April 25, 2008

പരിശുദ്ധപിതാവും മുടിയനായ പുത്രനും

മലക്കുപോകണ്ടതില്ലെന്നു മമ്മദ്‌ തീരുമാനിച്ചാല്‍ പിന്നെ ഒറ്റ വഴിയേ ഉള്ളൂ. മല മമ്മദിനെ കാണാന്‍ പുറപ്പെടുക. അതറിയാവുന്നതുകൊണ്ട്‌ പരിശുദ്ധ പിതാവ്‌ മുടിയനായ പുത്രനെക്കാണാന്‍ പുറപ്പെട്ടു. അതായത്‌ പുണ്യവാളനും പിശാശും തമ്മില്‍ ഒരു റെന്‍ഡേവൂന്നു പറയാം സംസ്‌്‌കൃതത്തില്‍.

ഇതിനെന്തേതു എന്നാളുകള്‍ ചിന്തിക്കുന്നുണ്ടാവാം. ലോകത്തിന്റെ ആത്മീയ ദാരിദ്ര്യം മാറ്റിയെടുക്കേണ്ട ഭാരിച്ച പണിയാണ്‌ പോപ്പിന്റേത്‌. ഭൗതീകദാരിദ്ര്യം മാറ്റേണ്ട ചുമതല ബുഷിന്റേതും. രണ്ടുപേരും കൂടി നന്നായി ഉത്സാഹിച്ചാല്‍ ലോകം രക്ഷപ്പെട്ടു. ചില്ലറ ഉത്സാഹം കൊണ്ടുതന്നെ ഇറാഖും അഫ്‌ഗാനിസ്ഥാനുമൊക്കെ ഒന്നു കൊഴുത്തു. അടുത്തുതന്നെ മറ്റുള്ളവരും നന്നായിവരും.

ദയാപരനായ കര്‍ത്താവിന്റെ കാരുണ്യം കൊണ്ട്‌ കത്തോലിക്കരുടെ ഒരു റിക്കോര്‍ഡ്‌ തകര്‍ന്നുകിട്ടി. അതായത്‌ ലോകത്തിലെ ഏറ്റവും വലിയ സംഘടിത സമുദായം എന്ന പട്ടത്തിന്റെ ചരടാണ്‌ പരമകാരുണികനായ അല്ലാഹുവിന്റെ അനുയായികള്‍ അറുത്തിട്ടത്‌. ഇപ്പോള്‍ മൊത്തം ജനസംഖ്യയുടെ 17.4 ശതമാനം മാത്രമാണ്‌ കത്തോലിക്കര്‍. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും അനുയായികളുടെ നിയന്ത്രണമില്ലാത്ത ഉത്സാഹം കൊണ്ടും മുസ്ലീങ്ങള്‍ 19.2 ശതമാനമായി.

ആത്മീയതയില്‍ നിന്നും ആവേശം കയറി ബുഷ്‌ ഇറാഖിലും അഫ്‌ഗാനിസ്ഥാനിലുമെല്ലാം പാഞ്ഞുകയറി ബോംബിട്ടുനിരത്തിയിട്ടും സ്ഥിതി ഇതാണെങ്കില്‍ തീര്‍ച്ചയായും ഉണ്ടാവുക ആസനത്തിനു തീപ്പിടിച്ച അവസ്ഥതന്നെയാണ്‌.

അമേരിക്കക്കാരെപ്പറ്റി പോപ്പിന്‌ നല്ല മതിപ്പാണ്‌. പോപ്പ്‌ മനസ്സില്‍ കാണുന്നത്‌ ബുഷ്‌ മാനത്തുകാണും. വത്തിക്കാനുള്ള കപ്പക്കുടിശ്ശിക മാത്രം ചോദിക്കരുത്‌. ഐക്യരാഷ്ട്രസഭയ്‌ക്കുള്ളതുകൂടി കൊടുക്കാന്‍ പറ്റുന്നില്ല അപ്പോഴാണോ തിരുമേനീ അവിടുത്തേക്കുള്ളത്‌ എന്നങ്ങോട്ട്‌ ചോദിക്കും. ജനറല്‍ സിക്രട്ടറിയോടും ചോദിക്കും. പുണ്യവാളനുള്ളതുകൂടി കൊടുക്കാന്‍ പറ്റുന്നില്ല പിന്നെയാണോ ജനറലേ പിശാശിനുള്ളത്‌?

