August 22, 2009
സത്യമേവ ജയതേ! 'സച് കാ സാമ്‌നാ' ഭീ
ഏകകണ്‌ഠമായ ഒരഭിപ്രായം നമ്മുടെ സഭകളിലുണ്ടാവുകയെന്നത് വാല്‍നക്ഷത്രം പ്രത്യക്ഷമാവുന്നതുപോലെ അപൂര്‍വ്വം ഒരു സംഭവമാണ്. ലോകക്ഷേമാര്‍ത്ഥം അവരവരുടെ ആനുകൂല്യങ്ങള്‍ അവരവര്‍ വര്‍ദ്ധിപ്പിക്കുന്ന കടലാസ് മേശപ്പുറത്തുവരുമ്പോള്‍ ഇങ്ങിനെ സംഭവിക്കാറുണ്ട്. ദരിദ്രജനകോടികളുടെ സര്‍വ്വൈശ്വര്യങ്ങള്‍ക്കുമായി ഓരോ ടി.വി സെറ്റുകള്‍ അംഗങ്ങള്‍ക്ക് ദാനം നല്‌കാന്‍ തീരുമാനിച്ച ആ സദുദ്യമവേളയിലും ഏതാണ്ട് ഇങ്ങിനെ സംഭവിച്ചിരുന്നു. പാടില്ലെന്നോ മറ്റോ പറഞ്ഞ ഒറ്റപ്പെട്ടവരെ അവിടെയിട്ട് തല്ലിക്കൊന്നില്ലെന്നതു തന്നെ ഭാഗ്യം.
ഇതില്‍ നിന്നും ലേശം വ്യത്യസ്‌തമായ ഒരു പ്രശ്‌നത്തിന്‍മേല്‍ അംഗങ്ങള്‍ ഏകകണ്‌ഠമായി നിലകൊണ്ടു എന്നുകണ്ടപ്പോള്‍ ഞെട്ടിപ്പോയി. 'സച് കാ സാമ്‌നാ' എന്ന ടെലിവിഷന്‍ പരിപാടിക്കെതിരെയാണ് നിലപാട്. തികച്ചും വ്യക്തിപരമായ 21 ചോദ്യങ്ങളാണ് പങ്കെടുക്കുന്നവരോട് ചോദിക്കുക. ഉത്തരം സത്യമല്ലെങ്കില്‍ ലൈ ഡിടക്ടര്‍ കളവാണെന്നു കാണിക്കും. ഉത്തരം മുഴുവനും സത്യമാണെങ്കില്‍ കിട്ടുക ഒരു കോടിയും. 'Moments of Truth' എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരിപാടി കാപ്പിരികള്‍ കോപ്പിയടിച്ചതാണ് സച് കാ സാമ്‌നാ. പ്രശ്‌നം സായിപ്പിനെ കാപ്പിരി കോപ്പിയടിച്ചതല്ല. കോടികൊടുത്തോ കോടി പുതപ്പിച്ചോ കോണിയിറക്കുന്നതുമല്ല.
21 ചോദ്യങ്ങള്‍ക്കും സത്യവും കൃത്യവുമായ മറുപടി പറയുമ്പോഴേക്കും ഭാരതീയസംസ്‌കാരത്തിന്റെ അടിത്തറ കുളംതോണ്ടിപ്പോവും എന്നതാണ് പ്രശ്‌നം. ഭാരതീയ സംസ്‌കാരത്തിന്റെ ആ സുന്ദരസൗധം നിലംപൊത്താതിരിക്കാന്‍ പരിപാടിക്ക് തടയിടണം എന്നൊരഭിപ്രായമാണ് അംഗങ്ങള്‍ ഏകകണ്‌ഠരായി, നിരുദ്ധകണ്‌ഠരായി പ്രകടിപ്പിച്ചത്. സംഘപരിവാരത്തിന്റെ പരാക്രമമായിരിക്കുമെന്നാണ് കേട്ടപ്പോള്‍ ആദ്യം തോന്നിയത്. മൊയ്‌തുപാലത്തിന്റെ അതേ അവസ്ഥയിലാണ് ഭാരതീയ സംസ്‌കാരവും എന്ന ഉറച്ചവിശ്വാസത്തിലാണ് മൊത്തം അംഗങ്ങളുമെന്ന് മനസ്സിലായത് പിന്നീടാണ്. ഒരു 1210 ചോദ്യം വന്നാല്‍ തീര്‍ന്നു കഥ. ഭാരതീയ സംസ്‌കാരം നിലംപൊത്തി.
