February 20, 2007

മഹാന്‍മാര്‍ പറയുന്നതും മണ്ടന്‍മാര്‍ കേള്‍ക്കുന്നതും

തോക്കെടുത്തവന്‍ കൊലവിളി നടത്തുന്നത്‌ സ്വാഭാവികം. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ വാഴക്കൈ ഒടിയുമ്പോള്‍ ശ്വാസം പോവുന്നവരാണ്‌ കൊലവിളി നടത്തുക. ജീവിതത്തില്‍ തോക്കു കണ്ടിട്ടില്ലാത്തവരും തോക്കെന്നുകേട്ടാല്‍ പിന്നെ മൂത്രനാഡിയുടെ ടാപ്പ്‌തന്നെ തെറിച്ചുപോകുന്നവരും അതില്‍ അണിചേരുകയുമാണ്‌ പതിവ്‌.

ദൃശ്യമാദ്ധ്യമങ്ങളിലെ പിണറായിയുടെ ഫോട്ടോയോടൊപ്പം ഒരു റിവോള്‍വറിന്റെ ചിത്രം കൂടിച്ചേര്‍ത്തുകൊണ്ട്‌ ചാനലുകാര്‍ ആഘോഷിച്ചു. വിലക്കയറ്റവും എ.ഡി.ബിയും ലാവ്‌ലിനും പഴയ പന്നിയെ അനുകരിച്ച്‌ കുന്നുകയറി. നായും കുറുക്കനും അടിച്ചു പന്നി കുന്നുകയറി എന്നല്ലേ പ്രമാണം.

റിവോള്‍വര്‍ സഹിതമുള്ള പിണറായിയുടെ തല കണ്ടപ്പോള്‍ ഞെട്ടിപ്പോയവര്‍ ചില്ലറയൊന്നുമല്ല. ഞങ്ങളിനിയെന്തിന്‌ ജീവിക്കണം എന്നുംപറഞ്ഞ്‌ ബോംബെയിലൊക്കെയുള്ള മഹാന്മാരായ ആളുകള്‍ സ്വന്തം നെഞ്ചിലേക്ക്‌ പിടിച്ചിട്ടുണ്ടാവണം. സുരക്ഷിതരായി ഗള്‍ഫിലും പാക്കിസ്ഥാനിലുമൊക്കെയുള്ളവര്‍ ഗാന്ധിമാര്‍ഗത്തില്‍ ചരിക്കുവാനും തീരുമാനിച്ചിട്ടുണ്ടാവണം.

ചെറ്റപ്പുരയില്‍ തളര്‍ന്നുകിടന്നുറങ്ങുന്ന ദരിദ്രവാസിയെ വലിച്ചുപുറത്തിട്ട്‌ പാര്‍ട്‌സ്‌ പാര്‍ട്‌സാക്കി വിപ്ലവം നടത്തുന്നവര്‍ കിട്ടിയ ചുമരിലെല്ലാം വരച്ചുവെക്കുന്ന ഒരു ചിത്രമുണ്ട്‌ - ലോകം കണ്ട എക്കാലത്തെയും മഹാനായ വിപ്ലവകാരി ഏണസ്‌റ്റോ ചെ ഗുവേറ. കുരുടന്‍ ആനയെപരിചയപ്പെട്ടതുപോലെ കേരളത്തിലെ വിപ്ലവകാരികള്‍ക്ക്‌ ചിരപരിചിതനായ ചെ. ചെയുടെ പ്രതിരൂപമായി ഇപ്പോള്‍ പിണറായി.

ഇതിനുമുമ്പ്‌്‌ ആരെല്ലാം വിമാനത്താവളത്തില്‍ ലോകസമാധാനത്തിന്റെ ഐശ്വര്യമുള്ള ഈ ആയുധവും അതില്‍ നിന്നും ബഹിര്‍ഗമിക്കേണ്ടുന്ന സന്ദേശങ്ങളുടെ തിരമാലകളുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. പിടിക്കപ്പെട്ടിട്ടുണ്ട്‌.

