February 28, 2007

പെരിയോറുടെ ശിഷ്യനും സായിബാബയും

ുഹമ്മദ്‌ മലക്ക്‌ പോകുന്നില്ലെങ്കില്‍ മല നിരങ്ങി മുഹമ്മദിന്റെ മുറ്റത്തെത്തുമെന്നാണ്‌ ചൊല്ല്‌. പുട്ടപര്‍ത്തിയിലെ കരുണാവാരിധി കരുണാനിധിയുടെ മുറ്റത്തെത്തിയത്‌ അങ്ങിനെയാണ്‌ . ദിവ്യന്‍മാര്‍ പലവിധമുലകില്‍ സുലഭമാണെങ്കിലും ബാബമാര്‍ ദുര്‍ലഭമാണ്‌.

ആള്‍ദൈവങ്ങള്‍ക്ക്‌ പൊതുവില്‍ ചിമ്പാന്‍സിയുടെ സ്ഥാനമാണ്‌. കുരങ്ങല്ലാണ്ടുമായി മനുഷ്യനൊട്ടായതുമില്ലെന്നപോലെ. മനുഷ്യനല്ലാണ്ടായി. എന്നാല്‍ ദൈവമൊട്ടായതുമില്ല. ബാബ ദൈവം തന്നെയായ സ്ഥിതിക്ക്‌ ഇവരില്‍ നിന്നും ഒരു പടി മീതെയാണ്‌.

ദൈവമായതിനുള്ള തെളിവൊന്നും ആരും ചോദിച്ചുകളയരുത്‌. താസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റുനോക്കിയിട്ടല്ല ആളുകള്‍ ദൈവമായി അവരോധിക്കപ്പെടുക. കൊല്ലിനും കൊലക്കും അവകാശമുള്ളവരാണ്‌ ദൈവങ്ങള്‍. ചത്തുപോയ മനിതന്‌ ബാബ ഉയിരുകൊടുത്തതായി ഒരു വിശ്വാസമുണ്ട്‌.

അതിനെന്താ തെളിവെന്നു ചോദിക്കും വിഢികള്‍. അതൊരു വിശ്വാസമാണെന്നേ ഭക്തന്‍മാരും പറയുന്നുള്ളൂ. സത്യമാണെങ്കില്‍ സത്യമാണെന്നല്ലേ പറയുക. വിശ്വാസവും സത്യവും തമ്മില്‍ ചില്ലറ വ്യത്യാസമുണ്ട്‌. അമ്മ സത്യവും അച്ഛന്‍ വിശ്വാസവുമെന്നപോലെ.

ശത്തുപോയ ഒരു മനിതന്‌ ഉയിര്‍ കൊടുത്തത്‌ സത്യമാണെങ്കില്‍ കഴിഞ്ഞ പതിനാലുകൊല്ലം കൊണ്ട്‌ ആശ്രമത്തില്‍ കൊലശെയ്യപ്പെട്ട ആറെണ്ണത്തിനുകൂടി കൊടുത്തുകൂടായിരുന്നോ എന്നൊരു സംശയം ചിലര്‍ക്കെങ്കിലുമുണ്ടാവും.

ലോകം ബാബയുടെ ചെറുവിരലില്‍ കിടന്നാണ്‌ കറങ്ങുന്നതെന്ന്‌ ഭക്തന്‍മാര്‍ക്കറിയാം. യുക്‌്‌തിവാദികളെ ആരുണ്ടിതൊക്കെ പറഞ്ഞുമനസ്സിലാക്കാനെന്റെ ഭഗവതീ. അപ്പോള്‍ സ്വാഭാവികമായും ശത്തുപോകുന്നതിന്റെയും പെറ്റുവീഴുന്നതിന്റെയുമൊക്കെ കണക്കുകള്‍ മൂപ്പരുടെ കൈയ്യിലുണ്ടാവണം. ഏതോ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുകൊണ്ട്‌ ഒരു മഹാപാപി മൂപ്പരറിയാതെ ബിസ്‌മികൂട്ടപ്പെട്ടു. അങ്ങിനെ ദൈവമറിയാതെ ശത്തുപോയതിനെ ജീവിപ്പിക്കാന്‍ വകുപ്പുണ്ട്‌.