പോപ്പിനും ബുഷിനും ഇടയിലുള്ളതാകട്ടെ ചില്ലറ വിയോജിപ്പുകള്‍ മാത്രവും. നിത്യനും നിത്യകാമുകിക്കുമിടയിലുള്ള വിയോജിപ്പ്‌ അത്‌ലാന്തിക്കാണെങ്കില്‍ അത്‌ വെറും കൈത്തോടാണ്‌.

വധശിക്ഷ പാടില്ലെന്നതാണ്‌ പോപ്പിന്റെ നയം. അതുവളരെ ശരിയുമാണ്‌. പക്ഷേ കറുത്തവനെ തൂക്കിക്കൊല്ലരുതെന്ന്‌ ബൈബിളില്‍ പറഞ്ഞിട്ടില്ലെന്നതാണ്‌ സത്യം. ആ സത്യം ബുഷ്‌ ശ്രദ്ധയില്‍ പെടുത്തിയാല്‍ പോപ്പ്‌ തലതാഴ്‌ത്തും. അങ്ങിനെ പ്രത്യേകം പറയാത്ത സ്ഥിതിക്ക്‌ വെളുത്ത അമേരിക്കയ്‌ക്ക്‌ ദുഷ്‌പേരുണ്ടാക്കുന്ന മുയ്‌മന്‍ കറുപ്പന്‍മാരെയും പിടിച്ചുകൊണ്ടുപോയി തൂക്കിലിടുകയാണ്‌ വേണ്ടത്‌. മാര്‍ക്കറ്റില്‍ കുല തൂക്കുന്നപോലെയല്ല. മരണംവരെ തൂക്കിലിടണം. എന്നാല്‍ നമ്മളതൊന്നും ചെയ്യുന്നില്ല.

സായിപ്പിന്റെ ഇപ്പോഴത്തെ കണക്കനുസരിച്ച്‌ 20നും 34 നും ഇടയിലുള്ള 9 കറുപ്പന്‍മാരില്‍ ഒന്ന്‌ ജയിലിലാണ്‌. കണക്കില്‍ വരണമെങ്കില്‍ വല്ലേടത്തും ജനിച്ചതിനു രേഖയുണ്ടാവണം. അതു സുകൃതം ചെയ്‌ത കറുപ്പന്‍മാര്‍ക്കേ കാണുകയുള്ളൂ. അങ്ങിനെ നോക്കിയാല്‍ ഭൂരിഭാഗം കറുപ്പന്‍മാരുടെയും ആസ്ഥാനം സായിപ്പിന്റെ ജയിലുതന്നെ. അവരില്‍ യോഗ്യരായവരെ കയറിന്റെ ലഭ്യതയ്‌ക്കനുസരിച്ച്‌ തൂക്കിക്കൊല്ലുകയല്ല, കര്‍ത്താവിങ്കലേക്ക്‌ ലയിപ്പിക്കുകയാണ്‌ പതിവ്‌. അങ്ങിനെയാവുമ്പോള്‍ പിതാവിനും മറിച്ചൊരഭിപ്രായത്തിന്‌ സ്‌കോപ്പില്ല.

വേറൊന്നുള്ളത്‌ ജനനനിയന്ത്രണവും കലക്കലുമാണ്‌. മലയാളത്തില്‍ ബര്‍ത്ത്‌ കണ്‍ട്രോള്‍ ആന്റ്‌ അബോര്‍ഷന്‍ എന്നുപറയും. അതുപാടില്ല. പുറത്തുവന്നതിനെ തൂക്കിക്കൊന്നതിന്റെയും അകത്തുനിന്നും തന്നെ ശരിപ്പെടുത്തിയതിന്റെയും നിയന്ത്രണരേഖയില്‍ കുടുങ്ങി പോലീസുകാരുടെ മാനത്തേക്കുള്ള വെടിവെപ്പുപോലായതും കൂട്ടിയാല്‍ തീര്‍ച്ചയായും കത്തോലിക്കാ പട്ടത്തിന്റെ ചരട്‌ അവിടെത്തന്നെയുണ്ടാവുമായിരുന്നു. ഭൂമികുടിച്ച പാലിനെപ്പറ്റിയിനിയേതായാലും ചിന്തിക്കേണ്ടതില്ല. നല്ലത്‌ ഭൂതത്തില്‍ അമര്‍ന്നിരുന്ന്‌ ഭാവിയിലേക്കുനോക്കുന്നതാണ്‌.

