September 16, 2009
സെക്യുലര്‍ ജിന്നയും സിന്സിയര് ജസ്വന്തും
ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ആളുകള്‍ മഹാന്മാരാവുന്നത് എന്നു പറഞ്ഞത് ചാണക്യനാണ്. ഒരു ശൂദ്രസ്ത്രീ അവിഹിതഗര്‍ഭം ധരിച്ചുണ്ടായ ചന്ദ്രഗുപ്തനെ ഭാരതത്തിന്റെ ചക്രവര്‍ത്തിയായി, ആദ്യ ശൂദ്ര ഭരണാധികാരിയായി വാഴിച്ച മഹാമാന്ത്രികന് ചാണക്യന്റെ വാക്കുകളാവുമ്പോള്‍ സത്യമല്ലാതാവാന്‍ സാദ്ധ്യതയില്ല. അതായത് കര്‍മ്മം കൊണ്ട് മഹാന്മാരായവര് ചരിത്രത്തിലേയ്ക്ക് നടന്നുകയറുമ്പോള്‍ ജന്മംകൊണ്ടു മഹാന്മാരായവര് തൊട്ടടുത്തുതന്നെ ഭദ്രമായിരിക്കുന്ന ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് കൂപ്പുകുത്തുകയും ചെയ്യും.
ഭൂമി ഉരുണ്ടതാണെന്ന് ഗലീലിയോ തെളിയിച്ചപ്പോള്‍ കത്തോലിക്കാസഭ ഞെട്ടിയതുപോലെയാണ് ജിന്ന മതേതരവാദിയെന്ന് കേട്ടപ്പോള്‍ പരിവാരം ഞെട്ടുന്നത്. ഭൂമി ഉരുണ്ടാല്‍ കര്‍ത്താവ് സൃഷ്ടിച്ച ഭൂമിയുടെയും ബൈബിളിന്റെയും കഥ അതോടെ കഴിഞ്ഞു അരമനകള്‍ വഴിയാധാരമാവും എന്നതായിരുന്നു കത്തോലിക്കാസഭയുടെ പേടി. അതു സംഭവിച്ചില്ല. ശാസ്ത്രത്തിന്റെ ഉരുണ്ടഭൂമിയും വിശ്വസത്തിന്റെ പരന്നഭൂമിയും പ്രത്യക്ഷത്തില്‍ പ്രകൃതിവിരുദ്ധമെങ്കിലും സഹവര്‍ത്തിത്വത്തോടെ ഒരുമിച്ചു കഴിഞ്ഞു. അരമനകള്‍ വിലങ്ങനെ വളര്‍ന്നു.
അതുകൊണ്ട് ഗണവേഷധാരികള്‍ ഒന്നും ഭയക്കേണ്ടതില്ല. അതിലും വലിയ മഹാസത്യമൊന്നുമല്ല ജിന്ന മതേതരവാദിയാണെന്നത്. വീരസവര്‍ക്കര്‍ ആയുഷ്കാലം മുഴുവന്‍ ഒന്നാംതരം നാസ്തികനായിരുന്നൂവെന്നത് അതിലും ഒന്നുകൂടി മുന്തിയ സത്യമാണല്ലോ. നല്ല നാസ്തികനേ നല്ല മതനിരപേക്ഷനാവാന്‍ പറ്റുകയുള്ളൂ. ജിന്നയെയും സവര്‍ക്കറെയും ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ പരിവാരങ്ങള്‍ക്ക് പറ്റിയെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ.
നഗ്നസത്യം എന്നുപറഞ്ഞാല്‍ ശുദ്ധ സ്വര്‍ണം പോലത്തെ സംഗതിയാണെന്ന് പണ്ട് ഫ്രാന്‍സിസ് ബേക്കണ്‍ പഠിപ്പിച്ചിട്ടുണ്ട്. അതായത് വിശേഷിച്ച് ആര്‍ക്കും യാതൊരു ഉപകാരവുമില്ലാത്ത ഒന്നിനും കൊള്ളാത്ത ഒരു സാധനം. ലേശം ചെമ്പുചേര്‍ത്ത് ഒന്ന് കളങ്കപ്പെടുത്തുമ്പോഴാണ് മനോഹരമായ സംഗതിയാവുകയും ഹേമമാലിനിമാര്‍ കലക്കി എന്നു ലാലുമാരെക്കൊണ്ട് പറയിക്കുകയും ചെയ്യുക.
