February 23, 2007

എ.ഡി.ബിക്കും കടലിനുമിടയില്‍

വിപ്ലവത്തിന്റെ മാതാവ്‌ ദാരിദ്ര്യവും പിതാവ്‌ അസംതൃപ്‌തിയുമാണ്‌. കേരളത്തില്‍ വിപ്ലവം നടക്കാത്തതിന്റെ കാരണം ദാരിദ്ര്യം ലേശം കുറഞ്ഞുപോയതാണ്‌. അപ്പോള്‍ ആദിവാസികളെന്താ വിപ്ലവം നടത്താത്തതെന്ന്‌ ഒരു ചോദ്യമുണ്ട്‌. ഒരു മൂലവെട്ടിയില്‍ തീരുന്നതാണ്‌ അവരുടെ ദാരിദ്ര്യം ഒരു തുണ്ട്‌ പുകയിലയില്‍ തീരുന്നതാണ്‌ അവരുടെ അസംതൃപ്‌തി എന്നൊരു കണ്ടുപിടുത്തം നമ്മള്‍ നടത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ വിപ്ലവത്തിന്റെ ആവശ്യം ഉടലെടുക്കുന്നില്ല.

നിസ്സാരപലിശക്കുള്ള ഒരു ലോണെടുത്താല്‍ തന്നെ ദാരിദ്ര്യരേഖ ചുരുങ്ങിയത്‌ നാലാളുയരത്തില്‍ പൊങ്ങുമെന്ന്‌ എ.ഡി.ബി. ഇതിനകം തെളിയിച്ചിട്ടുണ്ട്‌. വ്യാവസായികമേഖലയും കാര്‍ഷികമേഖലയും ആടു കടിച്ച പ്ലാവിന്‍തൈ പോലെ പിന്നെ തളിരെടുക്കുകയില്ല. അതുകൊണ്ട്‌ ഐസക്കാദികള്‍ വിപ്ലവത്തിന്റെ സുഖപ്രസവത്തിനുള്ള എ.ഡി.ബി. മാര്‍ഗത്തില്‍ ചരിക്കുമ്പോള്‍ അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള വരട്ടുതത്വവാദികള്‍ അഭിവാദ്യമര്‍പ്പിച്ച്‌ നാല്‌ മുദ്രാവാക്യം വിളിക്കുകയാണ്‌ വേണ്ടത്‌. അല്ലെങ്കില്‍ വാരിക്കുന്തം തുരുമ്പെടുത്തുപോകുകയേയുള്ളൂ. ആയൊരു പ്രതീക്ഷയുടെ പുറത്തല്ലേ സഖാവേ നമ്മുടെ ജീവിതം.

വില്‌പന നികുതി കുടിശ്ശിക 17% പിരിച്ചാല്‍ എ.ഡി.ബി ലോണിനു തുല്യമായ സംഖ്യകിട്ടും എന്നൊക്കെ പലരും പറയും. അപ്പോള്‍ ബാക്കി 83ശതമാനം കൂടി പിരിച്ചാല്‍ എ.ഡി.ബിക്കുതന്നെ വിലപറയാവുന്നതേയുള്ളൂ.

80 ശതമാനം സ്വര്‍ണവ്യാപാരികളും സര്‍ക്കാരിന്‌ നല്‌കിയ കണക്കുപ്രകാരം പ്രതിദിന വില്‌പന ഏതാണ്ടൊരു പവനാണെന്നാണ്‌ അതേപ്പറ്റി പഠിച്ച പ്രമുഖ അക്കാഡമീഷ്യനായ രഘുരാമന്‍ വെളിപ്പെടുത്തിയത്‌ (മലയാളം വാരിക, ഫെബ്രുവരി 26, 2006). ഒരന്വേഷണം നടത്തി ബുദ്ധിമുട്ടിച്ച്‌ ആ പാവങ്ങളെ നാളെ സ്വര്‍ണക്കയറെടുക്കാന്‍ പ്രേരിപ്പിച്ചു എന്നൊരു പരാതിയില്ലാത്തതുതന്നെയാണ്‌ നല്ലത്‌.

