February 19, 2007

വ്യാപാരമേ ഹനനമാം......

മനുഷ്യന്റെ തലയുടെ വില കുത്തനെ ഇടിയുന്നുണ്ടെങ്കിലും സസ്യലതാദികളുടെ വില തിരിഞ്ഞുനോക്കാതെ മേലോട്ടു പോകുന്നതാണ്‌ ഒരാശ്വാസം. മനുഷ്യനില്ലെങ്കിലും വില പച്ചക്കറിക്കുണ്ടല്ലോ?

കേരളത്തിലെ ആളുകളുടെ തലക്ക്‌്‌ താങ്ങുവില നിശ്ചയിക്കണമെന്ന ഒരഭിപ്രായം പൊതുവിലുണ്ട്‌. കേരളത്തിലെ തേങ്ങയെ എണ്ണക്കുരുവാക്കണമെന്നും ചക്കയെ ദേശീയഫലമാക്കണമെന്നും അതിനെല്ലാം തറവില നിശ്ചയിക്കണമെന്നുമാണ്‌.
അങ്ങുനിന്നുമിങ്ങോട്ടുവരുന്നതിനൊന്നും ഇത്‌‌ ബാധകവുമാവരുത്‌ എന്നതാണ്‌ നമ്മുടെ ആശയും അഭിലാഷവും. ഇതെല്ലാം തല്‌ക്കാലം മാറ്റിവെക്കുക.

എലിബാണം മേലോട്ടുപോവുകയല്ലാതെ താഴോട്ടുവരുന്ന ഒരു പ്രതിഭാസമില്ല. സാധനവിലയും അങ്ങിനെയാണ്‌. പച്ചക്കറിവില കൂടിയാല്‍ ഹോട്ടലുകാര്‍ വിലകയറ്റും. ഒരു തക്കാളിക്ക്‌ രണ്ടുരളുക്കിഴങ്ങും നാലുള്ളിയും ഫ്രീയായി കൊടുത്താലും സമൂസക്ക്‌ നാലണ കുറയുന്ന ഒരു സമ്പ്രദായം തല്‌ക്കാലം പ്രചാരത്തിലില്ല.

കേരളത്തില്‍ ഇപ്പോഴും ഈ പച്ചക്കറിയാകെ ഉണ്ടാക്കി എത്തിക്കുന്ന തമിഴന്‌ രണ്ടുകോണകം ഒന്നായി വാങ്ങുവാനുള്ള ഗതി അന്നുമില്ല ഇന്നുമില്ല.
ഒരുകിലോ തക്കാളിക്ക്‌ കേരളത്തിലെ ആര്യഗോത്രക്കാര്‍ മുപ്പതു സ്വര്‍ണനാണയങ്ങള്‍ നല്‌കിയാലും തമിഴകത്തെ നട്ടുനനച്ച ദ്രാവിഡന്‌ തടയുക 30 വെള്ളിക്കാശായിരിക്കും. മുല്ലപ്പെരിയാറിലെ വെള്ളം കട്ടു എന്നൊരു ദുഷ്‌പേര്‌ ഫ്രീയും.

അപ്പോള്‍ ഈ വില ആരാണ്‌ വര്‍ദ്ദിപ്പിച്ചത്‌? അല്ലെങ്കില്‍ ആരായിരിക്കണം ?
തീര്‍ച്ചയായും വ്യാപാരികളാണെന്ന്‌ ഈയുള്ളവന്‍ പറയുന്നില്ല. അവര്‍ സത്യസന്ധന്‍മാരാണ്‌. ഹരിശ്ചന്ദ്രന്റെ നേരവകാശികള്‍. ഒരോ അഞ്ചുകൊല്ലത്തേക്കും കേരളഭരണം പാട്ടത്തിനെടുക്കുന്ന എല്‍.യൂ.ഡി.എഫുകാര്‍ക്കൊക്കെ നന്നായി അറിവുള്ള സംഗതിയുമാണ്‌.

പൂര്‍വ്വാശ്രമത്തിലെ കാട്ടുകള്ളന്‍മാര്‍ വരെ കേരളത്തിന്റെ മണ്ണില്‍ കാലുകുത്തിയാല്‍ മതി. ഈ പവിത്രമായ മണ്ണ്‌ അവരെ ഹരിശ്ചന്ദ്രന്‍മാരാക്കി മാറ്റും. കേരളം അങ്ങിനെയാണ്‌.