അതുപോലെ ചരിത്രസത്യങ്ങള്‍ നയനമനോഹരമാവണമെങ്കില്‍ തട്ടാന്റെ പണി ചരിത്രകാരനെടുക്കണം. ആവശ്യത്തിന് ഭാവനയുടെ ചെമ്പ് ഊതിക്കാച്ചി അവരവര്‍ക്കുവേണ്ടരീതിയില്‍ ചരിത്രത്തെ പണിതെടുക്കുമ്പോഴാണ് അതിനെക്കൊണ്ട് വല്ല ഉപകാരവുമുണ്ടാവുക. ചരിത്രസത്യത്തിന്റെ നല്ലൊരു ശതമാനം പണിക്കുറവില്‍ വരവുവെച്ചാല്‍ മതി. അതൊരു വഞ്ചനയില്ലാത്ത കാപട്യമായി ആളുകള്‍ അംഗീകരിച്ചിട്ടുണ്ട്.
സാരാനാഥിലെ അശോകസ്തംഭത്തിലെ ധര്‍മ്മചക്രത്തിന് രക്തബന്ധം നിരീശ്വരത്വം പ്രാണവായുവായ ബുദ്ധിസവുമായാണ്. ആ ധര്‍മ്മചക്രത്തെ ഉരുട്ടി ദേശീയപതാകയിലെത്തിച്ചതും സവര്‍ക്കര്‍ എന്ന നാസ്തികന്റെ കരങ്ങളായിരുന്നു എന്നതും സത്യം. പല സത്യങ്ങളും അങ്ങിനെയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും മുന്‍പ് എഴുതിയത് വീണ്ടുമാവര്‍ത്തിക്കുന്നു. ഒരു പ്രവാചകനെ പരീക്ഷിക്കാന്‍ കുറേ ശിഷ്യന്മാരെ ദൈവം അയച്ചുകൊടുക്കുന്നു എന്ന് ആരോ പറഞ്ഞതിലെന്താണ് തെറ്റ്?
ജീവിതത്തില്‍ അടിമുടി വിപ്ലവകാരികളായ ജിന്നയ്ക്കും സവര്‍ക്കര്‍ക്കും കിട്ടിയ അനുയായികളെ കണ്ടാല്‍ ഏത് അവിശ്വാസിയും നെഞ്ചത്ത് കൈവെച്ചുപോവും. ശ്രീരാമനും വാനരസൈന്യവും പോലെ. ശ്രീരാമന്മാര് കഥാവശേഷന്‍മാരായപ്പോള്‍ വാനരര്‍ക്ക് ചാട്ടം പിഴച്ചതാണ് പിന്നത്തെ ചരിത്രം.
ജിന്ന കണ്ട കോണ്‍ഗ്രസ് ഏതാണ്ട് നമ്മുടെ പണ്ടത്തെ ബ്രാഹ്മണാള്‍ ഹോട്ടല്‍പോലൊരു സംഗതിയായിരുന്നു. കുശിനിക്കാരന്‍മുതല്‍ കാഷ്യര്‍വരെ സവര്‍ണര്‍. ഇടം കൈയ്യില്‍ സിഗരറ്റും വലംകൈയ്യില്‍ ബ്രാണ്ടിക്കുപ്പിയുമായി ജീവിച്ച ജിന്നപോലും തന്റെ സമുദായത്തിന്റെ ഭാവിയെപ്പറ്റി ആലോചിച്ചുപോയത് സ്വാഭാവികം. ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നതില്‍ ജിന്നയ്ക്ക് എന്തെങ്കിലും അയോഗ്യത ഉണ്ടായിരുന്നതായി അറിയില്ല. നെഹറുവിനെക്കാളും ഒന്നുകൂടി മുന്തിയ പരിഷ്കാരി എന്നു പറയാം.
സായുധസമരത്തില്‍നിന്നെന്നപോലെ ജനാധിപത്യത്തില്‍ നിന്നും കോണ്‍ഗ്രസ് മാറിനിന്നതുകൊണ്ടുണ്ടായ പൊല്ലാപ്പുകള്‍ ചില്ലറയായിരുന്നില്ല. കോണ്‍ഗ്രസിന്റെ തീരുമാനങ്ങളായി എപ്പോഴും വന്നത് മഹാത്മാഗാന്ധിയുടെ മനോഗതങ്ങളായിരുന്നു. തുര്‍ക്കിയിലെ ഖലീഫയക്ക് സ്ഥാനം പോയതിന് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെന്താണ് കാര്യം എന്നുചോദിച്ചത് ജിന്നയിലെ നാസ്തികനും മതനിരപേക്ഷത്വവുമാണെങ്കില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് രൂപംകൊടുത്തതില്‍ മതപ്രീണനവുമാണ് തെളിയുക.
