February 19, 2007

സമ്പാദിക്കൂ ടാക്‌സൊഴിവാക്കൂ

വന്ന വരുമാനം മൊത്തമായും ചില്ലറയായും ലൂട്ടിമസ്സാക്കി കൊല്ലത്തില്‍ മുന്നൂറ്റിയറുപത്തിയഞ്ചും പിന്നെയൊരു കാല്‍ ദിനവും കൂടി മനസ്സമാധാനത്തോടെ ഉറങ്ങുന്നവനാണ്‌ ഈയുള്ളവന്‍.
അങ്ങിനെ മാസാമാസം കൃത്യമായും കൈയ്യില്‍ വരുന്ന പാക്കനാരുടെ ആളെക്കൊല്ലിയെ വലിയ അത്യാപത്തൊന്നും സംഭവിക്കാതെ നിര്‍വീര്യമാക്കിയ സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ്‌ അക്കൗണ്ട്‌സ്‌ ഓഫീസറുടെ വിളി വന്നത്‌.അക്കടലാസ്‌ കിട്ടീലല്ലോ?
വരുന്ന കടലാസെല്ലാം അപ്പപ്പോള്‍ തന്നെ വന്നവഴിക്കും ചിലത്‌ ട്രാഫിക്‌ പോലീസുകാരനെപ്പോലെ മനസ്സില്‍ തോന്നിയവഴിക്കും തിരിച്ചുവിടുന്നതുകൊണ്ട്‌ ഏതുപേപ്പര്‍ എന്നു ചോദിക്കേണ്ടിവന്നു.
‌നിങ്ങളുടെ ഇന്‍കം ടാക്‌സിന്റെ പേപ്പറേ?എനിക്കോ? ഇന്‍കം ടാക്‌സോ? എന്നുതിരിച്ചുചോദിച്ചു.
എട്ടായിരത്തി എത്രക്കോ മുകളില്‍ ഗ്രോസ്‌ സാലറിയുണ്ടല്ലോ നിങ്ങള്‍ക്ക്‌. എന്നാല്‍ പറയ്‌ കൂട്ടിനോക്കാം? എന്നു മറുതലശബ്‌ദം.
എല്‍.ഐ.സി.യിലെത്ര അടക്കുന്നു??കൃത്യമായൂം 478 രൂപ
പിന്നെയെന്താണ്‌ സമ്പാദ്യം??കുച്ച്‌ നഹി.
കീബോര്‍ഡില്‍ വിരലമര്‍ന്നതിന്റെ റിസല്‍ട്ട്‌ ഫോണിലൂടെ വന്നു. ?മാര്‍ച്ച്‌ 25നുള്ളില്‍ 10000 രൂപ എന്‍.എസ്‌.സിയില്‍ നിക്ഷേപിക്കണം. അല്ലെങ്കില്‍ നികുതി പിടിക്കും.?
സന്തോഷം. ഒരു ബീഡിക്കിരക്കുന്നതിന്‌ ലോകാംഗീകാരമുണ്ട്‌. 10000 രൂപക്ക്‌ ഇരന്നുനടക്കുന്നതിലും ഭേദം എന്തുകൊണ്ടും മാനം മര്യാദയായി നികുതിയടക്കുന്നതുതന്നെയല്ലേ. എന്നാലും എന്തോ ഒരു ദഹനക്കേട്‌.
കിട്ടിയതൊന്നും ഭഗവതിയുടെ ഉണ്ണിയപ്പം പോലെ ബാക്കിയായ ഒരു ചരിത്രമില്ല. ഉണ്ണിയപ്പം ബാക്കിയായാല്‍ ഭഗവതിക്കാണ്‌ അതിന്റെ കുറച്ചില്‍. ഉണ്ണിയപ്പം കാശാക്കി ഭഗവതി ബാങ്കിലിടാറുമില്ല.
അതൊക്കെ ആലോചിച്ച്‌ മനസ്സമാധാനത്തോടെ ചിരിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ നമ്മുടെ സീനിയറിന്റെ വരവ്‌. അക്കൗണ്ട്‌സില്‍ പേപ്പര്‍ കൊടുത്തു. ഭാഗ്യത്തിന്‌ രക്ഷപ്പെട്ടു.
നമ്മളെക്കാളും മാസത്തില്‍ 3000 കൂടുതല്‍ എണ്ണിവാങ്ങിയിട്ടും ടാക്‌സില്ല. വാഴ്‌ത്തപ്പെട്ടവന്‍. നീതാന്റ്‌റാ ഭാരതീയന്‍ എന്നുപറഞ്ഞ്‌ അഭിനന്ദിക്കണമെന്നുതോന്നി.