അതുപോലെയാണോ മറ്റേ ആറെണ്ണം കൊലപണ്ണിപ്പോയ കേസ്‌. അത്‌ ദൈവഹിതം അഥവാ ബാബഹിതം എന്നുകരുതിയാല്‍ മതി. അതുകൊണ്ടാണല്ലോ അതിന്‍മേലുള്ള അന്വേഷണം അതിന്റെ വഴിക്കുനടക്കുന്നതും ബാബ പുറത്തിറങ്ങിനടക്കുന്നതും. ദൈവഹിതമായതുകൊണ്ട്‌ എല്ലാം ഭംഗിയായി. ഒരു കൂട്ടിലും ബാബക്ക്‌ കയറേണ്ടിവന്നിട്ടില്ല. അല്ലെങ്കിലും പ്രേതപരിശോധനക്കല്ലാതെ ദൈവത്തെ കൂട്ടില്‍കയറ്റി ചറപറാ വിസ്‌തരിക്കാന്‍ വകുപ്പുണ്ടോ ഇന്ത്യന്‍ പീനല്‍കോഡില്‍ ?

ജനനം മരണം ആത്മാവ്‌ ആദിയായ വലിയവലിയ കാര്യങ്ങളെ വേണ്ടവിധത്തില്‍ മനസ്സിലാക്കാത്തവരാണവര്‍. അത്തരം വിഢികള്‍ മൊത്തത്തില്‍ യുക്തിവാദികള്‍ എന്നാണറിപ്പെടുക. ഇങ്ങനെ വേണ്ടാത്ത ചോദ്യം ചോദിച്ചു നടന്ന്‌ തലയ്‌ക്കു വെളിവറ്റുപോകുന്നവരാണ്‌. കാളപെറ്റെന്നുകേട്ടാല്‍ കയറെടുക്കുകയാണ്‌ മുഖലക്ഷണം.

തമിഴകത്തെ അക്കൂട്ടരുടെ തലതൊട്ടപ്പനായിരുന്നു പെരിയോര്‍. പെരിയോറുടെ വാക്കിന്‌ വിലയുണ്ടായിരുന്നു. പറഞ്ഞത്‌ ചെയ്യാനുള്ള ചങ്കൂറ്റവും നിസ്വാര്‍ത്ഥതയും ഉണ്ടായിരുന്നു. ബുദ്ധിയും ജ്ഞാനവും തുല്യ അളവില്‍ ചേരുമ്പോഴാണ്‌ ആളുകള്‍ മഹാനാവുക. ആ മഹാനായ പെരിയോറുടെ അരുമശിഷ്യനാണ്‌ ഇപ്പോഴത്തെ ബാബയുടെ തങ്കപ്പെട്ട ചിന്നപ്പൈയ്യന്‍ കലൈഞ്‌ജര്‍ കരുണാനിധി.

മേലെ നോക്കിയാല്‍ ആകാശം താഴെനോക്കിയാല്‍ ഭൂമി എന്നുപറഞ്ഞുനടന്ന പെരിയോറാണോ കലൈഞ്‌ജര്‍. നിസ്വാര്‍ത്ഥ ജീവിതം നയിച്ച പെരിയോര്‍ക്ക്‌ ജീവിതാന്ത്യത്തിലും വിശ്വാസത്തിന്റെ ഊന്നുവടിയുടെ ആവശ്യം ഏതായാലും വന്നില്ല. കലൈഞ്‌ജറാകട്ടെ നാലുമുക്കാലുണ്ടാക്കി. വയസ്സുമായി. വിശ്വാസത്തിന്റെ ഊന്നുവടിയെടുക്കേണ്ട്‌ പ്രായമൊക്കെയായി.