ജനം ഇങ്ങിനെ പലതും പറയും. ഭൂരിപക്ഷാഭിപ്രായം ഒരിക്കലും മുഖവിലക്കെടുക്കരുതെന്നാണ്‌. അല്ലെങ്കിലും നമുക്ക്‌ പണ്ടേ ജനാധിപത്യം ഒരു നിശാസുന്ദരിയാണ്‌. വേളിക്ക്‌ വകുപ്പില്ല. നല്ല തറവാട്ടില്‍ പിറന്ന സര്‍വ്വാധിപത്യമുള്ളപ്പോള്‍ പ്രകടനം നടത്തി കെട്ടിക്കാമെന്ന്‌ ആരും കരുതുകയും വേണ്ട.

ആഗോളവല്‍ക്കരണം ഇന്നത്തെ ലോകബേങ്ക്‌ എ.ഡി.ബി രൂപം കൈക്കൊള്ളുന്നതിനും മൂന്‍പ്‌ മറ്റൊരു ആഗോളവല്‍ക്കരണം നടന്നിരുന്നു. സിദ്ധാന്തങ്ങളുടെ ആഗോളവല്‍ക്കരണം. കമ്മ്യൂണിസം തന്നെയാണ്‌ അതിന്‌ ഏറ്റവും നല്ല ഉദാഹരണം.

എഷ്യയിലെത്തിയ ജനാധിപത്യവും സെക്യുലാറിസവും കമ്മ്യൂണിസവും കമ്മ്യൂണലിസവുമെല്ലാം പൂല്ലുതിന്നുന്നവന്റേതായിരുന്നോ അതോ ശവംതീനികളുടേതോ? സായിപ്പിനോടു ചോദിച്ചുനോക്കുക. 'പാമ്പാട്ടികളുടെയും മന്ത്രവാദികളുടെയൂം തോട്ടികളുടെയൂം നാട്‌' പരിഷ്‌കരിക്കപ്പെട്ടത്‌ സായിപ്പിന്റെ കുഞ്ഞിക്കാലെടുത്തവച്ച ശേഷമാണല്ലോ.

ഭുലോകത്തിലെ സൂപ്പര്‍ മൈനോറിറ്റി വിഭാഗമായ ജൂതസമുദായത്തില്‍ നിന്നും വന്ന മാര്‍ക്‌സിന്റെ ചിന്താധാരകള്‍ ലോകം മുഴുവന്‍ ആഫ്രിക്കന്‍ പായലുപോലെ പടര്‍ന്നത്‌ ഒരു സിദ്ധാന്തത്തിന്റെ ആഗോളവല്‍ക്കരണമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്‌?

ഒരു സിദ്ധാന്തത്തിന്‌ ആഗോളവിപണിയുണ്ടാക്കി സിസെസ്‌ക്യൂമാര്‍ കെട്ടിയോളുടെ ചെരുപ്പിന്റെ കണ്ണികള്‍ സ്വര്‍ണം കൊണ്ടുനിര്‍മ്മിച്ച്‌ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം ലോകസമക്ഷം കാഴ്‌ചവച്ചു. ഒടുക്കം സി.ഐ.എ യുടെ സഹായമൊന്നുമില്ലാതെ തന്നെ സഹികെട്ട റുമാനിയന്‍ ജനത അഥവാ പ്രതിവിപ്ലവകാരികള്‍ മറ്റൊരഥവാ വര്‍ഗശത്രുക്കള്‍ ഇനിയൊരഥവാ സാമ്രാജ്യത്വ പാദസേവകര്‍ മൂപ്പരെ നേരാംവണ്ണം നിര്‍ത്തി വെടിവെച്ചു. ബൂര്‍ഷ്വാ തോക്കിനെതിരെ നാലുമുദ്രാവാക്യം വിളിക്കാന്‍ പോലും നാലാളില്ലാതെ സിസെസ്‌ക്യൂ യാത്രയാവുകയും ചെയ്‌തു.

