November 10, 2009

കുതികൊള്‍ക സെക്കന്റിലേയ്ക്കു നമ്മള്‍

ബീഹാറില്‍ നിന്നും ഒറീസയില്‍ നിന്നും കേരളത്തിലെത്തി ഒറ്റക്കാലില്‍ തപസ്സുചെയ്ത് അനാക്കൊണ്ടയെ അടക്കം ചെയ്യാന്‍ പാകത്തില്‍ നെടുനീളന്‍ കേബിള്‍ക്കുഴികള്‍ വെട്ടുന്ന, നാലുതവണയായി പണമടച്ചല്ലാതെ രണ്ടു കോണകം വാങ്ങാന്‍ ഗതിയില്ലാത്ത ചപ്പാത്തികളും തദ്ദേശ ദരിദ്രവാസികളും പിച്ചക്കാരും തൊട്ട് 44 കോടി വള്‍ഗര്‍ സാലറി കൈപ്പറ്റുന്ന സി.ഇ.ഒ പിടിച്ചുപറിക്കാര്‍ വരെ കൈവിളിയന്ത്രം കൊണ്ടുനടക്കുന്ന സുന്ദരദേശമാണ് ഭാരതം.



മൊബൈല്‍ ഉപയോക്താക്കളുടെ സംഖ്യ ജനസംഖ്യയുടെ പാതിയിലെത്തുന്ന ശുഭമുഹൂര്‍ത്തത്തിനാണ് 2010 സാക്ഷ്യം വഹിക്കുകയെന്ന് മന്ത്രി രാജ. ലോകത്തിന്റെ ശരാശരിക്കണക്കിനൊപ്പം നമ്മളും എത്തിയെന്നര്‍ത്ഥം. 2009ലെ 45.2 കോടിയില്‍ നിന്നും 2013 ആവുമ്പോഴേയ്ക്ക് 77.1 കോടിയാവും ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം, അതായത് 90% വര്‍ദ്ധനവ്. കണക്ക് പ്രഖ്യാപിച്ചത് ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി റിസര്‍ച്ച് സ്ഥാപനമായ ഗാര്‍ടനര്‍ (Gartner) ആണ്.

വിവരത്തിനും വിവരസാങ്കേതികവിദ്യകള്‍ക്കും ഭാരതീയര്‍ ഉടുതുണിയെക്കാള്‍ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നര്‍ത്ഥം. വിദ്യാവിഹീന പശു എന്നാണല്ലോ. വിദ്യകൊണ്ടു വിവരമില്ലായ്്മയുടെ നാണം മറയ്ക്കേണ്ടിവരുന്ന നാളേയ്ക്ക് ഉപകരിക്കാതിരിക്കില്ല.

ഒരോ സെക്കന്റിനും തീവിലയുണ്ടെന്ന് നമ്മെ പഠിപ്പിച്ചത് വിവരസാങ്കേതിക വിദ്യയാണ്. ഒരു സെക്കന്റിന്റെ പാതിക്ക് പണ്ട് ഉഷയ്ക്ക് പോയത് ഒളിമ്പിക്സ് സ്വര്‍ണമായിരുന്നുവല്ലോ. അന്തിമയങ്ങും വരെപണിയും അത്താഴവും കഴിഞ്ഞ് ലോകര്‍ അടുത്ത സ്വപ്നത്തിലേയ്ക്കുള്ള അന്തിപ്പായ വിരിക്കുമ്പോഴായിരിക്കും നമ്മള്‍ ഇന്ത്യക്കാര്‍ പണ്ടേ ഇന്നിന്റെ യാഥാര്‍ത്ഥ്യത്തിലേയ്ക്കുണരുക.