പെരിയോറുടെ ശിഷ്യന്‍ കലൈഞ്‌ജര്‍ കരുണാനിധിയെ ശിഷ്യനായി കിട്ടിയാല്‍ തമിഴകം തന്നെ കിട്ടിയില്ലേ ബാബക്ക്‌. അതാണ്‌ ബാബയുടെ മാര്‍ക്കറ്റിംഗ്‌ സ്‌ട്രാറ്റിജി. അല്ലെങ്കിലും ഇപ്പോള്‍ പുരിശങ്കരാചാര്യന്റെ മാര്‍ക്കറ്റ്‌ വാല്യു കുത്തനെ വീണുകിടക്കുന്ന അവസരവും. കുന്തവും വടിയുമൊക്കെയായി പൂജ കുറച്ചുകാലം കഴിച്ചത്‌ കോയമ്പത്തൂര്‍ ജയിലില്‍ നിന്നല്ലേ.

ഇന്ത്യയിലെ വിവരസാങ്കേതികവിദ്യയെത്തന്നെ നയിക്കുന്ന ചിന്നപ്പുള്ളൈ ദയാനിധി മാരന്‌ ബാബ സൃഷ്ടിച്ചുകൊടുത്തത്‌ സ്വര്‍ണമോതിരമാണ്‌. സംശയമുള്ളവര്‍ക്കു പോയി നോക്കാം. ബാബയുടെ സ്വന്തം സ്വര്‍ണഖനിയില്‍ നിന്നും കുഴിച്ചെടുത്ത ശുദ്ധമായ സ്വര്‍ണം കൊണ്ടുണ്ടാക്കിയ ബാബാബ്രാന്റ്‌ മോതിരം.

ഇഷ്ടപ്പെട്ടുപോയാല്‍ ബാബ അങ്ങിനെയാണ്‌. എന്തും കൊടുക്കും. സ്വര്‍ണമാണ്‌ മുഖ്യ ഐറ്റം. എവിടുന്ന്‌ കുഴിച്ചെടുത്തു നികുതിയാരടച്ചു ബില്ലെവിടെ എന്നൊന്നും ആരും ചോദിക്കേണ്ടതില്ല. ചോദിക്കേണ്ടവര്‍ നേരെ പുട്ടപര്‍ത്തിയിലേക്കു ചെന്നാല്‍ മതി. എല്ലാം ദൈവഹിതം എന്നൊരു കടലാസിലെഴുതിക്കൊടുക്കും. പിന്നീട്‌ സംശയം തീരാത്തവര്‍ക്കു മറുപടിപറയാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മൊത്തം ഏമാന്‍മാര്‍ ദര്‍ശനത്തിനുള്ള ക്യൂവില്‍ കാണും. അവരോടു ചോദിക്കുക.

അത്യാവശ്യം വാച്ചും സൃഷ്ടിച്ചുകൊടുക്കും. പേര്‌ ചിലപ്പോ ടൈറ്റണ്‍ എന്നോ സിറ്റിസണ്‍ എന്നോ മറ്റോ വന്നെന്നുവരും. അവരുടെ വാച്ച്‌ ബാബ വായുവില്‍ നിന്നും സൃഷ്ടിച്ചുകൊടുക്കുന്നതില്‍ അവര്‍ക്ക്‌ യാതൊരു പരാതിയുമില്ല. പിന്നെയാണോ മറ്റുള്ളവര്‍ക്ക്‌. പേറ്റന്റിന്റെയും കോപ്പിറൈറ്റിന്റെയും പരിധിക്കും പുറത്താണ്‌ ദൈവങ്ങള്‍ എന്നാദ്യം മനസ്സിലാക്കേണ്ടതുണ്ട്‌.