മെക്കാളെ പ്രഭുവും കൂട്ടാളികളും ആവുംപോലെ ഉത്സാഹിച്ചിട്ടും തകര്‍ന്നുപോവാത്തത് ഇനി തുക്കടാ ചാനലുകാര്‍ തകര്‍ത്തുകളഞ്ഞാലോ. അമേരിക്കന്‍ സംസ്‌കാരത്തില്‍ നിന്നും കടം കൊണ്ടതാകയാല്‍ സംഗതിക്ക് ഒരു നിയന്ത്രണമൊക്കെവേണം എന്നതായിരുന്നു സിഎന്‍എന്‍-ഐബിഎന്‍ ചര്‍ച്ചയിലെ മുഴുവന്‍ പൊതുപ്രവര്‍ത്തകരുടെയും നിലപാട്. അങ്ങിനെയാണെങ്കില്‍ സത്യം പറയുക എന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്നാണോ എന്നതായിരുന്നു സിദ്ധാര്‍ത്ഥബസുവിന്റെ ചോദ്യം.
ഉത്തരമില്ലാത്ത ചോദ്യമാവുമ്പോള്‍ എന്തുകൊണ്ടും നല്ലത് ആ ചോദ്യത്തെ അര്‍ഹിക്കുന്ന അവഞ്‌ജയോടെ തള്ളിക്കളയുകയാണ്. സമാജ് വാദിപാര്‍ട്ടി പ്രതിനിധിയും ബീജേപീ പ്രതിനിധിയും ചെയ്‌തതും അതുതന്നെ. അര്‍ഹിക്കുന്ന അവജ്ഞയോടെ അവരെല്ലാം കൂടി ചോദ്യത്തെ തള്ളി ഇസഡ് കാറ്റഗറിയിലുള്ള ഭാരതീയസംസ്‌കാരത്തിന് സംരക്ഷണഭിത്തി പണിതു.
വ്യക്തിപരം, ഔദ്വോഗികം, ശാരീരികം, ലൈംഗീകപരം - ചോദ്യങ്ങളെല്ലാം ഈ വകുപ്പില്‍ പെടുന്നതായിരിക്കും. അതുതന്നെയാണ് കുഴപ്പവും. രണ്ടാമതുവരുന്ന ഔദ്വോഗികവും നാലാമതുവരുന്ന ലൈംഗീകവും ചില്ലറക്കേസല്ല. രണ്ടിനും സത്യസന്ധമായി ഉത്തരം പറഞ്ഞ് എത്രമഹാന്‍മാര്‍ കോടികളുമായി പോവുമെന്നതാണ് അറിയേണ്ടത്. തലയ്‌ക്കുമീതേ ശൂന്യാകാശം താഴേ മരുഭൂമീ എന്നത് ജീവിതത്തില്‍ പകര്‍ത്തിയവരാവുമ്പോള്‍ ഒന്നും സംഭവിക്കാനില്ല. അല്ലെങ്കില്‍ ടീവിയില്‍ ഉത്തരം സത്യസന്ധമായി നല്‌കുമ്പോള്‍ സ്വന്തം ബന്ധങ്ങളുടെ നാലുകെട്ടുകളായിരിക്കും നടുമുറ്റത്തേക്ക് നിലംപൊത്തുക.
