എന്റെ മകന്റെ ഭാര്യയില്‍ നിന്നും മാര്‍ച്ചില്‍ എനിക്കൊരു കത്തുകിട്ടി. അമേരിക്കയിലുള്ള അവള്‍ നാലുവര്‍ഷം മുന്നേ എനിക്കയച്ച കത്ത്. 1996ല്‍ ഞാന്‍ ജയില്‍ വിമോചിതനായശേഷം എനിക്കുവരുന്ന എല്ലാ സ്വകാര്യ എഴുത്തുകളും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ശാന്തമായി ജീവിക്കാനും എഴുതുവാനുമായി മാത്രമാണ് ഞാനിപ്പോള്‍ എന്റെ ഭൂരിഭാഗം സമയവും ചിലവിടുന്നത്. ഒരു ഫാക്‌സ്‌മെഷീന്‍, അല്ലെങ്കില്‍ ഇന്റര്‍നെറ്റ് അതുമല്ലെങ്കില്‍ ഒരു സ്വകാര്യ മൊബൈല്‍ഫോണ്‍ ഒന്നും തന്നെ ഉപയോഗിക്കുവാനുള്ള അനുമതി എനിക്കില്ല. സന്ദര്‍ശകര്‍ക്കൂ കൂടി എന്നെ കാണുവാന്‍ സാദ്ധ്യമാവുക സുരക്ഷാഉദ്യോഗസ്ഥരുടെ സമ്മതത്തോടുകൂടിമാത്രമാണ്. സന്ദര്‍ശകവിവരങ്ങള്‍ അവരുടെ അടുത്തു രേഖപ്പെടുത്തി അനുവാദം വാങ്ങിയശേഷം മാത്രം.
1989 ജുണ്‍ 4 നു നടന്ന വിദ്യാര്‍ത്ഥി കൂട്ടക്കൊലയ്‌ക്കുശേഷം ചൈന ഒരു പാടു മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എങ്കിലും വേണ്ടത്ര മാറിയിട്ടില്ല. ആ കാലത്ത് രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കായുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ റിസര്‍ച്ച് ഓഫീസ് തലവനായിരുന്നു ഞാന്‍. വളരെ ദയാലുവായ ഒരാള്‍ എന്നു പലരും കരുതിയിരുന്നൂവെങ്കിലും ഒരിക്കലും അങ്ങിനെയല്ലാതിരുന്ന ഡെങ് സിയാവോപിങ് ആയിരുന്നു ഞങ്ങളുടെ നേതാവ്.
പാര്‍ട്ടിതലവനാവട്ടേ ഷാവോ സിയാങ്ങും. വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ പോലുള്ള ചില ന്യായമായ പ്രശ്‌നങ്ങളിലെങ്കിലും നമ്മള്‍ ക്രിയാത്മകമായി പ്രതികരിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. ഡെങ് മെയ് 13ാം തീയ്യതി ഷാവോയെ കണ്ട് ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ യോജിപ്പ് അറിയിക്കുകയും ചെയ്‌തു. അതാകട്ടേ എന്നു ഒരുപാട് സന്തോഷിപ്പിച്ചു. താമസിയാതെ വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുള്ള പദ്ധതികളുടെ തയ്യാറെടുപ്പ് ഞാന്‍ തുടങ്ങുകയും ചെയ്‌തു.
മെയ് 17. അപ്രതീക്ഷിതമായി എല്ലാം അവതാളത്തിലായി. ഡെങ് പട്ടാളനിയമം അടിച്ചേല്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഷാവോ വീട്ടുതടങ്കലിലായി. അദ്ദേഹം 2005 ലാണ് മരണമടഞ്ഞത്.