പണ്ട്‌ കണ്ണിന്റെ കാഴ്‌ച പൂര്‍ണമായും നശിച്ച കേശവമേനോന്‌ വേദിയില്‍ വച്ച്‌ ഒരു സ്വര്‍ണമാല സൃഷ്ടിച്ചുകൊടുത്ത കഥ കേട്ടിട്ടുണ്ട്‌. അതുകണ്ടു നിന്ന ഏതോ രസികന്‍ പറഞ്ഞിരുന്നുപോലും - ആദ്യം മൂപ്പര്‍ക്കുവേണ്ടത്‌ കണ്ണിന്റെ കാഴ്‌ചയാണ്‌. അതുണ്ടാക്കിക്കൊടുക്കാന്‍ പറ്റുമെങ്കില്‍ കൊടുക്ക്‌. രണ്ടുമാല വേണമെങ്കില്‍ അങ്ങോട്ടുതരാമെന്നും.

24 comments:

കുറുമാന്‍ said...

നിത്യന്‍ മാഷെ, ഇതു കലക്കിപൊളിച്ചു. ബാബയുടെ ശിവലിംഗം എടുക്കല്‍, ഭസ്മം അന്തരീക്ഷത്തില്‍ നിന്നും സൃഷ്ടിക്കല്‍, മാല എടുത്ത് സമ്മാനമായി നല്‍കല്‍ തുടങ്ങിയ രസകരമായ വിദ്യകളുടെ പല പല വീഡിയോ ക്ലിപ്പുകളും നെറ്റില്‍ കിട്ടുന്നതിന്റെ ലിങ്കും കൂടി കൊടുത്തിരുന്നെങ്കില്‍ ചിരിച്ചു മരിക്കാനുള്ള വകക്ക് വേറെ എവിടേയും പോണ്ട..

ഉമേഷ്::Umesh said...

കൊള്ളാം :)

Anonymous said...

http://home.hetnet.nl/~ex-baba/engels/movies.html

N.J Joju said...

കുറച്ചു നമ്പേര്‍സ് മുകളിലത്തെ ലിങ്കില്‍ ഉണ്ട്.

riyaz ahamed said...

ബാബ പോയി തുലയട്ടെ! ഏഴൈ തോഴന്റെ ദ്രാവിഡ മുന്നേറ്റ കഴകം തമിഴില്‍ നടത്തുന്ന വഞ്ചന ഒരു കണ്‍കെട്ടിനേക്കാളും ഭീകരമാകുന്നു.

ദേവന്‍ said...

സായിബാബ വിഭൂതിയെടുക്കുന്നത്‌ പുട്ടപര്‍ത്തിയിലെ ആശ്രമത്തില്‍ ഭക്തരുടെ സകലരുടെയും നടുവില്‍ പുള്ളിയുടെ മുന്നില്‍ നിന്നു തന്നെ പൊളിച്ചു കാട്ടിയാണ്‌ പി സി സര്‍ക്കാര്‍ ജൂനിയര്‍ മാജിക്ക്‌ രംഗത്തെത്തിയത്‌.

"ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ വിഢിയാണ്‌, ദൈവത്തെ ആരാധിക്കുന്നവന്‍ പ്രാകൃതനാണ്‌, ദൈവനാമം പ്രചരിപ്പിക്കുന്നവന്‍ തെമ്മാടിയും" എന്നാണ്‌ തന്തൈ പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ പൊതുവേദികളില്‍ പറഞ്ഞിരുന്നത്‌. ഇന്നുകാലത്ത്‌ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ജീവിക്കുന്ന ഏതെങ്കിലും രാഷ്ട്രീയന്‍ ഇങ്ങനെ (വിശ്വസിക്കുന്നെങ്കിലും ഇല്ലെങ്കിലും) പറയാന്‍ ധൈര്യപ്പെടുമോ? പാവം കൈലൈഞ്ജരും എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ, വയസ്സനല്ലേ.

സഞ്ചാരി said...