പണ്ട്‌ കടല്‍ക്കൊള്ളക്കാരനായ ഗാമ മുതല്‍ ഇപ്പോള്‍ കാലുമാത്രമല്ല തലയും കുത്തിനില്‍ക്കുന്ന എ.ഡി.ബിക്കാര്‍ വരെ ഉദാഹരണമായുണ്ട്‌. കൊള്ളക്കാരന്‌ ആരെങ്കിലും സ്‌മാരകം പണിയുമോ? ഇല്ല. മഹാനായ ഗാമക്കിവിടെ സ്‌മാരകമില്ലേ? കോഴിക്കോട്ട്‌ ഇന്നത്തെ മഹാന്‍മാരും നാളെ മഹാന്‍മാരാകേണ്ടവരും ഇരുന്ന്‌ രാജ്യത്തെ നേരായ പാതയിലേക്ക്‌ പലപ്പോഴും നയിക്കുന്നത്‌ ടാജിലെ വാസ്‌കോഡഗാമാ ഹാളിലിരുന്നിട്ടാണ്‌.

ആ ഗാമ കച്ചവടക്കാരനായിരുന്നില്ലേ. പഴയ സാമൂതിരിയുടെ സാമ്രാജ്യം കുളംതോണ്ടിയതിനുള്ള ബഹുമതിയല്ലേ കിട്ടിയത്‌. കുഞ്ഞാലിമരയ്‌ക്കാറുടെ കുടില്‌ സംരക്ഷിക്കാനാളില്ലാതെ പോയതുപോലെയാണോ? കേരളം അങ്ങിനെയാണ്‌.
ഇപ്പോള്‍ എ.ഡ.ബിക്കാര്‍. കംപ്ലീറ്റ്‌ വ്യവസ്ഥകളുടെ എന്‍.എച്ച്‌. 47 ന്റെ നീളം വരുന്ന ചാര്‍ട്ടാണ്‌ ഡി.വൈ.എഫ്‌ ഐ യുടെ പേരുകേട്ടപ്പോള്‍ തന്നെ കത്തിച്ച്‌ ഭസ്‌്‌മം ഭാരതപ്പുഴയിലൊഴുക്കിയത്‌. കേരളം അങ്ങിനെയാണ്‌.

അതുകൊണ്ടുതന്നെ ഈ ഹരിശ്ചന്ദ്രന്‍മാരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന വേതാളങ്ങളാവരുത്‌ ഉദ്യോഗസ്ഥന്‍മാര്‍ എന്ന സമീപനം എത്രയും ശ്ലാഘനീയം.
എല്ലാ പട്ടിയും പേപ്പട്ടിയല്ല. എന്നാല്‍ എല്ലാ പേപ്പട്ടിയും പട്ടിയാണ്‌ താനും. അതുകൊണ്ട്‌ യഥാര്‍ത്ഥ വിവരം കിട്ടിയാല്‍ ചില്ലറ പ്രഹസനം (അംഗ്രേസിയില്‍ ഇതിന്‌ റെയ്‌്‌ഡ്‌ എന്നുപറയും) ആവാമെന്നും സങ്കീര്‍ത്തനങ്ങളില്‍ പറയുന്നുണ്ട്‌.

`യഥാര്‍ത്ഥ വിവരം` കിട്ടുകയാണ്‌ പിന്നത്തെ പ്രശ്‌നം. അബന്ധത്തില്‍ റെയ്‌്‌ഡ്‌ നടത്തി പണ്ട്‌ മത്തായി പള്ളീലച്ചനോട്‌ പറഞ്ഞതുപോലെ വല്ലതും സംഭവിച്ചാല്‍ ആരായിരിക്കും ഉത്തരവാദികള്‍.

