March 03, 2009

ബുക്കിലെ ട്രിക്കുകളും ദരിദ്രന്റെ മാനവും

jessica-banner.jpgകാലം പഴയതല്ല. അപ്പോള്‍ കോലവും പുതിയതാവണം. ഓള്‍ ഇന്ത്യാ റേഡിയോയുടെ ഒരു വാര്‍ത്താ മാനുഫാക്‌ചറിങ്‌ യൂണിറ്റും ഒന്നുരണ്ടു മുത്തശി പത്രങ്ങളും ഏമാന്‍മാര്‍ക്ക്‌ ഭേഷായ വാര്‍ത്തകള്‍ മാത്രം വിറ്റിരുന്ന കാലമല്ലിത്‌. വിവരദോഷികള്‍ക്കും വിവരം വിരല്‍ത്തുമ്പിലെത്തുന്ന ഐടി യുഗമാവുമ്പോള്‍ നമ്മളും മോഡേണാവണ്ടേ സാറന്‍മാരേ? ജനത കൈവരിച്ച ബൗദ്ധികനേട്ടങ്ങള്‍ക്കനുസൃതമായി പ്രഫഷണലുകളുടെ വിജ്ഞാനവും വിവേകവും വികാരവും ധാര്‍മ്മികബോധവും എല്ലാം ഉയരണം.

ജസിക്കാലാല്‍ വധക്കേസ്‌ ജനങ്ങള്‍ മറക്കാറായിട്ടില്ല. ബടാമുതലാളിമാര്‍ക്കുമാത്രം പ്രവേശനമുള്ള പലര്‍ക്കും പ്രിയങ്കരിയായ ബീനാരമണിയുടെ ബാറില്‍ മദ്യമൊഴിച്ചുകൊടുത്ത ഒരു സുന്ദരി. അസമയത്ത്‌ ആടിയുലഞ്ഞെത്തിയ മനുശര്‍മ്മ ഒഴിച്ചുകൊടുക്കാന്‍ പറഞ്ഞപ്പോള്‍ ജസിക്ക വിസമ്മതിച്ചു. ആ മഹാന്‍ തോക്കെടുക്ക്‌ ജസിക്കയെ വെടിവെച്ചുകൊന്ന്‌ പ്രശ്‌നം പരിഹരിച്ചൂ കൂളായി ഇറങ്ങിപ്പോയി. ആ കേസ്‌ ഒരു വഴിക്കെത്തിയതുതന്നെ വമ്പിച്ച പ്രക്ഷോഭവും മാധ്യമ ഇടപെടലുകളും കൊണ്ടാണ്‌.

"I am not accepting any new court matters but welcome for anything else" എന്ന്‌ രണ്ടുവര്‍ഷമായി വീട്ടിന്റെ ഗെയ്‌റ്റില്‍ ബോര്‍ഡുതൂക്കിയ അഡ്വക്കേറ്റ്‌ റാംജേട്‌മലാനി കോട്ടു വീണ്ടും പൊടിമുട്ടി. സൂര്യന്‍ കിഴക്കുദിക്കുന്നു എന്നപോലെ മനുശര്‍മ എന്ന തെമ്മാടി ജസിക്ക എന്ന സുന്ദരിയെ വെടിവെച്ചുകൊന്നു എന്നു ഒരു രാജ്യം വിശ്വസിക്കുന്നു. എന്നിട്ടും ആ പരിഷയ്‌ക്കുവേണ്ടി കേസുപറയാന്‍ പോയി.

നാം കേരളത്തിലേക്കെത്തുക. ഇവിടെ, കൂടെ പഠിക്കുന്ന ഒരു സാധു പെണ്‍കുട്ടിയെ കുറെ പണച്ചാക്കുകള്‍ക്കു പിറന്ന പിശാചുക്കള്‍ ലാബിലിട്ട്‌ മയക്കുമരുന്നുകൊടുത്തു കൂട്ടബലാല്‍സംഗം നടത്തി, വിവരം പുറത്തുപറഞ്ഞാല്‍ പിശകാണെന്നും നാളെകൃത്യമായി വീണ്ടും വന്നുകൊള്ളണമെന്നും ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു.