വന്ദ്യവയോധികനായ മിനിറ്റിനെ മൂലക്കിരുത്തി ലോകം സെക്കന്റില്‍ കാലം അളന്നിടുമ്പോള്‍ നമ്മുടെ ടെലികോമും ബീയെസ്സെന്നെല്ലും ചക്കിനുകെട്ടിയ പോത്തിനെപ്പോലെ മിനിറ്റുസൂചിക്കു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. നോക്കുക, നമ്മുടെ മൊബൈല്‍ ചാര്‍ജ് അടിസ്ഥാനമാക്കുന്നത് മിനിറ്റുകളെയാണ്. അതായത് 61 സെക്കന്റ് നിന്ന ഒരു വിളിക്ക് ഒരു ഭാരതദരിദ്രന്‍ നല്കേണ്ടത് 120 സെക്കന്റിന്റെ ചാര്‍ജാണ്.

ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബര്‍ ബെയ്സുള്ള മൊബൈല്‍ സേവനദാതാവാണ് ബീയെസ്സെന്നല്‍. ഒന്നാംതരം സര്‍ക്കാര്‍ കമ്പനി. വെറും സേവനം മാത്രം നല്കി കുത്തുപാളയെടുക്കാതെ ലേശം ലാഭം കൂടിയുണ്ടാക്കി ഖജനാവിലേയ്ക്ക് അസാരം ദ്രവ്യം നിക്ഷേപിക്കുവാനുംകൂടിയാണല്ലോ പഴയ ലക്ഷണംകെട്ട ടെലിഫോണ്‍വകുപ്പിനെ പിടിച്ച് ലക്ഷണമൊത്ത കമ്പനിയാക്കിയത്.

ഒരു വിവരസാങ്കേതികവകുപ്പും അതിനു പേരുകേട്ട മന്ത്രിമാരും അവരുടെ സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ട്രായും (TRAI) അതിനൊരു ചെയര്‍മാനും, പോരാ എല്ലാ സ്വപ്നങ്ങളും വ്യാഖ്യാനങ്ങളും യാഥാര്‍ത്ഥ്യമാക്കാനായി ഒരു നവരത്നകമ്പനിയും. ഇവരെല്ലാം കൂടി ഒരോ ഭാരതീയദരിദ്രവാസിയും ഒരു സെക്കന്റിന്റെ വിളിക്ക് 60 സെക്കന്റിന്റെ ദ്രവ്യം അടയ്ക്കണം എന്നുപറയുന്നത് ഏത് നിയമം വച്ചാണ്? എന്ത് ന്യായത്തിന്റെ പുറത്താണ്?

HSBL സര്‍വ്വേ പ്രകാരം കോള്‍ചാര്‍ജ് സെക്കന്റിലാക്കിയാല്‍ റവന്യൂവില്‍ വെറും 15% താത്കാലിക ഇടിവുമാത്രമാണ് സംഭവിക്കുക. ആ താത്ക്കാലിക ഇടിവ് സ്ഥിരമായ വന്‍നേട്ടത്തിലേയ്ക്കാണ് വഴിതെളിക്കുന്നതെന്ന് തിരിച്ചറിയാന്‍മാത്രം വകതിരിവില്ലാത്ത മന്ദബുദ്ധികളുടെ ആവാസമേഖലയാണോ ഈ മൂന്നു സ്ഥാപനങ്ങളും.

മിനിറ്റില്‍ അളക്കുന്നത് മാറ്റി സെക്കന്റിലാക്കിയാല്‍ എന്താണ് സംഭവിക്കുക? മറ്റുള്ള സ്വകാര്യഭീമന്‍മാരുടെ സിംകാര്‍ഡുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാവും. ചുരുങ്ങിയത് സെക്കന്റ് സിമ്മായി സ്വിച്ച്ഡ്ഓഫ് പദവിയില്‍ അന്ത്യവിശ്രമം കൊള്ളും. അവറ്റകള്‍ ഒന്നുകില്‍ കളം മാറി ചവുട്ടട്ടെ അല്ലെങ്കില്‍ കളത്തിനു പുറത്തുപോവട്ടെ. അവരുടെ കള്ളക്കച്ചവടം എന്നെന്നേയ്ക്കുമായി പൂട്ടിപ്പോവുന്നതുകൊണ്ട് ആര്‍ക്കാണ് ചേതം?