ജിന്ന വിഭാവന ചെയ്ത 'സെക്യുലാര്‍ ഇന്ത്യ' അഥവാ മതനിരപേക്ഷ ഇന്ത്യ നടക്കില്ലെന്നു തോന്നിയപ്പോഴാണ് ഒരു കുട്ടിക്കരണം മറിച്ചിലിലൂടെ ദ്വിരാഷ്ട്രസിദ്ധാന്തത്തില്‍ ചെന്നു നിന്നത്.
ജിന്ന ഭയന്നത് നാസ്തികനായ സവര്‍ക്കറിന്റെ, ബലികൊടുത്ത മൃഗം സ്വര്‍ഗത്തിലെത്തുമെന്ന് ഉറപ്പാണെങ്കില്‍ നിനക്ക് നിന്റെ അമ്മയെയും അച്ഛനെയും വെട്ടി ബലികൊടുക്കരുതോ എന്നു ചോദിച്ച യുക്തിവാദി ചര്‍വ്വാകനും മഹര്‍ഷി പദവി നല്കിയ ഹിന്ദുത്വത്തെയല്ല, കോണ്‍ഗ്രസിലെ വിവേചനത്തെയാണ്. മുന്നൂറുകൊല്ലം മുമ്പ് സായിപ്പ് കണ്ടുപിടിച്ച 'സീസറുടേത് സീസറിനും പള്ളിയുടേത് പള്ളിക്കും' സിദ്ധാന്തത്തിന്റെ സഹസ്രാബ്ദങ്ങളായുള്ള പ്രായോഗിക രൂപമായിരുന്നു സവര്‍ക്കറുടെ ഹിന്ദുത്വ. തനത് ഇന്ത്യന്‍ മതനിരപേക്ഷത്വം എന്നു വിളിക്കാവുന്നത്.
ജിന്നയുടെ ഭയം അസ്ഥാനത്തായിരുന്നില്ലെന്നറിയാന്‍ കേരളത്തിലെ ആദിവാസികളുടെ സ്ഥിതി നോക്കിയാല്‍ മതി. സായിപ്പിന്റെ ഭരണമായിരുന്നു ഇതിലും മെച്ചം എന്നു ഏതു ആദിവാസിയാണ് പറയാതിരിക്കുക. ആദിവാസികളെ ദരിദ്രവാസികളാക്കിയതും പോര അവരെ അവരുടെ കാട്ടില്‍ അതിക്രമിച്ചുകടന്ന് ചവുട്ടിയിറിക്കി വെടിവെക്കുകയാണ് സ്വതന്ത്രഭാരതം ചെയ്തത്. ആദിവാസികള്‍ക്കുവേണ്ടി ചിലവിട്ട ശതകോടികള്‍ ആദിവാസികളെ ദരിദ്രവാസികളാക്കി. പദ്ധതി നടപ്പാക്കിയവരെ കോടീശ്വരന്മാരാക്കി.
മഹമൂദ് ഗസ്നി മൊത്തത്തില്‍ 24 തവണ സോമനാഥ ക്ഷേത്രം കൊള്ളയടിച്ചൂവെന്ന് ചരിത്രം. ഓരോ കൊള്ളകള്‍ക്കുമുള്ള ഇടവേളകളില്‍ ആ ഭണ്ഡാരം ആവും വണ്ണം നിറച്ചുകൊടുക്കുവാനുള്ള ഗോബുദ്ധിയല്ലാതെ ഗസ്നിയുടെ മുട്ടുകാല് തല്ലിയൊടിക്കാന്‍ നാലാളെ ഏര്‍പ്പാടാക്കിയ വ്യാഘ്രബുദ്ധി ഇന്ത്യക്കാര്‍ക്കില്ല. അന്നും ഇന്നും എന്നും.