സ്വന്തം തലതന്നെ തെറിക്കാനും ചില്ലറ സാദ്ധ്യതയുള്ള വിപ്ലവം നടത്താതെതന്നെ നല്ലപാതിക്ക്‌ സ്വര്‍ണച്ചെരുപ്പ്‌ തീര്‍ക്കുവാല്‍ പറ്റിയെന്നുവന്നാല്‍ അതിലും മെച്ചപ്പെട്ട കര്‍ത്താവിന്റെ മാര്‍ഗം വേറെന്താണുള്ളത്‌? അതാണ്‌ ഗ്രന്ഥങ്ങളിലെ വര്‍ഗസഹകരണം എന്നറിയപ്പെടുന്ന സംഗതി. രണ്ടായാലും ചെരുപ്പ്‌ സ്വര്‍ണമായിക്കിട്ടിയാല്‍ മതി.

വര്‍ഗം, വര്‍ഗസമരം, വര്‍ഗസഹകരണം എന്നൊക്കയുള്ള മഹാസംഭവങ്ങളെപ്പറ്റി അറിയാത്ത മൂഢന്‍മാര്‍ക്കിതെല്ലാം ഇനിയെന്നാണാവോ തിരുപാടുകിട്ടുക.
'വര്‍ഗമൂലം കലഹം പലവിധമുലകില്‍ സുലഭം' എന്നെങ്കിലൂം ചുരൂങ്ങിയത്‌ മന:പാഠമാക്കുക.

അപ്പോള്‍ ഭസ്‌മാസുരന്‍മാരുടെ മുന്‍പില്‍ ലോകത്തെന്തും സൃഷ്‌ടിക്കുന്ന ബ്രഹ്മന്റെ രൂപത്തില്‍ എ.ഡി.ബി. അവതരിച്ചാല്‍ തിരിഞ്ഞുനിന്നു മുദ്രാവാക്യം വിളിക്കുകയും ഏമാന്‍മാരെ കരണക്കുറ്റിക്കടിക്കുകയുമാണോ വേണ്ടത്‌. അല്ല. മകരജ്യോതി കണ്ട തമിഴനെപ്പോലെ കമിഴ്‌ന്നടിച്ചുവീണ്‌ കാപ്പാത്താന്‍ ശൊല്ലുകതന്നെയാണ്‌ വേണ്ടത്‌. അതുതന്നെയാണ്‌ ചെയ്‌തതും.

ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയത്ത്‌ ഉറങ്ങുന്ന സമീപനം യഥാര്‍ത്ഥ വിപ്ലവകാരികളുടേതല്ല. അതുകൊണ്ട്‌ ഫയല്‍ മറിച്ചുംകൂടെ നോക്കാതെ സായിപ്പ്‌ അടയാളം വച്ചിടത്തൊക്കെ ഒപ്പിട്ടുകൊടുത്തു. ഫയലിന്‍മേല്‍ ഉറങ്ങുന്ന ആളുകളെ എ.ഡി.ബിക്കാര്‍ക്ക്‌ പണ്ടേ ഇഷ്‌ടമല്ല.

മഹാലക്ഷ്‌മി കണ്‍മുന്നില്‍ നിന്ന്‌ കണ്ണിണകൊണ്ട്‌ കടുക്‌ വറുക്കുമ്പോള്‍ ജാതകം പരിശോധിക്കണമെന്നു പറയുന്ന ഒരു കൂട്ടരുണ്ട്‌. വരട്ടുതത്വവാദികള്‍ എന്നാണ്‌ അവര്‍ അറിയപ്പെടുക. കാഞ്ഞിരമരം പോലെയാണ്‌. പറമ്പിലൊന്നുമതി. മുറിച്ചിട്ടാല്‍ വേരില്‍ നിന്നുകിളിര്‍ക്കും. ഒരൊറ്റ കായ മതി ഒരു കിണറിലെ വെള്ളത്തിലേക്ക്‌.