തകര്‍ന്ന ശരീരവും തളര്‍ന്ന മനസ്സുമായി അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട്‌ തന്റെ കൂരയിലേക്ക്‌ തിരിച്ചുപോയി. കൂലിപ്പണിക്ക്‌ പോയി തന്നെ പഠിപ്പിക്കാന്‍ കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ ഈ വിവരമറിഞ്ഞാല്‍ ആത്മഹത്യചെയ്യുമെന്ന ഭയന്ന കുട്ടി തനിക്ക്‌ സുഖമില്ലെന്ന്‌ മാത്രം പറഞ്ഞ്‌ വീണ്ടും കുറച്ചുദിവസങ്ങള്‍ക്ക്‌ ശേഷം തിരിച്ച്‌ കോളേജിലെത്തി. അന്നുതന്നെ ആ പരിഷകള്‍ ക്ലാസില്‍ കയറി അടുത്ത കലാപരിപാടികള്‍ക്കായി കുട്ടിയെ വിളിപ്പിച്ചപ്പോള്‍ തല്‌ക്ഷണം കുട്ടി ക്ലാസില്‍ ബോധമറ്റു വീണു.

കാര്യം പുറത്തറിയിക്കാതിരിക്കാന്‍ പ്രിന്‍സിപ്പാള്‍ മങ്കയും കുട്ടിയെ അഡ്‌മിറ്റുചെയ്‌ത ആശുപത്രി അധികൃതരും അവരാലാവും വിധം ചമച്ച 'സര്‍ട്ടിഫിക്കറ്റുകളുമായി കൂടെപഠിക്കുന്ന പെണ്ണിനെ കൂട്ടബലാല്‍സംഗം ചെയ്‌ത പരിഷകള്‍ക്ക്‌ സംരക്ഷണഭിത്തി തീര്‍ത്തു. ലൈംഗീകബന്ധം നടന്നതിന്‌ തെളിവില്ല. കന്യാചര്‍മ്മത്തിന്‌ 'ഭാഗികമായി' കേടുപറ്റിയിട്ടുണ്ട്‌. കുട്ടി മാനസീകരോഗിയാണ്‌ ആദിയായ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതിന്‌ പ്രൊഫഷനല്‍ എത്തിക്‌സ്‌ അപ്പോത്തിക്കിരികള്‍ക്ക്‌ മാര്‍ഗതടസ്സം സൃഷ്ടിച്ചില്ല.

നീതു, ബിന്‍സിയ, ആല്‍ഫ, ആണും പെണ്ണും കെട്ട കുറെയെണ്ണം ആ കുട്ടിക്കെതിരെ പത്രസമ്മേളനം നടത്താന്‍ പുറപ്പെട്ടു. ഒടുക്കം സമ്മേളനസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു എന്നുപറയുന്നതാവും ശരി.

ഒടുക്കം കേരളാപോലീസിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ അന്വേഷണത്തിന്റെയും നിലപാടുകളുടേയും ഫലമായി ബലാല്‍സംഗം ചെയ്‌തവരും അതിനുകാവല്‍ നിന്നവരും സര്‍ട്ടിഫിക്കറ്റുകള്‍ ചമച്ച പ്രൊഫഷണല്‍ പരിഷകളും ഒന്നടങ്കം അറസ്റ്റിലായി. സഖാവ്‌ വി.എന്‍.വാസവന്‍, എസ്‌.പി. ശ്രീജിത്ത്, സി.ഐ വിനോദ്‌കുമാര്‍, മറ്റ്‌ സേനാംഗങ്ങള്‍, പബ്ലിക്‌ പ്രൊസിക്യൂട്ടര്‍ മോഹന്‍രാജ്‌ എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു. സഖാവ്‌ വാസവന്റെ സമയോചിതമായ ഇടപെടല്‍ ഇല്ലാതിരുന്നെങ്കില്‍ ഒരുപക്ഷേ കുട്ടി കാല്‍തെന്നിവീണോ, കൂവ്വത്തില്‍ പതിച്ചോ, ഉത്തരത്തില്‍ ചോദ്യചിഹ്നമായി തൂങ്ങിയോ ഒക്കെ ഒടുങ്ങുമായിരുന്നു. അതിലേറെ ചെയ്യാന്‍ കെല്‌പുള്ള പണച്ചാക്കുകളായിരുന്നു പ്രതികള്‍.

കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആ കുടുംബത്തിന്‌ കേസ്‌ നടത്തുന്നതിനെപറ്റി ആലോചിക്കേണ്ടിവരില്ലെന്ന ഉത്തമവിശ്വാസമായിരുന്നു എല്ലാ പരിഷകളേയും നയിച്ചിരുന്നത്‌. സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ അവറ്റകളുടെ ധാരണകളെ തകിടം മറിച്ചപ്പോള്‍ പിന്നെ സംഭവിച്ചത്‌ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മറ്റൊന്നായിരുന്നു.

ഇന്ത്യയോടോ ഇന്ത്യക്കാരനോടോ യാതോരു കൂറും ജന്മനാ ഇല്ലാതിരുന്നവനാണ്‌ കസബ്‌. ആ കസബിനുവേണ്ടി കേസ്‌ വാദിക്കാന്‍ ഒരൊറ്റ വക്കീലും തയ്യാറാവാതിരുന്ന രാജ്യത്ത്‌ ഒരു മുന്‍ അഡ്വക്കറ്റ്‌ ജനറലും ടീമും തന്നെ ഈ പരിഷകള്‍ക്കുവേണ്ടി കേസ്‌ പറയാനെത്തി.

ധാര്‍മ്മികത, മൂല്യബോധം, ദീനാനുകമ്പ സാധാരണ മനുഷ്യര്‍ക്കുണ്ടാവേണ്ട ഗുണങ്ങള്‍ വക്കീലന്‍മാര്‍ക്ക്‌ ഉണ്ടാവരുതെന്ന്‌ കോഡ്‌ ഓഫ്‌ കോണ്‍ഡക്ടിലുണ്ടാവാനിടയില്ല.

നാണയത്തുട്ടിന്‍ കിലുക്കത്തിലേതൊരു
ദീനരോദനവും ഗണ്യമല്ലേതുമേ
എന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങള്‍ വഴുതിപ്പോയി.

മനുഷ്യവര്‍ഗത്തിന്റെ സാമൂഹികബോധം കുതിച്ചുയരുമ്പോള്‍ വക്കീലിന്റേത്‌ പാതാളപ്രവേശം നടത്തുകയല്ല വേണ്ടത്‌. കാലഘട്ടം ആവശ്യപ്പെടുന്നത്‌ അത്‌ വാനോളം ഉയരുവാനാണ്‌. ഒരു ദ്രവിച്ച ടൈപ്പ്‌റൈറ്ററും നടുവൊടിഞ്ഞ ഗുമസ്‌തനും വിവരദോഷിയായ ജനവും വായില്‍ വന്നത്‌ വിധിയായിവരുന്ന ജഡ്‌ജിമാരും ഒക്കെ ഉണ്ടായിരുന്നു. അത്‌ അന്ത കാലം. പെരിയ നമ്പ്യാര്‍ വക്കീലും ഒരു ചിന്ന കത്തിയും ഉണ്ടെങ്കില്‍ ആരെയും കുത്തിക്കൊല്ലാം എന്ന പഴയനീതിവാക്യം കാലാനുസൃതമായെങ്കിലും ഒന്നു മാറണ്ടേ.