കാര്യങ്ങളെല്ലാം ബുഷ്‌ പറഞ്ഞുമനസ്സിലാക്കിക്കാണും. ഒന്നും കഴിഞ്ഞ്‌ രണ്ടും കഴിഞ്ഞ്‌ മൂന്നാമത്തേതിന്‌ അങ്ങോട്ട്‌ ചെല്ലുമ്പോ നമുക്ക്‌ പണ്ട്‌ നഷ്ടപ്പെട്ട വാരിയെല്ലുമാത്രമാണ്‌ പെണ്ണ്‌ എന്ന ചിന്തയൊന്നും അവറ്റകള്‍ക്കുണ്ടായെന്നുവരില്ല. സ്വന്തം വാരിയെല്ലുകൊണ്ട്‌ കോല്‍ക്കളി കളിക്കാനുള്ള നമ്മുടെ മൗലീകാവകാശത്തെയും ലലനാമണികള്‍ ചോദ്യംചെയ്‌തുകളയും. അക്ഷരം പഠിച്ചതോടുകൂടി അവററകളുടെ സഹവാസം പിശാശിനോടൊപ്പമാണ്‌. പണ്ട്‌ കണ്ണ്‌ ഏദന്‍തോട്ടത്തിലെ വിലക്കപ്പെട്ട കനിയിലായിരുന്നെങ്കില്‍ ഇപ്പോള്‍ വിലക്കപ്പെട്ട തുല്യതയിലാണ്‌. കര്‍ത്താവേ ഇവര്‍ക്കുവേണ്ടതെന്തെന്ന്‌ ഇവര്‍ക്കുതന്നെയറിയില്ല. വേണ്ടാത്തതെല്ലാം കൊടുത്തേക്കേണമെ എന്നൊരു പ്രാര്‍ത്ഥനയേ നിത്യനുള്ളൂ.

അതെല്ലാം പോട്ടെ. പലരുടെയും സ്‌പെഷലൈസേഷന്‍ ചൈല്‍ഡ്‌ ആന്റ്‌ ഗേ ഇടപാടുകളായതുകൊണ്ട്‌ നിയന്ത്രണാദികാര്യങ്ങളില്‍ വേണ്ടത്ര അറിവുണ്ടാവണമെന്നില്ല. പല പുരോഹിതന്‍മാരുടെയും സ്വവര്‍ഗപ്രേമം പുറത്തായപ്പോള്‍ ഒരുവന്‍ തട്ടിവിട്ടത്‌ `ദാറ്റീസ്‌ വൈ മേരി ഈസ്‌ സ്‌റ്റില്‍ എ വേര്‍ജിന്‍` എന്നായിരുന്നു.

അമേരിക്കയില്‍ ഇപ്പോള്‍ 24ശതമാനമാണ്‌ കത്തോലിക്കക്കാര്‍. നയിക്കുന്നത്‌ വേദപുസ്‌തകമാണ്‌. പറഞ്ഞിട്ടെന്തുകാര്യം. നാലാളുടെ ശമ്പളം ഒന്നായിട്ട്‌ കൊണ്ടുപോകണമെങ്കില്‍ തോക്കേന്തിയ സൈന്യം കൂടെയുണ്ടാവണം. ന്യൂ ഓര്‍ലിയന്‍സില്‍ വെള്ളം കയറിയപ്പോ സെക്കന്റുവച്ചാണ്‌ ആത്മീയത മൊത്തം ഒലിച്ചുപോയത്‌. പകരം കൊള്ളയും കൊള്ളിവെപ്പും.