മുതലാളിമാരും നവമാര്‍ക്‌സിസ്റ്റുകാരും പലരും കരുതുന്നതുപോലെ ബദ്ധശത്രുക്കളൊന്നുമല്ല. ചെകുത്താനും കടലും പോലെയാണ്‌. കടലിനും ചെകുത്താനുമിടയിലാണ്‌ ജനജീവിതം. ആരുടെ കൈകൊണ്ട്‌ കഥ കഴിയണം എന്നേ ചിന്തിക്കേണ്ടതുള്ളൂ.

രണ്ടുകൂട്ടര്‍ക്കും മനുഷ്യസ്‌നേഹം മുഖമുദ്രയാണ്‌. അതൊരുപാടു കൂടുമ്പോള്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. താമസിയാതെ നരമേധയാഗം തുടങ്ങും. ലേശം ശേഷി കുറഞ്ഞതുകൊണ്ട്‌ കമ്മ്യൂണിസ്റ്റുകാര്‍ സ്വന്തം ജനങ്ങളെ ശരിപ്പെടുത്തും. പണ്ട്‌ റഷ്യക്കാര്‍ക്കും അടുത്ത പറമ്പിലെ ആളുകളെകൂടി ബിസ്‌മികൂട്ടുന്നതിനുള്ള ലൈസന്‍സും പെര്‍മിറ്റുമൊക്കെയുണ്ടായിരുന്നു.

ഭൂമിയുടെ അവകാശികളായ റെഡിന്ത്യക്കാരെ മുഴുവന്‍ ചുട്ടെരിച്ചു തീര്‍ന്നശേഷമാണല്ലോ സായിപ്പ്‌ പുറത്തിറങ്ങി നായാട്ടുതുടങ്ങിയത്‌. റെഡിന്ത്യന്‍ രസായനം ശേഷി കുറച്ചൊന്നുമല്ല വര്‍ദ്ധിപ്പിച്ചത്‌.

പുതിയ മിലേനിയത്തില്‍ ലോകത്തിന്റെ വളര്‍ച്ചയുടെ ചുക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കൈയ്യിലായ സ്ഥിതിക്ക്‌ വിപ്ലവത്തിന്റെ ഭാവി പടവലം പോലെ താഴോട്ടേക്കാണ്‌ പോകുന്നത്‌. ടാറ്റയുടെ കാര്‍കൃഷിക്ക്‌ ഭൂമി അളക്കലാണ്‌ ഇപ്പോള്‍ ബംഗാളിലെ വിപ്ലവം. അവിടുത്തെ കല്ലേറുവിദഗ്‌ധര്‍ക്ക്‌ കര്‍ശനനിര്‍ദ്ദേശവും കൊടുത്തിട്ടുണ്ട്‌. ഹര്‍ത്താലിന്‌ ഐ.ടി. കമ്പനിക്കാരുടെ വണ്ടിക്കുമാത്രം ലക്ഷ്യം തെറ്റിപ്പോലും എറിഞ്ഞുപോകരുത്‌. അന്നന്നത്തെ അന്നത്തിനു പോകുന്നവനെ എറിഞ്ഞുകൊന്നാലും കുഴപ്പമൊന്നുമില്ല.

ഇതൊന്നും തിരുപാടില്ലാത്ത വരട്ടുതത്വവാദികള്‍ വാരിക്കുന്തം മൂര്‍ച്ചകൂട്ടി നിലാവുനോക്കുന്ന മുക്രിയെപ്പോലെ ചുകന്ന നക്ഷത്രത്തിന്റെ ആഗമനവും പ്രതീക്ഷിച്ചുകൊണ്ടിരിക്കും. ഉദരംഭരിസിദ്ധാന്തക്കാര്‍ സിസെസ്‌ക്യൂവിന്റെ ഗതിവരാതെ പൊണ്ടാട്ടിക്ക്‌ സ്വര്‍ണച്ചെരുപ്പുണ്ടാക്കാനുള്ള വഴിനോക്കും.