ഈ സംഗതി നമ്മുടെ ദൈവങ്ങളെ നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. വാഴക്കൈ ഒടിയുമ്പോള്‍ മൂത്രം പോവുന്നവര്‍ വരെ ആരാധിക്കുക ഏറ്റവും ചുരുങ്ങിയത് ഒരു നാട് മുടിയാന്തരം വരുത്തുവാന്‍ കരുത്തുറ്റ സുദര്‍ശനം വിരലിലുള്ള ശ്രീകൃഷ്ണനെയായിരിക്കും.
സായിപ്പിനെ നോക്കുക. ഒരു കവിളത്തുകിട്ടിയാല്‍ മറുകവിള്‍ കാട്ടിക്കൊടുക്കുകയെന്നത് സായിപ്പിന് അറിയാന്‍ പാടില്ലാത്ത ഒരു കാര്യമാണ്്. ഈ ജന്മത്തില് ചെയ്യാന്‍ പറ്റാത്തതും. ആയൊരൊറ്റ കാരണം കൊണ്ടാണല്ലോ സായിപ്പ് ജീസസിനെ ആരാധിക്കുന്നതും.
അതുകൊണ്ടാണ് പറഞ്ഞത് ഓരോ ജനതയ്ക്കും അതിന്റേതായ ഒരു ജീവിതബോധമുണ്ട്. അതിനൊരു താളവുമുണ്ട്. അലക്സാണ്ടര്‍മുതല്‍ മെക്കാളെവരെയുളളവര്‍ ആക്രമിച്ചിട്ടും നമ്മുടെ മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ ഒന്നിനുപോലും ജീവന് നഷ്ടപ്പെട്ടിട്ടില്ല. നാസയിലാണ് പണിയെങ്കിലും വീട്ടില്‍ പൂജ മുടങ്ങാതെ നോക്കുന്നവരാണ് ഭൂരിപക്ഷവും. മാര്‍ക്സിലുള്ളതിലും വിശ്വാസം ചൈനക്കാര്‍ക്ക് വ്യാളികളിലായതും വേറൊന്നും കൊണ്ടല്ല.
കേവലസത്യം ശുദ്ധസ്വര്‍ണം പോലെയാണെന്നുപറഞ്ഞു. ഉപകാരമില്ലെങ്കിലും നിത്യേന വിലകൂടിക്കൊണ്ടിരിക്കുന്ന സംഗതികളാണ് രണ്ടും. മഹാത്മജിയും രാജാജിയുടെ മരുമകളായിരുന്ന സരളാദേവിയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു. മഹാത്മജിതന്നെ പണ്ട് സ്പിരിച്ച്വല്‍ വൈഫ് എന്നു വിശേഷിപ്പിച്ച സരളാദേവിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ സത്യാന്വേഷണ പരീക്ഷണം പൂര്‍ത്തിയായി ഗ്രന്ഥം വന്നത് രണ്ടാളും പോയശേഷമാണ്. സംരംഭം വന്‍വിജയം.
കാരണം നമ്മള് ഒന്നുകില്‍ ഒളിഞ്ഞുനോട്ടക്കാരാണ്. അല്ലെങ്കില്‍ സത്യത്തെ ദൂരെനിന്ന് ആരാധനയോടെ നോക്കിക്കാണുന്ന മഹാകള്ളന്മാര്. അപ്പോള്‍ അതു വിളിച്ചുപറയുന്ന ഒരു ഗ്രന്ഥത്തിന്റെ ഡിമാന്റും സ്വര്‍ണത്തിന്റേതുപോലെ കൂടിക്കൊണ്ടേയിരിക്കും. സംഘപരിവാര്‍ കൂടാരത്തിലെ 30 വര്‍ഷത്തെ സഹവാസം ആയൊരു തിരിച്ചറിവൊക്കെ ജസ്വന്ത് സിങ്ങിന് നേടിക്കൊടുക്കാതിരിക്കുമോ?