മാനുഷീക മൂല്യങ്ങള്‍ അളക്കുവാന്‍ ഏറ്റവും നല്ല ഉപകരണമാണ്‌ പ്രകൃതിദുരന്തങ്ങള്‍. അവിടെ ഒരു ദുരന്തം സംഭവിച്ചപ്പോള്‍ പിശാചു മുന്നിലും വേദപുസ്‌തകം പിന്നിലുമായി സഞ്ചരിക്കുന്നതാണ്‌ ലോകം കണ്ടത്‌. മുംബൈ നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഒരു പോക്കറ്റടിപോലും നടന്നില്ല. പോക്കറ്റടിക്കാര്‍ കൂടി അന്ന്‌ രക്ഷാപ്രവര്‍ത്തനം നടത്തി. ആളുകളെല്ലാം മുങ്ങിച്ചത്താല്‍ നാളെ അടിക്കാന്‍ പോക്കറ്റുണ്ടാവുമോ? അത്തരം ആത്മീയബോധമെല്ലാം സായിപ്പ്‌ നമ്മളെക്കണ്ട്‌ പഠിക്കണം.

പോപ്പിന്റെ അഭിപ്രായത്തില്‍ അമേരിക്ക ആധുനീകോത്തര രാജ്യം മാത്രമല്ല ആത്മീയതയുടെ ഏദന്‍തോട്ടവും കൂടിയാണ്‌. ലോകത്തിലെതന്നെ അങ്ങിനെയുള്ള ഏകരാജ്യം.. 'ദി ജിയോഗ്രാഫി ഓഫ്‌ ബ്ലിസ്‌' എന്ന പുസ്‌തകത്തിന്റെ കര്‍ത്താവായ എറിക്‌ വെയ്‌നര്‍ ഒരു കാര്യം അതിലെഴുതിയിട്ടുണ്ട്‌. അടുത്തിറങ്ങിയ ആ പുസ്‌തകത്തില്‍ ലോകത്തില്‍ ജനങ്ങള്‍ ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്ന രാഷ്ട്രങ്ങളെപ്പറ്റി പറയുന്നു. ആദ്യത്തെ അഞ്ചെണ്ണം ഡെന്‍മാര്‍ക്ക്‌, സ്വിറ്റ്‌സര്‍ലാന്റ്‌, ഓസ്‌ട്രിയ, ഐസ്‌ ലാന്റ്‌ പിന്നെ ഫിന്‍ലാന്റും. അമേരിക്ക ചിത്രത്തിലെവിടെയുമില്ല. പരിശുദ്ധ പിതാക്കള്‍ കളവു പറയുകയില്ല. ഒരബന്ധം പോലീസുകാരനും ഭൂഷണം എന്നാണല്ലോ.

മനുഷ്യമനസ്സ്‌ ഒരു ഭ്രാന്തന്‍ കുതിരയാണെന്ന്‌ പണ്ടൊരു സന്ന്യാസി പറഞ്ഞിട്ടുണ്ട്‌. ആ ഭ്രാന്തന്‍ കുതിരയെ നേര്‍വഴി നടത്താനുള്ള ഷോക്കുചികിത്സയാണ്‌ അല്‌പം ആത്മീയത. അല്ലാതെ അത്‌ ഭ്രാന്തന്‍കുതിരയ്‌ക്ക്‌ നട്ടപ്പിരാന്തിളക്കിവിടാനുള്ള 'കുതിരയ്‌ക്കുകൊടുക്കുന്ന സംഗതി' യാവരുത്‌. അപ്പോള്‍ കള്ളുകുടിച്ച കുരങ്ങനെ തേളുകുത്തിയ അവസ്ഥയാണുണ്ടാവുക. അതാണിപ്പോള്‍ സംഭവിച്ചത്‌.

ആത്മീയതയ്‌ക്ക്‌ എതെങ്കിലും മതത്തിന്റെയോ ജാതിയുടേയോ ഊന്നുവടിയുടെ ആവശ്യമൊന്നുമില്ല. ഇന്ത്യയിലെ ആത്മീയ മുതലാളിമാരെ നോക്കുക. അവരുടെയെല്ലാം വാസം കൈലാസത്തിലും ഒന്നുകൂടി മെച്ചപ്പെട്ട പ്രദേശത്തായിരിക്കും. ബ്രഹ്മജ്ഞാനത്തിലും മീതെയുള്ള സകലതും കലക്കിക്കുടിച്ച്‌ ഹിന്ദുമതത്തിനും രണ്ടടി മുകളിലായി മദോന്മസ്ഥരായിട്ടായിരിക്കും ഇരിപ്പ്‌. അവരെ വേണം കണ്ടുപഠിക്കാന്‍.