വര്‍ഗസമരത്തിനിറങ്ങി തലപോകുന്നതിലും എന്തുകൊണ്ടും നല്ലത്‌ വര്‍ഗസഹകരണം കൊണ്ട്‌ വയറു വീര്‍ക്കുന്നതാണ്‌. അതായത്‌ എല്ലാവരും കൂടി ഒരു പരസ്‌പര സഹായസഹകരണസംഘം. എ.ഡി.ബി.യായാലും ഡബ്‌ള്യൂ. ബിയായാലും ലാവ്‌ലിനായാലും യാതൊരു കുഴപ്പവുമില്ല. മലയാളിയുടെ നികുതിപ്പണം എ.ഡി.ബിയുടെ കീശയിലെത്തിയാലെന്താ ഒരു കുഴപ്പം? അതിനൊക്കെയല്ലേ സാര്‍വ്വദേശീയത എന്നൊക്കെ പറയുക. ഗള്‍ഫ്‌ മണികൊണ്ട്‌ മലബാറും ബിലാത്തി മണികൊണ്ട്‌ തിരുവിതാംകൂറും മെച്ചപ്പെട്ടിട്ടില്ലേ സുഹൃത്തുക്കളെ? അതുകൊണ്ട്‌ എല്ലാം കോഴിചിള്ളുമ്പോലെ ഇങ്ങോട്ടുപോരട്ടെ എന്നുപറയുന്നവര്‍ ഇടുങ്ങിയ ദേശീയ വാദികളാണ്‌. കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ ശത്രുവാണ്‌ ഇടുങ്ങിയ ദേശീയത എന്ന ശേഷിക്കുറവുള്ള സാമ്രാജ്യത്വം. എ.ഡി.ബിയിലാകട്ടെ സായിപ്പിന്റെ അത്രതന്നെ ഷെയര്‍ ജപ്പാനുമുണ്ട്‌. പ്യൂര്‍ ഏഷ്യന്‍ ഡോഗ്‌.

വരട്ടുതത്വവാദികളും ശ്രദ്ധിക്കുക. എ.ഡി.ബിയുടെ വരവുകൊണ്ടുണ്ടാകുന്ന നേട്ടം ചില്ലറയൊന്നുമല്ല. ലാലുവിന്റെ കാമധേനുക്കളെപ്പോലെയാണ്‌. ചുരത്തിക്കൊണ്ടേയിരിക്കും. എ.ഡി.ബിയുടെ പ്രവര്‍ത്തനം ഫലം കണ്ടുതുടങ്ങിയാല്‍ ഒറ്റക്കും തെറ്റക്കും തൂങ്ങിമരിക്കുന്നതൊഴിവാക്കി ജനം വെളിച്ചപ്പാടിനെപ്പോലെ വാളെടുക്കും. സ്വന്തം തലക്കുതന്നെ വെട്ടിയാലും ശരി ആരാന്റെ തലക്കുവെട്ടിയാലും ശരി അതുതന്നെയാണ്‌ ഗ്രന്ഥങ്ങളിലെ വിപ്ലവം.

നാലുനാള്‍ മുമ്പ്‌ കരിങ്കല്ലും കരിയോയിലുമായി നടന്ന ചെറുപ്പക്കാരനും അതിനുള്ള ശേഷിയില്ലാത്തതുകൊണ്ട്‌ തല്‌ക്കാലം കരണക്കുറ്റിയടിച്ചുതെറിപ്പിക്കാന്‍ പോയ സീനിയര്‍ സിറ്റിസണിനും കുമ്പസാരിക്കാനുള്ള സമയമാണിത്‌.