എന്തായാലും ധൈര്യമുള്ള പട്ടാളക്കാരന് തന്നെയാണ് സിങ്ങ് എന്ന പണ്ടുതെളിഞ്ഞിട്ടുള്ളതാണ്. പാര്‍ലിമെന്റ് ആക്രമണവേളയില്‍. ഉടന്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറണം എന്ന് സുരക്ഷാജീവനക്കാര്‍ ഓടിവന്നു പറഞ്ഞപ്പോഴും അക്ഷോഭ്യനായി ചായകുടിച്ചുകൊണ്ട് സിങ്ങു നില്ക്കുമ്പോള് കൊടുംവിപ്ലവകാരികളടക്കം രാഷ്ട്രത്തിന്റെ പരമാധികാരം കാക്കാനായി ജനങ്ങള്‍ തിരഞ്ഞുപിടിച്ചയച്ചവര്‍ തന്നെത്താന്‍ രക്ഷിക്കാന്‍ എവിടെയൊളിക്കണം എന്നാലോചിച്ച് പരക്കം പായുകയായിരുന്നു. അതിനകത്ത് ഏക്കര്‍ കണക്കിന് സ്ഥലമുണ്ടായതുകൊണ്ടായിരിക്കണം തമ്മിലിടിച്ച് അത്യാഹിതമൊന്നും സംഭവിക്കാതിരുന്നത്. അവിടെ ചെണ്ടയില്ലാതിരുന്നതുകൊണ്ടുമാത്രം ധീരന്മാര് അതിന്റെ തോലുപൊളിച്ച് അകമേ പുക്കിയില്ല എന്നുവേണം കരുതാന്‍.
സിങ്ങിന്റെ ആ ധൈര്യത്തെ നിത്യന് ആദരിക്കുന്നു. ഇപ്പോള്‍ ഈയൊരു സത്യം വിളിച്ചുപറഞ്ഞ് പാര്‍ട്ടിക്കുപുറത്തേയ്ക്കു നടക്കാനെടുത്ത ഈ തീരുമാനത്തേയും. അപ്പോഴും ഖണ്ഡഹാര്‍ വിമാനറാഞ്ചികളെ അഫ്ഗാനിസ്ഥാനില്‍ കൊണ്ടുപോയിറക്കിക്കൊടുത്ത തീരുമാനം അങ്ങേയറ്റത്തെ തെറ്റായിപ്പോയി എന്നു വിശ്വസിക്കുകയും ചെയ്യുന്നു.
വോഡ്ക രണ്ടെണ്ണം വീശി കണ്‍ട്രോളുപോയപ്പോള്‍ പണ്ടൊരു സഖാവ് അറിയാതെ റോഡിലിറങ്ങിയങ്ങോട്ട് പറഞ്ഞുപോയി "ജോസഫ് സ്റ്റാലിന് എന്നുപറഞ്ഞാല്‍ ഒന്നിനും കൊള്ളാത്തൊരുത്തനാണ്്"
ചെമ്പട കൈയ്യോടെ പൊക്കി. അന്നു തന്നെ വിചാരണയും കഴിഞ്ഞു. ശിക്ഷയും വിധിച്ചു. പന്ത്രണ്ടുകൊല്ലം കഠിനതടവ്.
"അല്ല യൂവര്‍ ഓണര്‍, ഒരാളെ ചീത്തപറഞ്ഞാല്‍ പരമാവധി രണ്ടുകൊല്ലമല്ലേയുള്ളൂ ശിക്ഷ. എന്തു ന്യായത്തിന്മേലാണ് എനിക്ക് 12 കൊല്ലം വിധിച്ചിട്ടിരിക്കുന്നത്? വിധി കേട്ട് ഞെട്ടിയ പ്രതി അറിയാതെ ചോദിച്ചുപോയി.
ചീത്തവിളിച്ചതിന് രണ്ടുകൊല്ലവും ഒരു ദേശീയ രഹസ്യം പരസ്യമാക്കിയതിന് പത്തുകൊല്ലവും കൂട്ടി പന്ത്രണ്ടുകൊല്ലം എന്നായിരുന്നു ജഡ്ജിയുടെ വിശദീകരണം.
ജസ്വന്ത് സിങ്ങിന്റെ ദുരവസ്ഥ കാണുമ്പോള്‍ തോന്നിപ്പോയതാണ്.
Subscribe to:
Post Comments (Atom)
3 comments:
ഭൂമി ഉരുണ്ടതാണെന്ന് ഗലീലിയോ തെളിയിച്ചപ്പോള്‍ കത്തോലിക്കാസഭ ഞെട്ടിയതുപോലെയാണ് ജിന്ന മതേതരവാദിയെന്ന് കേട്ടപ്പോള്‍ പരിവാരം ഞെട്ടുന്നത്
നിത്യന്,
പ്രസക്തമായ ലേഖനം. നന്ദി.