ശ്വാസംവലിസ്വാമിയുടെ കച്ചോടം അന്തരീക്ഷത്തില്‍ ഓക്‌സിജനുള്ള കാലത്തോളം നില്‌ക്കും. അമ്മയുടെ ബിസിനസ്സ്‌ ലോകത്തില്‍ സ്‌നേഹത്തിനു ക്ഷാമമുള്ള കാലത്തോളവും. സ്‌നേഹത്തിന്റെ കുത്തകളായ ആത്മീയാചാര്യന്‍മാര്‍ പൂഴ്‌ത്തിവെപ്പ്‌ നിര്‍ത്തി ചില്ലറവിതരണം മാവേലിസ്റ്റോറുവഴിയാക്കുന്ന കാലത്തോളം ആ കച്ചോടവും തകര്‍ക്കും.

അച്ചന്‍മാരുടെ ആത്മീയത ബൈബിളിനെ ചുറ്റിപ്പറ്റിമാത്രമാവുന്നതുകൊണ്ടാണ്‌ പ്രശ്‌നമാവുന്നത്‌. ഇല്ലെങ്കില്‍ ജനസംഖ്യ പടവലം പോലെ താഴോട്ടു വളരില്ലായിരുന്നു. അതളന്നു നോക്കാന്‍ ആരും മുതിരുകയുമില്ലായിരുന്നു.

ഹിന്ദുക്കളെ നോക്കിയാട്ടെ. ആകെയെത്രയുണ്ടെന്നതിന്റെ കണക്ക്‌ ലോകത്തെ ഗണിതശാസ്‌ത്രപണ്ഡിതന്‍മാര്‍ മൊത്തമിരുന്നു ഗണിച്ചാലും കിട്ടുകയില്ല. കണ്ണുകാണാത്ത ഡ്രൈവര്‍മാര്‍ അഥവാ ആചാര്യന്‍മാര്‍ നൂറുകണക്കിന്‌. രഥം ഒന്ന്‌ ഹിന്ദുമതം. കുരുടന്‍മാര്‍ ഓരോരുത്തരും തോന്നിയപോലെ വലിക്കുന്നു. ദൈവം സഹായിച്ച്‌ രഥം നിന്നിടത്തുതന്നെ നില്‌ക്കുന്നു. വിശ്വസിക്കുന്നവനും ഹിന്ദു. അവിശ്വസിക്കുന്നവനും ഹിന്ദു. ഉള്ളവനുതന്നെ വിശ്വാസമില്ലാത്തപ്പോള്‍ പിന്നെ മറ്റുള്ളവനെ മതം മാറ്റാന്‍ പോയി തല്ലുവാങ്ങിക്കേണ്ട കാര്യവുമില്ല.

പോപ്പ്‌ കുറച്ചുമുമ്പ്‌ ഇന്ത്യയെപ്പറ്റി ഒരു കമന്റും പാസാക്കിയിരുന്നു. ഇന്ത്യയില്‍ മതം മാറ്റത്തിന്‌ നിയന്ത്രണമുണ്ടാവരുതെന്നോ മറ്റോ. കേട്ടാല്‍ തോന്നുക വത്തിക്കാനില്‍ ഉടുതുണി മാറ്റാനാണ്‌ വിഷമം. മതംമാറലാണ്‌ അതിലുമെളുപ്പം. പോപ്പിനെക്കൊണ്ടുള്ള ഉപദ്രവം സഹിക്കവയ്യാണ്ടായപ്പോഴാണല്ലോ സായിപ്പ്‌ സെക്യുലാറിസം കണ്ടുപിടിച്ചത്‌. സീസറുടേത്‌ സീസറിനും പള്ളിയുടേത്‌ പള്ളിക്കും എന്നു സായിപ്പിനു കിട്ടിയത്‌ കണ്ണുതുറന്ന്‌ കിഴക്കോട്ടുനോക്കിയപ്പോഴാണ്‌. അതെല്ലാം വിശുദ്ധപിതാക്കന്‍മാര്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. മുന്നൂറുകൊല്ലം മുമ്പേ സെക്യുലാറിസം കണ്ടുപിടിച്ചവര്‍ മൂവായിരം കൊല്ലം മുമ്പേ സെക്യുലറായവരെ പഠിപ്പിക്കാന്‍ നോക്കരുത്‌. വേണമെങ്കില്‍ സ്ലേറ്റും പുസ്‌തകവുമെടുത്ത്‌ ഇങ്ങോട്ടുവരികയാവാം. പട്ടത്തിന്റ പോയ ചരട്‌ വീണ്ടെടുക്കാനുള്ള മന്ത്രം പഠിക്കാന്‍.