ദേവഗൗഡരുടെ പഴയ ഉയിര്‍തോഴന്‍ ഇബ്രാഹിം മുതല്‍ ഇങ്ങ്‌ കേരളത്തിലെ സ്‌മാരകശിലകളുടെ അവകാശി പുനത്തില്‍ കുഞ്ഞബ്ദുള്ള വരെ. കലാപകാരന്‍മാര്‍ മുതല്‍ കലാകാരന്‍മാര്‍ വരെ സാഷ്യലിസം യാഥാര്‍ത്ഥ്യമാക്കി തോക്കുമെടുത്തുനടക്കുന്നു.

പിണറായിയുടെ കൈയ്യിലാണെങ്കില്‍ തോക്കില്ലാ ഉണ്ടമാത്രം. തോക്കില്ലാ ഉണ്ടയും ഉണ്ടയില്ലാ തോക്കും ഇരട്ടപെട്ട സഹോദരന്‍മാരാണ്‌. തികച്ചും നിരുപദ്രവകാരികള്‍.

തോക്കില്ലാ ഉണ്ട എന്നുപറഞ്ഞാല്‍ കമ്മ്യൂണിസം വിത്തൗട്ട്‌ ഏകാധിപത്യം. യാതൊരു പ്രയോജനവുമില്ല. കേരളത്തിലെ പോലെതന്നെ. ആചാര്യന്‍മാര്‍ക്കൊരു വിപ്ലവം നടത്തണമെന്നുതോന്നിയാല്‍ അംശം അധികാരിയുടെ സര്‍ട്ടിഫിക്കറ്റും പോലീസ്‌ പെര്‍മിഷനും വേണ്ടുന്ന അവസ്ഥ. ആ അവസ്ഥയെ പ്രതീകാത്മകമായി കാണിക്കുകയാണ്‌ പിണറായി ചെയ്‌തത്‌.

ഒരാള്‍ വിപ്ലവകാരിയായി ജനിച്ചുപോയതുകൊണ്ട്‌ പോസ്‌റ്റ്‌മോഡേണ്‍ കലാകാരനായിക്കൂടെന്ന്‌ ഏതെങ്കിലും ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ? അങ്ങിനെയുള്ള ഒരാളെ കിട്ടിയതുതന്നെ ഭാഗ്യം. ടോര്‍ച്ചില്‍ ബാറ്ററികയറ്റുന്നതുപോലെ നാലവാര്‍ഡുകള്‍ താമസംവിനാ കൊടുക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ നിര്‍ത്തിപ്പൊരിക്കുകയല്ല.

കമ്മ്യൂണിസ്റ്റുകാര്‍ക്കെന്തിനാണ്‌ തോക്ക്‌ എന്നാണിപ്പോഴത്തെ ചോദ്യം. കാണുന്നവരെല്ലാം കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ വിപ്ലവമില്ലാതെ തന്നെ നാട്‌ നന്നായേനെ എന്നതുവേറെ കാര്യം.

എന്തായാലും തോക്കുകൊണ്ടല്ലാതെ പിന്നെ വിപ്ലവം നടത്തുക നാക്കുകൊണ്ടാണോ? പണ്ട്‌ റഷ്യന്‍ വിപ്ലവം നടക്കുമ്പോള്‍ വിപ്ലവകാരികള്‍ ചിന്ന ചിന്ന സംശയങ്ങളുമായി ട്രോട്‌സ്‌കിയുടെ അടുത്തെത്തിയിരുന്നു. ഒറ്റ മറുപടിയാണ്‌ ട്രോട്‌സ്‌കി കൊടുത്തത്‌ - "വാക്കുകള്‍ പരാജയപ്പെടുന്നിടത്ത്‌ തോക്കുകള്‍ ഉപയോഗിക്കൂ". ട്രോട്‌സ്‌കിക്കുമുന്നില്‍ വാക്കുകള്‍ പരാജയപ്പെട്ടപ്പോള്‍ സ്‌റ്റാലിന്‍ എടുപ്പിച്ചത്‌ത്‌ മഴുവായിരുന്നുവെന്നത്‌ വേറൊരു സത്യം.