അച്ചന്‍ മത്തായിയോടു ചോദിച്ചു. `മത്തായീ നീ മദ്യപിച്ചിട്ടുണ്ടോ?`മത്തായി: `കര്‍ത്താവേ വെള്ളം നീ വീണ്ടും വീഞ്ഞാക്കിയോ? അദ്‌ഭുതം കര്‍ത്താവ്‌ വീണ്ടും പ്രവര്‍ത്തിച്ചൂന്നാച്ചോ തോന്ന്‌ണേ`
വെള്ളം വീഞ്ഞാക്കുവാനേ കര്‍ത്താവിനെക്കൊണ്ടുപറ്റിയിട്ടുള്ളൂ. വീഞ്ഞുമൊത്തം വെള്ളമാക്കിമാറ്റി കര്‍ത്താവിനെ സൈഡാക്കിയതിന്റെ പേറ്റന്റ്‌ വ്യാപാരികള്‍ക്കാണ്‌.
വ്യാപാരികള്‍ പാവപ്പെട്ടവരാണെന്നുള്ളതിന്‌ ഒരുപാട്‌ തെളിവുകളുണ്ട്‌.

ഉടുതുണിക്ക്‌ മറുതുണിയുള്ളവനാണെങ്കില്‍ ഹരിശ്ച്‌ന്ദ്രന്‍ നികുതി അടക്കാതിരിക്കുമോ? കണക്കുപ്രകാരം അടക്കാനുള്ള ആനയുടെ വാലുമാത്രം പിരിച്ചാല്‍ മതി ആയിരം കോടിക്കൊരു മുടക്കവുമില്ല.

വ്യാപാരികള്‍ സത്യസന്ധന്‍മാരായതുകൊണ്ട്‌ തീര്‍ച്ചയായും ഈ കണക്കുപുസ്‌തകം കൈയ്യിലുള്ളവരായിരിക്കണം കള്ളന്‍മാര്‍ അല്ലെങ്കില്‍ ചുരുങ്ങിയത്‌്‌ അവര്‍ക്കു കഞ്ഞിവെക്കുന്നവര്‍.

പാമ്പാട്ടിയും പാമ്പൂം പോലെയാണ്‌ ഭരണവും വ്യാപാരവും. അസോസിയേഷന്‍ എന്ന മകുടിയിലൂടെ വ്യാപാരികള്‍ തലയാട്ടി ഊതും. ഊമയും ബധിരനും സര്‍വ്വോപരി വായതുന്നിക്കെട്ടിയതുമായി നാഗരാജന്‍ ആടിത്തിമര്‍ക്കും. പിന്നെ പുറം ലോകം കാണാത്ത കൂട്ടയ്‌്‌ക്കകത്ത്‌ കയറിക്കിടന്നുകൊള്ളും.

സ്വര്‍ണക്കടക്കാരാണ്‌ ഏറ്റവും സത്യസന്ധര്‍. ഒരു ദിവസത്തെ ഒരൂ കടയിലെ ശരാശരി വില്‌പന ഒരു പവനാണ്‌. ഈ ഒരു പവന്‍ വിറ്റിട്ടുവേണം ജനകോടികളുടെ വിശ്വെശ്‌ത്ഥ ശ്‌ഥാപനക്കാര്‍ക്കും മറ്റും കഞ്ഞികുടിക്കാന്‍. ടെന്നീസ്‌ സുന്ദരിക്കും സിനിമാസുന്ദരന്‍മാര്‍ക്കും നാണം മറക്കുവാനും.

കൃഷിഭൂമി കുറഞ്ഞുവരുന്നു. ഉല്‌പാദനവും കുറഞ്ഞുവരുന്നു. രേഖകളിലെ കൃഷിക്കാരുടെ എണ്ണത്തിനുമാത്രം വലിയ കുറവൊന്നുമില്ല.
എല്ലാവരും കൂടി സഹകരിച്ചാണ്‌ കേരളത്തില്‍ എപ്പോഴും നിയമത്തെ അതിന്റെ വഴിക്ക്‌ നടത്തുവാന്‍ സഹായിക്കുക. പതറിവീഴാതെ കുത്തിനടക്കുവാന്‍ വടി, തലചായ്‌ക്കുവാന്‍ കല്ല്‌ തുടങ്ങിയ സാമഗ്രികള്‍ എടുത്തുകൊടുക്കേണ്ട ചുമതല യുവജനവിഭാഗങ്ങളുടേതാണ്‌. എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം കൊണ്ട്‌ കൃഷി തിരിഞ്ഞുനോക്കാതെ നടന്നു. പാടം നികന്നു മണിസൗധങ്ങളായി. പാര്‍ട്ടി ആഫീസുകളായി. പെട്രോള്‍ പമ്പുകളായി.