10 comments:

NITHYAN said...

വേറൊന്നുള്ളത്‌ ജനനനിയന്ത്രണവും കലക്കലുമാണ്‌. മലയാളത്തില്‍ ബര്‍ത്ത്‌ കണ്‍ട്രോള്‍ ആന്റ്‌ അബോര്‍ഷന്‍ എന്നുപറയും. അതുപാടില്ല. പുറത്തുവന്നതിനെ തൂക്കിക്കൊന്നതിന്റെയും അകത്തുനിന്നും തന്നെ ശരിപ്പെടുത്തിയതിന്റെയും നിയന്ത്രണരേഖയില്‍ കുടുങ്ങി പോലീസുകാരുടെ മാനത്തേക്കുള്ള വെടിവെപ്പുപോലായതും കൂട്ടിയാല്‍ തീര്‍ച്ചയായും കത്തോലിക്കാ പട്ടത്തിന്റെ ചരട്‌ അവിടെത്തന്നെയുണ്ടാവുമായിരുന്നു. ഭൂമികുടിച്ച പാലിനെപ്പറ്റിയിനിയേതായാലും ചിന്തിക്കേണ്ടതില്ല. നല്ലത്‌ ഭൂതത്തില്‍ അമര്‍ന്നിരുന്ന്‌ ഭാവിയിലേക്കുനോക്കുന്നതാണ്‌.

കുറുമാന്‍ said...

മാനുഷീക മൂല്യങ്ങള്‍ അളക്കുവാന്‍ ഏറ്റവും നല്ല ഉപകരണമാണ്‌ പ്രകൃതിദുരന്തങ്ങള്‍. അവിടെ ഒരു ദുരന്തം സംഭവിച്ചപ്പോള്‍ പിശാചു മുന്നിലും വേദപുസ്‌തകം പിന്നിലുമായി സഞ്ചരിക്കുന്നതാണ്‌ ലോകം കണ്ടത്‌. മുംബൈ നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഒരു പോക്കറ്റടിപോലും നടന്നില്ല. പോക്കറ്റടിക്കാര്‍ കൂടി അന്ന്‌ രക്ഷാപ്രവര്‍ത്തനം നടത്തി. ആളുകളെല്ലാം മുങ്ങിച്ചത്താല്‍ നാളെ അടിക്കാന്‍ പോക്കറ്റുണ്ടാവുമോ? അത്തരം ആത്മീയബോധമെല്ലാം സായിപ്പ്‌ നമ്മളെക്കണ്ട്‌ പഠിക്കണം. -- ഈ ഒരു പാരഗ്രാഫിന്നുമുന്നില്‍ ഞാന്‍ നമിച്ചു നിത്യന്‍ജി.

പതിവുപോലെ തന്നെ വളരെ നല്ല ലേഖനം.

സംഭവങ്ങളെ വളരെ കൃത്യമായി വിലയിരുത്തി ഹാസ്യാത്മകമായി പറയാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ.

ആശംസകള്‍

Anonymous said...

നന്നായിട്ടുന്ണ്ടു

Anonymous said...

നല്ല പൊസ്റ്റ്. എന്നാല്‍ കത്തൊലിക്കന്‍ ഇസ്ലാം വിരുദ്ധനായാല്‍? ഗാസായില്‍ കൊല്ലചെയ്യപ്പെടുന്ന ആയിരകണക്കിനു മുസ്ല്ലിമുകളെ അവഗണിച്ച്ച് കേരള കത്തൊലിക്കന്‍ ഇസ്ലാം വിരൂദ്ധനായാല്‍? കാണുക മത/ജാതി കോമരം ബെര്‍ളി തോമസിന്റെ പുതിയ പൊസ്റ്റ്

Anonymous said...