ആദ്യഘട്ടം പരിപാടിതന്നെ ശുഭപര്യവസായിയായി കലാശിച്ചു എന്നാണുകേട്ടത്. പങ്കെടുത്ത മദ്ധ്യവര്‍ഗവീട്ടമ്മയോട് ചോദിച്ചത് നിരുപദ്രവകരമായ ഒരു ശോദ്യായിരുന്നു. ഭര്‍ത്താവിനുപുറമേ മറ്റാരെങ്കിലുമായി ഭവതി കിടക്കപങ്കിട്ടുവോ എന്നുമാത്രം. ഇല്ലെന്നു മഹതി. ഉണ്ടെന്ന് യന്ത്രം. ലൈ ഡിടക്ടര്‍ ഇടിത്തീയായി തലയില്‍ പതിച്ചു. ആ സത്യത്തിന്റെ ചിറകേറി വന്നതാവട്ടേ ഒന്നാംതരം ലക്ഷണമൊത്തൊരു ഡിവോഴ്‌സ് നോട്ടീസും.
സംഗതി ഇങ്ങിനെയായ സ്ഥിതിക്ക് നാളെ എന്താണ് സംഭവിക്കുക എന്നതു മുന്‍കൂട്ടി കാണാനുള്ള കഴിവിനാണ് ഇംഗ്ലീഷില്‍ ഉള്‍ക്കാഴ്‌ച എന്നും മലയാളത്തില്‍ ഫൊര്‍സൈറ്റ് എന്നും പറയുക. ചാനലുകാരുടെ കാമറ കാണുമ്പോള്‍ ഞാന്‍ ഞാന്‍ മുമ്പില്‍ എന്നു തിക്കിത്തിരക്കി കയറുന്നവര്‍ ഇനി തൂക്കിക്കൊന്നാലൂം അങ്ങോട്ടുകയറി നാലു സത്യം പറയില്ലെന്നുപറഞ്ഞാല്‍ പിന്നെ ജനം വെറുതേ വിടുമോ? ഇനി ക്ഷണിച്ചിട്ടും നാലു സത്യം പറയാന്‍ വരാത്തവരുടെ പട്ടിക നിത്യേന ഫ്‌ളാഷായി പ്രദര്‍ശിപ്പിച്ചാല്‍ ചാനലുകാരനെ തൂക്കിക്കൊല്ലാനെന്താ ഇവിടെ മുല്ലാ ഒമറുടെ ഭരണമൊന്നുമല്ലല്ലോ?
'ജീവിതം മലര്‍ക്കെ തുറന്ന പുസ്‌തകമായ' എണ്ണപ്പെട്ട ഏതാനും പൊതുപ്രവര്‍ത്തകരുടെ 21 ഉത്തരം ജനങ്ങളെയൊന്ന്‌് കേള്‍പ്പിക്കണമെന്ന ആഗ്രഹം എന്നെങ്കിലും ഏതെങ്കിലും തലതിരിഞ്ഞവന് തോന്നിക്കൂടായ്‌കയില്ല. ആര്‍ക്കാ എപ്പഴാ എന്താ തോന്നിക്കൂടാത്തത് എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. അഥവാ ഇനി വല്ലവന്റെയും സ്‌നേഹപൂര്‍വ്വമായ ഭീഷണിക്കു വഴങ്ങി ഉത്തരം നല്‌കേണ്ടിവന്നാല്‍ അന്നടയുന്ന ആ മഹദ് ഗ്രന്ഥം പിന്നീടൊരിക്കലും തുറക്കേണ്ടിയും വരില്ല.
ഇനി വേറെ വലിയോരു തലയിലെ ചെറിയോരു ബുദ്ധിയില്‍ ഇങ്ങിനെ തോന്നുന്നു എന്നു കരുതുക. പൊതുപ്രവര്‍ത്തകാര്‍ക്കായി മാത്രം ഒരു സ്‌ച് കാ സാമ്‌നാ. ഓരോ സത്യസന്ധമായ ഉത്തരത്തിനും രണ്ടുകോടി. മൊത്തം ഇരുപത്തിയൊന്ന് സത്യത്തിനും കൂടി 42 കോടി. ഓരോ കളവിനും പിഴയായും രണ്ടുകോടി. അവനവനുമാത്രം അറിയുന്ന ചോദ്യം മാത്രമേ ഉണ്ടാവൂ. എവറസ്‌റ്റിന്റെ ഉയരവും മറീനാട്രഞ്ചിന്റെ ആഴവും ചോദ്യമായി കയറിവന്ന് കച്ചറയുണ്ടാക്കുകയില്ല. സ്വിസ് ബാങ്കുകളിലുള്ള നിക്ഷേപം ഇന്ത്യയിലേക്ക് തിരച്ചെത്തിക്കാനുള്ള ഒരു മാര്‍ഗം കൂടിയായും ഈ അഗ്നിപരീക്ഷയെ ഉപയോഗിക്കാം.