വരട്ടുതത്വവാദികളും നാലാംലോകക്കാരും ഉദരംഭരിസിദ്ധാന്തക്കാരും എല്ലാവരും തമ്മില്‍തല്ലി ചാവാതെ ശുഭ പ്രതീക്ഷയോടുകൂടി ഇരിക്കേണ്ട സമയംകൂടിയാണ്‌.

നാട്ടാചാരപ്രകാരം കെട്ടിയശേഷമാണ്‌ മൊയ്‌ശൊല്ലുക. ആചാരങ്ങളിലൊന്നും അശേഷം വിശ്വാസമില്ലാത്തതുകൊണ്ട്‌ മാര്‍ക്‌സിസ്റ്റുകാര്‍ മൊയ്‌ശൊല്ലിയ ശേഷമാണ്‌ കെട്ടുക. കംപ്യൂട്ടറിനെ ആദ്യം ചവുട്ടിപ്പുറത്താക്കി. പിന്നെ കെട്ടിപ്പിടിച്ചു ദേശാഭിമാനിയില്‍ കയറ്റിക്കിടത്തി. രാക്ഷസനെന്നും പറഞ്ഞ്‌ ട്രാക്‌റ്ററിന്റെ മുന്നില്‍ വാതില്‍ കൊട്ടിയടച്ചശേഷം അന്തകനായ മണ്ണുമാന്തിയോടൊപ്പം ശയിച്ചു. നേര്‍പെങ്ങളായ ടിപ്പര്‍ ലോറിയോട്‌ നീതിയും പുലര്‍ത്തി. വയലായ വയലെല്ലാം കാണെക്കാണെ നികത്തിക്കൊടുത്തു. നികത്തല്‍ വിപ്ലവം പൂര്‍ത്തിയായി. ഇപ്പോള്‍ എ.ഡി.ബി.യെ. കെട്ടിപ്പിടിച്ചു. തള്ളിയതിനെയെല്ലാം കൊള്ളലാണ്‌ വിപ്ലവമെങ്കില്‍ ഇതെല്ലാംതന്നെയാണ്‌ യഥാര്‍ത്ഥ വിപ്ലവം.

ചാണ്ടിവാഴും കാലം കടത്തിനോടൊപ്പം എ.ഡി.ബി.ക്കാര്‍ ഒരു കെണിയും കൊടുക്കുമായിരുന്നു. അമേരിക്കയും ജപ്പാനും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ ഒരു പോലെ ഭയപ്പെടുന്നതുകൊണ്ട്‌ ഇപ്പോള്‍ പാസാക്കുന്നത്‌ കെണിവെക്കാത്ത കടം അഥവാ കടം വിത്തൗട്ട്‌ കെണിയാണ്‌. അപ്പോള്‍ ചോദിക്കും പിന്നെ കരാറൊപ്പിട്ടതെന്തിനാണെന്ന്‌? സാര്‍ ചക്രവര്‍ത്തിയുടെ കാലത്തെ റഷ്യന്‍ വിപ്ലവം നടന്നത്‌ ദ്രവിച്ച ആധാരം വായിച്ചുനോക്കിയിട്ടാണോ? പോക്ക്‌ സമീപഭാവിയില്‍ തന്നെ ഒരു വിപ്ലവത്തിലേക്കാണ്‌. കരാറില്‍ പിഴവുണ്ടെങ്കില്‍ സായിപ്പിന്റെ കരണക്കുറ്റിക്കടിക്കുവാനുള്ള ഒരു ചാന്‍സ്‌ അച്ചുതാനന്ദന്‌ കിട്ടുന്നതില്‍ ആര്‍ക്കാണിത്ര ഖേദം.



10 comments:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com/ സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 ആണ്.

G.MANU said...

nithyettaa ,,,ippozha ee blog kantathu...puzhayil ezhuthathappol orthilla ippol ivide undennu...
thanks a lot.......

keralafarmer said...
This comment has been removed by the author.
keralafarmer said...