ചീറ്റിങ്ങ് ബാബയുടെ എല്ല വിഡിയോ ക്ലിപ്പും കണ്ടു.
ഒരു സുന്ദരിക്ക് കൂടുതല്‍ ഭസ്മം കൊടുക്കുന്നതും കണ്ടു
പകല്‍ പോലെ തട്ടിപ്പ വ്യക്തമായിട്ടും ഇതെന്തുകൊണ്ടാണ് അനുബധിച്ചു കൊടുക്കുന്നത്.
എത്ര സമര്‍ത്ഥമായിട്ടാണ് വിഡ്ഡികളാക്കുന്നത്.
എല്ലാ മതത്തിലെയും ആള്‍ ദൈവങ്ങളും വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു.

ദിവാസ്വപ്നം said...

ഈ പോസ്റ്റും ക്ലിപ്പിംഗ്സും ഇഷ്ടപ്പെട്ടു :)

കടുകടുത്ത (അയ്യങ്കാര്‍) സായി ഭക്തന്മാര്‍ക്കൊപ്പം മൂന്നരക്കൊല്ലം ജോലി ചെയ്തതിന്റെ കൈയ്പ്പ് ആറുകൊല്ലത്തിനു ശേഷവും മാറിയിട്ടില്ല.

പോട്ടയില്‍ ധ്യാനം കൂടിയപ്പോഴും ചില ഗിമ്മിക്കുകള്‍ (മുഴുവനും ആണെന്നല്ല) ശ്രദ്ധിച്ചിരുന്നു. മനുഷ്യര്‍‍ വിശ്വസിക്കുന്നു, ചിലരൊക്കെ സുഖപ്പെടുന്നു.

Manjithkaini said...

അസ്സലായിരിക്കുന്നു !

കലൈഞ്ജരുടെയൊക്കെ വാക്കുകേട്ട് നിരീശ്വരന്മാരായവരുടെ കാര്യമാ കഷ്ടം. ആമാശയത്തിന്റെ വഴിക്കനുസരിച്ച് ആശയങ്ങള്‍ മാറ്റുമ്പോള്‍ പണ്ട് അതുകേട്ടു ജീവിതം മാറ്റിയ അനുയായികളുടെ കാര്യമൊന്നു ഓര്‍ക്കേണ്ടല്ലോ.

nalan::നളന്‍ said...

ഇതു കലക്കി.
പെരിയോര്‍ക്ക്‌ ജീവിതാന്ത്യത്തിലും വിശ്വാസത്തിന്റെ ഊന്നുവടിയുടെ ആവശ്യം ഏതായാലും വന്നില്ല.

അയ്യോ അങ്ങിനെ നോക്കിയാല്‍ ലോകത്തിലെ 90 ശതമാനം ജനങ്ങളും ഊന്നുവടിയും കൊണ്ടുനടക്കുന്ന വയസ്സരായിട്ടു വരുമല്ലോ. അതോ ജനിക്കുന്നതേ നരയുമായിട്ടാണോ ?

സൂര്യോദയം said...

നിത്യന്‍... നല്ല പോസ്റ്റ്‌... അക്ഷേപഹാസ്യം വളരെ മിതമായും എന്നാല്‍ കൃത്യമായും ഉപയോഗിച്ചിരിയ്ക്കുന്നു. :-)

NITHYAN said...

ബൂലോകത്തെ കമന്റുകള്‍ കാണുമ്പോള്‍ ഒരു ജ്ഞാനപീഠം കിട്ടിയപോലെ തോന്നുന്നു. കോളം പത്രത്തില്‍ തന്നെയെഴുതിയപ്പോഴുള്ളതിനെക്കാള്‍ നിലവാരത്തിലുള്ള പ്രതികരണങ്ങള്‍ കാണുമ്പോഴുള്ള ഒരു സുഖം - അതിനു നന്ദി. പിന്നെ ബൂലോകത്തിന്‌ എന്നെ പരിചയപ്പെടുത്തിയ കുറുമാനും വിശാലനും ഒരു പ്രത്യേകം ചീയേര്‍സ്‌. പിന്നെ എല്ലാവര്‍ക്കും.

നിത്യന്‍

G.MANU said...