വില കുറയ്ക്കുക, കൂടുതല്‍ വില്ക്കുക, കൂടുതല്‍ നേടുക എന്ന വില്പനതന്ത്രം പയറ്റാന്‍ ഒരു സര്‍ക്കാര്‍ കമ്പനി എന്തിന് മടിക്കണം? വിരലിലെണ്ണാവുന്ന സ്വകാര്യമുതലാളിമാരോടോ അതോ രാജ്യത്തെ ജനസംഖ്യയുടെ പകുതിവരുന്ന ഉപഭോക്താക്കളോടോ സര്‍ക്കാരിനും കമ്പനിക്കും കടപ്പാട്?

നമ്മള്‍ ആഗോളവല്ക്കരണപാതയിലാണെന്നും പരിഷ്കൃതരാഷ്ട്രമാണെന്നും വികസിതരാജ്യ പദവിയിലേക്കു പറന്നുയര്‍ന്നുകൊണ്ടിരിക്കുകയാണെന്നുമെല്ലാം ആ പഴയ ഫയല്‍വാനെപ്പോലെ സ്വയം പാടിപുകഴ്ത്തിക്കൊണ്ടിരിക്കുകയാണല്ലോ നമ്മള്‍. നടക്കട്ടെ. അതുകൊണ്ട് ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനായെങ്കിലും ഒരല്പം വിവരം വിവരസാങ്കേതികക്കാര്‍ക്കുണ്ടാവുന്നത് ഒരു അപരാധമായി ആരും കരുതുകയില്ല.


ട്രായിയുടെ സൈറ്റ് തുറക്കുമ്പോള്‍ പ്രത്യക്ഷമാവുക ട്രൂത്ത് എലോണ്‍ ട്രൈംഫ്സ് എന്ന വചനത്തോടൊപ്പം വരുന്ന ഗാന്ധിചിത്രമാണ്. അന്യായമായി നേടുന്നതെന്തും മോഷണത്തിന് തുല്യമാണെന്നു പറഞ്ഞതും ആ മഹാനാണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ജീവിക്കുന്നു എന്നുപറഞ്ഞതും ഗാന്ധിജിതന്നെ.

ഇങ്ങ് വയനാട്ടിലെ കുഗ്രാമത്തിലെ ഒരു ദരിദ്രഹരിജനകര്‍ഷകന്‍ ഈ കൈവിളിയന്ത്രം ഞെക്കി കോയിക്കോട്ടെ വല്യങ്ങാടിയിലെ കുരുമുളകിന്റെ വിലചോദിക്കുന്നു എന്നു കരുതുക. വിളിയാവട്ടെ 5സെക്കന്റുനേരത്തേയ്ക്കുള്ളതും. ഭാരതത്തിന്റെ ആത്മാവിന്റെ പ്രതിപുരുഷനായ ആ ദരിദ്രകര്‍ഷകനില്‍ നിന്നും 55സെക്കന്റുകള്‍ക്ക് അന്യായചാര്‍ജ് ഈടാക്കുന്നവര്‍ ദയവായി മഹാത്മജിയുടെ ചിത്രം അവിടുന്നുമാറ്റി വല്ല മൂത്തൂറ്റുമുതലാളിയുടേയോ മറ്റോ ഒരെണ്ണം ചില്ലിട്ടുവെയ്ക്കേണ്ടതാണ്.

കാലത്തിന്റെ വിളികേള്‍ക്കാന്‍ പാകത്തിലുള്ള കാതും ചുമരെഴുത്തു വായിക്കാന്‍ പറ്റിയ കണ്ണുമുള്ളവരായിരിക്കണം ലീഡര്‍മാര്‍. വെളളാനകളെ മോഴകള്‍ നയിച്ചതാണ് എയറിന്ത്യയില്‍ കണ്ടത്. നിമിഷങ്ങള്‍ക്ക് തീവിലയുള്ള നാട്ടില്‍ നിമിഷാര്‍ദ്ധം കൊണ്ട് തീരുമാനമെടുക്കാന്‍ പറ്റിയവരായിരിക്കണം തലപ്പത്ത്. അതിനുവേണ്ടിയാണല്ലോ ജനം ചെല്ലും ചെലവും കൊടുത്ത്് മാനേജ്മെന്റുഗുരിക്കന്‍മാരെ പോറ്റുന്നത്.