മൂപ്പര്‍ തുടര്‍ന്നു. ഹൗസിങ്‌ ലോണ്‍ എടുത്തതുകൊണ്ട്‌ ഞമ്മക്ക്‌ ടാക്‌സ്‌ അടക്കേണ്ട കാര്യമില്ല. പിന്നെ ലേശം അരിഷ്‌ടിച്ച്‌ വച്ചതുകൊണ്ട്‌ എന്‍.എസീലും കൊറച്ചിടാന്‍ പറ്റി ഇക്കൊല്ലം.
കിട്ടിയത്‌ മൊത്തം സമ്പാദ്യമാക്കി. സ്വന്തമായി പറമ്പായി. വീടും വെച്ചു. അതുകൊണ്ട്‌ സര്‍ക്കാര്‍ മൂപ്പരെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്‍കം ടാക്‌സിന്‌ വീരസ്വര്‍ഗവും.
നമുക്കും കിട്ടി ജനത്തിന്റെ നികുതിപ്പണം. അതില്‍ ഒരു ചില്ലിക്കാശ്‌ ബാക്കി വെക്കാതെ ജനത്തിനുതന്നെ തിരിച്ചുകൊടുത്തു. ബാക്കി കടവും പറഞ്ഞു.
ഊരുചുറ്റിയ വകയില്‍ 20% കുടുംബം നോക്കിയ വകയില്‍ 40% പൊതുജനം റസീറ്റുമൂറിച്ചും അല്ലാതെയും പിരിച്ചവകയില്‍ 10% ബാക്കി അലവലാതിത്തരങ്ങള്‍ക്കായി ഒരു 30%. അലവലാതിത്തരങ്ങളില്‍ പെടാത്തത്‌ കടമായി രൂപാന്തരം പ്രാപിച്ചത്‌ കൃത്യം 36000രൂപ. അതുതിരിച്ച്‌ നമുക്കല്ലേ സര്‍ തരേണ്ടത്‌? ഏതുകോടതിയിലും തെളിയിക്കാവുന്ന നഗ്നസത്യം.
വകുപ്പുതന്നെ ഒരു വിശ്വാസത്തിന്റെ പുറത്തല്ലേ സര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. സത്യവും വിശ്വസവും രണ്ടാണുതാനും. അമ്മ സത്യവും അച്ഛന്‍ വിശ്വാസവും എന്നപോലെ. വിശ്വാസം എപ്പോഴും സത്യമാവണമെന്നില്ല.
പൂര്‍വ്വാശ്രമത്തില്‍ നാലെണക്ക്‌ ഗതിയില്ലാതിരുന്നവര്‍ പലരും നിസ്വാര്‍ത്ഥ ജനസേവനം നടത്തി കോടികളുണ്ടാക്കിയെന്നത്‌ സത്യം. ഇല്ലായെന്നത്‌ വിശ്വാസവും. വിശ്വാസത്തിന്റെ പുറത്തല്ലേ സര്‍ അവര്‍ റോഡിലിറങ്ങി നടക്കുന്നത്‌.
ചണ്ടി അടിച്ചുകൂട്ടുന്നത്‌ തീ കായുവാനാണെന്നത്‌ സത്യം. അപ്പോള്‍ തീര്‍ച്ചയായും അവശേഷിക്കുക വെണ്ണീറായിരിക്കും. രാസമാറ്റം. ചണ്ടി വെണ്ണീറാവുകയല്ലാതെ വെണ്ണീര്‍ ചണ്ടിയായ ചരിത്രമില്ല. ശമ്പളം എന്‍.എസ്‌.സിയായതും വീടായതും പറമ്പായതും തികച്ചും ഭൗതീകമാറ്റമല്ലേ സര്‍? അതില്‍നിന്നുമുള്ള വരുമാനം കൊണ്ട്‌ നികുതിയടക്കാവുന്നതല്ലേയുള്ളൂ.

1 comment:

evuraan said...

ചുങ്കക്കാരനില്‍ നിന്നും യമദൂതനില്‍ നിന്നും രക്ഷപെടാന്‍ പറ്റില്ലല്ലോ?

ചുങ്കക്കാരന്റെ “തലോടലുകളില്‍” ഒരുപാടു മുറിപ്പെടാതെ രക്ഷപെടണമെങ്കില്‍, ഒന്നുകില്‍ ഒന്നുമില്ലാത്തവനാകണം, അല്ലെങ്കില്‍ അതി സമ്പന്നനാകണം.

മദ്ധ്യ‌വര്‍ഗ്ഗം താങ്ങി നിര്‍ത്തുന്ന ഉത്തരങ്ങളാകുന്നു രാജ്യവും ഖജനാവും, അതിനി ഏതു ഭരണരീതിയിലാണെങ്കിലും...