ഉദാഹരണമായി ചോദ്യം 1. ഇന്ത്യക്ക് പുറത്ത് വല്ല നിക്ഷേപവുമുണ്ടോ?
പീഢനക്കേസുകളുമായി അറസ്റ്റിലായ എം.എല്‍.എയെപ്പോലുള്ളവരാണെങ്കില്‍ ചോദ്യം 1. നാളിതുവരെയായി എത്ര ബലാല്‍സംഗം നടത്തിയിട്ടുണ്ട്? (10 മിനിറ്റ് സമയവും ആവശ്യമാണെങ്കില്‍ ഗണിച്ചുകണ്ടെത്താന്‍ ഒരു കാല്‍കുലേറ്ററും അനുവദനീയം)
അങ്ങിനെയൊരു ദുരന്തസാദ്ധ്യത മുന്നിലുണ്ടാവുമ്പോള്‍ എന്തുകൊണ്ടും നല്ലത് ഈ നശിച്ച പരിപാടി പൂട്ടിക്കാന്‍ ആവുംവണ്ണം ഉത്സാഹിക്കുകയാണ്. സ്വന്തം നിലയ്‌ക്കുനോക്കുക. കോടതിവഴിയും. അല്ലെങ്കില്‍ വിവേകം മാത്രമല്ല പടച്ചോന്‍ ഇക്കൂട്ടര്‍ക്ക് ബുദ്ധിയും കൊടുത്തില്ലല്ലോ എന്ന തോന്നലല്ലേ ജനത്തിനുണ്ടാവുക.
`പിടിയാത്തവരുടെ വികൃതികള്‍ കണ്ടാല്‍
മടിയാതവരുടെ തലമുടി ചുറ്റി
പിടിയാത്തവനതി ഭോഷന്‍
വടികൊണ്ടടിയാത്തവനതിനേക്കാള്‍ ഭോഷന്‍`
അക്കാര്യത്തില്‍ മഹാത്മജികൂടി കുഞ്ചനോടു യോജിക്കും. അഹിംസാവ്രതം തല്‌ക്കാലം മുറിഞ്ഞാലും ഇത്രനല്ലൊരു സംഗതി നിരോധിക്കാന്‍ പുറപ്പെടുന്നവരുടെ നടുപ്പുറത്തേക്ക് മഹാത്മാവിന്റെ ഊന്നുവടി ഉയരാതിരിക്കാന്‍ കാരണമൊന്നും നിത്യന്‍ കാണുന്നില്ല.
Subscribe to:
Post Comments (Atom)
3 comments:
വ്യക്തിപരം, ഔദ്വോഗികം, ശാരീരികം, ലൈംഗീകപരം - ചോദ്യങ്ങളെല്ലാം ഈ വകുപ്പില്‍ പെടുന്നതായിരിക്കും. അതുതന്നെയാണ് കുഴപ്പവും. രണ്ടാമതുവരുന്ന ഔദ്വോഗികവും നാലാമതുവരുന്ന ലൈംഗീകവും ചില്ലറക്കേസല്ല
ആ യന്ത്രം എന്നതൊക്കെ വെറും തട്ടിപ്പാകാനാണ് സാധ്യത. അല്ലെങ്കില്‍ കോടതികളില്‍ സാക്ഷികളെ വിസ്തരിക്കുമ്പോള്‍ ഉപയോഗിക്കാമല്ലോ!!
കൊടുകൈ നിത്യാ
Post a Comment