എണ്റ്റെ വലിയമ്മവനും കിട്ടി ഒരു ബാബ അത്ഭുത സമ്മാനം ഫ്രം അകാശം. പുതിയ എച്ച്‌.എം.ടി. വാച്ച്‌..കമ്പനിയുടെ മോഡല്‍ നംബറും സീരിയല്‍ നംബറും അടക്കം. വാറണ്റ്റി കാര്‍ഡ്‌ ബാബ മുക്കിയിരുന്നു. അല്ലെങ്കില്‍ ബാബ കൊടുക്കുന്ന വാച്ചിനെന്തിനാ വാറണ്റ്റി.. നിത്യേട്ടാ ബാബയുടെ മുടിക്കു തീവക്കാന്‍ ആരുമില്ലെ?

വേണു venu said...

നിത്യന്‍‍,
പോസ്റ്റു് നന്നായിരിക്കുന്നു,
അമ്മ സത്യവും അച്ഛന്‍ വിശ്വാസവുമെന്നപോലെ,
വിശ്വാസത്തിന്റെ ഊന്നുവടിയെടുക്കുന്നവര്‍ക്കു് പറയാന്‍ മറുപടിയും ഉണ്ടു്.
ആത്മസം‍തൃപ്ത്തി നല്‍കുന്നു എന്നാണു്.
ആശംസകള്‍.:)

Unknown said...

നിത്യന്‍,വളരെ ശരിയായി പറഞ്ഞിരിക്കുന്നു.കേരളത്തിലെ ഇന്നത്തെ അവസ്ഥ ശ്രദ്ധിച്ചിട്ടുണ്ടോ ? ജ്യോത്സ്യന്മാരുടേയും,മന്ത്രവാദികളുടേയും,പൂജാരികളുടേയും,സുവര്‍ണ്ണകാലമാണവിടെ. വിശ്വാസവും,ഭക്തിയും,മൂത്ത് മൂത്ത് ഒരു തരം ഭ്രാന്തിന്റെ വക്കത്തെത്തി നെട്ടോട്ടമോടുകയാണ് ആളുകള്‍...

Siju | സിജു said...

നല്ല പോസ്റ്റ്.
ആ ലിങ്ക് കൂടീ പ്പോസ്റ്റില്‍ ചേര്‍ത്താല്‍ കൂടൂതല്‍ നന്നായിരിക്കും
അതു പോലെ ഈ കമന്റ് പോപ് അപ്പ് മാറ്റാമോ, അതു കമന്റിടാന്‍ അസൌകര്യമാണ്

qw_er_ty

NITHYAN said...

പോപ്പ്‌ അപ്പ്‌ മാറ്റിയിട്ടുണ്ട്‌. അറിവില്ലായ്‌മ കൊണ്ടുപറ്റുന്ന ഓരോ അബദ്ധങ്ങളേയ്‌. തിരുത്താന്‍ സഹായിച്ച സിജുവിന്‌ നന്ദി.
നിത്യന്‍

Unknown said...

നിത്യന്‍ ചേട്ടാ,
ലേഖനം നന്നായിട്ടുണ്ട്. ഈ പോപ്പപ്പനെ ഒന്ന് ഒഴിവാക്കിയാല്‍ കമന്റ് ചെയ്യാന്‍ എളുപ്പമായെനെ.

ഓടോ: ലിങ്ക് കണ്ട് ചിരിച്ച് വയ്യാതായി.

മനോജ് കുമാർ വട്ടക്കാട്ട് said...

സ്വന്തം അപ്പനമ്മമാരെ പുറം കാലുകൊണ്ട്‌ ചവിട്ടിപുറത്താക്കുന്നവന്മാരാണ്‌ അമ്മ, ബാബ അമ്മമ്മ എന്നൊക്കെ പറഞ്ഞ്‌ അവരുടെ തിണ്ണ നിരങ്ങുന്നത്‌.

