കി മാറ്റി,തിരിച്ചു പോകാന്‍ പോലും കഴിയാത്ത അവരോട് പറയുന്നതെന്താണ്??

അടുത്തുതന്നെയിവര്‍ കുറേ ചട്ടികള്‍ വാങ്ങി വിതരണം ചെയ്യും!!

രാഷ്ട്രീയക്കാരെ ഭരിക്കുന്ന ജനം ഉടലെടുക്കാത്തിടത്തോളം ഇവരിവിടെ അടക്കിവാഴും.

വിന്‍സ് said...

വൌ..... എന്തൊരു അലക്ക്.... എന്തൊരു ശക്തി....അത്യുഗ്രന്‍. സകല മലയാളികളും വായിക്കേണ്ട ഒരു കിണ്ണന്‍ പോസ്റ്റ്.

ലാല്‍(ട്ടന്‍)സലാം.