ജിന്നയെക്കുറിച്ചുള്ള അദ്വാനിയുടെയും ജസ്വന്തിന്റെയും കാഴ്ചപ്പാടുകള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി ശമിച്ചുപോയത് നിര്‍ഭാഗ്യകരമായി എന്നു തോന്നുന്നു.
എങ്കിലും, സവര്‍ക്കറെക്കുറിച്ചുള്ള ലേഖനത്തിലെ പരാമര്‍ശങ്ങളോട് വിയോജിക്കാതെയും വയ്യ.
ജീവിതത്തില്‍ നാസ്തികനും, മതേതരമെന്നു തോന്നാവുന്ന പ്രതിച്ഛായ വച്ചുപുലര്‍ത്തുകയും ചെയ്ത ആളായിരുന്നുവെങ്കിലും, സ്വാതന്ത്ര്യാനന്തരം നിലവില്‍ വന്നേക്കാവുന്ന ഒരു ഹിന്ദു ഭൂരിപക്ഷ ഇന്ത്യയെക്കുറിച്ചുള്ള ലീഗിന്റെ ഭയത്തിനു വളരെ വലിയൊരു ക്രെഡിബിലിറ്റി കൊടുക്കാനാണ്. സവര്‍ക്കറുടെ ‘പിതൃഭൂമി’ സങ്കല്‍പ്പവും ‘ഹിന്ദുത്വ’ധാരണകളും സഹായിച്ചത്. വിഭജനത്തിനു വേണ്ടി ശക്തിയായി വാദിക്കാന്‍ ലീഗിനെ പ്രേരിപ്പിച്ചതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്ത്ത്തനങ്ങള്ക്കും ഒട്ടും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.
ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന മേല്‍ച്ചൊന്ന മതേതര അഖണ്ഡ സങ്കല്‍പ്പമൊക്കെ സവര്‍ക്കറുടെ തത്ത്വചിന്താപദ്ധതിയില്‍ അവിടവിടെയായി കാണുമെങ്കിലും, അതിന്റെ ഉള്ളിലുണ്ടായിരുന്നത് സംശയാതീതമായ ഹൈന്ദവത തന്നെയായിരുന്നു. രാഷ്ട്രീയത്തെ ഹൈന്ദവവും സൈനികവുമാക്കാന് ആഹ്വാനം ചെയ്ത ആളായിരുന്നു സവര്‍ക്കര്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ വിഭജനത്തിലേക്ക് നയിക്കാന്‍ ആ വിശ്വാസസംഹിതകള്‍ എത്രത്തോളം സഹായിച്ചു എന്ന് ഗ്യാന്‍ പണ്ഡെയെപ്പോലെയുള്ളവര് പണ്ടേ നിരീക്ഷിച്ചിട്ടുമുണ്ട്.
ഇത്രകാലവും അസ്പൃശ്യനായിരുന്ന ജിന്നയെ പുതിയ വെളിച്ചത്തില്‍ കാണാന്‍, അദ്വാനിയെയും ജസ്വന്തിനെയും പോലുള്ളവര്‍ തയ്യാറാകുന്നത്, ജിന്നയോടും ജിന്ന പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിനോടും പ്രതിപത്തി ഉണ്ടായതുകൊണ്ടല്ലെന്നും, ജിന്നയുടെ ലിബറലിസത്തെക്കുറിച്ചുള്ള നിര്‍ദ്ദോഷമായ പരാമര്‍ശങ്ങളിലൂടെ, അത്തരം ലിബറലിസം തങ്ങളിലും (തങ്ങളുടെ രാഷ്ട്രീയത്തിലും) അദ്ധ്യാരോപം ചെയ്യാനുള്ള അത്യാവേശം കൊണ്ടുമാത്രമാണെന്നും കാണാന്‍ അത്ര വലിയ ചരിത്രബോധത്തിന്റെ ആവശ്യവുമില്ല. വേണമെങ്കില്‍, ഗോള്വാള്ക്കറിനെയും ഹെഡ്ഗവാറിനെയുമൊക്കെ ഇതേ രീതിയില്‍ ലിബറലൈസ് ചെയ്യാനും സാധിക്കാവുന്നതേയുള്ളു. എങ്കിലും അത് ചരിത്രപരമായി സത്യമാവില്ല എന്നു മാത്രം.
അഭിവാദ്യങ്ങളോടെ
രാജീവിന്റെ കമന്റ് കിറുകിറുത്യം.
Post a Comment