എന്തിന്‌ തമിഴരെ പറയണം. ഉല്‍ബുദ്ധ കേരളത്തിലങ്ങോളമിങ്ങോളം കാണമല്ലോ ആശ്രമങ്ങളും അതിനോടനുബന്ധിച്ച ആഘോഷങ്ങളും.

ഉത്സവം : Ulsavam said...

നിത്യന്‍ ലേഖനം നന്നായിരിയ്ക്കുന്നു.
ഒരു ബാബയോ, അമ്മയോ സ്വന്തമായി ഇല്ലത്തവര്‍ അണ്‍കണ്ട്രി ഫെല്ലോസ് ആവുന്ന കാലമല്ലേ..എല്ലാം ഒരു തരം ഫാഷന്‍/പൊങ്ങച്ചം ആയി മാറിയിരിയ്ക്കുന്നു, അതു കൊണ്ട് ജീവിയ്ക്കുന്ന കുറെ തട്ടിപ്പുകാരും!

chithrakaran:ചിത്രകാരന്‍ said...

very good nithyan.
please read following blogs:

http://chithrakaran.blogspot.com/2006/11/blog-post_28.html ശ്രീശ്രീ രവിശങ്കറിന്‌ മുഖംമൂടിയുണ്ടോ?

http://chithrakaran.blogspot.com/2007/01/blog-post_20.html ആത്‌മീയത പ്ലാസ്‌റ്റിക്ക്‌ കുപ്പിയില്‍ !!

http://chithrakaran.blogspot.com/2007/01/blog-post_09.html എന്താണ്‌ ആത്മീയത ?

വിചാരം said...

നിത്യാ .... കിടിലന്‍ പോസ്റ്റ്
നിത്യനറിയില്ലേ .. നമ്മുടെ കമ്യൂണിസ്റ്റുക്കാരുടെ ആചാര്യന്‍ ബാബ ഗോവിന്ദപിള്ള യും ഈ ബാബയുടെ അരുമ ശിഷ്യനാ
ആന്‍റണി പള്ളീ പോകില്ല അമ്മ മനുഷ്യ ദൈവത്തിന്‍റെ മാറില്‍ തല താഴ്ത്തി അനുഗ്രഹം വാങ്ങാന്‍ പോകും
പീണറായ് ഈ അടുത്ത് ഒരു സര്‍ട്ടീറ്റ് കൊടുത്തു എവിടെയാണന്നറിയില്ലേ ഈ അടുത്ത കാലത്ത് ഒരു ബോംബെ അധോലോക നായകന്‍ പിടിക്കപ്പെട്ട ചാലക്കുടി ഡിവൈനിന് തന്നെ ( ഈ വാര്‍ത്ത പല പത്രങ്ങളും മുക്കി )
ശിഹാബു തങ്ങളുടെ... കാന്തപ്പുരം അബോക്കര്‍ക്കാന്‍റെ കൈയില്‍ മുത്തം വെയ്ക്കാം ആളുകള്‍ (പൊട്ടന്മാരും ഭ്രാന്തുള്ളവരും വിഢി കോചറായികളും) തിക്കി തിരക്കുന്നു

പോസ്റ്റ് കലക്കി മാഷെ
മാഷെ ... നമ്മുടെ വിശ്വാസികളില്‍ ഭൂരിപക്ഷം ആളുകള്‍ക്കും താന്‍ വിശ്വാസിക്കുന്നതെല്ലാം തെറ്റാണന്ന് പിന്നേയും അവര്‍ വിശ്വസിക്കുന്നു കാരണം അവരുടെ ചിന്തകള്‍ക്കനുസരിച്ചുള്ള ഒരു ജീവിത വ്യവസ്ഥ ഇല്ലാത്തതു കൊണ്ട് തന്നെ, വിവാഹം ഒരു പക്ഷെ സ്വന്തമിഷ്ടത്തിന് സാധിച്ചെന്നുവരാം (ഭൂരിഭാഗവും നടന്നെന്നുവരില്ല) മരണ ശേഷം വിശ്വാസികളുടെ അഹങ്കാരത്തിനനുസരിച്ചായിരിക്കും നീങ്ങുക കാര്യങ്ങള്‍ അതിനാലാണ് കണ്ണടച്ച് ഒത്തിരി പേരും ജീവിക്കുന്നത് ..
അഭിനന്ദനങ്ങള്‍

Unknown said...