മനുഷ്യന്‍ നാളിതുവരെ ഉത്സാഹിച്ചിട്ടും വടകര സിദ്ധാശ്രമത്തിലൊഴിച്ച് ലോകത്തൊരിടത്തും നടപ്പാക്കാന്‍ പറ്റാത്ത സംഗതിയാണ് സോഷ്യലിസം. എന്നാല്‍ 'മരണം' എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സോഷ്യലിസം നടപ്പാക്കുന്നതില്‍ പ്രകൃതി അന്തിമമായി വിജയിച്ചിട്ടുണ്ട്. പ്രകൃതിദത്തമായ മരണത്തെ മാറ്റിനിര്‍ത്തിയാല്‍ പിന്നെയുള്ള ഒരേക സോഷ്യല്‍ ലവലര്‍ സാംപിട്രോഡയുടെ വാക്കുകളില്‍ വിവരസാങ്കേതിക വിദ്യയാണ്. അതിനെ കളഞ്ഞുകുളിക്കരുത്.

വിപണിമത്സരത്തിന്റെ അനന്തസാദ്ധ്യതവച്ച് രാജ്യത്തിനും ജനതയ്ക്കും ഖജനാവിനും ഒരുപോലെ ഗുണകരമായ നിലപാടെടുക്കാന്‍ വൈകുമ്പോള്‍ പോക്കറ്റടിച്ചുപോവുന്നത് ഭൂരിഭാഗം വരുന്ന ദരിദ്രവാസികളുടേതാണ്. സെക്കന്റിനെ ആര്‍ക്കാണിത്ര പേടി? ഇനി ഉറക്കം നടിക്കുകയാണെങ്കില്‍ എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി ഈ പകല്‍കൊള്ള, അല്ല രാപ്പകല്‍ കൊള്ള നിര്‍ബാധം തുടരാനുള്ള സാഹചര്യം ഒരുക്കുന്നു? വൈകിവന്ന നീതി നീതിനിഷേധമാണെന്നിരിക്കേ, ബെറ്റര്‍ ലെയ്റ്റ് ദാന്‍ നെവര്‍ എന്നുമാത്രം.

2 comments:

NITHYAN said...

മനുഷ്യന്‍ നാളിതുവരെ ഉത്സാഹിച്ചിട്ടും വടകര സിദ്ധാശ്രമത്തിലൊഴിച്ച് ലോകത്തൊരിടത്തും നടപ്പാക്കാന്‍ പറ്റാത്ത സംഗതിയാണ് സോഷ്യലിസം. എന്നാല്‍ 'മരണം' എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സോഷ്യലിസം നടപ്പാക്കുന്നതില്‍ പ്രകൃതി അന്തിമമായി വിജയിച്ചിട്ടുണ്ട്. പ്രകൃതിദത്തമായ മരണത്തെ മാറ്റിനിര്‍ത്തിയാല്‍ പിന്നെയുള്ള ഒരേക സോഷ്യല്‍ ലവലര്‍ സാംപിട്രോഡയുടെ വാക്കുകളില്‍ വിവരസാങ്കേതിക വിദ്യയാണ്. അതിനെ കളഞ്ഞുകുളിക്കരുത്.

പാവപ്പെട്ടവൻ said...

വളരെ കാര്യകാര്യ പ്രസക്തമായ ഒരു ലേഖനം .നമ്മള്‍ ചിന്തിക്കണ്ട സമയങ്ങള്‍ കണ്ണടച്ചു പോകുന്നത് ചൂണ്ടി കാട്ടുന്ന മനോഹരമായ ലേഖനം വളരെ ഇഷപ്പെട്ടു ആശംസകള്‍