മതം മജ്‌നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍ എന്ന ലേഖനത്തിനുനേരെ വന്ന എ.ജെയുടെ പ്രതികരണത്തിനുള്ള മറുപടി.
എ.ജെ: 'നിത്യന്റെ സുഹൃത്തിന് വേണമെങ്കില്‍, ചോദ്യങ്ങള്‍ക്കുത്തരം സ്വയം തേടിപ്പിടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഖുറാന്‍ വചനങ്ങളും നബിചര്യയും എല്ലാവര്‍ക്കും ലഭ്യമാണ്. (ഇസ്ലാം ഒരു പുരോഹിതമതമല്ല.മത പണ്ഡിതന്മാരുടെ ഇടപെടലുകള്‍ കൂടാതെ തന്നെ തികഞ്ഞ മുസ്ലിമായി ജീവിക്കുവാന്‍ പറ്റും.) ഉദ്ദേശിച്ച മറുപടി കിട്ടാത്തതിന് മതപണ്ഡിതനോട് കെറുവിച്ചിട്ടെന്ത് കാര്യം?.'
മറുപടി: എ.ജെയുടെ പ്രതികരണം കണ്ടാല്‍ തോന്നുക ഇസ്ലാമോഫോബിയ കാരണം നിത്യന്‍ ഒരാളെ വാടകയ്‌ക്കെടുത്ത് ചോദ്യം ചോദിപ്പിച്ചു എന്നാണ്. ഇങ്ങിനെയൊരു സംശയം ഉയരാതിരിക്കാനായിരുന്നു ആ ലേഖനത്തില്‍ തന്നെ ആ വെബ്‌സൈറ്റിന്റെ പേരുകൂടെ ചേര്‍ത്തത്. ലേഖനം വായിച്ച എ.ജെയ്ക്കും ഇനിയത് വായിക്കാന്‍ പോകുന്ന ഏവര്‍ക്കും കണ്‍കുളിര്‍ക്കെ കാണാവുന്നവിധത്തില്‍ തന്നെയാണ് ചോദ്യവും മറുപടിയും കൊടുത്തിരിക്കുന്നത്. പണ്ഡിതനാവട്ടേ പാമരനാവട്ടേ അയാളോട് കെറുവിക്കേണ്ട ഒരു കാര്യവും നിത്യനില്ല. നിത്യന്‍ അടിമുടി എതിര്‍ക്കുന്ന ആ അസഹിഷ്ണുതയുടെ ആഴം എ.ജെയുടെ ഈ വരികളില്‍ തന്നെ അളക്കാവുന്നതേയുള്ളൂ.
എ.ജെ: ലവ് ജിഹാദ് എന്ന പദത്തിന്റെ സാംഗത്യത്തെ പറ്റി ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ, രൂക്ഷമായി പ്രതികരിക്കുന്നുണ്ട്, നിത്യന്‍. പഴകിപ്പുളിച്ചു കഴിഞ്ഞ, ആയിരങ്ങളുടെ മതം മാറ്റത്തിന്റെ കണക്കും വിളമ്പുന്നുണ്ട്. നിത്യനും കൂടി പറഞ്ഞാല്‍ പിന്നെ കണക്കില്‍ പിഴവില്ലല്ലോ!
മറുപടി: ആ കണക്ക് പഴകിപ്പുളിച്ചതുകൊണ്ടാണോ കോടതി അങ്ങിനെതന്നെ നിരീക്ഷിച്ചത്. കേരളാ സര്‍ക്കാര്‍ കൊടുക്കാതെ മാനത്തുനിന്നും പൊട്ടി കോടതിയുടെ മുന്നില്‍ വീണതാണോ ആ മതം മാറ്റകണക്കുകള്‍. നിത്യന്‍ എതിര്‍ക്കുന്നത് മതംമാറ്റത്തെയല്ല. പ്രണയത്തെയുമല്ല. മതം മാറ്റം അജണ്ടയാക്കിയുള്ള പ്രണയക്കുരുക്കിനെയാണ്, കോടതി നിരീക്ഷിച്ച ലവ്ജിഹാദിനെ തന്നെയാണ്. ഈ കണക്കുകള്‍ കള്ളക്കണക്കുകളാണെങ്കില്‍ തീര്‍ച്ചയായും ഭരണകൂടവും ജുഡീഷ്യറിയും ഒരു ജനതയോടുതന്നെ മാപ്പുപറയേണ്ടതാണ്. അതിനുപറ്റിയ മാര്‍ഗം സുപ്രീംകോടതിയെ സമീപിക്കലാണുതാനും. ഒരു മതവും മതഭക്തനും ലവ്ജിഹാദും ഒന്നും അനാവശ്യമായി സംശയിക്കപ്പെട്ടുകൂടാ. തീര്‍ച്ചയായും ആ വിഷയത്തില്‍ ഒരു വ്യക്തത വരണം എന്നതുതന്നെയാണ് ഈയുള്ളവന്റെ അഭിപ്രായം. എ.ജെയെപ്പോലുള്ളവര്‍ ശ്വസിക്കുന്ന മതം സംശയത്തിന്റെ കരിനിഴലില്‍ വരുമ്പോള്‍ അതുമാറ്റിയെടുക്കേണ്ട ബാദ്ധ്യത ഏറ്റെടുക്കാതെ പോയ്ക്കളയരുത്.