ഈയിടെയായി പലപ്പോഴും പല ബന്ധു-മിത്ര കൂട്ടങ്ങളിലും എനിക്ക് നേരിടേണ്ടി വരുന്ന ചോദ്യം ആരുടെ ഭക്ത-ശിഷ്യനാണെന്നതാണ്. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹൈന്ദവവിശ്വാസമല്ലേ ചേട്ടന്‍ ഉദ്ദേശിച്ചത് എന്നാല്‍ എനിക്ക് മതമില്ലാത്ത ഒറ്റ ദൈവമേയുള്ളൂ എന്നൊന്നും പറയാന്‍ പ്രയാസപ്പെടേണ്ട കാര്യമില്ല. പുള്ളി ഉദ്ദേശിച്ചത് സ്വാമി,അമ്മ,അഛന്‍,അമ്മായിയപ്പന്‍,ഗുരുജി അമ്മ&ഭഗവാന്‍, അമ്മായി&അളിയന്‍ തുടങ്ങി വിവിധ കോമ്പിനേഷനുകളില്‍ ലഭ്യമായ ദൈവത്തിനും നമ്മള്‍ക്കും ഇടയിലെ കമ്മീഷന്‍ ഏജന്റുമാരെയാണ്. അങ്ങനെ ആരും ഇല്ല തല്‍ക്കാലം എന്ന് പറയുമ്പോള്‍ അവരുടെ മുഖത്തെ അല്‍ഭുതം-പുഛം-കണ്ട്രിഫെല്ലോ ഭാവമൊന്ന് കാണേണ്ടത് തന്നെയാണ്.

(ആള്‍ദൈവങ്ങള്‍ എന്നറിയപ്പെടുന്ന പലരും സമൂഹത്തിന് ചെയ്യുന്ന നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുമില്ല. ആര്‍ക്കെങ്കിലും മാനസികമായി സുഖമോ സന്തോഷമോ നല്‍കുന്നു എങ്കില്‍ അതില്‍ എനിക്ക് സന്തോഷമേയുള്ളൂ.നിയമ വിരുദ്ധമായി ഒന്നും ചെയ്യുന്നില്ല എങ്കില്‍ ഇവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവുമുണ്ട് ഇന്ത്യയില്‍.)

വിചാരം said...

ദില്‍ബാ ഈ ആള്‍ ദൈവങ്ങള്‍ ഇപ്പോള്‍ ഉപദ്രവകാരികളെല്ലാതിരിക്കാം കാലം ഇവരെ ഉഗ്ര മൂര്‍ത്തികളാക്കും പത്തു തലയും അമ്പതിനായിരം കൈയും ഒരു ലക്ഷം കാലുമെല്ലാമ്മാകി പാവം മനുഷ്യന്‍റെ നെഞ്ചത്ത് സര്‍ക്കസ് കളിക്കും .. എന്‍റെ ദില്‍ബൂ ഇന്നേ വരെ അച്ചനില്ലാത്ത മക്കളുണ്ടായിട്ടുണ്ടോ അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെ ജാരസന്തതി എന്നേ ഞാന്‍ പറയൂ അവരെ പോലും ദൈവമായി കാണുന്നവരുള്ള നാടാ നമ്മുടേത് , ഉപദ്രവകാരിയായാലും നിരുപദ്രവകാരിയായാലും ആള്‍ ദൈവങ്ങളെ വെച്ചു പുറപ്പിക്കരുത്, ആന്‍റണിയെ പോലുള്ള ഒട്ടും ഉപദ്രമില്ലാത്ത ഉഗ്ര ഉപദ്രവകാരികളാണ് ഇങ്ങനെ പോലുള്ളവര്‍ക്ക് വളം