നിത്യന്‍ കലക്കി. കൊള്ളാം നല്ലൊരു പോസ്റ്റ്‌ നിരത്തിവെച്ചു. അടുത്ത വര്‍ഷം പ്രതി ശീര്‍ഷ കടം എത്രയാകുമെന്ന്‌ ഒന്ന്‌ ഗണിച്ച്‌ പറയാമോ? പട്ടത്തെ എ.ഡി.ബി ഓഫീസ്‌ തല്ലിത്തകര്‍ത്തതിന്റെ ചിത്രം കണ്മുന്നില്‍ നിന്ന്‌ മായുന്നില്ല. വിപ്ലവ പാര്‍ട്ടികള്‍ക്ക്‌ പിള്ളേരെക്കിട്ടും തല്ലി തകര്‍ക്കാന്‍. തള്ളയ്ക്കും തന്തയ്ക്കും തലവേദനയും. കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ (ഭക്ഷ്യോത്‌പന്നങ്ങള്‍ക്ക്) വില കൂടിയാല്‍ രൂപയുടെ ഡോളറുമായുള്ള മൂല്യം കൂറയും. കേരളത്തിലെ കൃഷിഭൂമികള്‍ ഐ.റ്റി പാര്‍ക്കുകളാകട്ടെ. ചെളിപുരളാതെയും എ.സി യിലിരുന്ന്‌ വിയര്‍ക്കാതെയും ജി.എം ഫുഡ്‌ കഴിക്കാമല്ലോ കയ്യില്‍ കാശുണ്ടെങ്കില്‍.
സന്ദര്‍ശിക്കുക: രൂപയുടെ മൂല്യ വര്‍ദ്ധന ഉടന്‍

keralafarmer said...

കഷ്ടമായിപ്പോയി ആദര്‍ശങ്ങല്‍ കാറ്റില്‍ പറത്തിക്കൊണ്ട്‌ ഒരു മന്ത്രിയുടെ സ്ഥാനം പോകാതിരിക്കാന്‍ എഡിബി വായ്പ്പയ്ക്ക്‌ പിന്തുണ നല്‍കുന്നു. ജനങ്ങളെ കബളിപ്പിക്കാന്‍ പത്രപ്രസ്താവനയും നടത്തുന്നു. അദര്‍ശധീരനായ മുഖ്യന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു പ്രതിപക്ഷനേതാവായിരിക്കുന്നതാണ് നല്ലതെന്ന്‌.

കുറുമാന്‍ said...

വളരെ നല്ല ലേഖനം മാഷെ.

കുറുമാന്‍ said...

വളരെ നല്ല ലേഖനം മാഷെ.

വേണു venu said...

നല്ല പോസ്റ്റു്.

ദൃശ്യന്‍ said...

നിത്യാ,

ലേഖനം നന്നായിട്ടുണ്ട്. നല്ല ഭാഷ.
പക്ഷെ പറയാന്‍ മനസ്സില്‍ തോന്നിയത് മുഴുവന്‍, വല്ലാതെ പരത്തി എഴുതി വെച്ചതായ് തോന്നി. വായിച്ചു കഴിഞ്ഞപ്പോള്‍ എന്താണ് ശരിക്കും പറയാന്‍ ഉദ്ദേശിച്ചതെന്ന് വായനക്കാരന് സംശയം തോന്നുന്നു.

തുടര്‍ന്നും എഴുതുമല്ലോ.

സസ്നേഹം
ദൃശ്യന്‍

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

ഫെബ്രുവരി മാസത്തെ സമ്മാനം ലഭിച്ച ബ്ലോഗുകള്‍..
www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച ബ്ലോഗ്പോസ്റ്റുകള്‍ക്കുള്ള സമ്മാനം ലഭിച്ച ബ്ലോഗുകള്‍ അറിയാന്‍ www.mobchannel.com സന്ദര്‍ശിക്കുക...