എ.ജെ: മക്കളുടെ പ്രണയത്തിനോട് നിത്യന് എതിര്‍പ്പില്ല, പക്ഷെ അവര്‍ ഇസ്ലാമാവുന്നത് സഹിക്കില്ല എന്നു പറയാനുള്ള ആര്‍ജവം കാണിച്ചത് അഭിനന്ദനാര്‍ഹം തന്നെ. ഇതു തന്നെയാണ് കാതലായ സംഗതി. സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അനുവദിച്ചാലും, സ്വന്തമായി മതം തിരഞ്ഞെടുക്കുവാന്‍ അവരെ അനുവദിക്കുന്നത് പുരോഗമന വാദികള്‍ക്കും അസ്വീകാര്യമാണ് എന്നര്‍ഥം.ആ മതം ഇസ്ലാമാണെങ്കില്‍ പ്രത്യേകിച്ചും.
മറുപടി: ലേഖനത്തിലെ പ്രസക്തഭാഗം ഒന്നുകൂടി ഇവിടെ എടുത്തിടുന്നു.
'നിത്യപുത്രി സംഘമിത്ര നാളെ ഏതുമതക്കാരനെ വിവാഹം കഴിക്കുന്നൂവെന്നത് മതസഹായവും ദൈവസഹായവും ആവശ്യമില്ലാത്ത നിത്യനെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. അവള്‍ നാളെയൊരു മുസ്ലീം ചെറുപ്പക്കാരനെ പ്രണയിച്ചൂവെന്നിരിക്കട്ടെ. വിവാഹവേദിയില്‍ നിത്യനുണ്ടാവും, ഉയിരോടെയുണ്ടെങ്കില്‍.
ഇനി, സംഘമിത്ര ഇസ്ലാമാവണം എന്നാണ് പ്രണയിച്ചവന്റെ നിലപാടെങ്കില്, ആ ഇരുകാലിയെക്കാളും ഹൃദയവിശാലത മോളേ മുറ്റത്തെ നാല്ക്കാലിക്കുണ്ടല്ലോ എന്നായിരിക്കും നിത്യന്റെ സ്വാഭാവിക പ്രതികരണം. തല്ക്കാലം ഇത്രമാത്രം.' ഇതു വായിച്ച് എ.ജെ. നല്കിയ അര്‍ത്ഥമാണ് അതിനു കിട്ടുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ ആ വിവരം ഒന്നറിയിച്ചാല്‍ കൊള്ളാമായിരുന്നു.
കൂടുതലായി, അവനവന്റെ മതം ലോകത്തേക്കും വച്ച് മെച്ചപ്പെട്ടതാണെന്ന് വിളിച്ചുപറയാനുള്ള അവകാശം സ്വയം ഉണ്ടെന്നുകരുതുന്നവന് ആ മതം ഒന്നിനുംപറ്റാത്തതാണെന്ന് ഒരവിശ്വാസിയോ മറ്റേതെങ്കിലും വിശ്വാസിതന്നെയോ വിളിച്ചുപറയുന്നത് കേള്‍ക്കാനുള്ള ബാദ്ധ്യതകൂടിയുണ്ട്. അതിനാണ് സഹിഷ്ണുത എന്നുപറയുക. അതില്ലാത്തതാണ് പ്രശ്‌നം.
എ.ജെ.: മതങ്ങളെ എതിര്‍ക്കുന്നതിന് മുന്‍പ് അല്പം ഗൌരവമായി മുന്‍ വിധികള്‍ കൂടാതെ, അവയെപ്പറ്റി മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത് ആശാസ്യമാണ്. മാദ്ധ്യമങ്ങളുടെയോ, മത പണ്ഡിതന്മാരുടെയോ വീക്ഷണങ്ങളില്‍ നിന്നല്ല, യഥാര്‍ഥ മത ഗ്രന്ഥങ്ങള്‍ നമ്മോട് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് തേടേണ്ടത്.
മറുപടി: 'മതഗ്രന്ഥത്തിലെ വരികള്‍ നോക്കിയല്ല ആരും മതത്തെ നിരീക്ഷിക്കുക. അതിന്റെ അനുയായികളുടെ പ്രവൃത്തിവെച്ചാണ്. ഇടക്കിടെ പല വിശ്വാസികളും പറയുന്നതുപോലെ എല്ലാ വിമര്‍ശനങ്ങളും ഇസ്ലാമിനെ അറിയാത്തതുകൊണ്ടാണെന്നതില്‍ പരം സൂപ്പര്‍ വിഡ്ഡിത്തം വേറൊന്നുണ്ടാവില്ല. ഒരു മരം എന്താണെന്നുപറയുന്നത് അതിന്റെ ഫലം വച്ചാണ്. മതവും. ഓഷോ പറഞ്ഞതുപോലെ, ദൈവം ഒരു പരിഹാരമല്ല, പ്രശ്‌നമാണ്.'
1 comment:
ഇടക്കിടെ പല വിശ്വാസികളും പറയുന്നതുപോലെ എല്ലാ വിമര്‍ശനങ്ങളും ഇസ്ലാമിനെ അറിയാത്തതുകൊണ്ടാണെന്നതില്‍ പരം സൂപ്പര്‍ വിഡ്ഡിത്തം വേറൊന്നുണ്ടാവില്ല. ഒരു മരം എന്താണെന്നുപറയുന്നത് അതിന്റെ ഫലം വച്ചാണ്. മതവും. ഓഷോ പറഞ്ഞതുപോലെ, ദൈവം ഒരു പരിഹാരമല്ല, പ്രശ്‌നമാണ്.'
Post a Comment