ബെര്‍ലിച്ചായനെ തീര്‍ക്കാന്‍ തീരുമാനിച്ചിറങ്ങിയതാ അല്ലേ ?

കളി കൊള്ളാം. പക്ഷെ, സൂക്ഷിച്ചോ, ഒരു തിരിച്ചടി മണക്കുന്നുണ്ട്.

ഐപി അഡ്രസും ബ്ലോഗര്‍ പ്രൊഫൈല്‍ ഐഡിയുമൊക്കെ തിരഞ്ഞു തുടങ്ങിയിട്ടുണ്ട് നമ്മുടെ ഐടി പൊലീസ്.

ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് നിങ്ങളുടെ പ്രവര്‍ത്തനം എന്നും ഇത് രാജ്യദ്രോഹക്കുറ്റമാണെന്നുമൊക്കെ പറഞ്ഞു കേള്‍ക്കുന്നു. ഞാനിവിടെ വന്നൊന്നും പറഞ്ഞിട്ടില്ലേയ്..

ആല്ല ആരാ ഈ ബെര്‍ലിച്ചായന്‍ ?
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.
നിത്യേട്ടാ, ഈ ബ്ലോഗിനുള്ളില്‍ അനോണികളായി ഒളിച്ചിരിക്കുന്നവരെ സൂക്ഷിക്കുക. കളി കാര്യമായിക്കഴിഞ്ഞു.

യാരിദ്‌|~|Yarid said...

നന്നായിരിക്കുന്നു ..പതിവുപോലെ..:)

താരാപഥം said...

മൊത്തത്തില്‍ എല്ലാവരെയും ഉന്നം വെച്ചിട്ടുണ്ടല്ലോ ? കാക്കയെ ഉന്നം വെച്ചപ്പോള്‍ അങ്ങ്‌ട്‌ കൊണ്ടില്ലാന്ന് തോന്ന്ണു. കാക്ക വെട്ടിച്ചു പോയിരിക്കും.

ദൈവം said...

വ്യത്യസ്തവും പുതുമയ്യുള്ളതുമായ നിരീക്ഷണങ്ങള്‍.
മികച്ച എഴുത്ത്.
(അല്പം പരന്നുപോയോ എന്നൊരു സംശയം.)

അയല്‍ക്കാരന്‍ said...

നിത്യന്, ചില കാര്യങ്ങളില്‍ താങ്കളുടെ നിരീക്ഷണങ്ങള്‍ ഏകപക്ഷീയമായതു പോലെ തോന്നിയോ എന്നൊരാശങ്ക.

1. ഫിന്‍ലാന്റും ഡെന്മാര്‍ക്കുമൊക്കെ അമേരിക്കയെ അപേക്ഷിച്ച് എത്ര ചെറിയ രാജ്യങ്ങളാണ്? താരതമ്യേന ഹൊമൊജീനസ് എന്നു പറയാവുന്ന സമൂഹങ്ങള്‍ ഉള്ളവ.

2. മുംബൈയിലേയും ന്യൂ ഓര്‍ലിയന്സിലേയും പ്രകൃതി ദുരന്തങ്ങള്‍ സമാനങ്ങളായിരുന്നോ? ഒരിടത്ത് എല്ലാവരും വീട് വിട്ട് ഓടി. മറ്റെടത്ത് വീട് വിട്ട് പുറത്ത്പോകാനാകാതെ വലഞ്ഞു. എവിടെയാവും പോക്കറ്റടിക്കാരന്‍ കോളുനോക്കുക?

3. കറുത്ത വര്‍ഗ്ഗക്കാരന്റെ പുരോഗതികള്‍ ചുവന്ന കണ്ണുള്ളവര്‍ കാണാതെ പോകുന്നുവോ?

4. "ശ്വാസം വലിക്കാരന്‍ സ്വാമി" (സുധാകരകൃതം പദം...)
അങ്ങേര്‍ക്ക് എത്രത്തോളം ഹിന്ദു ഐഡന്‍റ്റിറ്റി ഉണ്ട് എന്നതില്‍ സംശയമുണ്ട്

siva // ശിവ said...

നന്നായി...