2007ലെ ട്രാന്‍സ്‌പാരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടുപ്രകാരം ഇന്ത്യയില്‍ ജുഡീഷ്യറിക്ക്‌ അഴിമതിയില്‍ മൂന്നാംസ്ഥാനമാണ്‌. 77% അഴിമതിയും വക്കീലന്‍മാര്‍ വഴിയാണ്‌ എന്നത്‌ ശ്രദ്ധേയം. (പ്രൊഫ. എന്‍.ആര്‍.മാധവമേനോന്‍, ദി.ഹിന്ദു വില്‍ എഴുതിയ റിഫോമിങ്‌ ദി ലീഗല്‍ പ്രൊഫഷന്‍: സം ഐഡിയാസ്‌ എന്ന ലേഖനം).

എന്താണ്‌ എസ്‌.എം.ഇയില്‍ സംഭവിച്ചതെന്ന്‌ കേരളക്കരയിലെ കൊച്ചുകുട്ടികല്‍ക്കുപോലും തിരച്ചറിയാവുന്ന രീതിയിലാണ്‌ (ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ)

3 comments:

NITHYAN said...

നീതിയുടെ രഥത്തിന്റെ രണ്ടുചക്രങ്ങളാണ്‌ ബാറും ബഞ്ചും എന്നാണ്‌ ചൊല്ല്‌. ബാറും ബഞ്ചും എന്ന്‌ പ്രത്യേകം എടുത്തുപറഞ്ഞതുകൊണ്ട്‌ ബാറിലെ ബഞ്ചല്ല എന്നു വ്യക്തം.

Siju | സിജു said...

ജനം വിധിയെഴുതിക്കഴിഞ്ഞ പ്രതികള്‍ക്കു വേണ്ടി വാദിക്കുന്ന വക്കീലന്മാര്‍ കുറ്റക്കാരാണെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. പ്രതികള്‍ക്ക് തങ്ങളുടെ വാദം അവതരിപ്പിക്കുന്നതിനായി നീതികൂടം അവര്‍ക്ക് നല്‍കുന്ന അവകാശമാണ്‌ അത്. അത്തരം ഒരവസരമില്ലാത്തിടത്ത് നിരപരാധികളായ പ്രതികളാണ്‌ ശിക്ഷിക്കപ്പെടുന്നത്. പ്രതികളെ രക്ഷിക്കാന്‍ വേണ്ടി വക്കീല്‍ വളഞ്ഞതും തെറ്റായതുമായ വഴികള്‍ തേടുമ്പോള്‍ മാത്രമേ വക്കീല്‍ കുറ്റക്കാരനാകുന്നൊള്ളൂ.

NITHYAN said...

സിജൂ, അതുതന്നെയാണ്‌ പ്രശ്‌നം. പിന്നെ എന്തിനുവേണ്ടിയായിരുന്നു ആ പെണ്‍കുട്ടിയെ നുണപരിശോധന നടത്തിക്കണം എന്നാവശ്യപ്പെട്ടതും വിധി നേടിയതും പിന്നീട്‌ സുപ്രീം കോടതി അത്‌ പാടില്ലെന്ന്‌ പറഞ്ഞതും. ഏതു സര്‍ട്ടിഫിക്കറ്റും ഉല്‌പാദിപ്പിക്കാമെന്ന്‌ ഇതിനകം പ്രതിഭാഗം തെളിയിച്ചതാണല്ലോ. ഞാന്‍ പ്രതിഭാഗത്ത്‌ നിര്‍ത്തിയത്‌ പ്രൊഫഷണല്‍ എത്തിക്‌സിനോടുള്ള പ്രഫഷണലുകളുടെ വെല്ലുവിളിയെയാണ്‌. അതുകൊണ്ടുതന്നെയാണ്‌ കരണ്‍ ഥാപ്പറിന്റെ ജട്‌മലാനിയോടുള്ള ചോദ്യങ്ങളെയും ഉത്തരങ്ങളെയും സമൃദ്ധമായി എടുത്തു ക്വോട്ടിയതും.