മഹാന്‍മാര്‍ ഒന്നുപറയും മണ്ടന്‍മാര്‍ വേറൊന്ന്‌ കേള്‍ക്കും. അതാണ്‌ ചരിത്രത്തിന്റെ പരാജയം. ചരിത്രപുരുഷന്‍മാരുടെയും. `വാക്കുകള്‍ പരാജയപ്പെടുന്നിടത്ത്‌ തോക്കുകള്‍ ഉപയോഗിക്കൂ` എന്നത്‌ ഇവിടെ വരുമ്പോഴേക്കും ചുരുങ്ങിയത്‌ പറഞ്ഞാല്‍ കേള്‍ക്കാത്തോന്റെ കാലടിച്ചാട്ടണം എന്നായി. അപ്പോള്‍ തോക്കുമാത്രമല്ല മിസൈലും വേണ്ടിവന്നെന്നിരിക്കും.

പണ്ട്‌ നമ്മുടെ ശത്രു മലേറിയയും വസൂരിയും പ്ലേഗുമായിരുന്നു. പാമ്പും പേപ്പട്ടിയുമായിരുന്നു. കണ്ണിലെ കൃഷ്‌ണമണിപോലെ കര്‍ഷകരും തൊഴിലാളികളും നേതാവിനെ സംരക്ഷിക്കുമായിരുന്നു.

കാലം മാറി. കഥ മാറി. വര്‍ഗശത്രു മിത്രമായി ഭവിച്ചപ്പോള്‍ വര്‍ഗംതന്നെ ശത്രുവായി മാറുന്നത്‌ സ്വാഭാവികം. വെള്ളത്തിലെ മീനിനെപ്പോലെയായിരിക്കണം ജനങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്‌റ്റുകാരന്‍ എന്നാണ്‌ ഹോചിമിന്റെ പ്രസിദ്ധമായ വാചകം. അതിവിടെയെത്തുമ്പോഴേക്കും വെള്ളത്തിലെ സ്രാവിനെപ്പോലെയായിരിക്കണം കമ്മ്യൂണിസ്‌റ്റുകാര്‍ എന്നായില്ലെങ്കിലേ അത്ഭുതമുള്ളൂ. ലാല്‍സലാം.

3 comments:

Unknown said...

വായിച്ചു.

ഒരു ചോദ്യമുണ്ട്:

ദേവഗൗഡരുടെ പഴയ ഉയിര്‍തോഴന്‍ ഇബ്രാഹിം മുതല്‍ ..

ഇതാരാണു് ഈ ഇബ്രാഹിം എന്നൊന്നു വ്യ്കതമാക്കുമോ? ദാവൂദ് ഇബ്രാഹിം ഇനി ഗൌഡന്റെ ദോസ്താണെന്നു വരുമോ? അതോ ഇനി മറ്റേതെങ്കിലും ഇബ്രാഹിമാണോ?

NITHYAN said...

ഏവൂരാനേ സി.എം. ഇബ്രാഹിമിനെ മറന്നുവോ? ഗൗഡരുടെ ഒരു കാബിനറ്റ്‌ മന്ത്രി. സിവില്‍ വ്യോമയാനമായിരുന്നു വകുപ്പ്‌ എന്നാണോര്‍മ്മ.

നിത്യന്‍

Siju | സിജു said...

ഉണ്ട ഇത്ര വലിയ പ്രശ്നമായത് കേരളമായതു കൊണ്ട് മാത്രം. മറ്റേതെങ്കിലും സംസ്ഥാനമായിരുന്നെങ്കില്‍ ഇതിനൊരു ന്യൂസ് വാല്യുവും കാണില്ലായിരുന്നു.
ഇതിന്റെ മറവില്‍ മറ്റു പ്രശ്നങ്ങള്‍ കുന്നു കയറിയ പന്നികളായി