ചുരുക്കിപ്പറഞ്ഞാല്‍ കൊടികെട്ടാനുള്ള വടി കായ്‌ക്കുന്ന മരങ്ങള്‍ മാത്രം നാട്ടില്‍ കൃഷിചെയ്‌താല്‍ മതി. പപ്പായ മരത്തോടും വിരോധമില്ല. അത്യാവശ്യം പന്തം കൊളുത്തി പ്രകടനം നടത്താന്‍ ഉപകരിക്കും. അതിന്റെ കൈയില്‍ എണ്ണയൊഴിച്ച്‌ അറ്റത്ത്‌ ചേരിനിറച്ചടച്ച്‌ ഇരുട്ടത്ത്‌‌ തീക്കൊടുത്താല്‍ ചുരുങ്ങിയത്‌ അപ്രദേശത്തെ ആളുകള്‍ ബോധവല്‌ക്കരിക്കപ്പെടുന്നതാണ്‌. അതായത്‌ ശരിയായ ബോധിവൃക്ഷം. അതുകൊണ്ട്‌ ഇത്‌ രണ്ടും മാത്രം മതി. ബാക്കിയെല്ലാം തമിഴകത്തെ കോണകവാലകള്‍ ഇങ്ങോട്ടയച്ചുകൊള്ളും.

ഇപ്പോഴും ഇവിടെ കാര്‍ഷികസര്‍വ്വകലാശാല എന്നൊന്നുണ്ട്‌. വെറും കാര്‍ഷികം മാത്രം പഠിപ്പിക്കുകയാണെങ്കില്‍ പിന്നെന്തിന്‌ സര്‍വ്വകലാശാല എന്നുപറയണം. അതുകൊണ്ട്‌ പുതിയ സിലബസ്സില്‍ ‘ക്രമക്കേടു’ കൂടി ഉള്‍പ്പെടുത്തി സംഗതി വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. കാര്‍ഷികത്തിനുപകരം നാളെ ക്രമക്കേടുകലാശാല എന്നറിയപ്പെട്ടാലും അദ്‌ഭുതപ്പെടുവാനൊന്നുമില്ല. കൊള്ളിവെപ്പും കൃഷിയാണല്ലോ. കാര്‍ഷികകേരളം മുന്നോട്ടുതന്നെ നടക്കട്ടെ. കല്ലും വടിയുമായി നേരെനടത്താന്‍ നമ്മള്‍ പിന്നിലും.

വ്യാപാരമേ ഹനനമാം വനവേടനുണ്ടോകഴുകനെന്നും ബത കപോതമെന്നും. (ആശാന്‍)

3 comments:

jaljith said...

Hello,

Vyaparame hananamam vayichu... sarikkum chinthikkanullla vaka...nalla language... are u a jornalist or something?

കുറുമാന്‍ said...

നിത്യന്‍ കോഴിക്കോട്. പുഴയിലും, മറ്റു മാഗസിനുകളിലും സമകാലിക പ്രാധാന്യമുള്ള കാര്യങ്ങളെ , നര്‍മ്മത്തില്‍ ചാലിച്ച ലേഖനങ്ങളായി എഴുതുന്ന താങ്കളെ ബ്ലോഗിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. താങ്കളുടെ വേര്‍ഡ് പ്രെസ്സിലെ ഒരു വായനക്കാരനായിരുന്നു ഞാന്‍

ബൂലോകരെ, ഇദ്ദേഹം ഒരു ചീറ്റപുലിയാണ്.

ദില്‍ബാസുരന്‍ said...

കൊള്ളിവെപ്പും കൃഷിയാണല്ലോ

നിത്യന്‍ മാഷേ..മൂര്‍ച്ചയുള്ള എഴുത്ത്. ഞാന്‍ സ്ഥിരം വായനക്കാരനായി ഇനി മുതല്‍. :-)

സ്വാഗതം!