മാര്‍ച്ച് 28ാം തീയ്യതി പൊളിറ്റ്‌ബ്യൂറോയുടെ ഒരു സ്‌റ്റാന്റിംഗ് കമ്മിറ്റി മീറ്റിംഗിന് ഞാന്‍ വിളിപ്പിക്കപ്പെട്ടു. എന്നാല്‍ ഒരു മീറ്റിംഗും അന്നവിടെ ഉണ്ടായിരുന്നില്ലെന്നതായിരുന്നു യാഥാര്‍ത്ഥ്യം. ഒരു അംഗം - ആ പേര്‍ ഞാന്‍ വെളിപ്പെടുത്തുകയില്ല - അവിടെ സന്നിഹിതനായിരുന്നു. സുരക്ഷിതമായ ഏതെങ്കിലും കേന്ദ്രത്തിലേയ്‌ക്ക് ഞാന്‍ മാറണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാര്‍ മന്ത്രിമാര്‍ക്കായി റിസര്‍വ്വുചെയ്യപ്പെട്ട ഒരു കെട്ടിടത്തിലാണല്ലോ ഞാന്‍ കഴിയുന്നതെന്നായിരുന്നു എന്റെ പ്രതികരണം. എന്റെ കൈ മുറുകെപിടിച്ചുകൊണ്ട് കൂടുതല്‍ സുരക്ഷിതമായ ഒരിടം എനിക്കറിയാം എന്ന് അദ്ദേഹം പറഞ്ഞു. പുറത്തുണ്ടായിരുന്ന എന്റെ കാര്‍ അപ്പോഴേയ്‌ക്കും അപ്രത്യക്ഷമായതും ഞാന്‍ കണ്ടു. കൂടാതെ, പോലീസുകാര്‍ എനിക്കായി കാത്തുനില്‌ക്കുന്നതും.
ഒരു മലമുകളിലേയ്‌ക്ക് അവര്‍ എന്നെയുംകൊണ്ട് യാത്രയായി. ക്വിന്‍ജങ്ങ് (Qincheng) ജയിലിന്റെ പടുകൂറ്റന്‍ ഉരുക്കു കവാടത്തിനുമുന്നില്‍ ആ യാത്ര അവസാനിച്ചു.
വര്‍ത്തമാനകാല ചൈനീസ് നേതാക്കളാരും തന്നെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തില്‍ ഉത്തരവാദികളല്ല. എങ്കിലും സത്യം അവര്‍ക്കറിയാം. ആ സത്യം അവര്‍ക്കു പങ്കുവെയ്‌ക്കുവാനും കഴിയും. അല്ലെങ്കില്‍ എക്കാലവും ഈയൊരു ടെന്‍ഷന്‍ നിലനില്‌ക്കുകയേ ഉള്ളൂ.
ഞാനിന്ന് കാണാനാഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ചൈനയില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ആരെങ്കിലുമായി സ്വതന്ത്രമായി ഒരു അഭിമുഖം നടത്താനാവുമെങ്കില്‍, എന്നെ ഏറ്റവുമധികം ആഹ്ലാദചിത്തനാക്കുക അതായിരിക്കും.
അവര്‍ക്കുവേണ്ടി കേസു വാദിക്കുവാന്‍ സ്വന്തമായി വക്കീലിനെ ഏര്‍പ്പാടാക്കുവാനുള്ള സ്വാതന്ത്ര്യം കിടപ്പാടം നഷ്ടപ്പെട്ട നമ്മുടെ കര്‍ഷകര്‍ക്കുണ്ടെങ്കില്‍, തീര്‍ച്ചയായും അതെന്നെ സന്തുഷ്ടനാക്കും.
ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കുക എന്ന തത്വത്തിനോട് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി യോജിപ്പിലെത്തുന്നുവെങ്കില്‍, അതെന്നെ ഏറ്റവും സന്തുഷ്ടനാക്കും.
20 വര്‍ഷങ്ങള്‍ക്കുമുന്നേ കുറ്റക്കാരെന്നു വിധിക്കപ്പെട്ട ആ നിരപരാധികള്‍ കുറ്റവിമുക്തരാക്കപ്പെടുന്നൂവെങ്കില്‍, ഞാന്‍ തികച്ചും സന്തുഷ്ടനായിരിക്കും. എന്നാല്‍ ഉന്നതമായ അത്തരം പ്രതീക്ഷകളൊന്നും ഞാന്‍ വച്ചുപുലര്‍ത്തുന്നുമില്ല.
(ജൂണ്‍ 1, 2009 ടൈം മാഗസീന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളവിവര്‍ത്തനം. ബാവോ തുങ് ഇന്ന് ഒരു ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തകനായി ബീജിങ്ങില്‍ കഴിയുന്നു. )
1 comment:
(ജൂണ്‍ 1, 2009 ടൈം മാഗസീന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളവിവര്‍ത്തനം. ബാവോ തുങ് ഇന്ന് ഒരു ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തകനായി ബീജിങ്ങില്‍ കഴിയുന്നു. )
Post a Comment